ഭോപ്പാൽ ജയിലിലെ മനുഷ്യാവകാശലംഘനങ്ങളും വിചാരണാതടവുകാരുടെ നിരാഹാരസമരവും

ഭോപ്പാൽ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് പി എസ് അബ്ദുൽകരീം മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പ്…

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നാളുകളായി തുടരുന്ന പീഡനത്തിനും ഖുര്‍ആനെ അപമാനിക്കുന്നതിനുമെതിരേ മലയാളികളടക്കമുള്ള തടവുകാരുടെ നിരാഹാരസമരം ഒരു മാസം പിന്നിട്ടു.

മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ എന്നിവരുള്‍പ്പെടെ 7 തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. 2016 മുതലുള്ള ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും തടവുകാര്‍ ആവശ്യപ്പെടുന്നു. സിമി കേസില്‍ അറസ്റ്റിലായ ഇവര്‍ പന്ത്രണ്ടു വര്‍ഷമായി വിചാരണത്തടവുകാരായി കഴിയുകയാണ്.

2016 മുതല്‍ 24 മണിക്കൂറും ഏകാന്ത സെല്ലുകളില്‍ കഴിയുന്ന ഇവര്‍ക്ക് ദിനപ്പത്രം, പുസ്തകങ്ങള്‍, എഴുത്ത് സാമഗ്രികള്‍, ജുമുഅ (വെള്ളിയാഴ്ച) നമസ്‌കാരം തുടങ്ങി സാധാരണ തടവുകാര്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യാനോ കത്തയക്കാന്‍ പോലുമോ അനുവാദമില്ല. വിശുദ്ധ ഖുര്‍ആനിനെ അപമാനിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കെപ്പടുകയും ചെയ്യുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2017ല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാർ അനുഭവിക്കുന്ന ശാരീരിക പീഡനവും മാനസിക പീഡനവും നേരിട്ട് മനസ്സിലാക്കുകയും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ചുമത്തിയ ജയില്‍ അവസ്ഥയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ട കമ്മീഷന്‍ തടവുകാരുടെ മൗലികാവകാശം ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ ശുപാര്‍ശ ചെയ്തു. പക്ഷേ, അവയൊന്നും നടപ്പായില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഖുര്‍ആനിനെ അപമാനിക്കുന്ന ഒരു സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് തടവുകാര്‍ നിരാഹാരസമരം ആരംഭിച്ചു. പത്രവാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ജയിലധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തിന്റെ അടിസ്ഥാനത്തില്‍ നിരാഹാരസമരം പിന്‍വലിച്ചു.

എന്നാല്‍ ദുര്‍ബലമായ കാരണം ചൂണ്ടിക്കാട്ടി ആവശ്യങ്ങള്‍ അനുവദിക്കാന്‍ ജയില്‍ ഭരണകൂടം വീണ്ടും വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ജനുവരി പതിനാല് മുതല്‍ നിരാഹാരസമരം പുനരാരംഭിച്ചത്. നിരാഹാരം ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. സമരക്കാര്‍ അവശനിലയിലായതിനെ തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ അടിസ്ഥാനാവശ്യങ്ങള്‍ പോലും അനുവദിക്കാന്‍ അധികാരികള്‍ ഇതുവരെയും തയ്യാറായിട്ടില്ല.

നിയമാനുസൃതം തടവുകാര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ ലഭിക്കുന്നതിന് സത്വര നടപടികളുണ്ടാകണമെന്ന് തടവുകാരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.

ഭോപ്പാൽ ജയിലിലെ വിചാരണാ തടവുകാരെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകൻ റാസിക് റഹീം 2020 നവംബറിൽ ഇങ്ങനെ എഴുതി;

“മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ജയിലാണ് ഭോപ്പാലിലെ അതീവസുരക്ഷാ ജയില്‍. 2016 ഓക്‌ടോബര്‍ 31ന് ജയില്‍ ജീവനക്കാരനെ വധിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ചു എന്നാരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ കൊന്നുകളഞ്ഞത് ഈ ജയിലിലായിരുന്നു…”


റാസിക് റഹീം

ഭോപ്പാലിലെ അതീവ സുരക്ഷാ ജയിലില്‍ വിചാരണ തടവുകാരുള്‍പ്പെടെ 28 പോരാണ് സിമി കേസിലുള്ളത്. ഇവരില്‍ മലയാളികളായ ഷാദുലി, ഷിബിലി, അന്‍സാർ എന്നിവരുമുണ്ട്. 2008 മാര്‍ച്ചിലാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് മൂവരും അറസ്റ്റിലാവുന്നത്. പ്രമുഖ ഐ.റ്റി കമ്പനിയില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഷിബിലിയെ കാണാനായി ചെന്നതായിരുന്നു സഹോദരനായ ശാദുലിയും സുഹൃത്തായ അന്‍സാറും. ഇവര്‍ ഇന്‍ഡോറിലുണ്ടായിരിക്കെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സിമി വേട്ടയില്‍ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യില്‍ അംഗങ്ങളാണ് എന്നതായിരുന്നു അറസ്റ്റിനുണ്ടായ കാരണം.

ഇന്‍ഡോർ ജയിലില്‍ ഇവര്‍ തടവുകാരായി കഴിയവെ രാജ്യത്തങ്ങോളമിങ്ങോളമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2008 ജൂലൈയില്‍ നടന്ന ഗുജറാത്ത് സീരിയല്‍ ബോംബ് സ്‌ഫോടനത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതാണ്. അതേ വര്‍ഷം മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെതിരെ മാസങ്ങള്‍ക്കുശേഷം മറ്റൊരു സംസ്ഥാനത്തു നടന്ന കേസില്‍ ഇവര്‍ പ്രതിയാക്കപ്പെട്ടത്. മുപ്പത്തിയഞ്ചോളം സ്‌ഫോടന ഗൂഢാലോചന കേസുകളാണ് ഇവര്‍ക്കെതിരെ ഗുജറാത്തില്‍ ചുമത്തിയത്. തുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി, കേരളത്തില്‍ വാഗമണ്‍ സിമി കേസ്, മധ്യപ്രദേശില്‍ തന്നെ മറ്റ് ചില കേസുകള്‍ തുടങ്ങിയവ കൂടി ഇവര്‍ക്കെതിരെ ചുമത്തി.
ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതോടെ മധ്യപ്രദേശില്‍നിന്നും ഗുജറാത്തിലെ സബര്‍മതി ജയിലിലേക്ക് ഇവരെ മാറ്റി. 2017 വരെ സബര്‍മതി ജയിലില്‍ വിചാരണ തടവുകാരായി ഇവര്‍ തുടര്‍ന്നു. ജയിലിനകത്തുതന്നെ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തിയിട്ടും കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇനിയും അവസാനിക്കാതെ വിചാരണ അനന്തമായി നീളുകയാണ്.

ഇക്കാലയളവില്‍ വിചാരണക്കെടുത്ത ഹുബ്ലിക്കേസ്, മധ്യപ്രദേശില്‍ തന്നെയുള്ള രണ്ടുകേസുകള്‍ എന്നിവയില്‍ അവരെ വെറുതെ വിടുകയും കേരളത്തിലെ വാഗമണ്‍ കേസില്‍ ലഭിച്ച ആറു വര്‍ഷത്തെ ശിക്ഷ ജയില്‍കാലയളവില്‍ അനുഭവിച്ച് കഴിയുകയും ചെയ്തു.

മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ജയിലാണ് ഭോപ്പാലിലെ അതീവസുരക്ഷാ ജയില്‍. 2016 ഓക്‌ടോബര്‍ 31ന് ജയില്‍ ജീവനക്കാരനെ വധിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ചു എന്നാരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ കൊന്നുകളഞ്ഞത് ഈ ജയിലിലായിരുന്നു. വസ്തുതാന്വേഷണ സംഘങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ ഭരണകൂടഭീകരതക്കെതിരെ രംഗത്തുവന്നെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥർ‌ക്കെതിരെ നടപടിയെടുക്കാന്‍പോലും ജയില്‍ വകുപ്പോ സംസ്ഥാന സര്‍ക്കാരോ സന്നദ്ധമായില്ല. 2016ലെ ഈ കൊലപാതകങ്ങൾ മുതല്‍ ജയിലില്‍ കഴിയുന്ന മറ്റ് സിമി തടവുകാര്‍ ക്രൂരമായ പീഡനങ്ങളാണ് അനുഭവിച്ച് വരുന്നത്.

Like This Page Click Here

Telegram
Twitter