ഞങ്ങൾക്ക് അന്തസ്റ്റോടെ ജീവിക്കണം സാർ, അപമാനിതരാവാൻ വയ്യ; അനഘ ബാബു

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥിനി അനഘ ബാബു അധികൃതര്‍ക്ക് അയച്ച കത്ത്. ഇടുക്കി നെടുംക്കണ്ടം പഞ്ചായത്തില്‍ താമസിക്കുന്ന ദലിത് കുടുംബാംഗങ്ങളായ അനഘ ബാബുവും സഹോദരി ആര്‍ദ്രയും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ലാപ്‌ടോപ്പിനായി 2018ല്‍ നെടുങ്കണ്ടം പഞ്ചായത്തില്‍ ഗ്രാമസഭ മുഖാന്തരം അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നു അവര്‍ അധികൃതരില്‍ നിന്നും നേരേടേണ്ടിവന്ന വിവേചനവും അപമാനവും കത്തില്‍ തുറന്നു പറയുന്നു…

സർ,
പട്ടികജാതിയിൽപ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാൻ വയ്യ. ഇടുക്കി ജില്ലയിലെ നെടുംക്കണ്ടം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഞാൻ താമസിക്കുന്നത്. വളരെയധികം സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബമാണ്, ദലിതരാണ്. അച്ഛനും അമ്മയ്ക്കും ശാരീരിക വയ്യായ്മകൾ ഉണ്ട്.

ഞാൻ ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ പിജിയിൽ ഒന്നാം വർഷം ചേരുന്ന സമയത്ത് തന്നെ(2018ൽ) പഞ്ചായത്തിന്റെ എസ് സി എസ് ടി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പിനായുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തരം സമർപ്പിച്ചിരുന്നു. ആ വർഷം തന്നെ അർഹരായവരുടെ ലിസ്റ്റിൽ എന്റെ അനിയത്തി ആർദ്ര ബാബുവിന്റെ പേര് വന്നിരുന്നു. എന്നാൽ നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ലാപ് ടോപ്പ് നൽകാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചു. 2018,2019 കാലഘട്ടത്തിൽ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു.ഒടുക്കം Dissertation പൂർത്തിയാക്കാൻ വഴിയില്ലാതെ ഞാൻ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. ഇത്തവണ KELTRON ൽ നൽകിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമായ് കാരണം പറച്ചിൽ. എന്നാൽ യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓൺലൈൻ പഠനവും മുടങ്ങി. സുഹ്യത്തിന്റെ കുറച്ച് പ്രശ്നങ്ങളുള്ള ലാപ് ടോപ്പ് കടം വാങ്ങിയാണ് ഞാൻ പിജി Dissertation പൂർത്തിയാക്കിയത്. ലാപ്പ്ടോപ്പ് കേടുവന്ന് വർക്ക് മുടങ്ങി രാത്രികളിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട് സാർ. അർഹതയുണ്ടായിട്ടും പഠനോപകരണം ലഭിക്കാതെ കടുത്ത മാനസിക സംഘർഷം ഞങ്ങളനുഭവിച്ചു.

തുടർന്ന് ദിശ എന്ന സംഘടന മുഖാന്തം അഡ്വ. പി കെ ശാന്തമ്മ മാഡം സൗജന്യമായാണ് ബഹു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. WP(C).No.12752 OF 2020(T)ൽ ജസ്റ്റിസ് അലക്സാഡർ ജേക്കബ് സാർ ആദ്യ സിറ്റിംഗിൽ തന്നെ അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നൽകുവാൻ ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെൽട്രോണിന് അയക്കുവാനും ഉത്തരവിൽ സൂചിപ്പിച്ചു.

ഇന്ന് ഹൈക്കോടതി വിധി പ്രകാരം , കോടതി നിർദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒർജിനൽ പകർപ്പുമായ് അനിയത്തിയും അമ്മയും പഞ്ചായത്തിലെത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥൻ എന്ന മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു. “നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാൻ പിന്നെയും വരണോ” എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. “ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക, എന്റെ ഭാഗത്താണ് ന്യായം, കെൽട്രോൺ എപ്പോൾ തരുന്നോ അപ്പഴേ നിങ്ങൾക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ “എന്നാണ് സെക്രട്ടറി അമ്മയോട് കയർത്ത് പറഞ്ഞത്.

ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ നിന്ന് പഠിച്ചാണ് ഞാൻ Sociology ൽ NET വാങ്ങിച്ചത്. അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ട്. സർക്കാറിന്റെ സ്റ്റെപന്റ് കൊണ്ട് മാത്രം മുന്നോട്ട് വിദ്യാഭ്യാസം കൊണ്ടുപോകുന്ന രണ്ട് ദലിത് വിദ്യാർത്ഥിനികളെയാണ് വീണ്ടും വീണ്ടും അധിക്യതർ അപമാനിക്കുന്നത്.പഞ്ചായത്തിലേയ്ക്ക് വരാനുള്ള പൈസ പോലുമില്ലാത്ത രണ്ട് വിദ്യാർത്ഥിനികളോടാണ് അധികൃതർ അനാസ്ഥ കാണിക്കുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഉത്തരവുമായ് ചെല്ലുമ്പോഴും ഞങ്ങൾ വീണ്ടും അപമാനിക്കപ്പെടുകയാണ്. ഞങ്ങളുടെ വീട് പൊട്ടിപൊളിഞ്ഞ് വീഴാറായിട്ടും ഞങ്ങൾക്ക് ഉടനടി വീടു നൽകുമെന്നും ലിസ്റ്റിൽ ഞങ്ങളുണ്ടെന്നും പറഞ്ഞ് വാർഡ് മെമ്പർ എന്നെയും കുടുംബത്തേയും പറ്റിച്ചു. ഈ കേസ് കൊടുത്തതിന് ശേഷം പഞ്ചായത്ത് അധിക്യതർ ഞങ്ങളുടെ പേര് വീടിനായുള്ള ഒരു ലിസ്റ്റിലുമില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഞങ്ങൾക്ക് അന്തസ്റ്റോടെ ജീവിക്കണം സാർ. ദയവായി പ്രസ്തുത വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കണെമെന്നും ഞങ്ങൾക്ക് നീതി ഉറപ്പു വരുത്തണമെന്നും അഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ,
അനഘ ബാബു

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail