മുസ്‌ലിം വംശഹത്യയിൽ നിന്നും പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ്
ആപ്‌കോ വേള്‍ഡ്‌വൈഡ് – അദാനി – ഗുജറാത്ത് മോഡൽ
“ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73 ദശലക്ഷം ഡോളറില്‍ (2002) നിന്ന് 7.8 ബില്യണ്‍ ഡോളറിലേക്ക് (2014) കുതിച്ചുയര്‍ന്നു…”
ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും Part -2
കെ സഹദേവൻ
ഗുജറാത്ത് കലാപം ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും മോദിയുടെ ഇമേജിന് പരിക്കേല്‍പ്പിക്കുമെന്ന് ഉറപ്പായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മോദിക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ‘രാജധര്‍മ്മം’ പാലിച്ചില്ലെന്ന് അടല്‍ ബിഹാരി വാജ്‌പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികള്‍ മോദി നേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്തുവന്ന ഘട്ടത്തില്‍ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഗൗതം അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വര്‍ഗ്ഗീയ വിഭജനത്തിന്റെ രക്തക്കറകളില്‍ നിന്ന് പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് എന്ന വിശേഷണം ഒരുപക്ഷേ അദാനിക്ക് മാത്രമായിരിക്കും.
90കളുടെ ആദ്യത്തില്‍ സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസ് ഗുജറാത്തിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് സ്വന്തം ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച, കോളേജ് ഡ്രോപ്ഔട്ട് ആയ, ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന (Megha Bahree, Forbes) ഗൗതം അദാനിക്ക്, പക്ഷേ രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള (പ്രത്യേകിച്ചും സംഘ് പരിവാര്‍) കൂട്ട്‌കെട്ട് അനായാസമായിരുന്നു. കേശുഭായ് പട്ടേല്‍ മുതല്‍ ശങ്കര്‍സിംഗ് വഗേല വരെയുള്ളവരെ ആവശ്യത്തിനൊത്ത് കൂട്ടുപിടിച്ചും കയ്യൊഴിഞ്ഞും തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദാനിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73 ദശലക്ഷം ഡോളറില്‍ (2002) നിന്ന് 7.8 ബില്യണ്‍ ഡോളറിലേക്ക് (2014) കുതിച്ചുയര്‍ന്നു. അദാനി ബിസിനസിലെ ഏറ്റവും ശക്തമായ വളര്‍ച്ചയുടെ കാലം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി വന്ന ആദ്യത്തെ എട്ട് മാസക്കാലയളവായിരുന്നുവെന്നും ഈ കാലയളവില്‍ അദാനി സമ്പാദ്യത്തിന്റെ മൊത്തം മൂല്യം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചുവെന്നും ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു (Livemint, March,2, 2018).
ആപ്‌കോ വേള്‍ഡ്‌വൈഡ് എന്ന പിആര്‍ കമ്പനിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി നടത്തിയ ‘വൈബ്രന്റ് ഗുജറാത്ത്’ , ‘ഗുജറാത്ത് മോഡല്‍’ പ്രചരണ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് അദാനിയായിരുന്നുവെന്ന് പിന്നീട് കാണാവുന്നതാണ്. (APCO WORLDWIDE എന്ന അന്താരാഷ്ട്ര പിആര്‍ ഏജന്‍സിയെയും അവയുടെ തീവ്ര വലതുപക്ഷ ബന്ധങ്ങളെയും ഗുജറാത്തിലെ ഇടപെടലിനെയും കുറിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം മുന്നെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഞാന്‍ ഒരു ദീര്‍ഘലേഖനം തന്നെ എഴുതിയിരുന്നുവെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു).
മോദി മുന്നോട്ടുവെച്ച ‘ഗുജറാത്ത് മോഡല്‍’ പ്രധാനമായും പൊതു വിഭവങ്ങള്‍ തുച്ഛമായ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റൊഴിക്കുക, സംസ്ഥാനത്തിന്റെ പാരിസ്ഥിതിക നിയമങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി അട്ടിമറിക്കുക എന്നിവയായിരുന്നു. മേച്ചില്‍പ്പുറങ്ങള്‍ പോലുള്ള പൊതുഭൂമി സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തിയതും മോദിയുടെ ഗുജറാത്ത് മോഡലിലായിരുന്നു. ഈയൊരു ഭൂമിക്കൊള്ളയുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിച്ചത് അദാനി ഗ്രൂപ്പിനായിരുന്നു. ഗുജറാത്തിലെ മുണ്ഡ്രയില്‍ 7350 ഏക്കര്‍ ഭൂമി അദാനിക്കായി പതിച്ചു നല്‍കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖയ്ക്കായി (Special Economic Zone-SEZ) 56 മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ കുടിയൊഴിപ്പിച്ചുകൊണ്ട് 45000 ഏക്കര്‍ ഭൂമിയും അദാനിക്കായി സമ്മാനിക്കപ്പെട്ടു. ദില്ലിയിലെ CII കോണ്‍ഫറന്‍സില്‍ തന്റെ കൂടെ നിന്ന ഗൗതം അദാനിയെന്ന ആപത്ബാന്ധവനെ പിന്നീടൊരിക്കലും നരേന്ദ്രമോദി കയ്യൊഴിയുകയുണ്ടായില്ല.
(തുടരും)
Part 1 ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ടത് എങ്ങനെ?