ലോകം മരണത്തിനെതിരെ പോരാടുമ്പോള്‍ കൊറോണ ആഘോഷമാക്കി തീവ്ര വലതുപക്ഷം

അമേരിക്കയില്‍ വെളുത്ത മേധാവിത്വം (White Supremacy) ലക്ഷ്യമിടുന്നത് കറുത്തവർ, ഹിസ്പാനിക്, മുസ്‌ലിങ്ങള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരെ…


_ ഹാറൂണ്‍ കാവനൂര്‍

അമേരിക്കൻ ചരിത്രത്തിൽ സെമിറ്റിക്ക് വിരുദ്ധതയുടെ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗിൽ 2018 ഒക്ടോബറില്‍ നടന്ന വെടിവെപ്പ്. റോബര്‍ട്ട് ഗ്രിഗറി ബോവെഴ്സ് എന്ന തീവ്ര വെള്ള ദേശീയവാദി ആയിരുന്നു ആക്രമത്തിന് പിന്നില്‍. 2019 മാർച്ചിൽ ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചില്‍ മുസ്ലിം പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത് വെള്ള അധീശത്വവാദികൾ ആയിരുന്നു. ഏപ്രിലിൽ കാലിഫോർണിയയിലെ പോവെ സിനഗോഗിന് നേരെ ഒരു ആക്രമണവും നടന്നിരുന്നു. 2019 ഓഗസ്റ്റിൽ എൽ പാസോ വാൾമാർട്ടിൽ ഹിസ്പാനിക്ക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പും വെള്ള വംശീയ -അതി ദേശീയവാദ- തീവ്രവലതു പക്ഷത്തിന്‍റെ പങ്ക് പുറത്തുകൊണ്ടുവന്നു.

2019ലെ ആഭ്യന്തര ഭീകരവാദ അറസ്റ്റുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്ത എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ അമേരിക്കൻ മാധ്യമങ്ങളോട് പറയുകയുണ്ടായി, “ഞങ്ങൾ അന്വേഷിച്ച ആഭ്യന്തര ഭീകരവാദ കേസുകളിൽ ഭൂരിഭാഗത്തെയും പ്രേരിപ്പിച്ചത്, അക്രമാണോത്സുക വെളുത്ത മേധാവിത്വ (White Supremacy) ബോധമായിരുന്നു” . ന്യൂസീലൻഡ് മസ്ജിദ് ഷൂട്ടർ മുതൽ പോവെ സിനഗോഗ് ആക്രമണകാരി വരെ ഈ കൊലയാളികളിൽ പലരും പുതിയതും കൂടുതൽ സമൂലവുമായ വെളുത്ത മേധാവിത്വ ​​പ്രത്യയശാസ്ത്രവുമായും വളരെയധികം  ബന്ധപ്പെട്ടിരിന്നു. കറുത്തവർ, ഹിസ്പാനിക്, മുസ്‌ലിങ്ങള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

രാഷ്ട്രീയ അരാജകത്വം  സൃഷ്ടിച്ചുകൊണ്ട് വെളുത്ത മേധാവിത്വകാര്‍ക്ക്  ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ‘അന്യരുടെ ‘ മരണത്തിലൂടെ നാഗരികത ത്വരിതപ്പെടുത്തുക എന്നുള്ളതായിരുന്നു. ന്യൂസീലൻഡ് കൊലയാളിയിലും മറ്റു മാസ് ഷൂട്ടർമാരിലും തീവ്ര മുതലാളിത്വ(Accelerationists) ആശയങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവ വെളുത്ത മേധാവിത്വ ​​വെബ് ഫോറങ്ങളിലും ചാറ്റ് റൂമുകളിലും നിരന്തരം പരാമർശിക്കപ്പെട്ടിരുന്നു.

കൊറോണ വ്യാപനം ആഘോഷിക്കുന്നവരുടെ ലീക്കായ ടെലിഗ്രാം ചാറ്റുകള്‍

കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം ലോകമൊട്ടാകെ 7 ലക്ഷത്തിലേറെ പേരെ ബാധിക്കുകയും 33,000ത്തിലധികം ജനങ്ങളുടെ ജീവന്‍ കവരുകയും ചെയ്തു. സമീപകാലത്തൊന്നും ലോകം അഭിമുഖീകരിക്കാത്ത സാമൂഹ്യ- സാമ്പത്തിക -രാഷ്ട്രീയ പ്രതിസന്ധിക്ക് കോവിഡ്-19 കാരണമായി. എന്നാല്‍ ലോകത്തെ പിടിച്ചുലച്ച വൈറസ് വ്യാപനം നവ നാസികള്‍ ഉള്‍പ്പെടുന്ന തീവ്രവലതുപക്ഷ വംശീയവാദികള്‍ സ്വാഗതാർഹമായാണ് കാണുന്നതെന്ന് വെളിപ്പെടുത്തുന്ന ടെലിഗ്രാം മെസേജുകള്‍ ലീക്കായിരിക്കുകയാണ്.

പരസ്യമായി അക്രമാസക്തമായ ഉള്ളടക്കം അനുവദിച്ചതിന് ടെലിഗ്രാം വളരെയധികം വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്, ഇവിടെ COVID-19ന്റെ ഏറ്റവും തീവ്ര വലതുപക്ഷ ആരാധകരെ കണ്ടെത്താൻ കഴിയും. ഇത് സംബന്ധിച്ചു അല്‍ ജസീറ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഖായേൽ കൊൽബൻ ഇങ്ങനെ എഴുതി,

“ആക്സിലറേഷനിസ്റ്റുകളും നാഗരിക ബഹുസ്വരത തകരനാഗ്രഹിക്കുന്ന അക്രമാസക്തരായ നവ നാസികളും COVID-19 അവരുടെ രഹസ്യ ആയുധമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.”

മിഖായേലിന്‍റെ ലേഖനത്തില്‍ അമേരിക്കൻ യൂണിവേഴ്‌സിറ്റി സോഷ്യോളജിസ്റ്റും തീവ്ര വലതുപക്ഷ വിദഗ്ധയുമായ സിന്തിയ മില്ലർ പറയുന്നു. “തീവ്ര വലതുപക്ഷത്തിന്റെ ചൂഷണത്തിന് സാഹചര്യം പാകമായിരിക്കുന്നു. പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന അനിശ്ചിതത്വം, മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചോ അല്ലെങ്കിൽ വലതുപക്ഷം വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങളെക്കുറിച്ചോ ഉള്ള അവകാശവാദങ്ങൾക്ക് ഫലഭൂയിഷ്ഠമായ അടിത്തറ സൃഷ്ടിക്കുന്നു. ”

വടക്കൻ യൂറോപ്പ് ആസ്ഥാനമായുള്ള ഒരു നവ-നാസി പ്രസ്ഥാനമായ നോർഡിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ (എൻ‌.ആർ‌.എം) നേതാവ്, അയാളുടെ സംഘം കാണാൻ ആഗ്രഹിക്കുന്ന ലോകത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ നടപടിയായി കൊറോണ വ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

എൻ‌.ആർ‌.എമ്മിന്റെ സ്വീഡിഷ് ബ്രാഞ്ചിന്റെ നേതാവ് സൈമൺ ലിൻഡ്ബർഗ് സംഘടനയുടെ വെബ്‌സൈറ്റിൽ ഇങ്ങനെ എഴുതി, “ഇന്നത്തെ അഴുകിയ അടിത്തറയിൽ ഭാവിയിൽ ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമ്മൾക്ക് കഴിയില്ല,” പകരം അവരുടെ സൃഷ്ടിയുടെ അവശിഷ്ടങ്ങൾക്കനുസൃതമായി നാം അത് കെട്ടിപ്പടുക്കണം.”

ഒരു നവ-നാസി “കൾട്ട്” എന്ന് വിശേഷിപ്പിക്കപ്പെട്ട എൻ‌.ആർ‌.എമിന്‍റെ ഫിന്നിഷ് കോടതി താൽക്കാലികമായി നിരോധിച്ചിരുന്നു. 2019 ഓഗസ്റ്റിൽ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ. പങ്കുള്ള 22കാരന്‍ എൻ.ആർ.എമ്മുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നോർവീജിയൻ പോലീസ് പറയുന്നു. മറ്റ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ആകട്ടെ കൊറോണയെ അവരുടെ വംശീയ പ്രചരണത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമായി കാണുന്നു.

ജർമ്മനിയിലെ നവ-നാസി ഗ്രൂപ് ഡൈ റെക്റ്റെ -Die Rechte (ദി റൈറ്റ്)” അംഗങ്ങൾ അവകാശപ്പെട്ടത് ജർമ്മൻ അതിർത്തികൾ ആഴ്ചകൾക്കുമുമ്പ് എല്ലാ “യൂറോപ്പുകാര്‍ അല്ലാത്തവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കണമെന്നാണ്. മറ്റൊരു ജർമ്മൻ നവ നാസി ഗ്രൂപ് “ഡെർ ഡ്രിറ്റ് വെഗ്- Der Dritte Weg (ദി തേർഡ് വേ)”, അഭയാര്‍ത്ഥികളുടെയും മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുടിയേറ്റക്കാരുടെയും “ഒഴുക്കിൽ നിന്നും ” വ്യതിചലിപ്പിക്കുന്നതിനായി ജർമൻ നേതാക്കൾ “വഴിതിരിച്ചുവിടൽ തന്ത്രമായി” വൈറസ് ഉപയോഗപ്പെടുത്തുന്നുവെന്ന് പറയുന്നു. ഉക്രെയ്നിലെ തീവ്ര വലതുപക്ഷ അസോവ്(Azov) പ്രസ്ഥാനത്തിലെ ഒരു മെമ്പർ, COVID-19ന്റെ വ്യാപനം “പൊതുവെ വെള്ളക്കാരുടെ തെറ്റല്ല” എന്ന് അവകാശപ്പെടുകയും ഇറ്റലിയിലെ വംശീയ ന്യൂനപക്ഷങ്ങളെ മാത്രം കുറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഇതരത്തിലുള്ള ടെലിഗ്രാം ഗ്രൂപ്പുകളെ കുറിച്ചു, അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ നിരീക്ഷിക്കുന്ന യു.എസ് ആസ്ഥാനമായുള്ള കൗണ്ടർ എക്സ്ട്രിസം പ്രൊജക്റ്റ് ഗവേഷകന്‍ ജോഷ്വ ഫിഷർ ബിർച്ച് പറയുന്നു, “നവ-നാസി ആക്സിലറേഷനിസ്റ്റ് ടെലിഗ്രാം ചാനലുകൾ കോവിഡ്-19 മായി ബന്ധപ്പെട്ട അസ്ഥിരീകരണത്തിനും അക്രമത്തിനും വേണ്ടിയുള്ള അവരുടെ കോളുകൾ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഈ ചാനലുകൾ പിരിമുറുക്കം വർദ്ധിപ്പിക്കാനും അക്രമത്തിന് വേണ്ടി വാദിക്കാനും ഉള്ള അവസരമായി നിലവിലെ സാഹചര്യത്തെ പരിഗണിക്കുന്നു. ഇവയുടെ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഓൺ‌ലൈനില്‍ ആർക്കും ലഭ്യമാണ്, ഒരു ടെലിഗ്രാം അക്കൌണ്ട് ഇല്ലാത്തവർക്ക് പോലും”.

ജനപ്രിയമായ ഒരു നവ-നാസി ചാനൽ സിനഗോഗുകളിലെ ഡോർക്നോബുകളിൽ ചുമക്കാൻ അവരുടെ അംഗങ്ങളോട് അഭ്യർത്ഥിച്ചു.  COVID-19 ബാധിച്ച അനുയായികളോട് പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തിലേക്ക് തുപ്പാൻ പ്രേരിപ്പിച്ചു. യു‌ എസിലെ ന്യൂജേഴ്‌സിയിൽ ഒരു പലചരക്ക് കടയിലെ ജീവനക്കാരനുമേല്‍ ചുമച്ചതിനു അറസ്റ്റുചെയ്ത COVID-19 ഉണ്ടെന്ന് അവകാശപ്പെട്ട ഒരാളെ ചാനൽ പ്രശംസിക്കുകയുണ്ടായി. “വിശുദ്ധനായി ഉയർത്തപ്പെട്ടു,” എന്നാണ് ഈ സംഭവത്തെ കുറിച്ചു ചാനലില്‍ എഴുതിയ ഒരു കമന്‍റ്. പിന്നീട് അത് ഡിലീറ്റ് ചെയ്തു. നവ-നാസി ടെലിഗ്രാം ചാനലുകളിൽ അക്രമം നടത്തുന്നവരെ പ്രശംസിക്കാനാണ് “വിശുദ്ധൻ” എന്ന പദം ഉപയോഗിക്കുന്നത്.

ചാനലുകളിലെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗവും നർമ്മവും ട്രോളും ആണ് പങ്കിടുന്നത് എങ്കിലും പക്ഷേ അത് ടാർഗെറ്റ് ചെയ്യപ്പെടുന്ന പ്രേക്ഷകരിലെ ഒരു അംഗം അക്രമപ്രവർത്തനം നടത്താന്‍ തീരുമാനിച്ചേക്കാം എന്നു ജോഷ്വ ഫിഷർ ബിർച്ച് പറയുന്നു.

നവ നാസി ഗ്രൂപ് ഫ്യൂയർ‌ക്രീഗ് ഡിവിഷനിലെ (Feuerkrieg Division) അംഗങ്ങളിൽ ഒരാൾക്ക് വൈറസ് പിടിപെട്ടാൽ ജൂതന്മാരിലേക്കും  മറ്റുള്ളവരിലേക്കും  മനപൂർവ്വം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത ചാറ്റുകളും അടുത്തിടെ ചോര്‍ന്നിരുന്നു. യു‌.എസിലും യൂറോപ്പിലും സാന്നിധ്യമുള്ള ഒരു ചെറിയ നവ-നാസി ഗ്രൂപ്പാണ് ഫ്യൂയർ‌ക്രീഗ് ഡിവിഷൻ. അവരുടെ അംഗങ്ങൾ വംശീയാക്രമണം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് കൗമാരക്കാർ ഉൾപ്പെടെ ഗ്രൂപ്പിലെ നിരവധി അംഗങ്ങളെ കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ യു‌.എസിൽ മനപൂർവ്വം COVID-19 പ്രചരിപ്പിക്കുന്ന ആർക്കും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താം. എന്നു യു.എസ് നിയമ നിർവ്വഹണ ഏജൻസികൾക്ക് നൽകിയ മെമ്മോയിൽ, യു.എസ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ജെഫ്രി റോസൻ അറിയിച്ചിരുന്നു.

COVID-19 നെക്കുറിച്ചുള്ള ചില തീവ്ര വലതു ആക്സിലറേഷനിസ്റ്റുകളുടെ ലക്ഷ്യം ഇതിനകം തന്നെ  പുറത്തായിരുന്നു. യു.എസിലെ മിസോറിയിൽ എഫ്.ബി.ഐ ഏജന്റുമാരുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട
കുപ്രസിദ്ധ വലതുപക്ഷക്കാരന്‍ തിമോത്തി വിൽസൺ  COVID-19 ബാധിച്ച രോഗികളെ പരിചരിക്കുന്ന ആശുപത്രി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നന്നതായി അമേരിക്കൻ പൊലീസ് വൃത്തങ്ങൾ പറയുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നവ നാസി ടെലിഗ്രാം ചാനലിന്റെ അഡ്മിന്‍ ആയിരുന്നു വിൽസൺ. ചാനലിൽ COVID-19 പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള ആക്രമണങ്ങളും സെമിറ്റിക് വിരുദ്ധ ഗൂഡാലോചന സിദ്ധാന്തങ്ങളും വിൽസൺ പ്രചരിപ്പിച്ചിരുന്നു. തീവ്ര വലതുപക്ഷത്തിന്റെ വാചക കസർത്തിൽ നിന്ന് അപകടത്തിന്റെ തോത് കണക്കാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അത് ഇപ്പോഴും ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഫിഷർ ബിർച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിലെ തീവ്ര വലതു പക്ഷം

നവ നാസികളുടെ ചാറ്റുകള്‍ക്ക് സമാനമായാണ് ഇന്ത്യയില്‍ സംഘ് പരിവര്‍ വാട്സാപ് -ഫേസ്ബുക്ക് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. നവാനാസികളുടെ രഹസ്യ ചാറ്റുകളില്‍ നിന്നും വ്യത്യസ്തമായി സംഘ് പരിവാര്‍ ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും പരസ്യമായാണ് അക്രമത്തിന് പ്രേരിപ്പിക്കുന്ന ആഹ്വാനങ്ങള്‍ മുഴക്കുന്നത്. വംശീയവും ജാതീയവും അപര വെറുപ്പും കലര്‍ന്ന കൊലവിളികള്‍ ആണ് ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്നത്. മുസ്‌ലിങ്ങളെയും ദലിതരെയും പരസ്യമായി ആക്രമിച്ചു കൊല്ലുകയും കത്തിക്കുകയും അവ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ വലതുപക്ഷത്തിന്‍റെ തിയറിയും പ്രാക്ടീസും ഇപ്രകാരം ഏറെകുറെ പരസ്യമാണ്. അധികാരവും നിയമസംവിധാനങ്ങളും അവര്‍ക്ക് പിന്തുണ നല്‍കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ടെക്നോ-മുതലാളിത്ത തത്വചിന്ത എങ്ങനെയാണൊ വംശീയാക്രമണങ്ങളുടെ ന്യായീകരണമായി രൂപാന്തരപ്പെട്ടത്, സമാനമായാണ് കോവിഡ്-19 ലോക്ഡൗണില്‍ രാമായണം പുന സംപ്രേഷണത്തിലൂടെ ബി.ജെ.പി സര്‍ക്കാരും ലക്ഷ്യമിടുന്നത്. രാജ്യത്തെ ഹിന്ദുത്വ മൂവ്മെന്റിനും ബാബരി മസ്ജിദ് തകർക്കലിനും ആള്‍ക്കൂട്ടത്തെ മാനസികമായി പാകപ്പെടുത്തുന്നതില്‍ രാമായണം സീരിയലിന്‍റെ പങ്ക് നവ മാധ്യമങ്ങളില്‍ ചർച്ചാ വിഷയമാണ്.

ഫാസിസത്തിന്റെ -മുതലാളിത്വത്തിന്‍റെയും അപരര്‍ക്ക് ഇടമില്ലാത്ത നാഗരിക ലക്ഷ്യങ്ങളുള്ള നിയോ നാസി -ആക്സിലറേഷനിസ്റ്റുകൾക്കും ഇന്ത്യൻ ബ്രാഹ്മിണ് ഹിന്ദുത്വ ഫാസിസത്തിനും തിയറിയിലും പ്രാക്ടീസിലും സാമ്യം കാണാം. ഇന്ത്യയില്‍ ദലിത് -ആദിവാസി-മുസ്‌ലിം- ന്യൂനപക്ഷ വിഭാഗങ്ങളാണ് എക്കാലത്തും വംശീയ വിവേചനം അനുഭവിക്കുന്നവര്‍. പൗരത്വ വിരുദ്ധ നിയമങ്ങളും തുടര്‍ന്നു ഡല്‍ഹിയില്‍ ആസൂത്രിതമായി നടത്തിയ മുസ്‌ലിം വംശഹത്യയുമാണ് വംശീയ വിവേചനത്തിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങള്‍. കോവിഡ്-19 ബാധയോടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നും വരുന്നവര്‍ ഇന്ത്യന്‍ നഗരങ്ങളില്‍ അനുഭവിക്കുന്ന വംശീയാക്രമണങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മര്‍ദ്ദിത വിഭാഗങ്ങളിലെ തൊഴിലാളികളോടും ചേരി നിവാസികളോടും ബ്രാഹ്മണികൽ ആധിപത്യമുള്ള ഭരണകൂട സംവിധാനങ്ങളുടെ ‘മനപ്പൂർവമുള്ള അലംഭാവവും’ ഇതോടൊപ്പം നിരീക്ഷിക്കാവുന്നതാണ്.

കടപ്പാട്_ മിഖായേൽ കൊൽബൻ, അല്‍ ജസീറ, ക്രിസ് മെൽബൺ

Click Here