അയ്യന്‍കാളി ജയന്തിയും സവര്‍ണ്ണ സംവരണവും

ഓഗസ്റ്റ് 28. അയ്യന്‍കാളി ജയന്തി… സര്‍ക്കാര്‍ ജോലികളിൽ സവർണ സംവരണത്തിന്(സാമ്പത്തിക സവരണത്തിന്) PSCക്ക് കേരള സർക്കാരിന്‍റെ അനുമതി…

_ വിഷ്ണു പോളി

സാമൂഹ്യമായും സാമ്പത്തികമായും, മർദ്ദിത ജാതി-ജനവിഭാഗങ്ങളിൽ ഉൾപെടുന്നവരുടെ വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾക്കായി ജാതി – ജന്മിത്ത സാമൂഹ്യ വ്യവസ്ഥയോട് കലഹിച്ച, ഒരു ജനതയുടെ വിമോചനത്തിനും, സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും അടിത്തറ പാകിയ പോരാളിയാണ് മഹാത്മ അയ്യന്‍കാളി.

അയ്യന്‍കാളിയോടും കേരളത്തിലെ ആദിവാസി ദളിത് ജനവിഭാഗങ്ങളോടും, അവരുടെ വിമോചന പോരാട്ടങ്ങളോടും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വഞ്ചനാപരമായ നിലപാടുതന്നെയാണ് എല്ലാക്കാലത്തും എടുത്തിട്ടുള്ളത്. ഈ പാർട്ടികളുടെ സവർണ്ണ പക്ഷപാതിത്വവും നിയോലിബറൽ വികസന സങ്കല്‍പങ്ങളും ഈ ജനവിഭാഗങ്ങളെ കൂടുതല്‍ അരികുവൽകരണത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. വർഷത്തിലൊരിക്കൽ ഏതെങ്കിലും ഒരു പ്രത്യേക ദിവസം മാത്രമായി അവർ കാണിക്കുന്ന ഈ ദളിത് സ്നേഹവും അയ്യന്‍കാളി സ്നേഹവുമൊക്കെക്കെ വോട്ടുബാങ്കിനെ മുൻനിർത്തിയുള്ളതാണ്.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരള സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തിക സംവരണം അഥവാ സവർണ്ണ സംവരണം. സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അല്ലെന്നും അത് സമൂഹത്തിലെ അവശ വിഭാഗങ്ങളുടെ സാമൂഹ്യനീതിയും, ഭരണ സംവിധാനങ്ങളിൽ രാഷ്ട്രീയ അധികാര പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യംവച്ചുകൊണ്ടുള്ള സംരക്ഷണാത്മക വിവേചന (Protective Discrimination) പദ്ധതിയാണെന്നും ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടല്ല. സാമ്പത്തിക സംവരണം എന്ന സംഘ്പരിവാർ ആശയം സംവരണം എന്ന തത്വത്തെ തന്നെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള നുറുക്ക് വിദ്യ ആണെന്നും ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടല്ല.

ഇന്നാട്ടിൽ സാമ്പത്തിക അസമത്വവും വിവേചനവും നിലനിൽക്കുന്നുണ്ട്. അതിനുള്ള പരിഹാരം സാമ്പത്തിക സംവരണം അല്ല. നാട്ടിലെ യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുന്നുണ്ട്. അതിനു പരിഹാരവും സാമ്പത്തിക സംവരണം അല്ല. മുതലാളിത്തമാണ് ഈ എല്ലാ പ്രശ്നങ്ങൾക്കും കാരണം. കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരെ കിട്ടാൻ ഒരു വലിയ തൊഴിലില്ലാ പടയെ സൃഷ്ടിച്ച് നിലനിർത്തുക എന്നത് എല്ലാകാലത്തും മുതലാളിത്തത്തിന്‍റെ തന്ത്രമാണ്. ഈ പ്രശ്നങ്ങൾക്ക് ആത്യന്തികമായി ഒരൊറ്റ പരിഹാരം മാത്രമേയുള്ളൂ. അത് മുതലാളിത്ത സാമ്പത്തിക ഘടനയെയും അതിന്‍റെ രാഷ്ട്രീയ രൂപമായ ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയെയും തകർത്തെറിഞ്ഞു കൊണ്ട് സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യവും സ്ഥാപിക്കുക എന്നത് മാത്രമാണ്. തിരുത്തൽ വാദത്തിൽ നിന്നും തുറന്ന് ഭരണവർഗ സേവയിലേക്ക് കാലെടുത്തുവച്ചു കഴിഞ്ഞ സിപിഎമ്മിന്, വിപ്ലവം നടത്തുന്നത് പോയിട്ട് അതിനെപ്പറ്റി ചിന്തിക്കാൻപോലും ഉള്ള ശേഷിയില്ല. അതുകൊണ്ട് അണികളെയും അനുഭാവികളെയും ഒക്കെ വിപ്ലവമല്ല പരിഷ്കരണമാണ് ഈ യുഗത്തിലെ കമ്മ്യൂണിസം എന്ന് പഠിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അവർ. എന്നാൽ അവർ നടത്തുന്ന പരിഷ്ക്കാരങ്ങൾ പോലും ഭരണവർഗ താൽപര്യങ്ങളെ സേവിക്കുന്ന തരത്തിലുള്ളവയാണ്. അതായത് നിയോലിബറൽ കാഴ്ചപ്പാടിലും സവർണ പക്ഷപാതിത്വത്തിലും അധിഷ്ഠിതമായത്.

സിപിഎം, ബിജെപി, കോൺഗ്രസ് തുടങ്ങിയ വഞ്ചകരായ രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കും സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരായ വിപ്ലവകരമായ പോരാട്ടങ്ങളുടെ പാതയിൽ കേരളത്തിലെ ജനങ്ങൾ അണിനിരക്കുക തന്നെ ചെയ്യും.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail