പലസ്തീൻ ഒളിപ്പോരാളി ഫുസാക്കോ ഷിഗെനോബു

ലോകത്തെ വലത് മർദ്ദക ഭരണകൂടങ്ങളെ വിറപ്പിച്ച സായുധ വിപ്ലവ സംഘടനായ ജപ്പാനീസ് റെഡ് ആർമി സ്ഥാപക ഫുസാക്കോ ഷിഗെനോബു 20 വർഷത്തിനുശേഷം ജയിൽ മോചിതയായിരിക്കുന്നു. യുദ്ധാനന്തര ജപ്പാനിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച ഷിഗെനോബു അവൾക്ക് 20 വയസ്സുള്ളപ്പോൾ ടോക്കിയോ സർവകലാശാലയിൽ ഒരു കുത്തിയിരിപ്പ് സമരത്തിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി വിപ്ലവ രാഷ്ട്രീയത്തിലേക്ക് എത്തിയ ഷിഗെനോബു 25 വയസ്സുള്ളപ്പോൾ ജപ്പാൻ വിടാൻ തീരുമാനിക്കുകയും ചെയ്തു. ജപ്പാനിലും ആഗോളതലത്തിലും യു.എസ് സാമ്രാജ്യത്വത്തിനെതിരായ സംഘടിത ശ്രമങ്ങൾക്ക് ഷിഗെനോബു നേതൃത്വം നൽകി.

പലസ്തീൻ ജനതയുടെയും സ്വാതന്ത്ര്യപോരാട്ടത്തിന്റെയും ആജീവനാന്ത സഖാവാണ് ഷിഗെനോബു. ഏകദേശം 30 വർഷത്തോളം മിഡിൽ ഈസ്റ്റിൽ ഒളിപ്പോരാളിയായി ഷിഗെനോബു രാഷ്ട്രീയപ്രവർത്തനം നടത്തി. ലെബനനിലെ പലസ്തീൻ വിമോചന ഗറില്ല സംഘത്തോടപ്പം ചേർന്നു പ്രവർത്തിച്ച ഷിഗെനോബു, പലസ്തീൻ പോരാട്ടത്തെ പിന്തുണച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സായുധാക്രമണങ്ങൾ നടത്തി.

1974ൽ നെതർലൻഡ്‌സിലെ ഫ്രഞ്ച് എംബസി ഉപരോധിച്ച കേസിലായിരുന്നു ഷിഗെനോബുവിനെ 20 വർഷം ജയിലിലടച്ചത്. റെഡ് ആർമി പോരാളികൾ അംബാസഡറെയും 10 ജീവനക്കാരെയും 100 മണിക്കൂർ ബന്ദികളാക്കി. ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഉപരോധം അവസാനിപ്പിക്കുന്നതിനായി ജയിലിലായിരുന്ന ഒരു റെഡ് ആർമി പോരാളിയെ ഫ്രാൻസിന് മോചിപ്പിക്കേണ്ടി വന്നു. പകരം അംബാസഡറെയും 10 ജീവനക്കാരെയും മുക്തരാക്കി. ലക്‌ഷ്യം നേടിയ റെഡ് ആർമി പോരാളികൾ വിമാനത്തിൽ സിറിയയിലേക്ക് പറന്നതോടെയാണ് ഉപരോധം അവസാനിച്ചത്. ഷിഗെനോബു ഈ ദൗത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രവർത്തനം ഏകോപിപ്പിച്ചത് അവർ ആയിരുന്നുവെന്നു ജാപ്പനീസ് കോടതി നിരീക്ഷിക്കുകയും 20 വർഷത്തെ തടവ് വിധിക്കുകയും ചെയ്തു.

1975ൽ ക്വാലാലംപൂരിലെ എംബസിയിൽ 50 ലധികം പേരെ ബന്ദികളാക്കിയാണ് രാഷ്ട്രീയസ്വാധീനം ലോകത്തെ അറിയിച്ചത്. 1977 സെപ്തംബറിൽ ജയിലിലായിരുന്ന 6 റെഡ് ആർമി പോരാളികളെ മോചിപ്പിക്കാൻ, ജപ്പാൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയി ബംഗ്ലാദേശിലെ ധാക്കയിലാണ് ഇറക്കിയത്. ജാപ്പനീസ് സർക്കാർ ആറ് തടവുകാരെ വിട്ടയക്കുകയും $6 മില്യൺ മോചനദ്രവ്യം നൽകുകയും ചെയ്തു. 1988ൽ ഇറ്റലിയിലെ യു.എസ് മിലിട്ടറി ക്ലബിൽ കാർ ബോംബ് സ്‌ഫോടനം നടത്തിയതാണ് റെഡ് ആർമിയുടെ അവസാനത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.

2000ൽ ജപ്പാനിലേക്ക് രഹസ്യമായി സഞ്ചരിച്ച ഷിഗെനോബു അധികൃതരിൽ നിന്നും സ്വയം മറയ്ക്കാനായി ആൺവേഷത്തിൽ ഒരു ഹോട്ടലിൽ കഴിയുകയും എന്നാൽ ഒസാക്കയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാഷ്ട്രീയ തടവുകാരിയായി ജയിലിൽ കഴിയവേ ഷിഗെനോബുവിന് വൻകുടലിൽ കാൻസർ ബാധിച്ചു. നിരവധി ഓപ്പറേഷനുകൾക്ക് വിധേയയായി. ഇച്ഛാശക്തിയോടെ പോരാടി രോഗത്തെ അതിജീവിച്ചു. ജയിലിൽ വെച്ച് കത്തിടപാടുകളിലൂടെ, അടിയറവ് വെക്കാത്ത രാഷ്ട്രീയ ആർജ്ജവത്തോടെ സമൂഹത്തോടും അനുഭാവികളോടും കുടുംബത്തോടും ഒപ്പം നിന്നു. പലസ്തീന്റെ വിമോചന സമരത്തോടുള്ള അവരുടെ അസാധാരണമായ സമർപ്പണത്തിനും ജനങ്ങളുമായുള്ള സൗഹൃദത്തിനും ഷിഗെനോബുവിനെ പലസ്തീൻ ജനത അഭിവാദ്യം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുകയുമാണ് ഇന്ന്.

വിപ്ലവ പ്രവർത്തനത്തിന്റെ പേരിൽ ഷിഗെനോബു അറസ്റ്റിലായപ്പോൾ, കണ്ടുനിന്ന ജനക്കൂട്ടത്തോട് അവൾ പറഞ്ഞു, “ഞാൻ പോരാടും!” വിചാരണ നേരിട്ടപ്പോഴും, സാമ്രാജ്യത്വ വിരുദ്ധതയോടും പലസ്തീൻ വിമോചന സമരത്തോടുമുള്ള തത്വപരമായ പ്രതിബദ്ധതയിൽ നിന്നും അവൾ ഒരിക്കലും കുലുങ്ങിയില്ല.  അഞ്ച് വർഷം മുമ്പ് ജാപ്പനീസ് റെഡ് ആർമിയെ പിരിച്ചുവിട്ടിരുന്നു. വിചാരണ കാത്തിരിക്കുമ്പോൾ, നിയമത്തിനുള്ളിൽ പുതിയ പോരാട്ടങ്ങൾ തുടരുമെന്നായിരുന്നു ഷിഗെനോബു പറഞ്ഞത്.

ടോക്കിയോയിലെ ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ 76 കാരിയായ ഷിഗെനോബു മാധ്യമപ്രവർത്തകരോട് പറഞ്ഞു, “എന്റെ അറസ്റ്റ് നിരവധി ആളുകൾക്ക് ഉണ്ടാക്കിയ അസൗകര്യത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു, ബന്ദികളാക്കൽ പോലുള്ള ഞങ്ങളുടെ യുദ്ധത്തിൽ അപരിചിതരായ നിരപരാധികൾക്ക് നഷ്ടമുണ്ടായതിൽ ഖേദിക്കുന്നു. എന്റെ ഭൂതകാലത്തെ കുറിച്ച് ചിന്തിക്കുന്നത് തുടരാനും ജിജ്ഞാസയോടെ കൂടുതൽ കൂടുതൽ ജീവിക്കാനും ഞാൻ ആഗ്രഹിക്കുന്നു”

ഷിഗെനോബുവിന്റെയും അവരുടെ പ്രിയപ്പെട്ടവരുടെയും മഹത്തായ ഈ ദിനങ്ങളിൽ ലോകത്തെവിടെയിരുന്നും പലസ്തീന്റെ പോരാട്ടങ്ങളെ ഒന്നിപ്പിക്കാനും അടിച്ചമർത്തലുകളെ പരാജയപ്പെടുത്താനുമുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ശക്തിയുടെയും ഉജ്ജ്വലമായ ഉദാഹരണമായി ഫുസാക്കോ ഷിഗെനോബുവിന്റെ പോരാട്ടങ്ങളെ ഉയർത്തിപിടിക്കാം.
_ ഹാറൂൻ കവനൂർ

Follow | Facebook | Instagram Telegram | Twitter