പൊലീസ് ഹൈടെക് സെൽ എസ്.ഐ ആയിരുന്ന ബിജു സലീമിനെ ഓർമയുണ്ടോ?

കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡികള്‍ ചോർത്തിയെന്നാരോപിച്ച് 2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഈ റിപ്പോർട്ടിനാധാരമായ രേഖകൾ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഹൈടെക് സെല്ലിൽ നിന്ന് ചോർത്തിയെന്നാരോപിച്ചു പോലീസിൽ നിന്ന് ആദ്യം സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നെ പുറത്താക്കപ്പെടുകയും ചെയ്ത മുസ്‌ലിം പോലീസുകാരനായിരുന്നു ബിജു സലീം.

ഈ ആരോപണത്തെ തുടർന്ന് കെട്ടിച്ചമച്ച കേസാണ് ഇമെയിൽ കേസ് . മാധ്യമം ലേഖകൻ വിജു.വി. നായരായിരുന്നു ആ വാർത്ത പുറത്ത് കൊണ്ടുവന്നത്. കേരള രാഷട്രീയത്തെ ഇളക്കിമറിച്ച ഇമെയിൽ ചോർത്തൽ വിവാദ കേസ് തെളിവുകളില്ലാതെ കോടതി പിൻവലിച്ച ശേഷവും കേരള പോലീസിൽ പ്രവേശനം തടയപ്പെട്ടയാളാണ് ബിജു സലീം.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയാണ് കേസ് പിൻവലിച്ച് കൊണ്ട് വിധി പുറപ്പെടുവിച്ചത്. പോലീസ് ആരോപിക്കുന്ന 153 B(മത വിദ്വേഷം പ്രചരിപ്പിക്കൽ), 120 A(ഗൂഢാലോചന ), 143,147 (ഗവ. രേഖ ചോർത്തൽ), 10,13 UAPA , ഒഫിഷ്യൽ സീക്രട്ട് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസ് നിലനില്ക്കില്ല എന്ന് കണ്ടെത്തിയതിനാലാണ് കോടതി കേസ് പിൻവലിച്ചത്.

ബിജു സലീമിനെ കൂടാതെ അഡ്വ.എസ് ഷാനവാസ്, ഡോ. പി. എ. ദസ്തക്കിർ, ലേഖകൻ വിജു വി നായർ, മാധ്യമം എഡിറ്റർ ഒ.അബ്ദുൽ റഹ് മാൻ, വാരിക എഡിറ്റർ പി.കെ.പാറക്കടവ്, ഇന്ത്യാവിഷൻ ന്യൂസ് എഡിറ്റർ ബഷീർ എന്നിവരെ പ്രതി ചേർത്താണ് കേരള പോലീസ് വ്യാജ കേസ് രജിസ്റ്റർ ചെയ്തത്. ബിജുസലീം, അഡ്വ.ഷാനവാസ്, ഡോ.ദസ്തകീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജുവിനെ ഉമ്മൻചാണ്ടി സർക്കാർ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ഡോ.ദസ്തകീറിനെ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പാർലമെന്റംഗം, മുസ്‌ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 257 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ഉയർത്തിക്കാട്ടിയാണ് മാധ്യമത്തിന്റെ വെളിപ്പെടുത്തൽ ഇത് വിവാദമാക്കിയത്.

ലിസ്റ്റിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാധ്യമം പുറത്ത് വിട്ട ഉന്നത പോലീസ് ഓഫീസറുടെ കത്തിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ മാധ്യമം പ്രസിദ്ധീകരിച്ചത് യഥാർത്ഥ കത്തല്ല, വ്യാജ കത്താണെന്ന് ആരോപിച്ചാണ് കേരള പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്.

അതേ കേരള പോലീസിൽ നിന്ന് കേവലം ഒരു കടലാസ് തുണ്ടല്ല വെടിയുണ്ടകളും തോക്കുകളും അടക്കം വിലപ്പെട്ട ഔദ്യേഗിക ആയുധങ്ങൾ ചോർത്തിയെന്ന സി.എ.ജി റിപ്പോർട്ട് പുറത്ത് വന്നിട്ടും പോലീസ് മേധാവികൾക്കെതിരെ നടപടിയാവശ്യപ്പെടാൻ മടിച്ചു നിൽക്കുന്ന കേരളീയ പൊതുബോധത്തിന്റെ നിസ്സംഗഭാവം കാണുമ്പോൾ ഒരു ബിജുസലീമിനെ ഒത്ത് കിട്ടാത്തതിന്റെ കുറവ് തന്നെയല്ലേ മൊത്തത്തിൽ നിഴലിച്ചു കാണുന്നത് ?
_ എ എം നദ്‍വി

Leave a Reply