ഹേം മിശ്രയോട് പൊലീസ് പക വീട്ടുകയായിരുന്നു

‘ജൂലൈ 4’ ജെ.എന്‍.യു വിദ്യാർത്ഥി ഹേം മിശ്രയുടെ ജന്മദിനമായിരുന്നു, ഇതെഴുതുമ്പോഴും അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ സുഹൃത്തുക്കൾ ജന്മദിനം ആശംസിച്ചു കൊണ്ടിരിക്കുകയാണ്, എത്രയും പെട്ടെന്ന് അദ്ദേഹത്തിന്‍റെ മോചനം സാധ്യമാകട്ടെ എന്നും കൂട്ടുകാര്‍ ആശംസിക്കുന്നു, അതെ, ഹേം മിശ്ര ജയിലിലാണ് !

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോട് വെച്ചുപുലര്‍ത്തുന്ന വിവേചനത്തിനെതിരെ പാർലമെന്‍റ് സ്ട്രീറ്റില്‍ ധര്‍ണ്ണ നടത്തിയ ഹേം മിശ്രയോട് പൊലീസ് പക വീട്ടുകയായിരുന്നു

ഹേം മിശ്ര എന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി ഇന്ത്യൻ നാടോടി ഗ്രാമീണ കലാ സംസ്കാരത്തെ കുറിച്ചുളള ഗവേഷണത്തിലായിരുന്നു. ഒരു കൈയ്ക്ക് ചലനശേഷി കുറവുള്ള ഹേം ഒരു ഗായകനും ഗാനരചയിതാവുമാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.യുവിന്‍റെ പ്രവര്‍ത്തകനാണ് അദ്ദേഹം. 2013ൽ തന്‍റെ പഠനാവശ്യവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെത്തിയ ഹേം, നാട്യകലാ മഞ്ച് എന്ന കലാ സാംസ്കാരിക സംഘടനയുടെ പ്രവർത്തകരോടൊപ്പം പാട്ടും നൃത്തവും അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് മഹാരാഷ്ട്ര പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്.

ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി എന്‍ സായിബാബ ഒരു മാവോയിസ്റ്റ് ഗറില്ലയാണെന്നും അദ്ദേഹത്തിന്‍റെ കൊറിയറായാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഹേം മിശ്ര എത്തിയതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍  90 ശതമാനവും തളര്‍ന്ന ശരീരവുമായി വീല്‍ചെയറില്‍ കഴിയുന്ന സായിബാബ ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനാണ് എന്ന വസ്തുത പൊലീസ് അവഗണിച്ചു. ഹേം പഠനാവശ്യത്തിനാണ് മഹാരാഷ്ട്രയില്‍ പോയതെന്ന് ജെ.എന്‍.യു അധികൃതര്‍ അറിയിച്ചിട്ടും പൊലീസ് പരിഗണിച്ചില്ല.

വാസ്തവത്തില്‍ ഹേം മിശ്രയോട് പൊലീസ് പക വീട്ടുകയായിരുന്നു. ഉത്തർഖണ്ഡ്, മണിപ്പുർ, ആസ്സാം, നാഗ, മിസ്സോറാം, അരുണാചൽ എന്നിവിടങ്ങളിലെ ജനങ്ങളെ നിരന്തരം അവഹേളിക്കുന്ന പ്രവണതക്കെതിരെ ഹേം പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോട് വെച്ചുപുലര്‍ത്തുന്ന വിവേചനത്തിനെതിരെ പാർലമെന്‍റ് സ്ട്രീറ്റില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇതേ തുടര്‍ന്നു അന്നത്തെ ഡൽഹി ഗവർണ്ണർക്കും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കോടതി കയറേണ്ടിവന്നു. മാത്രമല്ല, ജെ.എന്‍.യുവിലെ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.യുവിന്‍റെ പ്രവർത്തകനായിരുന്നുവെന്നതും ഹേമിനെ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

2013ലെ അറസ്റ്റിനെ തുടര്‍ന്നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഹേം മിശ്ര 2015 സെപ്തംബറില്‍ ജാമ്യം ലഭിച്ചു പുറത്തുവന്നു. ജയിലില്‍ താന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി എന്നും തന്‍റെ ഫേസ്ബുക്കില്‍ നുഴഞ്ഞുകയറി പൊലീസ് പരിശോധന നടത്തിയെന്നും മാധ്യമങ്ങള്‍ മുമ്പാകെ ഹേം വെളിപ്പെടുത്തിയിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് 2017 മാര്‍ച്ചില്‍ ഹേം മിശ്ര ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹേം മിശ്ര, പ്രൊഫസര്‍ സായിബാബ, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് റായ് എന്നിവരുള്‍പ്പെട്ട 5 പേരെ ഗഡ്ചിരോളി സെഷന്‍ കോടതി കോടതി ജയിലിലടച്ചത്.

അറസ്റ്റും പൊലീസ് നടപടികളും ജയില്‍വാസവും മര്‍ദ്ദനവും ഹേമിന്‍റെ ആരോഗ്യസ്ഥിതി വഷളാക്കി. ചലനശേഷി കുറഞ്ഞ കൈയുടെ ചികിത്സയും മുടങ്ങി. സായിബാബയോടൊപ്പം ശിക്ഷിക്കപ്പെട്ട ഹേം മിശ്ര ഇന്ന് ജയിലിലാണ്. എല്ലാ രാഷ്ട്രീയ തടവുകാരേയും നിരുപാധികം മോചിപ്പിക്കുന്നതിനുളള ഒരു മുന്നേറ്റത്തിന്‍റെ ആവശ്യകതയാണ് ഹേമിന്‍റെ ജയില്‍വാസം നമ്മെ ഓർമ്മിപ്പിക്കുന്നത്.
_ അജയന്‍ മണ്ണൂര്‍

Leave a Reply