ആ 600 മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാൻ ആരാണുണ്ടാകുക?

ഈ രാജ്യത്താണ് അതായത് ജനാധിപത്യ ഇന്ത്യയിലാണ് നൂറു കണക്കിന് മുസ്ലീങ്ങൾ ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്, ഒരു ഉള്ളു നീറ്റലും തോന്നുന്നില്ലേ മനുഷ്യരേ…


ശ്രീജ നെയ്യാറ്റിൻകര

ലവലേശം രാഷ്ട്രീയ ബോധമില്ലാത്തൊരു മുസ്ലീം പണ്ഡിത വേഷധാരി ഒരു പെൺകുട്ടിയോട് പറഞ്ഞ അത്യന്തം ഹീനമായ സ്ത്രീ വിരുദ്ധത ചർച്ച ചെയ്യുന്നതിനേക്കാൾ ആയിരമിരട്ടി ശക്തമായി ചർച്ച ചെയ്യേണ്ടൊരു വിഷയമാണിത്. പക്ഷേ അതത്ര ഈസിയല്ല കൂട്ടരേ, പണ്ഡിത വേഷധാരിയുടെ കയ്യിലിരിപ്പിനെതിരെ പ്രതിഷേധിക്കാൻ നിങ്ങളാരും ഭയക്കേണ്ടതില്ല. എന്നാൽ, വംശഹത്യയ്ക്ക് പേര് കേട്ട ഗുജറാത്തിലെ ഭരണകൂടത്താൽ പൊറുതി മുട്ടിയ മത്സ്യത്തൊഴിലാളികളായ മുസ്ലീങ്ങൾ ദയാവധത്തിന് അപേക്ഷിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിനെതിരെ മിണ്ടാൻ നിങ്ങൾ ഭയക്കണം. കാരണം മറുഭാഗത്ത് സംഘ പരിവാറാണ്, ഹിന്ദുത്വ ഭീകരതയാണ്.

മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ഹിന്ദുത്വ ഭീകരത, മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്ന ഹിന്ദുത്വ ഭീകരത, മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് ബലാൽസംഗം ചെയ്യുന്ന ഹിന്ദുത്വ ഭീകരത.

ഒരു ഭരണകൂടം തന്നെ വംശഹത്യ ആസൂത്രണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഗുജറാത്തിൽ കാണുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു ആ പീഡനം സഹിക്കവയ്യാതായ അഥവാ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നൂറു കണക്കിന് മുസ്ലീങ്ങൾ ദയാവധം ചോദിക്കുന്നു.

അനുനിമിഷം മനുഷ്യത്വ വിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം. സവർണ്ണ കെട്ടു കാഴ്ചയിലെ പൂരക്കുടയിൽ പതിഞ്ഞ ഭീരു സവർക്കറെ പ്രതിരോധിക്കാൻ എളുപ്പമാണ് നാല് നിലവിളി മതി. എന്നാൽ, രാജ്യത്തെ മുസ്ലീങ്ങളുടെ ജീവന് ഭീഷണിയാകുന്ന സവർക്കറിസത്തെ പ്രതിരോധിക്കാൻ പൂരക്കുടയിലെ സവർക്കർക്കെതിരായി ശബ്ദമുയർത്തിയവർ പോലും ഉണ്ടാകില്ല.

അഥവാ മുസ്ലീങ്ങളുടെ ജീവനീ രാജ്യത്ത് പുല്ലുവിലയാണ്.

ഗുജറാത്ത് ഭരണകൂടത്താൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അരക്ഷിതരായ 600 മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനും ആരാണുണ്ടാകുക?

അറിയില്ല…

സ്ത്രീ വിരുദ്ധത മുഖ മുദ്രയാക്കിയ പണ്ഡിത വേഷധാരികളോട് ഒരു വാചകം…

വംശഹത്യയുടെ മുനമ്പിലാണ് നിങ്ങളടങ്ങുന്ന മുസ്ലീങ്ങൾ. ഓരോ ദിവസവും മുസ്ലീങ്ങളെ അടിക്കാൻ എന്ത് കിട്ടും എന്ന് നോക്കി ജാഗ്രതയോടെ ജീവിക്കുന്ന ഇസ്‌ലാമോഫോബിക്കുകളായ ഒരു വലിയ വിഭാഗം മനുഷ്യർക്കിടയിലാണ് നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഊളത്തരം വിളമ്പി വയ്ക്കുമ്പോൾ കുറച്ചൊക്കെ ജാഗ്രതയാകാം. മുസ്ലീം പെൺകുട്ടികളെ ‘മര്യാദ’ പഠിപ്പിക്കാൻ കാണിക്കുന്ന ജാഗ്രതയുടെ നൂറിലൊന്ന് ജാഗ്രതയെങ്കിലും നിങ്ങൾ സംഘ പരിവാറിനോട് കാണിക്കണം അപേക്ഷയാണ്.

പെൺകുട്ടികളെ ‘മര്യാദ’ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ നിങ്ങളുടെയൊക്കെ ഉള്ളിൽ പതിയേണ്ടൊരു ചിത്രമുണ്ട് പണ്ഡിത വേഷധാരികളേ. ഫാസിസത്തെ ചൂണ്ടുവിരൽ കൊണ്ട് പ്രതിരോധിക്കുന്ന മുസ്ലീം പെൺകുട്ടിയുടെ ചിത്രം. തന്റെ ഹിജാബിനെ നോക്കി അലറി പാഞ്ഞു വരുന്ന ഹിന്ദുത്വ ഭീകരരെ അല്ലാഹു അക്ബർ എന്ന് വിളിച്ച് പ്രതിരോധിച്ച പെൺകുട്ടിയുടെ ചിത്രം.

ഇതൊന്നും മറന്നു പോകരുത്.

Follow | Facebook | Instagram Telegram | Twitter