“മാപ്പിള ലഹള” കേരള ചരിത്രത്തിലെ തുല്യതയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ സമരം ; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
മലബാറിലെ മുസ്‌ലിം -കീഴാള മുന്നേറ്റമായ മലബാര്‍ വിപ്ലവത്തെ അനുസ്മരിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസ്താവന. സമരത്തിന് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന 1946ലാണ് പാര്‍ട്ടി ഈ പ്രസ്താവന പുറത്തിറക്കിയത്. വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതോടെ മലബാര്‍ വിപ്ലവത്തിന്‍റെ പേരില്‍ മുസ്‌ലിം വിരുദ്ധ-വര്‍ഗീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സംഘ് പരിവാറിനും, വലതു- ഇടതുപക്ഷക്കാര്‍ക്കുമുള്ള മറുപടി കൂടിയാണ് മലബാര്‍ വിപ്ലവകാരികളെ അഭിവാദ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാട്.
1920 ആഗസ്ത് 20ന് തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തുടങ്ങിയ “മാപ്പിള ലഹള” അതിന് മുമ്പോ പിമ്പോ കേരളത്തിന്‍റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ സമരമാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. വിപ്ലവത്തിനെതിരെ ഉയര്‍ന്ന കുപ്രചരണങ്ങളെ പ്രസ്താവനയില്‍ നഖശിഖാന്തം എതിര്‍ക്കുന്നു.
“നിരക്ഷരരും നിരായുധരുമായ സാധു കൃഷിക്കാര്‍ക്ക് പോലും വമ്പിച്ച സന്നാഹങ്ങളോടു കൂടിയ സാമ്രാജ്യത്തെ ആയുധമെടുത്ത് എതിര്‍ക്കാന്‍ കഴിയുമെന്നു തെളിയിച്ച ധീര സമരത്തിന്‍റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ അവസരം ഉപയോഗിക്കുന്നു. കോണ്‍ഗ്രസിന്‍റെയും ഖിലാഫത്ത് കമ്മറ്റിയുടെയും സമരാഹ്വാനം കേട്ട് ചെകുത്താന്‍ ഭരണത്തെ എതിര്‍ക്കാന്‍ മുമ്പോട്ടുവന്ന പതിനായിരക്കണക്കിന് ധീരരായ മാപ്പിളമാരുടെ ശൗര്യത്തെ അകം നിറഞ്ഞ അഭിമാനത്തോടെ അനുസ്മരിക്കുന്നു”, പ്രസ്താവനയില്‍ പറയുന്നു.
“വെളളപ്പട്ടാളത്തിന്‍റെയും ഗൂര്‍ഖ പട്ടാളത്തിന്‍റെയും തോക്കിന് മാറ് കാണിച്ചവരും ആ പട്ടാളക്കാരുടെ പൈശാചിക നടപടികള്‍ക്കെതിരായി മൂന്ന് നാല് മാസത്തോളം പോരാടിയവരും പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരം തന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു
സാമ്രാജ്യത്വത്തിനെതിരേ പടവെട്ടാനൊരുങ്ങുന്നവര്‍ക്ക് താക്കീതെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരക്കണക്കിന് പേരെ ആന്തമാനിലെ ജയിലുകളിലിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിള കുടുംബങ്ങളെ അനാഥമാക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ഹിറ്റ്ലറുടെ ഫാസിസത്തിന്‍റെ മൃഗീയതയോട് മാത്രം ഉപമിക്കാവുന്ന വാഗണ്‍ ട്രാജഡി ഏര്‍പ്പാട് ചെയ്തു. പ്രകൃതി സുന്ദരമായ മാപ്പിള നാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യത്വ ആധിപത്യത്തിന്‍റെ മര്‍ദ്ദക ഭരണത്തെ അറ്റമില്ലാത്ത വെറുപ്പും ദേഷ്യവും പകയോടുംകൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീക്ഷിക്കുന്നു.
ഇത്ര ധീരമായ സമരം നടത്തിയ, പൈശാചിക മര്‍ദ്ദനമേറ്റ മാപ്പിളമാരെ മതഭ്രാന്തിന്‍റെ പേര് പറഞ്ഞ് ആക്ഷേപിക്കുകയും സാമ്രാജ്യത്വ മര്‍ദ്ദനത്തെ എതിര്‍ക്കുകയെന്ന കടമയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അഹിംസയെ ഒഴിവുകഴിവായെടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭീരുത്വ നയത്തെ പാര്‍ട്ടി അവജ്ഞയോടെ ഓര്‍ക്കുന്നു.
ഇത്ര മൃഗീയമായ സാമ്രാജ്യത്വ മര്‍ദ്ദനമനുഭവിക്കുന്ന സ്വന്തം സമുദായത്തെ അതില്‍ നിന്ന് രക്ഷിക്കാന്‍ ചെറുവിരല്‍ പോലും അനക്കാതെ സാധു മാപ്പിളമാരെ പൊലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിള പ്രമാണിമാരുടെ രാജ്യദ്രോഹപരവും സമുദായ ദ്രോഹപരവുമായ പ്രവൃത്തികളെ പാര്‍ട്ടി അറപ്പോടെ ഓര്‍ക്കുന്നു.
ഈ പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും കോണ്‍ഗ്രസിന്‍റെ ഭീരുത്വത്തെയും എതിര്‍ത്ത കെ.പി.സി.സി അധ്യക്ഷന്‍ ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ആവേശകരമായ ജീവിതത്തെ ഓര്‍ക്കുന്നു. അദ്ദേഹം മാപ്പിളമാരുടെ വീരചരിത്രത്തില്‍ അഭിമാനം കൊളളുകയും 1921ലെ സമരത്തെ മാപ്പിള ലഹളയെന്നതിന് പകരം മലബാര്‍ ലഹളയെന്ന് വിളിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു
25 കൊല്ലം മുമ്പ് കേരളത്തില്‍ നടന്ന ആ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍റെ ചരിത്രവും പാഠവും പഠിക്കാന്‍ ഓരോ മലയാളിയോടും പാര്‍ട്ടി ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു.”