കലാപത്തിന് മുൻപെ ഗോത്ര ജനതയെ നിരായുധരാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്: മണിപ്പൂര്‍ കലാപത്തിലെ ഭരണകൂട കൈകള്‍
കെ സഹദേവന്‍
മണിപ്പൂരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കലാപം ആരംഭിക്കുന്നതിന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2023 ഫെബ്രുവരി 14ാം തീയ്യതി, ചൂരാചാന്ദ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ നിന്നും ഒരു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയുണ്ടായി. (Order No. 4/93/2020-DC/CCP on 14 th February 2023,) ചൂരാചാന്ദ്പൂര്‍ ജില്ലയില്‍ താമസിക്കുന്ന ജനങ്ങള്‍ അവരുടെ ലൈസന്‍സുള്ള ആയുധങ്ങള്‍ മാര്‍ച്ച് 1നകം പോലീസില്‍ ഏല്‍പ്പിക്കുന്നതിനുള്ള ഉത്തരവായിരുന്നു ഈ നോട്ടിഫിക്കേഷനില്‍. മണിപ്പൂരിലെ ചൂരാചാന്ദ്പൂര്‍ ജില്ല ചിന്‍-കുകി-മിസോ-സോമി ഗോത്രജനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശമാണ്. സമാനമായ രീതിയില്‍, ലൈസന്‍സുള്ള ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാനുള്ള ഉത്തരവ്, ഗോത്ര ജനതയ്ക്ക് മുന്‍തൂക്കമുള്ള വിവിധ ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.
ഗവണ്‍മെന്റിന്റെ അറിവോടും സമ്മതത്തോടും കൂടി ആദിവാസി ഗോത്ര വിഭാഗങ്ങളെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കുക എന്നതായിരുന്നു ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥര്‍ റെയ്ഡുകളും സര്‍വ്വേകളും നടത്തുകയും ഗോത്ര ജനത സാധാരണ നിലയ്ക്ക് കൈവശം സൂക്ഷിച്ചിരുന്ന പരമ്പരാഗത ആയുധങ്ങള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ആദിവാസി ഗ്രാമങ്ങളില്‍ ഫോറസ്റ്റ് അധികാരികള്‍ നടത്തുന്ന സര്‍വ്വേ സംബന്ധിച്ച്, ബിജെപിയുടെ തന്നെ എംഎല്‍എ ആയ പാവോലിയന്‍ ലാല്‍ ഹൗകിപ് 2023 ഏപ്രില്‍ 23ന് മണിപ്പൂര്‍ വനം വകുപ്പ് മന്ത്രിക്ക് എഴുതിയ കത്തില്‍, സര്‍വ്വേയുടെ ആധികാരികതയെ സംബന്ധിച്ചും, ഭരണഘടനാപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മണിപ്പൂര്‍ അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളില്‍ ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച വിഷയങ്ങള്‍ മലയോര സ്വയംഭരണാധികാര സമിതികള്‍ക്കാണെന്നിരിക്കെ, സംസ്ഥാന ഭരണകൂടം ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നത് പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഭരണകക്ഷികളില്‍ നിന്നുള്ള നിയമസഭാ സമാജികരടക്കം നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം സര്‍വ്വേകളും കുടിയൊഴിപ്പിക്കലും, ആയുധങ്ങള്‍ പിടിച്ചെടുക്കലും അടക്കമുള്ള പദ്ധതികള്‍ 2023 മാര്‍ച്ച് മാസത്തോടെ തകൃതിയായി നടക്കുകയായിരുന്നു.
സര്‍വ്വേകള്‍ നടത്തിയ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ വീടുകള്‍ പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു സമൂഹത്തിന് നേരെ വിവിധങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കുകയും (പോപ്പി കൃഷിക്കാര്‍, അനധികൃത കുടിയേറ്റക്കാര്‍ തുടങ്ങിയ അധിക്ഷേപകരമായ നിരവധി ആരോപണങ്ങളാണ് കുകി-സോമി വിഭാഗങ്ങള്‍ക്കെതിരെ ഭരണകൂടം തൊടുത്തുവിട്ടിരുന്നത്), ആ സമൂഹത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കുകയും, ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ റദ്ദാക്കിയും ഭരണകൂട ഒത്താശയോടെ കലാപങ്ങള്‍ അഴിച്ചുവിടുകയായിരുന്നു മണിപ്പൂരിൽ എന്നത് സംബന്ധിച്ച നിരവധി തെളിവുകള്‍ അനുദിനമെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ കലാപത്തിന് ബിജെപിയുടെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ചത് മറ്റാരുമല്ല, ബിജെപിയുടെ തന്നെ എംഎല്‍എ ആയ പാവോലിനല്‍ ഹൗകിപ് ആയിരുന്നു (Violence In Manipur ‘Tacitly Supported’ By BJP, Outlook, July 24, 2023).
കലാപങ്ങള്‍ ആരംഭിക്കുന്നതിന് എത്രയോ മുന്നെ തന്നെ ഗോത്ര വിഭാഗങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
മണിപ്പൂര്‍ പോലീസ് സേനയുടെ ആയുധപ്പുരയില്‍ നിന്ന് അമ്പതിനായിരത്തോളം ബുള്ളറ്റുകളും അയ്യായിരത്തോളം തോക്കുകളും കൊള്ളയടിക്കപ്പെട്ടുവെന്ന കാര്യമാണത് (മെയ് 29 2023). അധികാരികളുടെ സമ്മതത്തോടെയല്ലാതെ ഇത്രയും വലിയൊരു ആയുധശേഖരം കൊള്ളയടിക്കാന്‍ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.
മണിപ്പൂരില്‍ തീവ്രവാദ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ‘സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍’ കരാര്‍ കലാപത്തിന് തൊട്ട് മുന്നെ മണിപ്പൂര്‍ ഗവണ്‍മെന്റ് ഏകപക്ഷീയമായി നീക്കിയത് അടക്കമുള്ള ഓരോ സംഭവങ്ങളുടെ ഗതിവിഗതികളെ സൂക്ഷ്മായി നിരീക്ഷിച്ചാല്‍, കലാപത്തിന് പിന്നിലെ ഭരണകൂട കൈകള്‍ വ്യക്തമായി കാണാന്‍ കഴിയും.
ഈയടുത്ത ദിവസങ്ങളില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചവരില്‍ ഹര്‍ഷ് മന്ദറിനെപ്പോലുള്ളവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ഭയപ്പെടുത്തുന്നവയാണ്. മനുഷ്യരെന്ന് നമ്മെ വിശേഷിപ്പിക്കാന്‍ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരില്‍ നടന്നിരിക്കുന്നതെന്ന് ഹര്‍ഷ് മന്ദര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: The government will not beg for anything from the news channels and devotees who run the court, instead they will write big posts, rakan about what happened with Bangladeshi Muslims, Pakistan and China angle, what happened is right, we should read it and remain silent like eunichs… until our number comes in the line of cookies..”
(ഈ കുറിപ്പ് തയ്യാറാക്കുന്നതിന് സോമി സ്റ്റുഡന്റ് ഫെഡറേഷന്‍, കുകി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ ‘Inevitable Split: Documents on state-sponsored ethnic cleansing in Manipur, 2023’ എന്ന റിപ്പോര്‍ട്ട് സഹായകമായിട്ടുണ്ട്)
_ കെ സഹദേവൻ, Transition Studies
#മണിപ്പൂർ; കൂടുതൽ അറിയാൻ | ലേഖനങ്ങൾ
Follow us on | Facebook | Instagram | Telegram | Twitter | Threads