സമസ്തയല്ല, സമുദായമാണ് പ്രശ്നം

“ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്…” ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ ഒരു വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചത് ഇങ്ങനെയായിരുന്നു. പെരിന്തല്‍മണ്ണയിൽ ഒരു മദ്രസയുമായി ബന്ധപ്പെട്ട ചടങ്ങിൽ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചപ്പോൾ ആയിരുന്നു സംഭവം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയർന്നിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നാസിറുദ്ദീൻ എഴുതുന്നു…


നാസിറുദ്ദീൻ

സമസ്തയല്ല, സമുദായമാണ് പ്രശ്നം

സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അളവുകോലുകളിൽ ഏതെടുത്താലും ഇന്ത്യയിലെ ഏറ്റവും മുൻ പന്തിയിലുള്ള മുസ്ലിം സമുദായമാണ് കേരളത്തിലേത്. അതിലെ തന്നെ മഹാ ഭൂരിപക്ഷത്തിനെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് സമസ്ത എന്ന ഈ കെ സുന്നി. ഈ നിമിഷം വരെ സംഘടനക്കകത്ത് യാതൊരു വിധ എതിർപ്പുമില്ലാതെ വ്യവസ്ഥാപിതമായും കർശനമായും നടപ്പിലാക്കി വരുന്ന നയമാണ് പെണ്ണുങ്ങളെ വേദികളിലോ കമ്മിറ്റികളിലോ എന്തിന് പള്ളിയുടെ പ്രധാന ഇടങ്ങളിൽ പോലും അടുപ്പിക്കാതെ നോക്കുക എന്നത്. അത്യപൂർവ്വമായി മാത്രം ഈ നിയമം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ തന്നെ ഇതേ പോലെ പെണ്ണുങ്ങളെ ആട്ടിപ്പായിക്കാൻ സമസ്ത നേതാക്കൻമാർ എന്ന ആഭാസൻമാർ കൃത്യമായും ശ്രദ്ധിക്കാറുമുണ്ട്. അതിൽ പാർട്ടി ഒറ്റക്കെട്ടാണ്, അഥവാ ഇന്ത്യയിലെ ഏറ്റവും ശക്തമായ മുസ്ലിം സാമുദായിക സംഘടനയുടെ നയത്തിൻ്റെ ഭാഗമാണിത്. ഇതേ വേദിയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗിൻ്റെ ഉന്നത നേതാക്കൻമാരും ഉണ്ട്. ആർക്കും ഇത്ര ധാർഷ്ട്യത്തോടെ ഒരു പെൺ കുട്ടിയെ അപമാനിച്ച് വിടുന്നതിൽ ഒരു പ്രശ്നവുമില്ല. പണ്ട് പെണ്ണുങ്ങൾ പഠിക്കരുതെന്ന് പറഞ്ഞ തീരുമാനം ഇപ്പോഴും തിരുത്താതെ നിൽക്കുന്ന സമസ്തയുടെ വേദിയിൽ നിന്ന് തീർത്തും പ്രതീക്ഷിക്കാവുന്നത് മാത്രമാണ് ഈ സംഭവം.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടിയിൽ വെച്ച് മലബാർ സമരങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സമസ്തയുടെ മറ്റൊരു തല മുതിർന്ന നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ മുസ്ലിം ലീഗിൻ്റെ വനിതാ നേതാവിനെ വേദിയിൽ നിന്ന് ആട്ടിയോടിച്ചത്. മലബാർ സമരത്തിൽ മുസ്ലിം പെണ്ണുങ്ങളുടെ പങ്കിനെ പറ്റി പ്രസംഗിക്കുന്ന അവസരത്തിലായിരുന്നു അബ്ദു സമദ് കയറി വന്നതും വനിതാ നേതാവായ ശംലൂലത്തിനെ ആട്ടിയോടിച്ചതും ! ഇവിടെ ശ്രദ്ധേയമായ കാര്യം ഇതൊന്നും വേദിയിലോ സദസ്സിലോ ഇരിക്കുന്ന ഒരു മുസ്ലിമിനും പ്രശ്നമാവുന്നില്ല എന്നതാണ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശംലൂലത്ത് പേരെടുത്ത സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ എതിരാളികളിൽ പോലും മതിപ്പുളവാക്കിയ നേതാവുമായിരുന്നു. നാട്ടുകാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിനപ്പുറം പണ്ടേ സ്വീകാര്യത. മേഖലയിലെ ലീഗിലെ നേതൃനിരയിലെ ശ്രദ്ധേയ മുഖമാണ്. ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നിരുന്ന ഒരു ഗ്രാമ പഞ്ചായത്തിൻ്റെ നിലവിലെ പ്രസിഡൻ്റും. പക്ഷേ അന്നവിടെ വേദിയിലോ സദസ്സിലോ ഇരുന്ന ഒരാളും ഇതിനെതിരിൽ പ്രതിഷേധിച്ചില്ല. പിന്നീട് പുറത്തുള്ള ആളുകൾ വിഷയം ചർച്ചയാക്കിയപ്പോൾ ശംലൂലത്തിനെ സമ്മർദ്ദത്തിലാക്കി ഒരു നിഷേധക്കുറിപ്പിറക്കി.

സമുദായത്തിൽ നിന്ന് കിട്ടുന്ന വലിയ പിന്തുണയും നിസ്സംഗതയുമാണ് ഈ തെമ്മാടികൾക്ക് ഇപ്പോഴും ഇത് തുടരാനുള്ള ധൈര്യമെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണ്. ദൽഹിയിൽ മുസ്ലിം പെണ്ണുങ്ങൾ ജീവൻ പണയം വെച്ച് പോരാടി തുടക്കമിട്ട പൗരത്വ ബില്ലിനെതിരായ സമരം സേഫ് സോണായ കേരളത്തിലെത്തിയപ്പോൾ ഇതേ സമസ്ത നേതാക്കൻമാരുടെ താൽപര്യത്തിനനുസൃതമായി ആണുങ്ങളുടെ സമരമാക്കി പെണ്ണുങ്ങളെ മാറ്റി നിർത്തി. മുസ്ലിം സംഘടനകളുടെ ഐക്യമെന്ന പേരിൽ തട്ടിക്കൂട്ടുന്ന എല്ലാ കമ്മിറ്റികളുടേയും യോഗങ്ങളുടേയും മുഖമുദ്രയാണ് പെണ്ണുങ്ങളുടെ അസാന്നിധ്യം. അത് പെണ്ണുങ്ങളുടെ കല്യാണ പ്രായം ചർച്ച ചെയ്യാനായാൽ പോലും അങ്ങനെ തന്നെ.

സമുദായത്തിൻ്റെ പകുതിക്ക് നേരെ സമുദായ നേതൃത്വമെന്ന പേരിട്ട് വിളിക്കുന്ന പൗരോഹിത്യ കൂട്ടായ്മ നടത്തുന്ന ഈ കൊടിയ നീതി നിഷേധമല്ല ഇതിലെ ഏറ്റവും വലിയ പ്രശ്നം. ഈ നീതി നിഷേധം സമുദായം ഒന്നടങ്കം അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നു എന്നതാണ് അതിലേറെ ഗൗരവമായ കാര്യം. നന്നേ ചുരുങ്ങിയത് നിസ്സംഗമായി നോക്കി നിൽക്കുകയെങ്കിലും ചെയ്യുന്നു. അപവാദങ്ങൾ അപവാദങ്ങൾ മാത്രം. ഈ നിതി നിഷേധം ചർച്ചയാക്കാതെ, അതിനെതിരിൽ പോരാടാതെ പൊതു സമൂഹത്തിൽ നിന്ന് മുസ്ലിങ്ങൾ നേരിടുന്ന നീതി നിഷേധത്തിനെതിരിൽ നിരന്തരം ഒച്ച വെക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. സ്വന്തം സമുദായത്തിലെ പെണ്ണുങ്ങളെ വേദിയിൽ നിന്നും ആട്ടിയോടിച്ച് പാർലിമെൻ്റിലും ഐ ബിയിലും വരെ മുസ്ലിം പ്രാതിനിധ്യത്തിനായി ഒച്ച വെക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്.

ഇസ്ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു നീതി നിഷേധമാണ്. ഒരു വിഭാഗത്തെ അപരവൽക്കരിക്കാനും അവരർഹിക്കുന്ന പ്രാതിനിധ്യവും പങ്കാളിത്തവും നിഷേധിക്കാനുമുള്ള നീച ശ്രമം. അതിനെതിരിൽ പ്രതികരിക്കുന്നത് നീതിപൂർവ്വകമായ ഒരു മാതൃക മുൻ നിർത്തിയായാൽ മാത്രമേ വിജയിക്കൂ. നിർഭാഗ്യവശാൽ മുസ്ലിങ്ങളുടെ പോരാട്ടം അങ്ങനെയൊരു മാതൃക മുൻ നിർത്തി അല്ല. അഫ്ഘാനിസ്ഥാനിൽ താലിബാൻ ഭീകരത അതിൻ്റെ എല്ലാ പരിധികളും പരിമിതികളും ലംഘിച്ച് മുന്നേറുന്നു. സംഘ് പരിവാർ എന്താണോ ഇവിടെ മുസ്ലിങ്ങളോട് ചെയ്യാൻ ആഗ്രഹിക്കുന്നത് അതെല്ലാം താലിബാൻ അവിടെ പെണ്ണുങ്ങളോട് നടപ്പാക്കി കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഇഷ്ട വസ്ത്രം ധരിക്കാനും സഞ്ചാരത്തിനുമെല്ലാം വിലക്കുകൾ വന്നു കഴിഞ്ഞു.

ഈ താലിബാനിസത്തിൻ്റെ വേറൊരു രൂപമാണ് അബ്ദു സമദ് പൂക്കോട്ടൂരും അബ്ദുള്ള മുസ്ലിയാരുമുൾപ്പെടുന്ന തെമ്മാടി നേതൃത്വം ഇവിടെ നടപ്പിലാക്കാൻ നോക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥിതിയും പരിമിതമായ വിഭവ ശേഷികളും അധികാരത്തിൻ്റെ അഭാവങ്ങളുമാണ് അവർക്ക് തടസ്സം. ഒറ്റപ്പെട്ട ശബ്ദങ്ങൾ മാറ്റി നിർത്തിയാൽ സമുദായത്തിൽ നിന്ന് അതിനെതിരിൽ പറയത്തക്ക എതിർപ്പില്ല. ഇപ്പോൾ വൈറലായ വീഡിയോവിനോടുള്ള എതിർപ്പ് പോലും കൂടുതലും ഒരു വിഭാഗത്തെ മാറ്റി നിർത്തുന്നതിലുള്ള അടിസ്ഥാന വിയോജിപ്പില്ല. ‘ഔചിത്യ ബോധമില്ലാതെ’ അത് പ്രയോഗത്തിൽ വരുത്തുന്ന രീതിയോടാണ് എതിർപ്പ് അധികവും.

ഈ ഗുരുതരമായ പ്രശ്നം മുസ്ലിം സമുദായം അഡ്രസ് ചെയ്യാതെ അവർക്ക് ഇസ്ലാമോഫോബിയ പോലുള്ള അതി സങ്കീർണവും ഒരുപാട് തലങ്ങളുള്ളതുമായ ഒരു ഭീകര പ്രതിഭാസത്തെ നേരിടാൻ പറ്റുമെന്ന് കരുതുന്നത് ആന മണ്ടത്തരമാണ്. ഇന്ത്യയിലെ കോൺഗ്രസ് പോലുള്ള പ്രതിപക്ഷ കക്ഷികളെ വെച്ച് സംഘ് പരിവാറിൻ്റെ വ്യവസ്ഥാപിത ഫാഷിസത്തെ നേരിടാൻ പറ്റുമെന്ന് കരുതുന്നത് പോലുള്ള മറ്റൊരു മണ്ടത്തരം.

സരിതയുടെ ലിസ്റ്റിലും മറ്റനവധി സമാന വിവാദങ്ങളിലും ഇടം പിടിച്ച ഒരുത്തൻ സമസ്ത എന്ന ഏറ്റവും വലിയ സമുദായ സംഘടനയുടെ വേദികളിൽ ഇരിക്കുന്നതിൽ സമുദായത്തിന് പ്രശ്നമില്ല. കേരളം കണ്ട ഏറ്റവും വലിയ പെൺ വാണിഭ കേസ് അട്ടിമറിച്ചവൻ ഏറ്റവും വലിയ സമുദായ രാഷ്ട്രീയ പാർട്ടിടെയും എല്ലാ വിധ മുസ്ലിം ഐക്യ വേദികളുടേയും പിന്നിലെ കിംഗ് മേക്കറായി തുടരുന്നതും അവർക്ക് സ്വീകാര്യമാണ്. പക്ഷേ സമുദായത്തിൻ്റെ പകുതി മാത്രം എല്ലാ വിധ വേദികളിൽ നിന്നും നേതൃ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു. ഈ അക്രമം സമുദായത്തെ അലട്ടുന്നില്ല. പരിപാവനമായ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോഡിലെ സമുദായ പ്രതിനിധികൾ നേതൃത്വം നൽകിയ അഴിമതി മാമാങ്കങ്ങൾ ഈയടുത്ത് വാർത്തകളിൽ നിറഞ്ഞെങ്കിലും സമുദായം കുലുങ്ങിയില്ല. പക്ഷേ വഖഫ് ബോഡിൽ ഏതെങ്കിലും അമുസ്ലിം നാമധാരികൾ വരുന്നത് അവരെ ബേജാറാക്കുന്നു. ഇതൊന്നും അല്ല ഇസ്ലാമെങ്കിൽ അത് തിരുത്തേണ്ട ബാധ്യതയും അനിവാര്യതയും അങ്ങനെ വിശ്വസിക്കുന്നവർക്കുണ്ട്. ഇനി അതല്ല, ഇതൊക്കെ തന്നെയാണ് ഇസ്ലാമെന്ന് കരുതുന്നെങ്കിൽ ആ ഇസ്ലാം ചവറ്റ് കൊട്ടയിലെത്താൻ അധികം താമസമുണ്ടാവില്ല.

Follow | Facebook | Instagram Telegram | Twitter