നെല്ലിമരങ്ങളെ പുല്ലാക്കിയ ആത്മകഥ

“രജനി പാലാമ്പറമ്പിലിന്റെ ഓര്‍മകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു ദലിത് സ്ത്രീയുടെ ദൈനംദിന ജീവിതം തീക്ഷ്ണസമരമാണെന്ന് ഒട്ടൊരു കുറ്റബോധത്തോടെയേ തിരിച്ചറിയാനാവൂ. കാരണം അതിന്നുള്ളിലെ സമരവും തീച്ചൂളയും അനിതരസാധാരണമായ ഒന്നായിട്ടു കാണാനേ പൊതുബോധനിര്‍മിതിയുടെ സാമഗ്രികള്‍ പ്രേരിപ്പിച്ചിട്ടുള്ളൂ…”
_ അജിത് എം പച്ചനാടന്‍

കൊറ്റുതേടലിന്റെ അധ്വാനനേരങ്ങള്‍ കഴിഞ്ഞും തുടര്‍ന്നു പോന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ കേവലം വിനോദത്തെ മാത്രം ലക്ഷ്യംവെച്ച കളിമ്പങ്ങള്‍ ആയിരുന്നില്ല. അവ വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു, പല ഗോത്രങ്ങളിലും ചേരികളിലും കക്ഷികളിലും. അവ ഉള്ളില്‍ അഭിമാനവും പുറത്തേക്ക് വെറുപ്പും പുലര്‍ത്താന്‍ തക്ക ശേഷിയുള്ളതായിരുന്നു.

ജ്ഞാനനിരോധനം ചാതുര്‍വര്‍ണ്യത്തിന്റെ വലിയൊരു നേട്ടമായിരുന്നു. അതിനെ മറികടക്കാന്‍ വലിയൊരളവോളം സാധിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മത്തില്‍ അവിടം ശൂന്യമാണ്. അപവാദമായി ഡോ. ബി.ആര്‍. അംബേദ്കര്‍ മാത്രമാണുള്ളത്.

രജനിക്കും എനിക്കുമിടയില്‍ കട്ടച്ചങ്ങാത്തമാണ്. അവരോടുള്ള സ്‌നേഹാദരങ്ങള്‍ ഞാന്‍ സൂക്ഷിക്കുന്നു. അയച്ചു കിട്ടിയ ലിങ്കിലൂടെയാണ് ഞാന്‍ രജനിയിലേക്ക് എത്തുന്നത്. എന്നാല്‍ ഉറ്റസുഹൃത്തിന്റെ ജീവിതത്തിന് എങ്ങനെയാണ് ആമുഖം എഴുതുക എന്നത് കുഴക്കുന്ന ഒന്നാണ്. ഓരോ ജീവിതവും എക്‌സ്‌ക്ലൂസീവാണ്. മറ്റൊരാള്‍ക്കു വിലയിടാനാത്തവണ്ണം.

‘ഒന്നിപ്പ്’ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ രജനിയുടെ ലേഖനം എന്നെ കീഴ്‌മേല്‍ മറിച്ചു; ഉടച്ചുവാര്‍ത്തു. അത്രമേല്‍ പ്രഹരശേഷിയായിരുന്നു അതിലെ അനുഭവവിവരണത്തിന്റെ ലാളിത്യത്തിന്. ജാതി ഘടനയിലെ അടിത്തട്ടില്‍ ‘ഞെരിയല്‍ ജീവിതം’ തുടരുന്ന കൂലിയടിമകളിലെ ഒരു പെണ്ണ് അവരുടെ ജീവിതം പറയുമ്പോള്‍ അതു പ്രഹരിച്ചതാകട്ടെ സ്‌കൂളിലൂടെ, മലയാളസാഹിത്യ-തത്വചിന്താവായനയിലൂടെ, പരിപാവനമായി മാത്രം പരിചരിച്ചു കൊണ്ടു നടന്നിരുന്ന വിമത പ്രവര്‍ത്തനങ്ങളിലൂടെ, അയഥാര്‍ത്ഥ ജനാധിപത്യബോധത്തിലൂടെ, ഞാന്‍ ആര്‍ജ്ജിച്ചുകൊണ്ടു നടന്ന സവര്‍ണഭാവുകത്വത്തെയാണ്.

സന്ദര്‍ഭവശാല്‍ കുശാലായ, കേരള സാഹചര്യത്തിലെ സിദ്ധാന്തത്തിലും പ്രയോഗത്തിലും പരിചയിച്ചു ബഹുമാനിച്ചിരുന്ന ദലിത്‌ഫെമിനിസത്തെയും രജനിയുടെ ജീവിതമെഴുത്ത് ആഴത്തില്‍ ഗുണപരമായ പോറലേല്പിച്ചു.

ചരിത്രനിര്‍മ്മിതിയെ സഹായിക്കുന്ന തെളിവുകളായി പില്‍ക്കാലത്ത് പരിഗണിക്കപ്പെടാന്‍ സാധ്യത ഏറെയായതിനാല്‍ ആത്മകഥ/ജീവചരിത്രം/ഓര്‍മക്കുറിപ്പുകള്‍ എന്നിവയെ കേവലം വ്യക്തിഗതജീവിതാഖ്യാനമായി മാത്രം കാണാനാവില്ല. സര്‍ഗ്ഗാത്മക രചനകളിലും കാലവും ജീവിതവും ചരിത്രരേഖകളായി കാണാം. എന്നാല്‍ നടപ്പു രീതിയില്‍ അംഗീകരിക്കപ്പെടുന്ന ആത്മകഥകളോ ജീവചരിത്രമോ ഓര്‍മക്കുറിപ്പുകളോ വിജയിച്ചവരുടേത് മാത്രമാണ്. അവരുടെ വിജയമാകട്ടെ നിലവിലെ സാമൂഹികാവസ്ഥയിലെ പരിഗണനകളാലും മുന്‍ഗണനകളാലും സുനിശ്ചിതവുമായിരുന്നതായി കാണാം.

’80കളില്‍ കക്കൂസില്ലാതെ തുറസ്സില്‍ വിസര്‍ജ്ജിക്കുന്നവരെപ്പറ്റി രജനി എഴുതുന്നുണ്ട്. അക്കാലത്തിനും മുമ്പേയാണ് പി. കേരളമൊട്ടാകെ സഞ്ചരിച്ചത്. നിത്യകന്യകയെ തേടി സഞ്ചരിച്ച കവിയുടെ കാല്പാടുകള്‍ പതിഞ്ഞ ചെറിയൊരു ഇടത്ത് പൂക്കളേക്കാളും സൗരഭ്യത്തേക്കാളും കൂടുതല്‍ സ്ഥലം തീട്ടപ്പറമ്പായിരുന്നു. മലം മണക്കുന്ന കേരളം ആത്മകഥകളില്‍ വായിക്കാന്‍ കിട്ടില്ല.

ഹിറ്റ്‌ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’ വരേണ്യബോധത്തിന്റെയും ആണധികാരപ്രമത്തതയുടേയും പ്രകടനരേഖയാണെങ്കില്‍ അതിലില്ലാത്ത മറ്റൊരു രാഷ്ട്രീയജീവിതാവസ്ഥയും ചിന്തയും ആന്‍ ഫ്രാങ്കില്‍ വായിക്കാം. ഇങ്ങനെ നാം വായിച്ച ചരിത്രനിര്‍മാണത്തെ സഹായിക്കുന്ന തെളിവുസാമഗ്രികളില്‍ കാണാതെ പോയവയെ വെളിപ്പെടുത്തുകയാണ് രജിനി പാലാമ്പറമ്പിലിന്റെ ഓര്‍മക്കുറിപ്പുകള്‍. അത് നിര്‍ബന്ധിത മറവിക്കെതിരേയുള്ള രാഷ്ട്രീയമാകുന്നു.

ഏതാണ്ട് ’90കളുടെ അവസാനപാദത്തില്‍ ഭാഷയില്‍ വിജയികളുടെ ജീവിതമെഴുത്തുകളെക്കൂടാതെ ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന നന്മയ്ക്കു വിരുദ്ധമായി ചരിക്കുന്നവരുടെയും ആത്മപ്രകാശനങ്ങള്‍ പുറത്തിറങ്ങി. കള്ളന്റെ, മദ്യപന്റെ, ലൈംഗികത്തൊഴിലാളിയുടെ, കൊള്ളക്കാരിയാകേണ്ടി വന്നവളുടെ, കോളനിവാസിയായ സാംസ്‌കാരിക അപരങ്ങളുടെ, മഠം വിട്ടുപോന്ന ക്രൈസ്തവസന്യാസിനിയുടെ ഒക്കെ ജീവിതം വായനയിലേക്കും സംസ്‌കാരപഠനത്തിലേക്കും വന്നു. ദലിത് സാഹിത്യത്തിലാകട്ടെ പ്രമുഖമായ സ്ഥാനം അതിന്റെ ആഖ്യാനത്താലും രാഷ്ട്രീയത്താലും ഭാഷാവഴക്കത്താലും ആത്മകഥകള്‍ക്ക് കിട്ടി. ഓം പ്രകാശ് വാത്മീകിയുടെ ‘എച്ചില്‍’ ശരണ്‍കുമാര്‍ലിംബാളെയുടെ ‘അക്കര്‍മാശി’ കെ.കെ. കൊച്ചിന്റെ ‘ദലിതന്‍’ എന്നിങ്ങനെ ഭാരതീയതയുടെ പുറംപൂച്ചുകളെ തുറന്നു കാട്ടുന്ന ജീവിതമെഴുത്തുകള്‍ ഉണ്ടായി. സി.കെ. ജാനുവിന്റെയും സെലീന പ്രക്കാനത്തിന്റെയും ജീവചരിത്രങ്ങള്‍ ദലിത് പെണ്ണവസ്ഥയെ മാത്രമല്ല പറഞ്ഞത്. അവരുടെ രാഷ്ട്രീയവും നിലപാടും പ്രഖ്യാപിക്കുന്നതുമായിരുന്നു അവ. തമിഴ് ഭാഷയില്‍ പാമ, ഗുണശേഖരന്‍, ഊര്‍മിള പവാര്‍ എന്നിങ്ങനെ ഒട്ടേറെ എഴുത്തുകാര്‍ മുഖ്യധാരാഫെമിനിസത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം ദലിത് പുരുഷാധിപത്യത്തോടും കലഹിക്കുന്നുണ്ട്. തീര്‍ച്ചയായും സവര്‍ണപുരുഷന്റെ അധികാരമല്ല സമൂഹത്തില്‍, മര്‍ദ്ദിതനായ ദലിത് പുരുഷന്റേത്. എന്നാല്‍ മര്‍ദ്ദിതന്‍ മര്‍ദ്ദകനാകുന്ന ഏങ്കോണിപ്പ് കാണാതെ പോകുന്നില്ല. നൂറ്റാണ്ടുകളുടെ തുടര്‍ച്ചയുള്ള അവഗണന പ്രമേയമാക്കി അപമാനവും വേദനയും പ്രതീക്ഷയും സ്വപ്‌നങ്ങളും ഇടകലര്‍ന്ന ആത്മാനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു. അവ രാഷ്ട്രീയബോധ്യങ്ങളുടെ കനലെഴുത്തായി.

രജനി പാലാമ്പറമ്പിലിന്റെ ഓര്‍മകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു ദലിത് സ്ത്രീയുടെ ദൈനംദിന ജീവിതം തീക്ഷ്ണസമരമാണെന്ന് ഒട്ടൊരു കുറ്റബോധത്തോടെയേ തിരിച്ചറിയാനാവൂ. കാരണം അതിന്നുള്ളിലെ സമരവും തീച്ചൂളയും അനിതരസാധാരണമായ ഒന്നായിട്ടു കാണാനേ പൊതുബോധനിര്‍മിതിയുടെ സാമഗ്രികള്‍ പ്രേരിപ്പിച്ചിട്ടുള്ളൂ. രജനി അവരുടെ ഓര്‍മകളുറച്ച കാലം മുതലുള്ള ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ അത് ഒരു ദലിത് സ്ത്രീ അവരുടെ സാമുദായികമായ ജൈവവും കലാപരവുമായ സംസ്‌കാരത്തെ തകര്‍ച്ചയ്ക്കും ചിതറലുകള്‍ക്കും വിട്ടുകൊടുക്കാതെ പ്രതിസന്ധികള്‍ക്കെതിരേ സുധീരം പ്രയത്‌നിക്കാനുള്ള അവരുടെ ഉത്ക്കടമായ തീരുമാനത്തിന്റെയും പരിശ്രമത്തിന്റെയും രേഖകളാകുന്നു. മര്‍ദ്ദിതരില്‍ സൃഷ്ടിക്കപ്പെട്ട അധമബോധം പൊളിക്കാനുതകുന്ന സ്വാഭിമാനസമരമായത് വികസിക്കുന്നു. പെരിയോര്‍ നേതൃത്വം നല്കിയ ബ്രാഹ്മണ്യ വിരുദ്ധ പ്രസ്ഥാനത്തെ സ്വാഭിമാനപ്രസ്ഥാനമെന്നാണല്ലോ വിശേഷിപ്പിച്ചിരുന്നത്.

ഭാഷയിലെ ലളിതമായ വാമൊഴിശൈലിയിലാണ് രജനി അവരുടെ ജീവിതം പറയുന്നത്. സ്വന്തം ആശയ ശാസ്ത്രവിമോചനം നേടിയെടുക്കാന്‍ പ്രാപ്തരായ സ്ത്രീകള്‍ക്ക് അവരുടെ ശക്തിയുടെ അനന്തമായ സ്രോതസ് വികസിപ്പിക്കാന്‍ കഴിയുമെന്ന് ഭാഷയിലെ ഈ ഇടപെടലിലൂടെ രജനി തെളിയിക്കുന്നുണ്ട്. പുരുഷാധിപത്യത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും പരിചരിക്കുകയും ചെയ്യുന്ന ചൂഷണവ്യവസ്ഥയെ പാടേ നശിപ്പിക്കുന്ന കടമയെപ്പറ്റിയുള്ള തിരിച്ചറിവും ബോധ്യവുമാകണം പുരുഷാധികാരത്തിന്റെ ഭരണഭാഷയെ
നിരാകരിക്കാന്‍ രജനിയെ പ്രേരിപ്പിച്ചത്. പുരുഷാധികാരത്തിന്റെ വ്യവഹാരഭാഷ സ്ത്രീയെ ഒറ്റുകൊടുക്കുന്ന ഒന്നാണ്. പെണ്ണ് എന്ന വാക്കുപോലും അവിടെ അശ്ലീലമാണ്. രജനിയുടെ ഭാഷ പാമയുടെ ‘സംഗതി’ എന്ന നോവല്‍ പാഠത്തില്‍ ആഖ്യാതാവ് ഉപയോഗിച്ച സംസാരഭാഷയെ ഓര്‍മപ്പെടുത്തി. ഒപ്പം കെ.എസ്. വിശ്വംഭരദാസ് മൊഴിമാറ്റിയ ഫൂലന്‍ ദേവിയുടെ ആത്മകഥയില്‍ വിവര്‍ത്തകന്‍ സ്വീകരിച്ച മലയാളത്തിന്റെ അത്ഭുതകരമായ ലാളിത്യവും രജനിയുടെ ഭാഷയ്ക്കുണ്ട്. ‘സംഗതി’ സമുദായ സ്വത്വത്തെക്കുറിച്ചുള്ള കൃതിയാണ്.
അത് ഒറ്റയായ തികച്ചും വ്യക്തിനിഷ്ഠമായ ആത്മകഥയല്ല എന്നതുപോലെ രജനിയുടെ ഓര്‍മകള്‍ ദലിത് സ്ത്രീ ജീവിതങ്ങളുടെ പ്രതിനിധാനമാകുന്നുണ്ട്. അത്തരത്തില്‍ സ്വജീവിതത്തെപ്പറ്റി പറയുമ്പോള്‍ ലിംഗം എന്ന നിലയിലും ജാതി എന്ന അവസ്ഥയിലും ദലിത് സ്ത്രീ പേറുന്ന ഇരട്ട നുകത്തെപ്പറ്റിയും കീഴടക്കലിനെപ്പറ്റിയും ഫൂലന്‍ ദേവി സംസാരിക്കുന്നുണ്ട്. ഇസങ്ങളോ സിദ്ധാന്തങ്ങളോ കനപ്പെട്ട രീതിയില്‍ അവതരിപ്പിക്കുന്നില്ല. എന്നാല്‍ ദലിത് സ്ത്രീ സ്വത്വം നേരിടുന്ന പ്രശ്‌നങ്ങളെ മുന്നോട്ടുവയ്ക്കുന്നു. സാമൂഹികപദവിയുടെ സമ്പൂര്‍ണമായ അഭാവമോ ആത്മാഭിമാനമുള്ള മനുഷ്യന്‍ എന്ന പരിഗണനയോ ഇല്ല. എന്നാല്‍ കൂടുതല്‍ കഠിനാധ്വാനം ആവശ്യപ്പെടുന്നുമുണ്ട്. വര്‍ഗം, ജാതി, ലിംഗം എന്നിങ്ങനെയുള്ള അമിതഭാരം അവരെ തുല്യതയില്‍ നിന്നകറ്റി. ജീവിക്കാന്‍ വേണ്ടി മരിക്കുന്നവരാണവര്‍ എന്നു ശരണ്‍കുമാര്‍ ലിംബാളെ ദലിത് സ്ത്രീത്വത്തെ നിരീക്ഷിക്കുന്നുണ്ട്.

സാമൂഹികമായി കീഴ്‌നിലയിലുള്ളവരുടെ എഴുതപ്പെട്ട ജീവിതങ്ങള്‍ അവയിലെ വിധ്വംസകമായ വാക്കുകള്‍ കൊണ്ടു തകര്‍ത്തത്, കെട്ടിപ്പൊക്കിയ നമ്മുടെ നവോത്ഥാന നിര്‍മിതികളെയാണ്. ജാതികളെ മിനുക്കിയ ഇന്ത്യന്‍ അവസ്ഥയില്‍ അനുഭവിച്ച ജീവിതമാണ് രജനിയില്‍ ഭാഷയായും രാഷ്ട്രീയ വിചാരമായും രൂപപ്പെടുന്നത്. ദാരിദ്ര്യവും വിശപ്പും വസ്ത്രമില്ലായ്മയും പള്ളിക്കൂടമില്ലായ്മയും ഭൂമിയില്ലായ്മയും അന്യര്‍ക്കു വേണ്ടിയുള്ള കഠിനാധ്വാനവും പ്രണയമെന്ന സാംസ്‌കാരികവിനിമയത്തിലെ അധികാര പങ്കാളിത്തമില്ലായ്മയും ഒക്കെ രണ്ടു കാലങ്ങളിലായി ഇന്ത്യയിലെ രണ്ടിടങ്ങളില്‍ ദലിത് പെണ്ണവസ്ഥ പങ്കിട്ട ഫൂലന്‍ ദേവിയിലും രജനിയിലും സമാനമായി കാണാം. അവര്‍ അതു പറയുമ്പോള്‍ ജാതി ഭാരതത്തിലെ ജനാധിപത്യവ്യവസ്ഥയുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെടുന്നു.

രജനിയുടെ ഓര്‍മകള്‍ തുടങ്ങുന്നത് അവരുടെ കേട്ടറിവുകളെ ഉദ്ധരിച്ചു കൊണ്ടാണ്. അതു വംശാവലിയെപ്പറ്റി പറയുന്ന സന്ദര്‍ഭത്തിലാണെങ്കിലും, ദലിതുകളുടെ ബഹുദൂരം പിന്നിലല്ലാത്ത മന്ത്രവാദ ജീവതത്തിന്റെ രേഖയാകുന്നുണ്ട്. രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പില്ലാത്ത ജീവിതത്തിന്റെ ആകുലതകളായി സി. അയ്യപ്പന്റെ കഥകളില്‍ മന്ത്രവാദം കടന്നുവരുമ്പോലെ രജനിയും അത് ഓര്‍ത്തെടുക്കുന്നു.

മന്ത്രവാദം, വെച്ചുസേവ, പതിതുള്ളല്‍. ജന്മംതൊഴല്‍, ബാധകൂടല്‍, കുടുംബാംഗങ്ങളായ കാളകള്‍, പട്ടിണിക്കാലത്ത് അരിയും വെളിച്ചെണ്ണയും മീനുമൊക്കെ കടിച്ചെടുത്ത് കൊണ്ടുവരുന്ന പൂച്ച, അപ്പൂപ്പന്റെ തോര്‍ത്തില്‍ കയറിയ ഭദ്രകാളി, അറുകൊല, കരിങ്കുറ്റിയാന, മറുത, രക്ഷസ്, കോഴിച്ചോര, ഉണക്കമീന്‍, കള്ള്, അവല്‍, മലര്‍, എന്നിങ്ങനെ മിത്തും ഫാന്റസിയും ആചാരങ്ങളും അപ്രതീക്ഷിതങ്ങളും സന്നിഗ്ധാവസ്ഥകളും പക്ഷിമൃഗാദികളും ഒത്തുചേര്‍ന്ന മാജിക്കല്‍ റിയലിസത്തിന്റെ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും അപ്പൂപ്പന്‍ അംബേദ്ക്കറിസ്റ്റായിരുന്നു. അനീതിക്കെതിരേ കായികമായി പ്രതികരിക്കുന്ന മനുഷ്യനുമായിരുന്നു.

ഇങ്ങനെ അനുഭവകഥനത്തിലൂടെ രജനിയുടെ പുസ്തകം രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. ബന്ധങ്ങള്‍, വിദ്യാഭ്യാസം, സ്‌നേഹം, കരുതല്‍, ഈഗോ എന്നിങ്ങനെ എല്ലാം വിഷയമാകുന്നു. പുസ്തകത്തിലൊരിടത്ത് വിവാഹിതയാകുന്ന സ്ത്രീ വരന്റെ വീടു കണ്ടു തൃപ്തിപ്പെടണമെന്നു പറയുന്നുണ്ട്. ഭൂമിയുടെ രാഷ്ട്രീയമാണ് രജനിയുടെ അടിസ്ഥാന പ്രമേയം. ഭൂരഹിതാവസ്ഥ ഏറ്റവും മാരകമായി അനുഭവപ്പെടുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണല്ലോ. കതകില്ലാത്ത വീടും കക്കൂസില്ലായ്മയും അവളുടെ വ്യക്തിത്വത്തെത്തന്നെ ഉലച്ചുകളയും. അതു കൊണ്ടു തന്നെ 2017-2021 ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയായ പട്ടികജാതിക്കാരെ കോളനിയിലേക്കൊതുക്കല്‍ രജനി ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. മുന്‍കാലത്ത് തമ്പുരാന്‍ ചതിയിലൂടെ ഒരു കുടുംബത്തെ പുറമ്പോക്കിലേക്കു തള്ളുന്നതും രജനി എഴുതുന്നു. ഭൂമിയുടെ രാഷ്ട്രീയം ഒരു ദലിത് സ്ത്രീ പറയുമ്പോള്‍ കേരളത്തിലെ ഭൂപരിഷ്‌ക്കരണം കുറേക്കൂടി വിശദവും സമഗ്രവും ആകേണ്ടിയിരുന്നെന്നോ രണ്ടാംഘട്ട ഭൂപരിഷ്‌കരണം ആവശ്യമാണെന്നോ ഉള്ള ചിന്ത ഉദിക്കുന്നു. ദാനം കിട്ടിയ കുപ്പായം ഉടലിനെ പൊള്ളിക്കുന്നത്, നഷ്ടബാല്യം, വിശപ്പ്, സ്‌കൂളിലെ അപ്രധാന വിദ്യാര്‍ത്ഥിയായുള്ള ഇരിപ്പ്, കലകളുടെ രാഷ്ട്രീയം (ബാലെ പുലയരുടെ കലാരൂപമായാണ് നാം ഇവിടെ വായിക്കുന്നത്. കഥകളിയുടെ പ്രേക്ഷനാകുന്ന ദളിതന്റെ ആസ്വാദനശേഷി സവര്‍ണ്ണന്‍ സംശയിക്കും) രജനി വിശകലനം ചെയ്യുന്നുണ്ട്.

ദലിത് സ്ത്രീകളുടെ ആത്മകഥനത്തിലെ ആദ്യ പേരുകാരായ കുമുദ് പാവ്‌ദേ (Outburst 1981), ബേബി കാംബ്ലേ (Our Wretched Lives 1985) എന്നിവര്‍ സാമൂഹികജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മറാത്തിയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ രാഷ്ട്രീയ-സാംസ്‌കാരിക കലാപമാകുന്നുണ്ട്. ദലിത് സ്ത്രീകളുടെ അനുഭവകഥനങ്ങളില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നിലയെ സൂക്ഷ്മത്തില്‍ പരിശോധിക്കാന്‍ ഉതകുംവിധം തങ്ങളുടെ ജീവിതത്തെ വിന്യസിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ ദലിത് ആത്മകഥകള്‍ വായിക്കുമ്പോള്‍ അവര്‍ തങ്ങളുടെ യൗവനത്തിലാണു ജീവിതം പറയുന്നതെന്നു കാണാം. മധ്യവയസ് മാത്രം പിന്നിട്ട രജനിയുടെ ഓര്‍മകളുറച്ച കാലം മുതല്ക്കുള്ള ചെറുപ്പകാല അനുഭവങ്ങളും നിരീക്ഷണങ്ങളുമാണീ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു ദലിതുകളെ അകറ്റി നിര്‍ത്തുന്ന വേദനാജനകമായ വിവരണങ്ങള്‍ ഇന്ത്യയിലെ ഏതു ദലിതനും പറയാനുണ്ടാകും. ഓം പ്രകാശ് വാത്മീകിയുടെ സ്‌കൂള്‍പ്രവേശത്തിന് അദ്ദേഹത്തിന്റെ അച്ഛന്‍ യാചിക്കുന്നത് ‘എച്ചിലി’ല്‍ വായിക്കാം. സമാനമായ അനുഭവം രജനി എഴുതുന്നുണ്ട്. വിദ്യാഭ്യാസത്തിനായുള്ള അലച്ചിലും കരച്ചിലും ‘എച്ചിലി’ല്‍ നാം വായിക്കുമ്പോള്‍ സ്വതന്ത്ര്യ ഇന്ത്യയ്ക്കു എട്ടുവര്‍ഷത്തെ മുതിര്‍ച്ചയും അസ്പര്‍ശ്യര്‍ക്കായുള്ള ഗാന്ധിയുടെ പദ്ധതികളും പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു. ’80 കളിലെയും ’90 കളിലെയും വിദ്യാര്‍ത്ഥിനിയായ രജനിയാകട്ടെ സ്‌കൂള്‍പ്രവേശത്തിനായുള്ള അയ്യങ്കാളി പ്രസ്ഥാനങ്ങളുടെ സമരത്തിന്റെ ചരിത്രോര്‍ജ്ജത്തിലും കേരള മോഡല്‍ വികസനത്തിന്റെയും ‘സമുദായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പി’ന്റെയും രാഷ്ട്രീയ അന്തരീക്ഷത്തിലാണെന്നു ഓര്‍ക്കണം. പഞ്ചമി കയറിയ ഉയരത്തില്‍ നിന്നാണ് മറ്റൊരു രജനി – രജനി എസ്. ആനന്ദ് – താഴേക്കു പതിച്ചത്. രോഹിത് വെമുലയുടെ സമരത്തെയും ഓര്‍മിപ്പിക്കുന്നു, രജനി പാലാമ്പറമ്പില്‍.

രജനി, CPIM അനുഭാവികളായ സഹോദരങ്ങളുടെ പാര്‍ട്ടിക്കൂറും പശകലക്കി റോളും വെളിപ്പെടുത്തുന്നുണ്ട്. രക്ഷകനായി കാണുന്ന പാര്‍ട്ടിയുടെ പര്യമ്പുറത്ത് നില്‍ക്കുന്ന, പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷത ഇല്ലാത്ത ദലിത് രൂപങ്ങളെ രജനി ആത്മകഥയില്‍ അവതരിപ്പിക്കുമ്പോള്‍ ഇ.എം.എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകളെ വിശകലനം ചെയ്ത ദിലീപ് എം. മേനോന്റെ ‘പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതോടെ സ്വകാര്യ ജീവിതത്തില്‍ നിന്നു ഭിന്നമായ പാഠങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമമാണ് ആത്മകഥാകൃത്തുക്കള്‍ നടത്തുന്ന’തെന്ന അഭിപ്രായം കൃത്യമായി തോന്നി. വരേണ്യനേതാക്കള്‍ പാര്‍ട്ടിക്കു സ്വത്തും ജീവിതവും കൊടുത്തവരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞപ്പോള്‍ ജീവസന്ധാരണത്തിനു ചെറുസഹായം ആശിച്ച ദലിതുകള്‍ പാര്‍ട്ടിക്കുള്ളില്‍ പറ്റിക്കപ്പെട്ടു.

രജനി ലളിതവും ചെറുതുമായ തന്റെ ജീവിതം പറയാന്‍ ഓര്‍മയില്‍നിന്നു തെരെഞ്ഞെടുക്കുന്ന സംഭവങ്ങള്‍, കേട്ടറിവുകള്‍, വായനാനുഭവം എന്നിവ അതീവ ഹൃദ്യമായിട്ടാണു വിന്യസിച്ചിരിക്കുന്നത്. എന്നാലവ കൃത്യമായ ദിനസരിക്കുറിപ്പുകളുമല്ല. ഗ്രാമജീവിതത്തിലെ ജാതി, തൊഴില്‍, ഭൂമിയും പാര്‍പ്പിടവും കക്കൂസുമില്ലായ്മ, അതിനുള്ളിലെ പെണ്‍ജീവിതം, കതകുകളില്ലാത്ത ഒറ്റമുറി വീട്ടിലെ ചുരുക്കിക്കെട്ടുന്ന ദാമ്പത്യം, വഴിയില്ലായ്മ, വെള്ളപ്പൊക്കം (അപ്പര്‍ കുട്ടനാടന്‍ പുലയ ജീവിതത്തിലെ മഴക്കാല പ്രളയത്തിന്റെ നടുക്കത്തില്‍ നിന്നും ഹോസ്റ്റലില്‍ എത്തുമ്പോള്‍ ഹൈറേഞ്ചിലെ മഴക്കാല ദുരിതത്തിലെ മണ്ണിടിച്ചിലില്‍ പുതഞ്ഞു നില്‍ക്കുന്ന ദലിത് ജീവിതത്തെ രജനി കേട്ടറിയുന്നുണ്ട്) എന്നിങ്ങനെ ഏറ്റവും ലളിതമായ ജീവിതം പറച്ചിലിലൂടെ കേരളമെന്ന രാഷ്ട്രീയ പ്രബുദ്ധ സമൂഹം വെറും നുണയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. എന്നാല്‍ അവര്‍ ആരോടും ശത്രുതാപരമായി സംസാരിക്കുന്നില്ല. വ്യവസ്ഥയോട് കലഹിക്കുമ്പോഴും നന്മയുള്ള മനുഷ്യരെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ഈ പുസ്തകം ഒരു ബയോപിക് കാണുമ്പോലെ വായിച്ചു തീര്‍ക്കാം. ദൃശ്യങ്ങള്‍ക്കൊപ്പമാണ് അനുവാചകന്റെ സഞ്ചാരം. നമ്മെ ബാല്യത്തില്‍ എത്തിക്കും, ചിരിപ്പിക്കും, കരയിക്കും, ചിന്തിപ്പിക്കും ഒപ്പം ഏറ്റവും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചരങ്ങളില്‍ പണിയെടുക്കുന്ന/ജീവിക്കുന്ന ദലിത് സ്ത്രീകള്‍ എത്ര ഉയര്‍ന്ന നിലവാരത്തിലുള്ള രാഷ്ട്രീയവിദുഷികളാണെന്ന് ആദരവോടെ ഓര്‍ക്കും. ഇതില്‍ രജനി അവരുടെ ദാമ്പത്യകാലത്തെപ്പറ്റി പറയുന്നത് തൊണ്ടവിങ്ങിയല്ലാതെ വായിക്കാന്‍ പറ്റില്ല. നവമാധ്യമങ്ങള്‍ സ്ത്രീകള്‍ക്കു ചതിക്കുഴിയാണെന്നാണല്ലോ സദാചാരവാദികളുടെ സ്റ്റേറ്റും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. അതിനാല്‍ ലോക്കുചെയ്ത പ്രൊഫൈലുകളില്‍ പൂക്കള്‍ വിതറുക മാത്രമേ പെണ്ണുങ്ങള്‍ ചെയ്യേണ്ടതുള്ളൂ എന്നാണതിന്റെ തിട്ടൂരം. രജനിക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ നല്കിയത് ജ്ഞാനത്തിന്റെയും സംവാദത്തിന്റെയും രാഷ്ട്രീയഭൂമികയില്‍ ദലിത് ഫെമിനിസത്തിന്റെ കൊടിനാട്ടി സംസാരിക്കാനുമുള്ള അധികാരമാണ്. അത് അന്തര്‍ദേശീയധാരയോടു ചേര്‍ന്നു നില്ക്കുന്നതുമാണ്. ദലിത് രാഷ്ട്രീയത്തിന്/ചിന്തയ്ക്ക് ചിറയുടെ ഈട്ടയില്‍ നിന്നു ഉറച്ചതും വ്യക്തവുമായ പുതുശബ്ദം ഉണ്ടാകുന്നു. എന്നാലത് ഒറ്റപ്പെട്ടതുമല്ല. കേരളമെന്ന സവര്‍ണ ഭൂമികയിലെ സകല ഗൃഹാതുര നെല്ലിമരങ്ങളും പുല്ലാണവര്‍ക്ക്. അത് ഉലച്ചുപിഴുതെറിയുകയാണ് ചിന്താപരമായ ദൗത്യം.

പുസ്തകം തപാലിൽ ലഭിക്കാൻ
* തപാൽ ചാർജ് ഉൾപ്പെടെ 200 രൂപ 6235178393 എന്ന നമ്പറിൽ Google Pay/ Phone Pay ചെയ്യുക
* റെസീപ്റ്റും വിലാസവും (പിൻ കോഡ് ഉൾപ്പെടെ) ഇതേ നമ്പറിൽ വാട്സാപ്പ് ചെയ്യുക
* VPP വേണ്ടവരും ഇതേ നമ്പറിൽ വാട്സാപ്പ് ചെയ്യുക
* കൂടുതൽ വിവരങ്ങൾക്ക്‌ ഇതേ നമ്പറിൽ ബന്ധപ്പെടുക
* ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ‘നെല്ലിമരം’ ലഭ്യമാണ്, Hall 7 I Stall ZE O2-ൽ.

Follow us on | Facebook | Instagram Telegram | Twitter | Threads