വിഡ്ഢിത്വം പറയുമ്പോൾ ശാസ്ത്രത്തിനെതിരാകരുത്
“പ്രപഞ്ചത്തിലുള്ള എല്ലാം ചലനങ്ങളിലും വൈരുദ്ധ്യാത്മകത ഉണ്ട്…”
_ കെ എസ് സോമൻ
ഭൂമി പരന്നതാണന്നതായിരുന്നു 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ കത്തോലിക്ക സഭ വിശ്വസിച്ചതും പ്രചരിപ്പിച്ചതും. അക്കാലത്ത് മതാതിഷ്ഠിത ഭരണകൂടങ്ങളായിരുന്നല്ലോ. മതങ്ങളുടെ വിശ്വാസത്തിനെതിരെ ശാസ്ത്രീയ സത്യങ്ങൾ പറയുന്നത് രാജകോപം പോലെ മത കോപം സൃഷ്ടിക്കും. അങ്ങനെ പറയുന്നവരെ ചിലപ്പോൾ ചുട്ടു കൊല്ലും. ചിലരെ ആജീവനാന്തം ഇരുട്ടറയിലടക്കും. അങ്ങനെ ഇരുട്ടറയിലടച്ച മഹാപ്രതിഭയാണ് ഗലീലിയോ. അദ്ദേഹം ചെയ്ത മഹാ അപരാധം എന്ന് പറയുന്നത് ഭൂമി ഉരുണ്ടതാണന്ന് പറഞ്ഞതാണ്. പൊറുക്കാനാവാത്ത കുറ്റമാണ്. അവസാനം ഗലീലിയോയുമായി ഒത്തുതീർപ്പിലെത്താൻ സഭ തീരുമാനിച്ചു. അത് പ്രകാരം ചില മെത്രാൻമാരും ബിഷപുമാരും ഗലീലിയെ കണ്ട് ഒത്തുതീർപ്പ് ചർച്ച നടത്തി. ഒത്തുതീർപ്പ് വ്യവസ്ഥ ഇപ്രകാരമായിരുന്നു. “ഭൂമി പരന്നതാണന്നും സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്നും തിരുത്തിപറയണം. വിശ്വാസികളിലെ കൺഫ്യൂഷൻ തീർക്കണം.” ഗലീലിയൊ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായത് കൊണ്ടാണ് സഭ ഈ മാർഗ്ഗം സ്വീകരിച്ചത്. അല്ലായിരുന്നെങ്കിൽ മതനിന്ദയുടെ പേരിൽ അപ്പോഴെ തട്ടി കളഞ്ഞേനെ. ഗലീലിയൊ ഒത്തുതീർപ്പുകാരോട് പറഞ്ഞു,
“ഞാൻ മാറ്റി പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല. ഞാൻ പറഞ്ഞാലും സൂര്യനോ ഭൂമിയോ അനുസരിക്കില്ല. സൂര്യൻ ഭൂമിയെ വലം വയ്ക്കില്ല. ഭൂമി സൂര്യനെ വലം വയ്ക്കുകയും ചെയ്യും.” അതുകൊണ്ട് ഒത്തുതീർപ്പിന് പ്രസക്തിയില്ല. ഗോളാകൃതിയിലുള്ള ഭൂമിയെ അടിച്ചു പരത്തി പരന്നതാക്കാൻ കഴിയുമോ.
ഈ കഥ ഇപ്പോൾ ഓർത്തത് ഗോവിന്ദൻ മാഷിന്റെ കമന്റ് കണ്ടപ്പോഴാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് അംഗമായ ഗോവിന്ദൻ മാഷ് പറയുന്നത്. എന്റെ മാഷേ, മാഷ് പറഞ്ഞാലും വൈരുദ്ധ്യാത്മക ഭൗതികവാദം അനുസരിക്കില്ല. മാഷിന്റെ വലിയ നേതാവ് യെച്ചൂരിയൊ കാരാട്ടോ പറഞ്ഞാലും വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കില്ല. കാരണം അത് ശാസ്ത്രമാണ്. പ്രപഞ്ചത്തിലുള്ള എല്ലാം ചലനങ്ങളിലും വൈരുദ്ധ്യാത്മകത ഉണ്ട്. മാത്തമാറ്റിക്സിൽ കൂട്ടലും കിഴിക്കലും. 5+5 = 10 ഉം 10 – 5 = 5 ഉം ആണല്ലോ. 5 x 2 = 10 ഉം 10 / 2 = 5 ഉം ആണല്ലോ. കൂടിച്ചേരുകയും വിഘടിക്കുകയും ചെയ്യുന്ന പ്രതിഭാസം. വൈദ്യുതിയിൽ പോസിറ്റീവും നെഗറ്റീവും, ആറ്റത്തിൽ പ്രോട്ടാണും ഇലക്ട്രോണും. അങ്ങനെ പ്രപഞ്ചത്തിലെ സമസ്ത ചലനങ്ങളിലും ഈ വൈരുദ്ധ്യാത്മകത കാണാം. അത് സമൂഹത്തിന്റെ ചലന നിയമങ്ങൾക്കും ബാധകമാണ്. സമൂഹത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത് വർഗ്ഗ ബന്ധങ്ങളാണ്. ഉള്ളവനും ഇല്ലാത്താവനും തമ്മിൽ ജന്മിയും കുടിയാനും തമ്മിൽ, മുതലാളിയും തൊഴിലാളിയും തമ്മിൽ സാമ്രാജ്യവും ദരിദ്ര രാജ്യങ്ങളും തമ്മിൽ യുദ്ധവും സമാധാനവും തമ്മിൽ എല്ലാത്തിലും വിധിയെഴുതുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. കമ്മ്യുണിസ്റ്റ് പാർട്ടി ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ വൈരുദ്ധ്യമേതെന്ന് നിർണ്ണയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അടവും തന്ത്രവും പാതയും തീരുമാനിക്കുന്നത്. വർഗ്ഗവൈരം മൂർച്ഛിക്കുമ്പോൾ ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ തുടച്ചു മാറ്റി മുന്നേറുമെന്ന സാമ്യൂഹ്യ ശാസ്ത്ര സിദ്ധാന്തം വൈരുദ്ധ്യാത്മകമാണ്. അത് സാദ്ധ്യമല്ലന്ന് പറയുന്നവർക്കെങ്ങനെ കമ്മ്യുണിസ്റ്റുകാരാകാൻ കഴിയും. വിഡ്ഢിത്വം പറയുമ്പോൾ ശാസ്ത്രത്തിനെതിരാകരുത്. മാഷ് ആണല്ലോ സഖാക്കൾക്ക് പാർട്ടി ക്ലാസ്സ് എടുക്കുന്നത് എന്നതിൽ വ്യസനപൂർവ്വം ഖേദം രേഖപ്പെടുത്തുന്നു. ഒരിക്കൽ കൂടി പറയുന്നു “സൂര്യൻ ഭൂമിയെ വലം വയ്ക്കില്ല. വൈരുദ്ധ്യാത്മക ഭൗതിക വാദം ഒരിടത്തും പ്രായോഗികമാകാതിരിക്കില്ല,”