നിങ്ങളുടെ ഞെട്ടലിൽ വിശ്വാസമില്ല യുവറോണർ

ജയിലിൽ അദ്ദേഹത്തെ കാണാൻ പോയ ഒരു സുഹൃത്ത് പറഞ്ഞത് ജയിൽ ജീവനക്കാർ അദ്ദേഹത്തെ ഒരു ലഗേജ് കൈകാര്യം ചെയ്യുന്നത് പോലെ എടുത്തെറിയുകയാണ് എന്നാണ്. നരകം പോലും അദ്ദേഹത്തിന് ഈ തടവറവാസത്തേക്കാൾ ആശ്വാസമായിരിക്കും…
_ ജെയ്‌സൺ സി കൂപ്പർ

ഒന്ന് തിരിഞ്ഞു കിടക്കാൻ പരസഹായം ആവശ്യമുള്ള, 90 ശതമാനം അംഗപരിമിതനായ ഈ മനുഷ്യനെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി മുദ്ര കുത്തി ശിക്ഷ വിധിച്ചത് ഇപ്പോൾ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഇന്ത്യൻ നീതിന്യായ സംവിധാനം തന്നെയാണ്. അതുകൊണ്ട് നിങ്ങളുടെ ഞെട്ടലിൽ വിശ്വാസമില്ല യുവറോണർ…

ഡൽഹിയിരുന്നുകൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ശബ്ദമുയർത്തിയതും മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഭരണകൂടം നടത്തുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തതുമാണ് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ ജി എൻ സായിബാബ ഭരണകൂടത്തിന്റെ കണ്ണിലെ കരടാകാൻ കാരണം. 2014 മെയ് മാസത്തിലാണ് സായിബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നത്. ചക്രകസേരയിൽ ഇരുന്ന് മാത്രം ചലിക്കാൻ കഴിയുന്ന, 90 ശതമാനം അംഗപരിമിതനായ ഈ മനുഷ്യൻ മഹാരാഷ്ട്രയിലെ വിദൂര ഗ്രാമമായ ഗഡ്ചിറോളിയിൽ നടന്ന ഏതോ ഒരു മാവോയിസ്റ്റ് ആക്രമണം ആസൂത്രണം ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട കുറ്റം.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച യെർവാദ ജയിലിലെ മൂത്രം മണക്കുന്ന അണ്ഡാ സെല്ലിൽ തടവിലാക്കപ്പെട്ട ഈ മനുഷ്യന് ഇടയ്ക്ക് ഏതാനും ആഴ്ചകൾ മാത്രം ജാമ്യം അനുവദിച്ചെങ്കിലും 2017ൽ, ഇപ്പോൾ ഞെട്ടിയ നീതിന്യായ കോടതികൾ തന്നെ കുറ്റക്കാരനായി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വീണ്ടും അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

ഈ ചിത്രത്തിൽ കാണുന്നത് അരുന്ധതി റോയ് അദ്ദേഹത്തെ കുറിച്ച് ഔട്ട്‌ലുക്ക് മാസികയിൽ എഴുതിയ ലേഖനത്തിന്റെ കവർ ആണ്. ഈ ലേഖനം എഴുതിയതിന്റെ പേരിൽ അരുന്ധതി റോയ്ക്ക് കോടതിയലക്ഷ്യ കേസ് നേരിടേണ്ടി വന്നു എന്നത് തന്നെ കോടതികളുടെ നീതി ബോധത്തെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്ന സംഭവമായിരുന്നു. നോം ചോംസ്കി ഉൾപ്പെടെ സമകാലിക ലോകത്തെ ഏറ്റവും പ്രമുഖരായ ബുദ്ധിജീവികളും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗവും യൂറോപ്യൻ യൂണിയനും എല്ലാം ആവശ്യപ്പെട്ടിട്ടും ഈ മനുഷ്യനെ ഇന്ത്യൻ ഭരണകൂടം മോചിപ്പിച്ചില്ല. വൃദ്ധയായ അമ്മ മരിച്ചപ്പോൾ പോലും ഒന്ന് അവസാനമായി കാണാൻ ഈ മനുഷ്യന് അനുമതി നൽകിയില്ല ഈ രാജ്യത്തെ നീതിപീഠം. ഇതിനിടയിൽ കോവിഡ് ബാധിച്ചു, ഗുരുതരമായ മറ്റ് രോഗപീഡകൾ മൂർച്ഛിച്ചു. പക്ഷെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യത്തിന് ഈ മനുഷ്യൻ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ജയിലിൽ അദ്ദേഹത്തെ കാണാൻ പോയ ഒരു സുഹൃത്ത് പറഞ്ഞത് ജയിൽ ജീവനക്കാർ അദ്ദേഹത്തെ ഒരു ലഗേജ് കൈകാര്യം ചെയ്യുന്നത് പോലെ എടുത്തെറിയുകയാണ് എന്നാണ്. നരകം പോലും അദ്ദേഹത്തിന് ഈ തടവറവാസത്തേക്കാൾ ആശ്വാസമായിരിക്കും.

ഇതാണ് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഇന്ത്യൻ ജനാധിപത്യവും അതിന്റെ നീതിന്യായ വ്യവസ്ഥയും… സ്റ്റാൻ സ്വാമിമാരും സായിബാബമാരും തങ്ങൾക്ക് ഭീഷണിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഈ മനുഷ്യരോട് ബഹുമാനം തന്നെയാണ് യുവറോണർ. നിങ്ങളുടെ ഈ ഞെട്ടലിൽ ഞങ്ങൾക്ക് വിശ്വാസമില്ല യുവറോണർ…

Follow us on | Facebook | Instagram Telegram | Twitter