ജനങ്ങളെ അന്യോന്യം നിരീക്ഷിക്കാനും ശത്രുക്കളാക്കാനും “വാച് യുവർ നെയ്ബർ!”

‘വാച് യുവർ നെയ്ബർ’ അല്ല, “വാച് ദി പോലീസ് ”പദ്ധതി ആദ്യം തയ്യാറാക്കൂ…
_ പുരോഗമന യുവജന പ്രസ്ഥാനം

അതിക്രമങ്ങളിലും കസ്റ്റഡി പീഡനങ്ങളിലും കൊലപാതകങ്ങളിലും സദാചാര പോലീസിങ്ങിലും വേണ്ടുവോളം കുപ്രസിദ്ധിയാർജിച്ച കേരളാ പോലീസ് അടുത്തതായി “വാച് യുവർ നെയ്ബർ ” എന്ന പേരിൽ അയൽവീടുകളിലേക്കും ജീവിതങ്ങിളിലേക്കും ഒളിഞ്ഞു നോക്കാൻ ഔദ്യോഗിക ലൈസൻസ് നൽകുന്ന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. അടുത്ത് തന്നെയായി ഇത് നടപ്പിൽ വരുത്തുമെന്നാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മേഖലകളിലെ സമ്പൂർണ അധികാരം പോലീസിന് കൈമാറി ജനങ്ങളെ ആകെ നിരീക്ഷിക്കുന്ന പോലീസ് ഇപ്പോൾ ഒരു പിടികൂടി കടന്ന് വീടുകളിലേക്കും ജീവിതങ്ങളിലേക്കും ജനങ്ങളെ കൊണ്ട് എത്തിനോക്കിച്ച് സമ്പൂർണ്ണ നിരീക്ഷണമാക്കുകയാണ്.

ദുരിതങ്ങളിലും കഷ്ടതകളിലും പരസ്പരം പങ്കു വെച്ചും സഹായിച്ചും സഹവർത്തിച്ചു വരുന്ന ജനതയെ അന്യോന്യം സംശയിക്കാനും നിരീക്ഷിക്കാനും പ്രേരിപ്പിക്കുകയും ജനങ്ങളുടെ ഐക്യം തകർത്തുകൊണ്ട് അവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും പോലീസിന്റെ ചാരൻമാരാക്കാനും അതുവഴി അവരെ ശത്രുക്കളാക്കി നിർത്താനുമുള്ള പോലീസിന്റെ ബോധപൂർവമായ നീക്കമാണിത്. ജനങ്ങൾക്കെതിരായി ജനങ്ങളെ തന്നെ അണിനിരത്തുന്ന ഭരണകൂട നടപടിയുടെ ഭാഗമാണിത്. അപകടകരമായ രീതിയിലായിരിക്കും നമ്മുടെ സമൂഹത്തെ അത് ബാധിക്കാൻ പോകുന്നത്.

കേസ് അനുബന്ധമായി പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന മുഴുവൻ ആളുകളുടെയും DNA സാമ്പിളും റെറ്റിനയും അടക്കം പരിശോധിച്ച് എക്കാലവും സൂക്ഷിക്കാനുള്ള പദ്ധതിയായ ‘ക്രിമിനൽ പ്രൊസീജിയർ ഐഡന്റിറ്റിഫിക്കേഷൻ ആക്ട് 2022’ എന്ന പദ്ധതി കൊണ്ടുവന്നത് മുൻപ് വാർത്തകളിലൂടെ നമ്മൾ അറിഞ്ഞിരുന്നു. ഒരിക്കൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ പിന്നെ എക്കാലവും പോലീസിന് അയാൾ കുറ്റവാളി മാത്രമായിരിക്കും എന്നാണ് ഈ ആക്ടിന്റെ പ്രത്യേകത. ശേഖരിച്ച വിവരങ്ങൾ 75 വർഷം നിർബന്ധമായും സൂക്ഷിക്കണം എന്നാണ് ആക്ട് അനുശാസിക്കുന്നത്. അതിന്റെ തുടർച്ചയെന്നോണം മുഴുവൻ ജനങ്ങളേയും വെറും കുറ്റവാളികളായി മാത്രം കാണുന്ന നടപടികളാണ് “വാച് യുവർ നെയ്ബർ” അടക്കമുള്ള ഇത്തരം പുതിയ സൂക്ഷ്മ നിരീക്ഷണ പദ്ധതികളിലൂടെ ഭരണകൂടം മുന്നോട്ട് വെക്കുന്നത്.

ജനമൈത്രി പോലീസ് കേരളത്തിലെ റസിഡൻസ് അസോസിയേഷനുകൾ വഴിയാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അയൽ വീടുകളിൽ താമസിക്കുന്നവരുടെ പെരുമാറ്റങ്ങളിലെ വ്യത്യാസം സൂക്ഷമായി നിരീക്ഷിക്കാനും സംശയം തോന്നിയാൽ ഉടനെ പോലീസിനെ അറിയിക്കാനും പെട്ടെന്ന് തന്നെ പാഞ്ഞെത്തി പരിശോധന നടത്താനും കുറ്റകൃത്യങ്ങൾ തടയാനും നടപടിയെടുക്കാനും സാധിക്കുമെന്നാണ് DGP അനിൽകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുവെ അയൽജീവിതങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള ബഹുഭൂരിപക്ഷം മലയാളികളുടെയും സദാചാര ബോധത്തെ ഊട്ടിയുറപ്പിക്കാനും അതുവഴി ഒരു സുരക്ഷാ ഭരണകൂടത്തെ സൃഷ്ടിച്ചെടുക്കാനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറിയ കുറ്റകൃത്യങ്ങളുടെ ഉറവിടവും പങ്കും ഭരണകൂടവും വ്യവസ്ഥയുമാണെന്നിരിക്കെ, അത് പരിഹരിക്കാനോ നിയന്ത്രിക്കാനോ തയ്യാറാവാതെ സാധാരണ ജനങ്ങളുടെ ജീവിതങ്ങളിലേക്ക് ഒളിച്ച് നോക്കുന്ന ഇത്തരം പദ്ധതികൾ ഫലത്തിൽ ഭരണകൂടത്തിന്റെ ചൂഷണ താല്പര്യങ്ങൾ എത്തിനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധികളെ മറികടക്കാനും കൂടുതൽ ശക്തമായ ചൂഷണ പദ്ധതികൾ ആവിഷ്കരിക്കാനും വേണ്ടിയുള്ളതാണെന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളുടേയും അതിനോടുള്ള ഭരണകൂട സമീപനങ്ങളുടെയും പശ്ചാത്തലത്തിൽ നോക്കികാണേണ്ടതുണ്ട്, തുറന്നെതിർക്കേണ്ടതുണ്ട്.

ജനങ്ങളുടെ നിലനിൽപ്പിനേയും സ്വൈര്യ ജീവിതത്തേയും തകർക്കുകയും പോലീസിന്റെ അമിതാധികാരം ഉറപ്പിച്ചെടുക്കുകയും ജനങ്ങളെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്ന ” വാച് യുവർ നെയ്ബർ” പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം. സ്വാഭിമാനത്തിനും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മുഴുവൻ ജനങ്ങളും ഐക്യപ്പെടണമെന്നും അണിനിരക്കണമെന്നും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു..

പുരോഗമന യുവജന പ്രസ്ഥാനം
9207912001

Follow us on | Facebook | Instagram Telegram | Twitter