കർഷക സമരവും കശ്മീരും കോൺഗ്രസിന് ആഭ്യന്തര കാര്യം

പോപ് ഗായിക റിഹാന, മിയ ഖലീഫ, ഗ്രേറ്റ തുൻബർഗ്, ജോൺ കുസാക് തുടങ്ങിയ പ്രശസ്തരടക്കമുള്ള അന്താരാഷ്ട്ര സമൂഹം സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ചതിനെതിരെ ഭരണകൂടത്തെ അനുകൂലിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യൻ സെലിബ്രിറ്റികളും കർഷക പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്. “‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കു മുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്…” എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇവരിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിയമങ്ങൾ പിൻവലിക്കണമെന്ന് പറഞ്ഞ് കർഷക സമരത്തെ പിന്തുണക്കുന്നുണ്ട്. അതേസമയം, കർഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയും പറഞ്ഞത്. അന്താരാഷ്ട്ര സമൂഹം കർഷക സമരത്തെ പിന്തുണക്കുന്നതിനെ കുറിച്ച് പത്രസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴാണ് അതിൽ താൽപര്യമില്ലെന്നും അതേക്കുറിച്ച് അഭിപ്രായമില്ലെന്നും ഇത് ആഭ്യന്തര കാര്യമാണെന്നും രാഹുൽ പ്രതികരിച്ചത്, “I have no interest in this. I have no opinion on this. This is our internal matter…”

2019ൽ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനെ തുടർന്ന് കശ്മീരിൽ അടിച്ചമർത്തൽ രൂക്ഷമായിരിക്കെ, പാക്കിസ്ഥാനും മറ്റു വിദേശ രാജ്യങ്ങളും അതിനെതിരെ രംഗത്തുവന്നപ്പോഴും രാഹുൽ ഗാന്ധി പ്രതികരിച്ചത് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ് എന്നായിരുന്നു. സർക്കാരിനോട് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അതിൽ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ലെന്നുമായിരുന്നു രാഹുൽ പ്രതികരിച്ചത്.

ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നിന്നും ലോകരാജ്യങ്ങളിലേക്ക് Black Lives Matter പ്രതിഷേധം പടർന്നിരുന്നു. അത് അമേരിക്കയുടെ ആഭ്യന്തരകാര്യമായത് കൊണ്ടല്ല അന്താരാഷ്ട്ര സമൂഹം പ്രക്ഷോഭവുമായി രംഗത്ത് വന്നത്. അമേരിക്കയിലെയും ലോകത്തെയും മർദ്ദിതരെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ്. കശ്മീരികൾ, പലസ്തീനികൾ, റോഹിംഗ്യകൾ, കുർദുകൾ, ഉയ്ഗറുകൾ, ഇന്ത്യയിൽ പൗരത്വം നഷ്ടപ്പെട്ട മുസ്‌ലിങ്ങൾ തുടങ്ങി ലോകത്ത് അടിച്ചമർത്തപ്പെടുന്ന ജനതക്കൊപ്പം അന്താരാഷ്ട്ര സമൂഹം നിലനിനിന്നിട്ടുള്ളത് ആഭ്യന്തര കാര്യമെന്ന മർദ്ദകരുടെയും അധിനിവേശ പിന്തിരിപ്പൻ ശക്തികളുടെയും നിലപാടിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു.

നരേന്ദ്ര മോദിയും ബിജെപി സർക്കാരും എങ്ങനെ അദാനിയെയും അംബാനിയെയും കുത്തകകളെയും സേവിക്കുന്നോ അതുപോലെ, വിഭവക്കൊള്ള ചെയ്യുന്ന സ്വദേശ-വിദേശ കുത്തകകളെ സേവിക്കുന്നതിൻ്റെ ഭാഗമായി മധ്യേന്ത്യയിൽ ആദിവാസികളെയും മാവോയിസ്റ്റുകളെയും കൂട്ടക്കൊല ചെയ്ത കോൺഗ്രസ് ഭരണാധികാരികൾ, മാവോയിസ്റ്റ് മേഖല സന്ദർശിച്ചു Red Star Over India എന്ന പുസ്തകമെഴുതിയ വിഖ്യാത സ്വീഡിഷ് എഴുത്തുകാരൻ യാൻ മിർദാലിനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു, അന്താരാഷ്ട്ര സമൂഹത്തെ വിലക്കിയ ആ ഹിന്ദുത്വ – കോർപ്പറേറ്റ് സ്കൂളിൽ നിന്നാണ് രാഹുൽ ഗാന്ധിയും വരുന്നത്.

കർഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന നിലപാടുള്ളവരെ വിമർശിച്ച് ബോളിവുഡ് നടി തപ്‌സി പന്നു ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, “മറ്റുള്ളവർ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗണ്ട ടീച്ചറാകരുത്…”

ഓരോ രാജ്യത്തും അധിനിവേശ മേഖലകളിലും നടക്കുന്ന അടിച്ചമർത്തലിനെതിരെ അത് അവരുടെ ആഭ്യന്തരകാര്യമാണെന്ന് ഭരണപക്ഷ-പ്രതിപക്ഷ നിലപാട് അങ്ങേയറ്റം സങ്കുചിതവും അപകടകരവുമാണ്. അന്താരാഷ്ട്ര സമൂഹം അറിയുകയും ഇടപെടുന്നതോടെയും മർദ്ദിതരുടെ ചെറുത്ത് നിൽപ്പിന് പിന്തുണ വർദ്ധിക്കുന്നത് ഭരണവർഗങ്ങളെ അലോസരപ്പെടുത്തുന്നു. അവർ കൃത്രിമമായി സൃഷ്ടിച്ചുവെച്ചിരിക്കുന്ന പ്രതിച്ഛായകൾക്ക് കോട്ടം തട്ടുന്നു, തുറന്നുകാട്ടപ്പെടുന്നു.
_ പ്രശാന്ത് സുബ്രഹ്മണ്യൻ

Like This Page Click Here

Telegram
Twitter