പ്രത്യയശാസ്ത്രമായും സാമൂഹികവ്യവസ്ഥയായും പ്രയോഗിച്ച ജാതിസമ്പ്രദായം

അനുരാധ ഘാന്‍ഡിയുടെ “സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്(Scripting the Change: Selected Writings of Anuradha Ghandy)” എന്ന പുസ്തകത്തിലെ ജാതിയെക്കുറിച്ചുള്ള അധ്യായം
മൊഴിമാറ്റം_ നര്‍മ്മദ

ഭാഗം 1

ഇന്ത്യന്‍ ജനാധിപത്യ വിപ്ലവത്തിലെ സവിശേഷ പ്രശ്‌നമാണ് ജാതി വ്യവസ്ഥ. ഇന്ത്യന്‍ സാമൂഹിക പരിണാമത്തിന്‍റെ സവിശേഷ പ്രകൃതത്തോടു ബന്ധപ്പെട്ടുകിടക്കുന്ന ജാതി വ്യവസ്ഥ, തൊഴിലാളി സമൂഹത്തിന്‍റെ ചൂഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. വര്‍ണാശ്രമ ധര്‍മം, ബ്രാഹ്മണ്യ ഹിന്ദുമതത്തിന്‍റെ അനുമതിയോടെ ജനതയുടെ ഒരു വിഭാഗമായ തൊഴിലാളികളുടെ മര്‍ദ്ദനത്തെയും, അടിമത്വത്തെയും, തരംതാഴ്ത്തലിനെയും നിയമാനുസൃതമാക്കികൊണ്ട് അവരെ മൃഗതുല്യമായ അവസ്ഥയിലേക്ക് അടിച്ചുതാഴ്ത്തി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന് അധ്വാനിക്കുന്ന ജനതയ്ക്ക് മേല്‍ മര്‍ദ്ദനം സാധ്യമാക്കുവാന്‍ ഒരേസമയം പ്രത്യയശാസ്ത്രമായും സാമൂഹിക വ്യവസ്ഥയായും പുരാതന കാലം മുതല്‍ക്കേ ജാതി സമ്പ്രദായം പ്രവര്‍ത്തിച്ചുപോരുന്നു.

മറ്റു ഭൂപ്രദേശങ്ങളില്‍ നിന്നും പടയേറ്റം നടത്തിയവര്‍, തങ്ങളുടെ വര്‍ഗ്ഗതാത്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി, ജാതി സമ്പ്രദായവുമായി സ്വയം സന്ധിയിലേര്‍പ്പെട്ടു: സര്‍വ്വരുടെയും സമത്വത്തിനു പ്രാധാന്യം നല്‍കിപ്പോന്ന മതങ്ങളായ ഇസ്ലാമും ക്രിസ്തുമതവും തങ്ങളുടെ വിശ്വാസികള്‍ക്ക് ജാതിവ്യസ്ഥ പിന്തുടരുവാനായുള്ള അനുമതി നല്‍കിയത്, ഇത്തരമൊരു ചൂഷണാത്മക വ്യവസ്ഥിതിയെ എതിര്‍ക്കുകയോ ഇടപെടുകയോ ചെയ്യാത്തതിനാല്‍ കൂടിയാണ്. ഇന്നും, ഭരണകൂട പ്രത്യയശാസ്ത്ര ഭാണ്ഡമായി പ്രവര്‍ത്തിക്കുന്ന ജാതിചിന്താഗതി തൊഴിലാളി വര്‍ഗത്തെ ഭിന്നിപ്പിക്കുകയും, വര്‍ഗ്ഗബോധ വികാസത്തെ തടയുകയും, ഏകീകൃത വിപ്ലവ പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കയും ചെയ്യുന്നു. അതേസമയം ജാതി കല്‍പിത തൊഴിലുകളും ഉത്പ്പാദന ബന്ധങ്ങളും, ജാതി വിവേചനങ്ങളും അസമത്വങ്ങളും, അയിത്താചരണവും, ബ്രാഹ്മണ്യ ആധിപത്യത്തിലുള്ള വിശ്വാസവും അംഗീകാരവും സാമൂഹിക സാമ്പത്തിക ജീവിതത്തിന്‍റെ ഭാഗമായി തന്നെ തുടരുന്നു. അഴിമതിയില്‍ മുങ്ങിത്താഴ്ന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പ്രധാന ആയുധമായി ജാതി ഇന്നും വാഴുന്നു. ജാതി ഉന്മൂലനത്തിനായി, ജാതിയുടെ ഉത്ഭവവും വികാസവും, ജാതിവിരുദ്ധ പോരാട്ടങ്ങളുടെ വിജയപരാജയങ്ങളും മനസിലാക്കുകയും പരിശോധിക്കേണ്ടതായുമുണ്ട്.

ജാതിയുടെ ഉദ്ഭവം

ജാതി ചരിത്രത്തിനു മൂവായിരം വര്‍ഷം പഴക്കമാണ് നമുക്ക് നിശ്ചയിക്കാനാവുക. ജാതി സമ്പ്രദായത്തിന്, വര്‍ഗ്ഗ സമൂഹത്തിന്‍റെ വികാസത്തോടും, രാഷ്ട്രത്തിന്‍റെ ആവിര്‍ഭാവത്തോടും, ജന്മിത്ത ഉത്പ്പാദനബന്ധങ്ങളുടെ വളര്‍ച്ചയോടും, ചൂഷണാത്മക കാര്‍ഷിക സമ്പത്ത് വ്യവസ്ഥയിലേക്ക്, തുടര്‍ച്ചയായതും എന്നാല്‍ നിര്‍ബന്ധിതവുമായ ഗോത്ര വര്‍ഗ്ഗ സ്വാംശീകരണത്തോടും ഇഴ പിരിക്കാനാകാത്ത ബന്ധമാണുള്ളത്. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ വളര്‍ച്ചയെ പരിശോധിക്കാം .

1. വേദ കാലഘട്ടം: ആര്യന്‍ നായാടി ഗോത്രങ്ങളും മറ്റു കാര്‍ഷികിതര ഗോത്രങ്ങളും കൃഷിയിലേക്കു തിരിയുകയും കാര്‍ഷികവൃത്തി പ്രധാനാധിപത്യ ഉത്പാദന വ്യവസ്ഥയായി മാറുകയും ചെയ്ത 1500 ബിസി മുതല്‍ 500 ബിസിയില്‍ രാഷ്ട്രത്തിന്‍റെ ആവിര്‍ഭാവം വരെയുള്ള കാലഘട്ടം.

2. 500 ബിസി മുതല്‍ 4 എഡി വരെ:’ശൂദ്ര’ തൊഴില്‍ അടിസ്ഥാനപ്പെടുത്തിയ കൃഷിയുടെ വികാസം മുതല്‍, വ്യാപാരത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും, ചെറുനാട്ടുരാജ്യങ്ങളുടെ ഉയര്‍ച്ചയും, തുടര്‍ന്നുണ്ടായ ജന്മിത്വത്തിന്‍റെ ഉത്ഭവവും.

3. നാലാം നൂറ്റാണ്ടു മുതല്‍ക്ക്: ജന്മിത്വത്തിന്‍റെ വികാസത്തോടെ ബ്രാഹ്മണ്യ ഹിന്ദുത്വവും ജാതി വ്യവസ്ഥയും സങ്കീര്‍ണവും പരുഷവുമായ രൂപം കൈക്കൊള്ളുന്നു,.

ചരിത്രം അതിപുരാതനവും, വിസ്തൃതവുമായ ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു വര്‍ഗ്ഗീകരണം പലപ്പോഴും പൊതുവായ ചരിത്രത്തെ അടിസ്ഥനമാക്കിയുള്ളതും വൈവിധ്യമാര്‍ന്ന സമയ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത വിശേഷ ലക്ഷണങ്ങള്‍ പ്രകടമെങ്കിലും ഇവയെല്ലാം തന്നെ ഇന്ത്യന്‍ ചരിത്രത്തിന്‍റെ സ്വാഭാവിക ഗതിക്കുതകുന്നതാണ്.

സിന്ധു നദീതട സംസ്‌കാരവും ജാതി വ്യവസ്ഥയും

പൗരോഹിത്യ ഭരണ സമൂഹമായ സിന്ധുനദീതട സംസ്‌കാരത്തിന്‍റെ ഗോത്ര വിശ്വാസങ്ങളായ ‘മാന്ത്രിക ശക്തി, അശുദ്ധി (ദ്രാവിഡ ഗോത്രങ്ങളില്‍ ഇവ സാധാരണമാണ്) എന്നിവ ആസ്പദമാക്കികൊണ്ട് ചില മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍, ജാതിയുടെ ഉത്ഭവത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു വാദത്തിന് മതിയായ തെളിവുകളോ വിവരണങ്ങളോ ലഭ്യമല്ല. ഹാരപ്പന്‍ ജനത വര്‍ഗ്ഗശ്രേണിയിലുള്ളവയായിരുന്നുവോയെന്നും, സ്വവംശ വിവാഹ നിയമങ്ങള്‍ കര്‍ക്കശമായി പിന്തുടര്‍ന്നിരുന്നുവോയെന്നും വ്യക്തമല്ല. പുരാതന ഗോത്രവര്‍ഗ്ഗങ്ങള്‍ ചില വസ്തുക്കളുടെ മാന്ത്രിക ശക്തിയിലും ‘അശുദ്ധിയിലും’ വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ഗോത്രസമൂഹങ്ങളിലെ ചില വിഭാഗങ്ങളെല്ലാം നിത്യമായും അശുദ്ധരായി കല്‍പ്പിക്കപ്പെട്ടിരുന്നുവെന്ന് അനുമാനിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ജാതി വ്യവസ്ഥയുടെ യാതൊരു രൂപവും അതിവേദ കാലഘട്ടത്തില്‍ നിലന്നിരുന്നുവെന്ന് നിര്‍ണയിക്കുവാന്‍ കഴിയുകയില്ല.

3500 ബിസി മുതല്‍ 1500 ബിസി വരെയുള്ള കാലഘട്ടത്തെ പഠനവിധേയമാക്കുമ്പോള്‍ ആര്യന്‍ അധിനിവേശത്തിനു മുന്‍പ് തന്നെ വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളും നിലന്നിരുന്നുവെന്ന് സ്പഷ്ടമാകും. ചാല്‍ക്കോലിത്തിക്ക് യുഗത്തില്‍ കൃഷിയും, തൊഴില്‍ വിഭജനവും, വ്യാപാരവുമെല്ലാം പിന്തുടര്‍ന്നിരുന്ന ഇത്തരം സമൂഹങ്ങളില്‍ വ്യക്തമായ വര്‍ഗ്ഗ വേര്‍തിരിവുകള്‍ ദര്‍ശിക്കാനാകും. സ്ഥിരമല്ലാത്ത കാര്‍ഷികവൃത്തികള്‍, നായാട്ട്, മത്സ്യ ബന്ധനം, ഭക്ഷ്യ ശേഖരണം എന്നിവയായിരുന്നു മറ്റു പ്രധാന തൊഴിലുകള്‍. ഇതില്‍ ഭൂരിഭാഗവും സ്ത്രീ പിന്തുടര്‍ച്ചാവകാശങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു പോന്നവയായിരുന്നു. 1500 ബിസി കാലഘട്ടം മുതല്‍ക്ക് ഇന്‍ഡോ യൂറോപ്യന്‍ നായാടി സമൂഹങ്ങളുടെ പടയേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഗോത്രസമൂഹത്തില്‍ നിന്നും വര്‍ഗ്ഗ സമൂഹത്തിലേക്ക്

വിവിധ നായാടി ആര്യന്‍ ഗോത്രങ്ങളും തദ്ദേശീയ ഗോത്രങ്ങളും തമ്മില്‍ ഉടലെടുത്ത സംഘട്ടനങ്ങളും, ഇരുമ്പിന്‍റെ വ്യാപകമായ ഉപയോഗത്താല്‍ അഭിവൃദ്ധിയാര്‍ജ്ജിച്ച കാര്‍ഷികവൃത്തിയും വര്‍ഗ്ഗ സമൂഹത്തിന്‍റെ വിന്യാസത്തിന് വഴിതെളിച്ചു. ആദ്യകാലത്തെ വര്‍ഗ്ഗ സമൂഹത്തിന്‍റെ രൂപീകരണങ്ങളും, പില്‍ക്കാല വേദകാലഘട്ടത്തിലും ഉപനിഷദ് കാലഘട്ടത്തിലും നിലനിന്ന വര്‍ഗ്ഗ സമൂഹക്രമത്തിന്‍റെ രൂപങ്ങളാണ് നാലു വര്‍ണ്ണങ്ങള്‍.

പഞ്ചാബ് വഴി ഇന്ത്യയില്‍ പ്രവേശിക്കുകയും, പീന്നീട് ഗംഗതീര വ്യാപനസമയത്തു തന്നെ വേദിക് ആര്യന്മാര്‍ അവര്‍ പ്രഭുക്കന്മാരായും(രജന്യ), പണ്ഡിതന്മാരായും, സാധാരണ കുലഗോത്രങ്ങളായും വിഭജിക്കപ്പെട്ടിരുന്നു. ജലവിഭവശേഷി, കന്നുകാലികള്‍, ഭൂമി, അടിമകള്‍ മുതലായവയ്ക്കുവേണ്ടിയുള്ള ആര്യന്‍ തദ്ദേശീയ ഗോത്രങ്ങളുടെ സംഘട്ടനങ്ങളുടെ ഫലമായി, കീഴ്‌പ്പെടുത്തപ്പെട്ട ഗോത്രങ്ങള്‍ അടിമവത്ക്കരിക്കപ്പെടുകയും അവര്‍ ‘ദാസദാസ്യര്‍’എന്നറിയപ്പെടുകയും ചെയ്തു. യുദ്ധങ്ങള്‍ നായകന്മാരുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ആചാര പ്രാമാണ്യങ്ങളിലൂടെ തങ്ങളുടെ പ്രൗഢിയുയര്‍ത്തുവാനും ഖനീഭവിപ്പിക്കുവാനും, ലാഭത്തുക കയ്യടക്കുവാനും നായകന്മാര്‍ക്ക് സാധിച്ചു. സാധാരണ ജനങ്ങള്‍ കന്നുകാലികളുടെയും അടിമകളുടെയും കപ്പം രജന്യന്മാര്‍ക്ക് കൊടുക്കേണ്ടതായുണ്ടായിരുന്നു. വലുതും ചെറുതുമായ ഒട്ടേറെ യാഗങ്ങള്‍ ബ്രാഹ്മണരോടൊപ്പം രജന്യന്മാര്‍ അനുഷ്ഠിച്ചുപോന്നു. ഇത്തരം യാഗങ്ങളിലൂടെ ലഭിക്കുന്ന ‘ ദക്ഷിണ/ഉപഹാരങ്ങള്‍’ ഭരണ പ്രമാണിവര്‍ഗ്ഗങ്ങളും, പണ്ഡിതന്മാരുടെയും അവകാശമായിരുന്നു. എങ്കിലും, കുലവും ബന്ധവും അടിസ്ഥാനമാക്കിയ ഗോത്ര സംഘടനങ്ങളുടെ ആധിപത്യം തുടര്‍ന്നു. പ്രമാണിവര്‍ഗ്ഗത്തിന്‍റെ രക്തബന്ധങ്ങളുടെ വിള്ളലുകളുടെയും, വര്‍ണരൂപീകരണത്തിന്‍റെയും ഫലമായി (കീഴ്‌പ്പെടുത്തിയ ഗോത്രങ്ങളില്‍ നിന്ന് കപ്പം പിരിച്ചുകൊണ്ട് ജീവിതം നയിച്ച വര്‍ഗ്ഗങ്ങളില്‍ നിന്നുമുടലെടുത്തവയാണ് വര്‍ണ്ണങ്ങള്‍), ബ്രാഹ്മണരും ക്ഷത്രിയരും സൃഷ്ടിക്കപ്പെട്ടു. നായാടി ഗോത്രങ്ങള്‍ പൂര്‍ണമായും കൃഷി സ്വീകരിക്കുകയും, നായകപണ്ഡിത കുലങ്ങള്‍, ക്ഷത്രിയ ബ്രാഹ്മണ വര്‍ണ്ണങ്ങളിലേക്ക് സംയോജിക്കപ്പെടുകയും ചെയ്തു. അധീനമാക്കപ്പെട്ട ആര്യ-അനാര്യ ഗോത്രങ്ങള്‍ പീന്നീട് ശൂദ്ര വര്‍ണ്ണങ്ങളായ് പരിണമിച്ചു. ശൂദ്രരെല്ലാം തന്നെ അടിമകളായിരുന്നില്ല. വീട്ടുവേല നിലന്നിരുന്നുവെങ്കിലും, പ്രധാനമായും വൈശ്യരും ശൂദ്രരുമാണ് കാലിമേയ്ക്കലിലും കര്‍ഷകവൃത്തിയിലുമേര്‍പ്പെട്ടിരുന്നത്.

800 ബിസിയുടെ തുടക്കത്തില്‍ ആയുധ നിര്‍മാണത്തിനു മാത്രമായി പരിമിതപ്പെടാതെ, കൃഷിയാവശ്യങ്ങള്‍ക്കായികൂടി ഇരുമ്പിന്‍റെ ഉപയോഗത്തിലുണ്ടായ കുതിച്ചുകയറ്റം, പുരാതന ഗോത്ര സമൂഹങ്ങളുടെ ഉത്പ്പാദന വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി. കലപ്പ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതി ദൈനംദിന ലാഭത്തുക വര്‍ധിപ്പിച്ചു. നിബിഡവനങ്ങള്‍ വെട്ടിത്തെളിക്കുവാനും കൃഷിക്കായി ഭൂമി ഒരുക്കുവാനും നിഷ്പ്രയാസം സാധിച്ചു. പുരാതന കാലഘട്ടത്തില്‍ കാര്‍ഷികവൃത്തിയെ ഒരു പ്രധാന ഉത്പാദന വ്യവസ്ഥയായി ഉയര്‍ത്തുവാന്‍ ഇരുമ്പിനു കഴിഞ്ഞു. കൃഷിയുടെ വ്യാപനം, കൃഷിയിതര ഗോത്രങ്ങള്‍ക്ക് അഗാധമായ പ്രത്യാഘാതങ്ങളാണേല്‍പ്പിച്ചത്. കീഴ്‌പ്പെടുത്തപ്പെട്ട, കാടുകളില്‍ നിന്നും ആട്ടിയകറ്റപ്പെട്ട ഗോത്രങ്ങള്‍ക്ക് തങ്ങളുടെ പരമ്പരാഗത ജീവിതോപാധികള്‍ നഷ്ടപ്പെട്ടു. പുത്തനിടങ്ങളുടെ പിടിച്ചടക്കലുകളും, ക്രമീകൃത അധിവാസകേന്ദ്രങ്ങളുടെ സാധ്യതകളും നായകന്മാരുടെ സ്ഥാനവും പ്രാധാന്യവും ഉയര്‍ത്തി. ഗോത്ര പ്രഭു ജനാധിപത്യങ്ങള്‍ ഉടലെടുത്തു. ഒട്ടേറെ നായകന്മാര്‍ രാജാക്കന്മാരായ് പരിവര്‍ത്തനം ചെയ്തു. തങ്ങളുടെ ഗോത്രങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പുറമെ, തങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍(ജനപഥങ്ങള്‍) അധികാരവും ഭരണവും നിലനിര്‍ത്തുവാനും ഖനീഭവിപ്പിക്കുവാനും അവര്‍ മഹായാഗങ്ങളില്‍ ഏര്‍പ്പെട്ടു.

ബ്രാഹ്മണ്യ പ്രമാണിവര്‍ഗം വര്‍ണ്ണാശ്രമ ധര്‍മ്മത്തെ പോഷിപ്പിക്കുകയും, ആചാരങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും, സുഘടിതവും, ധനോപഭോഗം ഏറിയതുമാക്കി തീര്‍ത്തു. ലാഭത്തുക പുനര്‍വിതരണം നടത്തുവാനുള്ള ഉപാധികൂടിയായിരുന്നു ഇത്തരം ആചാരങ്ങള്‍. ‘ദക്ഷിണയായി’ ലഭിച്ചുകൊണ്ടിരുന്ന ഈ ലാഭത്തുക ബ്രാഹ്മണരും ക്ഷത്രിയരും പങ്കിട്ടെടുത്തുകൊണ്ടിരുന്നു. ഇച്ഛാധീനമായ ദക്ഷിണയില്‍ നിന്നും നിര്‍ബന്ധമായും ദക്ഷിണ നല്‍കേണ്ട അവസ്ഥ സംജാതമായി. ആര്യധര്‍മവും, വര്‍ണ്ണ പ്രത്യയശാസ്ത്രവും രാജാക്കന്മാരുടെയും പണ്ഡിതന്മാരുടെയും നിസ്സീമമായ അധികാരത്തിനെ നിയമാനുസൃതമാക്കുകയും അധീനപ്പെട്ട ഗോത്രങ്ങളെ താഴ്ന്ന വര്‍ണ്ണങ്ങളിലേക്ക് സ്വാംശീകരികയും ചെയ്തു. ഇങ്ങനെയുള്ള ആചാരങ്ങളോ അനുഷ്ടാനങ്ങളോ പിന്തുടരാത്തവര്‍ ‘മ്ലേച്ഛരായും’ അനാര്യന്മാരായും കാണക്കാക്കപ്പെട്ടു.

ഗംഗാ നദീതടത്തിലെ നെല്ലുത്പാദനമടക്കം, കൃഷിയുടെ വികാസം, തൊഴില്‍ വിഭജനത്തിലേക്കും വ്യാപാരത്തിന്‍റെ വളര്‍ച്ചയിലേക്കും നയിച്ചു. ഭൂമിയിലുള്ള സ്വകാര്യ സ്വത്തവകാശം രൂപപ്പെടുകയും നഗരങ്ങള്‍ പരിണമിക്കയും ചെയ്തു. ഇതിനോടൊപ്പം തന്നെ വൈശ്യ കച്ചവടക്കാരുടെയും, ഗഹപതികളുടെയും, ഭൂവുടമകളുടെയും വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവന്നു. ഗഹപതികള്‍ തങ്ങളുടെ നിലം അടിമകളെക്കൊണ്ടും ശൂദ്രരെക്കൊണ്ടുമാണ് ഉഴിവിച്ചിരുന്നത്. ഉയര്‍ന്ന വര്‍ണ്ണങ്ങളിലുള്ളവരും താഴ്ന്നവരും, ഭൂവുടമകളും, ഭൂരഹിത തൊഴിലാളികളും തമ്മിലുള്ള സംഘട്ടനങ്ങളും സംക്ഷോഭങ്ങളും ആദ്യകാല രാഷ്ട്രത്തിന്‍റെ ആവിര്‍ഭാവത്തിനു വഴി തെളിച്ചു. തുടര്‍ന്ന്, ബിഹാറില്‍, ഗംഗാനദിയുടെ തീരങ്ങളില്‍ ആദ്യകാല രാഷ്ട്രം സ്ഥാപിക്കപ്പെട്ടു.
തുടരും…

അനുരാധ ഘാന്‍ഡി
ഫെമിനിസ്റ്റും എഴുത്തുകാരിയായ അനുരാധ ഘാന്‍ഡി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) അംഗമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ആദ്യകാലങ്ങളില്‍ യുദ്ധാനന്തര ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സജീവമായിരുന്നു. പ്രോഗ്രസീവ് യൂത്ത് മൂവ്മെന്‍റിലും ദലിത് പാന്തര്‍ മൂവ്മെന്‍റിലും പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കമ്മിറ്റിയില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. മഹാരാഷ്ട്രയിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അനുരാധ. തൊഴിലാളി പ്രസ്ഥാനങ്ങളിലും ദലിത് മൂവ്മെന്‍റുകളിലും പ്രവര്‍ത്തിച്ചിരുന്ന അവര്‍ നിരന്തരം അറസ്റ്റുകള്‍ നേരിട്ടു. ബസ്തറില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ വനിതാവിഭാഗത്തെ നയിച്ചിരുന്ന അനുരാധ, ജാര്‍ഘഖണ്ഡിലെ ഗോത്രവിഭാഗത്തില്‍പെട്ട സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 2008 ഏപ്രിൽ 12ന് മലേറിയ ബാധിച്ചു മരിച്ചു. മാവോയിസ്റ്റ് സൈദ്ധാന്തികനായ കൊബാദ് ഘാന്‍ഡിയുടെ ജീവിത പങ്കാളിയായിരുന്നു അനുരാധ. ജാതി, ഫെമിനിസവും മാർക്‌സിസവും തുടങ്ങിയ വിഷയങ്ങളിൽ അവർ ഗണ്യമായ സംഭാവന നൽകി. മുഖ്യധാരാ ഇടത് പ്രസ്ഥാനങ്ങളുടെ ജാതിയെക്കുറിച്ചുള്ള ഇടുങ്ങിയ കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി പുതിയതും വിശാലവുമായ ധാരണയിലേക്ക് മുന്നേറാൻ സഹായിക്കുന്ന ഉൾക്കാഴ്ച അനുരാധയുടെ രചനകളില്‍ അടങ്ങിയിരിക്കുന്നു.

In this great democracy of ours, Anuradha Gandhy was what is known as a ‘Maoist terrorist,’ liable to be arrested, or, more likely, shot in a fake ‘encounter’ like hundreds of her colleagues have been … Reading through [her writings]… you catch glimpses of a mind of someone who could have been a serious scholar or academic who was overtaken by her conscience and found it impossible to sit back and merely theorize about the terrible injustice she saw around her. These writings reveal a person who is doing all she can to link theory and practice, action and thought.
_ Arundhati Roy

Anuradha Ghandy’s life and work stands as an example for a generation of Indian revolutionaries. But more than that she has directly contributed to the development of the Indian revolutionary movement in significant ways. Take the caste issue. Anuradha was one of the new generations of revolutionaries that in practical political activity gained and formulated an insight that helped the movement to move forward from the former narrow economism in the perception of caste of the old CPI to a new and broader understanding of the class role of the superstructure. …her writing contains much more. It is necessary reading for anyone who wants to understand the present situation in India.
_ Jan Myrdal, Sweden

അനുരാധ ഘാന്‍ഡിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ

Follow us on | Facebook | Instagram Telegram | Twitter