കപട സ്വാതന്ത്ര്യ പ്രഹസനങ്ങളിൽ നിന്നും വിട്ടുനില്‍ക്കുന്നതെങ്ങനെ കുറ്റകൃത്യമാകും?
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാൻ വിസ്സമ്മതിച്ച ഹൃദയരോഗിയായ വൃദ്ധനുള്‍പ്പെടെ 11 തടവുകാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ പുരോഗമന യുവജന പ്രസ്ഥാനം രംഗത്ത്. ഓഗസ്റ്റ് 15ന് വിയ്യൂർ അതിസുരക്ഷ സെൻട്രൽ ജയിലിൽ പരിപാടികള്‍ നടക്കുമ്പോള്‍ ഇവര്‍ ബഹളം വെച്ചുവെന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും ആരോപിച്ചാണ് കാന്‍റീന്‍, വീട്ടുകാരെ വിളിക്കാനുള്ള ഫോണ്‍ എന്നീ സൗകര്യങ്ങളും ജയിലിനുള്ളിലെ സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടത്. ഈ നടപടി രാഷ്ട്രീയ തടവുകാർക്ക് മേൽ കൂടുതൽ കള്ളകേസുകൾ ചാർത്തി കൊടുക്കാനുള്ള ഭരണകൂട താൽപര്യമാണെന്ന് പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പത്രപ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
ഇന്ത്യ എന്നത് ഒരു രാജ്യത്തിന്‍റെ പേരായിരുന്നു, ഇന്നത് ഒരു രോഗത്തിന്‍റെ പേരായിരിക്കുന്നു”
വിമതത്വം ജനാധിപത്യമാണ്….
വിയ്യൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരെ അന്യായമായി പൂട്ടിയിട്ടതിൽ പ്രതിഷേധിക്കുക.
ഓഗസ്റ്റ് 15ന് വിയ്യൂർ അതിസുരക്ഷ സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കാൻ വിസ്സമ്മതിച്ചതിനാണ് ഹൃദയരോഗിയായ സഖാവ് ഇബ്‌റാഹീം , സഖാവ് ഡാനിഷ് അടക്കം പത്തോളം തടവുകാരെ അന്യായമായി പൂട്ടിയിട്ടിരിക്കുന്നത്. സ്വാതന്ത്രദിന പരിപാടികൾ നടന്ന് കൊണ്ടിരുന്നപ്പോൾ ബഹളം വെച്ചുവെന്നും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്നുമുള്ള ജയിൽ അധികൃതരുടെ പൊള്ളയായ വാദത്തെ അതേപടി പകർത്തിയെഴുതി പല മാധ്യമങ്ങളിലും വാർത്തയും വന്നിരുന്നു. അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന രാഷ്ട്രീയ തടവുകാർക്ക് മേൽ കൂടുതൽ കള്ളകേസുകൾ ചാർത്തി കൊടുക്കാനുള്ള ഭരണകൂട താൽപര്യത്തെയണ് ഇത്തരം നീക്കങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
2018 ഒക്ടോബർ 5 ന് അട്ടപ്പാടിയിൽ വെച്ചാണ് സഖാവ് ഡാനിഷ് അറസ്റ്റിലാവുന്നത്. തുടർന്ന് ഡാനിഷിനും കുടുംബത്തിനും നേരേ പലതരം പോലീസ് അതിക്രമങ്ങൾ ഉണ്ടാവുകയും അവ വാർത്തയാവുകയും ചെയ്തിരുന്നു. തുടർന്നിങ്ങോട്ടുള്ള നാളുകളിൽ ജയിലിനകത്ത് അധികൃതരിൽ നിന്നും തടവുകാർക്ക് നേരിടേണ്ടി വന്ന നിരവധി അതിക്രമങ്ങൾക്കെതിരേയും അവകാശ നിഷേധങ്ങൾക്കെതിരേയും നിരന്തരം സമരങ്ങൾ നടത്തിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ മാന്വൽ കോപ്പി അനുവദിക്കണമെന്ന് അവിശ്യപ്പെട്ട് നീണ്ടനാൾ നിരാഹാരസമരം നടത്തുകയും ഒടുവിൽ സഖാവ് ഡാനിഷ് ഉന്നയിച്ച ആവശ്യങ്ങൾ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ജയിലിനകത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന ഉദ്യേഗസ്ഥ പീഡനങ്ങൾക്കെതിരെ ശബ്ദിക്കുന്നതിനാലാണ് ഡാനിഷിന് നേരേ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം നേടി സാങ്കേതിക കാരങ്ങളാൽ ഇപ്പോഴും ജയിലിൽ തുടരുന്ന ഡാനിഷിനെതിരെ ഇപ്പോൾ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ നടപടിയും കള്ള ആരോപണങ്ങളും ഭരണകൂട ഗൂഡാലോചനയാണ്.
ഡാനിഷ് കൂടാതെ 2015ൽ കോഴിക്കോട് നിന്നും അറസ്റ്റിലായ ഹൃദ്രോഗികൂടിയായ സഖാവ് ഇബ്രാഹിമിനേയും അടച്ചിട്ടിരിക്കുകയാണ്. 64 വയസ്സിന് മുകളിൽ പ്രായം ചെന്ന ഇബ്രാഹിന് നിരവധിയായ മറ്റ് വാർദ്ധക്യകാല അസുഖങ്ങളുമുണ്ട്. പ്രായമോ ആരോഗ്യ പ്രശ്നങ്ങളേയോ പരിഗണിക്കാതെ അടച്ചു പൂട്ടിയിട്ടിരിക്കുന്ന ഇത്തരം പ്രാകൃത രീതികൾ ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടവരെ അന്യായമായി തടവിലാക്കുകയും വീണ്ടും അവർക്ക് മേൽ കള്ളകേസുകൾ ചുമത്തി ജീവിതാവസാനം വരെ തടവറയിൽ തന്നെ പൂട്ടിയിടാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും രാഷട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി പോരാടാൻ തയ്യാറാണെമെന്നും ഞങ്ങൾ ആവിശ്യപെടുന്നു.
ആഗസ്റ്റ് 15ലെ പത്രത്തിൽ പ്രധാനപ്പെട്ട തലക്കെട്ടിലൊന്ന് “പ്രശാന്ത് ഭൂഷൺ പ്രതിയാകും” എന്നായിരുന്നു. നിയമ സംവിധാനങ്ങൾ സ്വീകരിക്കന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളോടുള്ള വിമർശനങ്ങൾ നിയമവിരുദ്ധവും രാജ്യദ്രോഹവുമാണെന്ന് കോടതികൾ വിലയിരുത്തുകയും അനീതിയോട് മാപ്പ് പറയാൻ വേണ്ടി നീതിയുടെ പക്ഷം നിൽക്കുന്ന അഭിഭാഷകൻ അധികാര-നിയമസംവിധാനങ്ങൾ ഭീഷണി മുഴക്കി അലറി നിൽക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകരേയും എഴുത്തുകാരേയും അധ്യാപകരേയും അഭിഭാഷകരേയും തുടങ്ങി മർദ്ധിതപക്ഷത്ത് നിൽക്കുന്ന മുഴുവൻ മനുഷ്യരേയും ഫാസിസ്റ്റ് കടന്നാക്രമണങ്ങളിലൂടെ കൊന്നൊടുക്കുകയോ, തടവിലാക്കുകയോ ചെയ്ത് കൊണ്ടിരിക്കുന്ന അധികാരസ്ഥാപനങ്ങളായ കേന്ദ്രം കൈയ്യാളുന്ന ഹിന്ദു ബ്രാഹ്മണ്യവാദ ഫാസിസ്റ്റ് സർക്കാറും അവരോട് അതേ പാതയിൽ തന്നെ വിറളി പിടിച്ച് മത്സരിക്കുന്ന കേരളത്തിലേ സോഷ്യൽ ഫാസിസ്റ്റ് സർക്കാറും ഇരുവരും തടവിലാക്കപ്പെട്ട രാഷ്ട്രീയ പ്രവർത്തകരോടും, തടവ്കാരോടും കാണിച്ച് കൊണ്ടിരിക്കുന്ന ക്രൂരതകൾ പ്രത്യേകിച്ചും, ഈ കൊറോണാ കാലത്ത് അവരുടെ ഫാസിസ്റ്റ് അജണ്ടകൾ എല്ലാ അവകാശങ്ങളേയും അടിച്ചമർത്തി നടപ്പിലാക്കുന്നത് മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ 73 വർഷമായി അരങ്ങേറികൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളുടെ തുടർച്ച കൂടിയാണിത്. സ്വതന്ത്രരല്ല എന്ന് പറയാനുള്ള സ്വാതന്ത്രം പോലുമില്ലാത്ത രാജ്യത്ത് അതിസുരക്ഷാ ജയിലിനകത്ത് തടവിലാക്കപ്പെട്ടവർ ഈ കപട സ്വാതന്ത്ര പ്രഹസനങ്ങളിൽ നിന്നും അതിൻ്റെ ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുമ്പോൾ അത് ഭീകരവാദ പ്രവർത്തനമായി മുദ്രകുത്തുകയും, വലിയ മതിൽ കെട്ടിനകത്തെ അതിസുരക്ഷാ ജയിലിനകത്ത് മറ്റൊരു ജയിലെന്നോണം പൂട്ടിയിട്ടിരിക്കുകയാണ്.
രാജ്യം മുഴുവൻ തടവറയായിരിക്കുകയാണ്. തടവുകാരുടെ അവകാശങ്ങൾ ഉറപ്പിച്ചെടുത്ത് കൊണ്ടല്ലാതെ അവരുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തിപെടുത്തി കൊണ്ടല്ലാതെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം സാധ്യമാകില്ല.
_ സെക്രട്ടറി, പ്രസിഡന്‍റ്
പുരോഗമന യുവജന പ്രസ്ഥാനം
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail