ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് ഇല്ല!
വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും വിശദമായ അന്വേഷണ റിപ്പോർട്ട് നല്‍കാത്ത സാഹചര്യത്തില്‍, എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ സെഷൻസ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ തെളിവുകളുണ്ടെന്നു അവകാശപ്പെട്ട പൊലിസ് ഒന്നര വര്‍ഷമാകാറായിട്ടും അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല… ഇതേ കുറിച്ച് ഷന്‍റോ ലാല്‍ എഴുതുന്നു…
പിന്നിൽ നിന്ന് വെടിവെച്ചു വീഴ്ത്തുക, എന്നിട്ട് ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കുക. കൊലക്കുറ്റത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുക. നിയമപാലകരാണെന്ന് സ്വയം അവകാശപ്പെട്ടുകെണ്ടേയിരിക്കുക. ഇതാണ് പോലീസ് രീതി. ഒന്ന് മനസിലാക്കുക, സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമേ മറ്റൊരാളുടെ ജീവനെടുക്കാൻ ഇന്ത്യൻ നിയമം പൗരർക്ക് അവകാശം നൽകുന്നുള്ളൂ. ആ അവകാശം മാത്രമേ പോലീസിനും ഉള്ളൂ. അല്ലാത്തപക്ഷം വെടിയുതിർക്കാൻ ഒരു മജിസ്റ്റീരിയൽ ഉത്തരവ് ആവശ്യമാണ്. വൈത്തിരിയിൽ നടന്നത് പച്ചയായ നിയമ ലംഘനം, പരമാവധി ശിക്ഷ ലഭിക്കേണ്ട കൊലപാതകം.
പിൻതിരിഞ്ഞ് പോകുന്ന സഖാവ് ജലീലിനെ പിന്നിൽ നിന്ന് വെടിവെക്കുന്ന CCTV വീഡിയോ ദൃശ്യങ്ങൾ കോടതിയിലടക്കം നൽകിയിട്ടുള്ളതും ജനങ്ങളത് കണ്ടിട്ടുള്ളതുമാണ്. നിയമ ലംഘനത്തിന്‍റെ വിഷയം ഒരു വശത്ത്, മറുവശത്ത് രാഷ്ട്രീയ കാപട്യങ്ങൾ തുടരുകയാണ്. ജനാധിപത്യത്തിന്‍റെയും, സോഷ്യലിസത്തിന്‍റെയും, കമ്മ്യൂണിസത്തിന്‍റെയും വായ്ത്താരികളുമായി നാട് ഭരിക്കുന്നവർ വിപ്ലവകാരികളെന്ന് സ്വയം അവകാശപ്പെടുന്നവർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നു. കോവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടെ ഇത് പ്രകടമാണ്. പോലീസ് നയങ്ങൾക്ക് പിന്നിലിഴയുന്ന LDF നയം. യഥാർത്ഥത്തിൽ അങ്ങനെയൊരു നയമുണ്ടോ എന്നത് വേറൊരു ചോദ്യം.
സഖാവ് ജലീലിനെ വെടിവെച്ച് കൊല്ലാൻ ഉപയോഗിച്ച തോക്കുകൾ സറണ്ടർ ചെയ്തത് തിരിച്ചു കിട്ടാൻ പോലീസ് നൽകിയ അപേക്ഷ കൽപ്പറ്റ കോടതി നിരസിക്കുകയും അന്വേഷണ പുരോഗതി ആരായുകയും ചെയ്തിരിക്കുകയാണിപ്പോൾ. കോടതി നടപടി സ്വാഗതാർഹമാണ്. സഖാവ് ജലീലിന്‍റെ സഹോദരൻ സി.പി റഷീദ് നൽകിയ പരാതിയിലാണ് നടപടി. നിയമ പോരാട്ടത്തിൽ കോടതിയിൽ നിന്ന് അന്തിമമായി നീതി ലഭിക്കുമോ ഇല്ലയോ എന്നത് അവരുടെ ജനാധിപത്യ – നീതി ബോധങ്ങൾക്ക് വിടാം. എന്തു തന്നെയായാലും നിയമപരവും രാഷ്ടീയമായ പോരാട്ടങ്ങളും തുടരുകയാണ്.
ഒരു ചോദ്യമേയുള്ളൂ, അത് LDF അണികളോടാണ്. ജനങ്ങളുടെ സോഷ്യലിസ്റ്റ് സ്വപ്നങ്ങൾക്ക് മേൽ വെല്ലുവിളികളുയർത്തി രാജ്യം ഫാസിസ്റ്റ് തേർവാഴ്ച്ചയിലാണ്. “പാർലമെന്‍റ് ഒരു പന്നിക്കൂടാണെന്ന” ലെനിന്‍റെ വാക്കുകൾ അനുസ്മരിപ്പിക്കും വിധം അതിൽ മുക്രയിട്ട് കഴിഞ്ഞ് കൂടുന്നവരെ ഇന്നലെയും നമ്മൾ കണ്ടു. നീരാ റാഡിയ മുതൽ സ്വപ്നമാർ വരെയുള്ളവരെയും യഥാർത്ഥ ഭരണക്കാരെയും നാം കണ്ടു. ഇനിയും ഈ പേക്കൂത്തിന് കൂട്ട് നിൽക്കണോ? സ്വാതന്ത്യ സമരകാലം ഉൾപ്പെടെ ഇന്നേവരെ പൊരുതി മരിച്ച രക്തസാക്ഷികളോട് നമുക്ക് കുറുപുലർത്തേണ്ടതില്ലേ ? ഈ പന്നിക്കൂടുകൾ അതിനൊരു മാർഗമല്ലെന്ന് ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പഴാണ് തിരിച്ചറിയുക?
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail