ബലാത്സംഗ കേസിന്റെ മെറിറ്റ് കളയരുത്

സിനിമാമേഖലയെ തൊഴിലിടമായി അതിൽ പണിയെടുക്കുന്നവരും പൊതു സമൂഹവും അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇവിടെ സർക്കാരിൻ്റെ തന്നെ അഭിനയം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്.. സ്കൂൾ ഓഫ് ഡ്രാമയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും. അവിടെ നിന്നൊക്കെ അഭിനയം പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ തൊഴിൽ അന്വേഷിക്കും. അല്ലെങ്കിൽ പാഷനായി അഭിനയം കൊണ്ടു നടക്കുന്നവർ ആ പണി ചെയ്യാനായി അതിന് വേണ്ടി ശ്രമിക്കും. അപ്പോൾ വിജയ് ബാബുവിനെ പോലുള്ളവർ അവരുടെ ഉടമാധികാരം വെച്ച് ഇത്തരത്തിൽ ആ പെൺകുട്ടികളെ ചൂഷണം ചെയ്യും. എന്നിട്ടതിനെ പ്രേമത്തിൻ്റെ, റിലേഷൻഷിപ്പിൻ്റെ ഇടത്തിലേക്ക് ആക്കും.

വിജയ് ബാബു തൊഴിലുടമയും തൊഴിൽ ദാതാവുമാണ്. അയാൾക്ക് നിർമ്മാണ കമ്പിനിയും അതുപോലെ തന്നെ സിനിമാ മേഖലയിൽ ഉന്നത ബന്ധങ്ങളുമുണ്ട്. അപ്പോൾ അയാളോട് അവൾ ജോലിയന്വേഷിച്ചത് അവൾ ചെയ്ത തെറ്റാണോ? ആ സമയം അവൾക്ക് സിനിമാ വാഗ്ദാനം നടത്തി അവളുമായി ബന്ധം സ്ഥാപിക്കുന്നതിൽ ഒരു പ്രശ്നവും തോന്നുന്നില്ലേ. ആദ്യ നോട്ടത്തിൽ തന്നെ അയാളെ അവൾ തടയണമെന്ന് പറയുന്നത് ഉടമാധികാരത്തെ കുറിച്ച് അറിയാതെയാണോ?

ആണത്തമെന്ന പ്രിവിലേജ് മാത്രമല്ല, സിനിമയുടെ ഉന്നത ഇടത്തിലിരിക്കുന്ന ആളാണ് വിജയ് ബാബു.
എന്നിട്ടാണ് അയാൾക്ക് അവൾ കൺസെൻ്റ് കൊടുത്തുവെന്ന് പറയുന്നത്. അധികാരശ്രേണിയിൽ ഒന്നാമനായ ഒരുവന് കേരളത്തിലെ ഒരു പെണ്ണ് കൺസെൻ്റ് കൊടുക്കുകയൊന്നും വേണ്ട. അത് അവൻ്റെ അവകാശം പോലെ അവനതെടുത്തോളും. പാട്രിയാർക്കി ഭരിക്കുന്നിടത്ത്, പെണ്ണെന്നത് രണ്ടാമതായിരിക്കുന്നിടത്ത് ”സമ്മതം” എന്നത് ഏട്ടിലെ പശു തന്നെയാണ്.

ഇവിടെ തൊഴിലുടമയായ ഒരുവൻ ഉണ്ടാക്കുന്ന ഏത് ബന്ധവും അവൻ്റെ അധികാര പ്രയോഗ പരിധിയിൽ ഉണ്ടാക്കുന്നത് തന്നെയാണ്. അവിടെ അവളുടെ നോട്ടത്തിന് വാക്കുകൾക്ക് എന്ത് പ്രസക്തിയാണുള്ളത്? സിനിമയിൽ ചാൻസ് കിട്ടാത്തതു കാരണമാണ് ഇത് വെളിയിൽ വന്നതെന്ന് പറയുന്നതിൽ ഒരു കഴമ്പുമില്ല. സിനിമയിൽ ചാൻസ് കൊടുക്കാമെന്ന് പറഞ്ഞാൽ അത് കൊടുക്കേണ്ടത് തന്നെയാണ്. അല്ലാത്തപക്ഷം അയാൾ ചെയ്യുന്നത് വഞ്ചനാകുറ്റത്തിൻ്റെ പരിധിയിൽ വരികയും ചെയ്യും.

വിജയ് ബാബു ബാലാത്സംഗ കേസ്സിൻ്റെ മെറിറ്റ് കളയരുതെന്ന് എല്ലാവരോടുമായി പറയട്ടെ. അവരുടെ പ്രേമം റിലേഷൻഷിപ്പ് ബന്ധം തകരൽ എന്നിവയൊക്കെ പറഞ്ഞു ആ അധികാര ബന്ധത്തെ ഇല്ലാതാക്കരുത്. കാരണം ആ ബന്ധത്തിലുടനീളം വർക്കൗട്ട് ചെയ്തിരിക്കുന്നത് തൊഴിലുടമ തൊഴിൽ അന്വേഷക ബന്ധമാണ്. അതിൽ ഉടമ അയാളായതുകൊണ്ടാണ് അധികാരം മൊത്തം അയാളിൽ കയ്യാളിയത്.  എന്നിട്ട് അയാളെ കാമുകനാക്കിയാൽ എങ്ങനെ ശരിയാകും? ഉടമ തൊഴിലാളി ബന്ധത്തിലെ എല്ലാ കാര്യങ്ങളും അധികാര പ്രയോഗത്തിലേതാണ്.

കഴിഞ്ഞയാഴ്ചയിൽ ഒരു കേസ്സിൽ എനിക്കുണ്ടായ ഒരനുഭവം പറയാം. കുടുംബകോടതി കേസ്സാണ്
എൻ്റെ കക്ഷി സ്ത്രീയാണ്. അപ്പോൾ മറുഭാഗം പുരുഷനാകുമല്ലോ. അങ്ങനെ ഭർത്താവായ പുരുഷൻ കുട്ടിക്ക് വേണ്ടി ഹർജി കൊടുത്തിട്ടുണ്ട്.  ആ ഹർജിയിൽ കൗൺസിലിംഗ് നടന്നു കൊണ്ടിരിക്കയാണ്. പ്രിൻസിപ്പൾ കൗൺസിലർ കുട്ടിയെ കൊണ്ടുവരാൻ പറയുന്നു.

കുട്ടിയെ കൗൺസിൽ ചെയ്യുന്നു. കുട്ടി അച്ഛൻ്റെ കൂടെ പോകാനാവില്ലെന്ന് പറയുന്നു. കുട്ടി കൗൺസിലിംഗ് റൂമിൽ നിന്ന് ഇറങ്ങി ഓടി എൻ്റെ അടുത്ത് വരുന്നു. എന്നെ പിടിക്കുന്നു. അവൻ്റെ അച്ഛൻ പിറകെ വരുന്നു അവനെ പിടിച്ചു വലിക്കുന്നു. കുട്ടി വീണ്ടും എന്നെ മുറുക്കെ പിടിക്കുന്നു. ഞാൻ ഇതികർത്തവ്യ മൂഢയാകുന്നു. അവൻ വിറക്കുന്നു. സൈക്കോ പരുവത്തിലായി വായിൽ തോന്നിയ തെറി മൊത്തം എൻ്റെ കക്ഷിയെ വിളിക്കുന്നു. ഞങ്ങൾ പ്രതികരിക്കുന്നില്ല. കോടതിയുടെ വെളിയിലേക്ക് പോകുന്നു.

അവിടെ തീരുന്നില്ല. ഏകദേശം സന്ധ്യയാവുന്നു. ഞാൻ വീട്ടിലെത്തി അടുക്കള പണിയിൽ ഇടപെടുന്ന നേരത്ത് ഒരു കോൾ വരുന്നു. അത് ഇങ്ങനെയായിരുന്നു. “നീ ഏത് വക്കീലാണ്”  എന്നു തുടങ്ങി ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി. അത് മുൻ പറഞ്ഞ ഭർത്താവ് കക്ഷിയാണെന്ന്. ഞാൻ അയാളുടെ വക്കീലിനോട് വിളിച്ചു കാര്യം പറയുന്നു. അദ്ദേഹം പറയുന്നു, ഞാൻ അയാളുടെ കസ്റ്റോഡിയൻ അല്ലെന്ന്. താങ്കൾ ആ കോൾ ബ്ലോക്ക് ചെയ്താൽ മതിയെന്ന്. ഞാൻ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ ആ പ്രശ്നം തീരുന്നില്ല. അതുപോലെ ബ്ലോക്കിങ്ങല്ല ശരിയായ പ്രതിവിധി. അങ്ങനെ പത്ത് ഇരുപത് പ്രാവശ്യം അവൻ എന്നെ വിളിക്കുന്നു. ഞാൻ ഫോണും കൊണ്ട് തൃശൂർ വെസ്റ്റ് സ്റ്റേഷനിലെത്തുന്നു.

അവർ ഒരേ കാര്യം പറയുന്നു, വക്കീൽ ആ നമ്പർ ബ്ലോക്ക് ചെയ്യൂവെന്ന്. പിന്നെ റെക്കോർഡ് ചെയ്യൂവെന്ന്. എൻ്റെ ഫോണിൽ ഓട്ടോമാറ്റിക്ക്  റെക്കോഡിംഗ് ഇല്ല. പിന്നെ ആ ആപ്പ്  ഉപയോഗിക്കാത്തതു കാരണം അത് എൻ്റെ ഫോണിൽ ഇല്ല. പല മനുഷ്യരും എന്നെ വിളിക്കുന്നതാണ്. പലരുടെയും അത്രയും പേഴ്സണലായ  പ്രശ്നങ്ങൾ എന്നോട് പറയുന്നതാണ് അതിനിടയിൽ റെക്കോർഡിംഗും മറ്റും അവരുടെ സ്പേസിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഞാൻ കരുതുന്നു.

എന്തായാലും ആ ആപ്പ് ലൈവാക്കുന്നു. റെക്കോർഡ് ചെയ്യുന്നു. വെസ്റ്റിൽ പരാതി കൊടുക്കുന്നു. അതവിടെയിരിക്കട്ടെ, താൻ ഒരാണാണ് എന്ന പ്രിവിലേജ്  ഉപയോഗിച്ച് എന്നെ വിളിച്ച പുരുഷൻ്റെ കോൾ ബ്ലോക്ക് ചെയ്യാനാണ് നിയമം അറിയുന്ന മാന്യപുരുഷുക്കളെല്ലാം പറഞ്ഞത്. അതായത്, ഇവൻമാർ പലവിളയാട്ടങ്ങളും നടത്തും. നിങ്ങൾ തരത്തിനനുസരിച്ച് ബ്ലോക്കിക്കോണം.

ഞാൻ സ്ത്രീയായതുകൊണ്ടു മാത്രമാണ് അവൻ വിളിക്കുന്നത്. പുരുഷനാണെങ്കിൽ വിളിക്കുമായിരുന്നില്ല എന്നാണ് തോന്നുന്നത്. ഞാൻ പറഞ്ഞു വരുന്നത്,  ഈയൊരു കാര്യത്തിൽ അവനെ ബ്ലോക്കണം എന്നു പറയുന്നവർ തന്നെയാണ് വിജയ് ബാബു വിഷയത്തിൽ അവൾക്കെന്താ നോ പറഞ്ഞാൽ എന്നു പറയുന്നത്. അതിൽ അവൻ തൊഴിലുടമയാണ് അവർക്ക് ജോലി കൊടുക്കുന്നയാൾ. എന്നിട്ടും അവൾ നോ പറയണം. അവനെന്ത് വിളയാട്ടവും നടത്താം. അങ്ങനെ അവൻ വിളയാടുന്നത് പാട്രിയാർക്കിയുടെ ബലത്തിലാണെന്ന് പറഞ്ഞാൽ മനസ്സിലാകാത്തവരാണ് ഓരോ സ്ത്രീ പീഢകനേയും പിന്തുണയ്ക്കുന്നത്.

Follow | Facebook | Instagram Telegram | Twitter