മാലിക്… മഅദനി… മുസ്‌ലിം ലീഗ്!

മലയാള സിനിമയിൽ ഇസ്‌ലാമോഫോബിക്കായ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട് . അന്നൊന്നും ഇല്ലാത്ത പ്രതികരണം മാലിക്ക് എന്ന സിനിമക്ക് എതിരെയുണ്ട്. അതിന് കാരണം മുസ്‌ലിം ലീഗിനെ സിനിമയിൽ കൊണ്ടുവന്നു എന്നതാണ്. മാലിക്കിന് എതിരെ ആദ്യം വന്നവരിൽ ലീഗ് ബുദ്ധിജീവികളും ഉണ്ട്. ഇവരൊന്നും മുൻപ് ഇത്തരത്തിൽ ഇസ്‌ലാമോഫോബിയ ഉണ്ടാക്കിയ ഒരു സിനിമക്ക് എതിരെയും പറഞ്ഞിട്ടില്ല എന്നതിന് കാരണം മുസ്‌ലിം ലീഗ് അടക്കം അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊണ്ടുനടന്ന ഇസ്‌ലാമോഫോബിയ ആയിരുന്നു മുൻപ് വന്നതെല്ലാം. അത് അവർക്കും പെരുത്ത് ഇഷ്ടവും ആയിരുന്നു.

അബ്ദുൽ നാസർ മഅദനി അടക്കമുള്ള ഒൻപത് മലയാളികളെ അതിക്രൂരമായി ഹിന്ദുത്വ സ്റ്റേറ്റ് വേട്ടയാടിയ ശേഷം ഒരു പതിറ്റാണ്ടിന് ശേഷം അവരെ വിചാരണ കോടതി തൊട്ട് സുപ്രീം കോടതി വരെ പൂർണ്ണ നിരപരാധികൾ എന്ന് വിധി എഴുതി വിട്ടയച്ച ശേഷവും അവരെ ഭീകരവാദികളാക്കിയ ചിത്രം ആയിരുന്നു അമൽ നീരദിന്റെ അൻവർ. അന്നൊന്നും കാണാത്ത പ്രതികരണം ഇപ്പോൾ വന്നത് മുസ്‌ലിം ലീഗ് സിനിമയിൽ വന്നു എന്നത് കൊണ്ടാണ്. അൻവർ സിനിമയെ പറ്റി ആദ്യം പറയാം;

മുകളിൽ പറഞ്ഞ പോലെ ഒരു പതിറ്റാണ്ട് കാലം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഭരണകൂടം വേട്ടയാടിയ മഅദനിയെയും ഒൻപത് മലയാളികളെയും വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പൂർണ്ണ നിരപരാധികൾ എന്ന് വിധിച്ചിട്ടും ആ ഇരകളെ വീണ്ടും പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികളായി അവതരപ്പിച്ച സിനിമയാണ് അമൽ നീരദിന്റെ “അൻവർ”. നിയമസംവിധാനത്തിന്റെ സംഹിതകൾ വരെ ഇതിനുവേണ്ടി പൊളിച്ചെഴുതാനും അമൽ നീരദിന് മടിയുണ്ടായില്ല എന്നതാണ് മറ്റൊരു കൗതുകം.

“കോയമ്പത്തൂർ സ്ഫോടന” കേസിന്റെ പേരിൽ തമിഴ് നാട് പൊലീസ് കൊച്ചിയിലെ യതീം ഖാനയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെടുന്ന ബാബു സേട്ട്. ബാബു സേട്ടിനും കൂട്ടർക്കും വീണ്ടും സ്ഫോടനം നടത്താൻ അതിശയകരാമാം വിധം ജാമ്യം ലഭിക്കുന്നു. ബാബു സേട്ട് അടക്കമുള്ളവർ ജാമ്യം എടുക്കുന്നത് കേരളത്തിലെ ഹൈകോടതിയിൽ നിന്നാണ്! എങ്ങിനെയുണ്ട്, ഉഷാർ അല്ലെ ജാമ്യം കിട്ടിയ രീതി? സിനിമ കണ്ട് ഇറങ്ങിയ ഉടൻ ഞാൻ അമൽ നീരദിനെ വിളിച്ചപ്പോൾ അങ്ങേർ പറഞ്ഞത് “കോയമ്പത്തൂർ സ്ഫോടനം എന്നത് മനപ്പൂർവ്വം വന്നതല്ല, പാലക്കാടുള്ള അൻവർ കോയമ്പത്തൂരിലേക്ക് അല്ലെ സാധരണ വസ്ത്രം എടുക്കാൻ പോവുക അങ്ങിനെ വന്നതാണ് അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചല്ല” എന്നാണ്.

അതെന്താ കാസർഗോഡുള്ള അൻവറിന് മംഗലാപുരം പോയാൽ എന്ന് ചോദിച്ചപ്പോൾ അങ്ങേർക്ക് ഉത്തരമില്ല. അതും പോവട്ട്, ബാബു സേട്ട് എങ്ങിനെ യതീം ഖാനയിൽ തന്നെ വന്നുവെന്ന അടുത്ത ചോദ്യം ചോദിച്ചപ്പോൾ, അത് ആരെയും ഉദ്ദേശിച്ചല്ല എന്നാണ് ഉത്തരം പറഞ്ഞത് . ഇനി അതും വിട്ട് കള, തമിഴ് നാട് പൊലീസ് തമിഴിൽ നാട്ടിൽ നടന്ന കേസിന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തവർക്ക് എങ്ങിനെയാണ് കേരള ഹൈകോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്? അതിനുള്ള ഉത്തരം ഇങ്ങനെയാണ്,

“അയ്യോ ഞാൻ അങ്ങിനെ നിയമവശം ഒന്നും നോക്കിയല്ല സിനിമ എടുത്തത്”. നിയമവശം ഒന്നും നോക്കുന്നില്ലെങ്കിൽ പിന്നെ, എന്തിനാണ് കോടതിയും ജാമ്യവും ഒക്കെ എന്ന് ചോദിച്ചപ്പോൾ ബാ ബാ ബാ എന്നാണ് പിന്നെ കിട്ടിയ ഉത്തരം.

ഒരു പതിറ്റാണ്ട് ഭരണകൂട ഭീകരത നേരിട്ട ഇരകളെ ഇന്ത്യയുടെ പരമോന്നത നീതിപീഠം പോലും പൂർണ്ണ നിരപരാധികൾ എന്ന് വിധിച്ചിട്ടും അവരെ വീണ്ടും ഭീകരരാക്കിയ സിനിമക്ക് എതിരെ ഒരൊറ്റ ലീഗ് ബുദ്ധി ജീവികളും വാൾ എടുത്തിട്ടില്ല. അതുമല്ല കെ എം ഷാജി അടക്കമുള്ള ലീഗ് നേതാക്കൾ ഇന്നും ക്ളബ് ഹൗസിൽ ഇരുന്ന് പച്ചക്ക് പറയുന്ന നുണകളാണ് അമൽ നീരദ് സിനിമയാക്കിയത്. മുസ്‌ലിം ലീഗിന് എതിരെ എന്തെങ്കിലും വരുന്ന നേരം ഉണരുന്ന ആ സമുദായ സ്നേഹം ഉണ്ടല്ലോ അത് വല്ലാത്ത ഒരിത് തന്നെയാണ് !
_ നാസർ മാലിക്

Follow | Facebook | Instagram Telegram | Twitter