ജയിലിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ രൂപേഷിന്‍റെ നിരാഹാര സമരം
നഗ്നനാക്കി പരിശോധിക്കാനുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോയുടെ ശ്രമം ചെറുത്തതിനെത്തുടർന്ന് രൂപേഷിന് വധഭീഷണിയും…
ജെയ്സണ്‍ സി കൂപ്പര്‍
ജയിലിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് കുറ്റാരോപിതൻ രൂപേഷ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു.
വിയ്യൂരിലെ പുതിയ ഹൈ സെക്യൂരിറ്റി പ്രിസണിൽ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്ന രൂപേഷ് തനിക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നതിനെതിരെയാണ് നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് ആരംഭിച്ചതോടെ പല കേസുകളും സ്വന്തം നിലയ്ക്ക് നോക്കുന്ന രൂപേഷിനെ കഴിഞ്ഞ നാല് മാസമായി കോടതികളിലൊന്നും ഹാജരാക്കുന്നില്ല.
കനം കൂടിയ ഇരുമ്പ് ഷീറ്റ് ഘടിപ്പിച്ചിരിക്കുന്ന വായു സഞ്ചാരം പോലുമില്ലാത്ത സെല്ലിൽ പാർപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് ഭക്ഷണം പോലും സെല്ലിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ശൗചാലയവും സെല്ലിനകത്ത് തന്നെ. ഒരിക്കൽ പോലും അതിനാൽ പുറംലോകം കാണാൻ കഴിയാത്ത സ്ഥിതിയിലാണ്. സെല്ലിനകത്തും പുറത്തും ക്യാമറയും സ്ഥാപിച്ചിരിക്കുന്നു. കേസുകൾ വീഡിയോ കോൺഫറൻസിംഗ് വഴിയായതോടെ ഒരിക്കൽ പോലും സെല്ലിന് പുറത്തുള്ള ലോകം കാണാൻ കഴിയാത്ത സ്ഥിതിവിശേഷമാണ്. മനുഷ്യജീവിയെന്ന പരിഗണന പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെടുന്നു.
കഴിഞ്ഞ ദിവസം തന്നെ നഗ്നനാക്കി പരിശോധിക്കാനുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോയുടെ ശ്രമം രൂപേഷ് ചെറുത്തതിനെത്തുടർന്ന് അദ്ദേഹത്തിന് വധഭീഷണിയും ഉണ്ടെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരിയും സാമൂഹ്യപ്രവർത്തകയുമായ പി എ ഷൈന പറഞ്ഞു. വധഭീഷണി മുഴക്കിയ കമാൻഡോയ്ക്കെതിരെ രൂപേഷ് ജയിൽ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
യുഎൻ നിഷ്കർഷിച്ചിട്ടുള്ള യാതൊരുവിധ മാനദണ്ഡങ്ങളും വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസണിൽ പാലിക്കുന്നില്ലെന്ന് ഷൈന ചൂണ്ടിക്കാട്ടുന്നു.