താൻ ഏത് പക്ഷത്താണ് നിലകൊള്ളേണ്ടതെന്ന ശങ്കകൾ ഇല്ലാതിരുന്നൊരാൾ

In My Heart, I am a Palestinian
_ Diego Armando Maradona


ജെയ്സൺ സി കൂപ്പർ

എമിലിയാനോ സപാറ്റയുടെയും സൈമൺ ബൊളിവാറിന്റെയും ഏണസ്റ്റോ ചെഗുവേരയുടെയും മരിഗെല്ലയുടെയും ഫിദൽ കാസ്ട്രോയുടെയും ഹ്യൂഗോ ചാവെസിന്റെയും മറ്റനേകം പോരാളികളുടെയും ലത്തീൻ അമേരിക്കയിൽ, സമൂഹം ഇടതും വലതുമായി രണ്ടായി പിളർന്ന ലത്തീൻ അമേരിക്കയിൽ താൻ ഏത് പക്ഷത്താണ് നിലകൊള്ളേണ്ടതെന്ന കാര്യത്തിൽ ഒരിക്കലും ശങ്കകൾ ഇല്ലാതിരുന്നൊരാൾ…. ഡീഗോ അർമാൻഡോ മറഡോണ… കാസ്ട്രോയും ചാവെസും മറഡോണയുമൊന്നുമില്ലാത്ത ലോകം എത്രമാത്രം അരക്ഷിതമാണ്…

ജോർജ്ജ് ബുഷിന്റെ അർജന്റീന സന്ദർശന വേളയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മറഡോണ ‘സ്റ്റോപ്പ് ബുഷ്’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചുകൊണ്ട് മുൻനിരയിലുണ്ടായിരുന്നു. അവിടെ അന്ന് അദ്ദേഹം പ്രഖ്യാപിച്ചു, “അർജന്റീനക്കാർ അന്തസ്സുള്ളവരാണ്, നമ്മുക്ക് ജോർജ്ജ് ബുഷിനെ ആട്ടിപുറത്താക്കണം”

ഫിദൽ കാസ്ട്രോയും ഹ്യൂഗോ ചാവെസും ഇവോ മൊറെയ്ൽസുമുൾപ്പടെയുള്ള ലത്തീൻ അമേരിക്കയിലെ ഇടത് നേതാക്കളുമായി ഉറ്റ സൗഹൃദം പുലർത്തിയ മറഡോണ ഒരിക്കൽ പറഞ്ഞു, “ഫിദൽ ചെയ്യുന്നതെല്ലാം ചാവെസും ചെയ്യുന്നു. ഞാനൊരു ചാവിസ്റ്റയാണ്”

ചിരവൈരികളായ ബാഴ്സലോണ തങ്ങളുടെ ഗോൾപോസ്റ്റിൽ ഗോളടിക്കുന്നത് കണ്ട് സെന്റ് ബെർണബ്യൂവിലെ റിയൽ മാഡ്രിഡ് ആരാധകർ ആദ്യമായി എഴുന്നേറ്റു നിന്നു കൈയടിച്ചത് മറഡോണ തങ്ങൾക്കെതിരെ എൽ ക്ലാസിക്കോയിൽ ഗോളടിച്ചപ്പോഴായിരുന്നു.

അത്‌ലറ്റിക് ബിൽബാവോക്കെതിരായ സംഘർഷം നിറഞ്ഞ കളിയിൽ ബിൽബാവോ ആരാധകർ മറഡോണയെ അദ്ദേഹത്തിന്റെ അച്ചന്റെ ആദിവാസി പാരമ്പര്യം പറഞ്ഞ് വംശീയാധിക്ഷേപം നടത്തിയപ്പോൾ, ആ അധിക്ഷേപം ഏറ്റുപിടിച്ച ബിൽബാവോ താരവുമായി മറഡോണ കളിയുടെ അവസാനം ഏറ്റുമുട്ടി. തുടർന്ന് ബാഴ്സലോണ ബിൽബാവോ താരങ്ങൾ കളിക്കളത്തിലും ആരാധകർ ഗ്യാലറിയിലും തല്ലു കൂടി.

ഒരിക്കൽ മറഡോണ വത്തിക്കാൻ കാണാൻ പോയി. മാർപാപ്പയെ കാണുന്നതിന് മുൻപ് അദ്ദേഹം വത്തിക്കാൻ കൊട്ടാരമൊക്കെ നടന്നു കണ്ടു. സ്വർണം കൊണ്ടുണ്ടാക്കിയ മച്ചെല്ലാം കണ്ട് കക്ഷി ആകെ അത്ഭുതം കൂറി. തുടർന്ന് മാർപാപ്പയെ കണ്ട മറഡോണ അദ്ദേഹത്തോട് പറഞ്ഞു, പിതാവേ എല്ലാം വളരെ മനോഹരമായിരിക്കുന്നു. എങ്കിലും ആത്മീയതയ്ക്ക് ഇതുപോലെ സ്വർണമൊന്നും ആവശ്യമില്ലല്ലോ. ഈ സ്വർണമൊക്കെ വിറ്റ് നമുക്ക് വിശക്കുന്ന കുഞ്ഞുങ്ങളുടെ വിശപ്പ് അകറ്റി കൂടെ…? മാർപാപ്പയുടെ നെറ്റി ചുളിഞ്ഞു. അങ്ങനെ കത്തോലിക്കാ സഭയുടെ ശക്തി കേന്ദ്രത്തിൽ നിന്നും വന്ന മറഡോണ സഭയ്ക്ക് അനഭിമതനായി

പിന്നീട് മറ്റൊരിക്കൽ മറഡോണ മാർപാപ്പയെ കാണാൻ വത്തിക്കാനിൽ ഭാര്യയും അമ്മയുമൊത്ത് പോയി. അതെപ്പറ്റി മറഡോണ തന്നെ എഴുതി. “ഞങ്ങളെ കണ്ടപ്പോൾ അയാൾ ഓരോ റോസറി (കൊന്ത) എന്റെ ഭാര്യയ്ക്കും അമ്മയ്ക്കും നൽകി. തുടർന്ന് മറ്റൊരെണ്ണം എനിക്ക് നൽകിയിട്ട് പറഞ്ഞു, ഇത് വിശേഷപ്പെട്ടതാണ്. ഞാൻ മൂന്ന് റോസറിയും നോക്കി. പ്രത്യേകിച്ച് വ്യത്യാസമൊന്നും കണ്ടില്ല. മാത്രമല്ല എനിക്ക് മാത്രമെന്തിന് വിശേഷപ്പെട്ടത്. പക്ഷെ ആ നായിന്റെ മോൻ പറയുന്നു, അത് വിശേഷപ്പെട്ടതാണെന്ന്”

പക്ഷെ സോഷ്യലിസ്റ്റ് ചേരിയുടെ പതനത്തിന് കാർമികത്വം വഹിച്ച ജോൺ പോൾ മാർപ്പാപ്പയെ നായിന്റെ മോൻ എന്ന് വിശേഷിപ്പിച്ച മറഡോണ സ്വന്തം നാട്ടുകാരനും വിമോചന ദൈവശാസ്ത്രത്തിന്റെ പിന്തുണക്കാരനുമായി കടന്നുവന്നയാളുമായ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്യാൻ വിമുഖത കാട്ടിയതുമില്ല.

അതെ, താൻ എവിടെയാണ് നിലകൊള്ളേണ്ടത് എന്ന് അയാൾ അറിഞ്ഞിരുന്നു… ജനകോടികൾക്ക് അയാൾ ഇത്രമാത്രം പ്രിയപ്പെട്ടവനായത് അതുകൊണ്ട് കൂടി തന്നെയാണ്….

വിട പ്രിയപ്പെട്ടവനേ…

Like This Page Click Here

Telegram
Twitter