പൊലീസിന്‍റെ ആശയശാസ്ത്രം സംഘ്പരിവാറിന്‍റേത്; ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ മർദ്ദനവും വംശീയ ഉന്മൂലനാത്മക പരാമർശവും നടത്തിയ പോലീസുകാരനെതിരെ ശക്തമായ നടപടി സ്വീകകരിക്കണമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ.-(DSA). ബിലാൽ, അബ്ദുറഹ്മാൻ എന്നീ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ മർദ്ദിച്ച പോലീസിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടു ഡി.എസ്.എ പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ കേരള പൊലീസിന്‍റെ ആശയശാസ്ത്രം സംഘ്പരിവാറിന്‍റേത് ആണെന്ന് വ്യക്തമാക്കുന്നു.

“നീ ഇനി മുസ്ലിം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണ്ട” എന്ന് ആക്രോശിച്ചുകൊണ്ട് പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ എസ്ഐ സുധീഷ്, അബ്ദുറഹ്മാൻ എന്ന വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് മുളക് സ്പ്രേ അടിക്കുകയും, രണ്ടു വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒരേ സമയം കേരള പോലീസിന്റെ മുസ്ലിം വിരുദ്ധതയും ഭരണകൂടത്തിന്റെ മർദ്ദന ഉപകരണമെന്ന പോലീസിന്റെ സ്വഭാവത്തെയും ഇത് തുറന്നുകാട്ടുന്നു.

ലോകത്ത് എല്ലായിടത്തും പോലീസ് സംവിധാനത്തിന്റെ ആശയശാസ്ത്രം ഭരണകൂടത്തിന്റെയും ഭരണവർഗ്ഗങ്ങളുടെയും ആശയശാസ്ത്രമാണ്. അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് കറുത്ത വംശജർക്കെതിരെയുള്ള വിവേചനം ആണെങ്കിൽ, ഇന്ത്യയിൽ അത് മുസ്ലിം – ദളിത് – ആദിവാസി – ട്രാൻസ് വിരുദ്ധതയാണ്. ബലപ്രയോഗത്തിലൂടെ തങ്ങൾക്ക് അനഭിമതരായിട്ടുള്ളവരെയും, വിമതരെയും അടിച്ചമർത്താനും കീഴ്പ്പെടുത്തി അധികാരപരിധിയിൽ തളച്ചിടാനുമാണ് ഭരണകൂടം പോലീസ് സേനയെ ഉപയോഗപ്പെടുത്തുന്നത്. ഈ പ്രക്രിയ സുഗമമാക്കുന്ന ധാർമിക പിന്തുണ എന്ന നിലയിലാണ് ഭരണവർഗ്ഗ ആശയങ്ങൾ പോലീസിന്റെ ആശയങ്ങളായി പ്രവർത്തിക്കുന്നത്.

ഇന്ത്യൻ ഭരണകൂടത്തിന്റെ അടി മുതൽ മുടി വരെ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് ആശയങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. സർക്കാരുകൾ ഏതായാലും പോലീസും, സൈന്യവും, ഉദ്യോഗസ്ഥ സംവിധാനവും, ജുഡീഷ്യറിയും തുടങ്ങി സകലമേഖലകളിലും ഹിന്ദുത്വ ആശയത്തിന്റെ ദുർഗന്ധം നമുക്ക് അനുഭവിച്ചറിയാനാകും. ഇതിൽ ഏറ്റവും പ്രധാനപെട്ട ഒന്നാണ് മുസ്ലിം വിരുദ്ധത. RSS-നെ സംബന്ധിച്ച് കേവലം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അപര നിർമ്മാണ പ്രക്രിയയിലെ ഒരു ഘടകം മാത്രമല്ല മുസ്ലിം വിരുദ്ധത. സംഘടനാ സംവിധാനങ്ങളും ഭരണകൂട സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് മുസ്ലിം വംശഹത്യ നടത്തുക എന്നത് കൂടി അവരുടെ ലക്ഷ്യമാണ്. ഈ പ്രക്രിയയിലേക്ക് പോലീസിനെ ഉൾപ്പെടെയുള്ള മുഴുവൻ ഭരണകൂട -ഉദ്യോഗസ്ഥ സംവിധാനത്തെയും സ്വാംശീകരിക്കുന്നതിന്റെ പ്രകടിത രൂപം മാത്രമാണ് പാലക്കാടും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ആവർത്തിച്ചാവർത്തിച്ച് നാം കാണുന്നത്.

ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പോലീസ് ഉപദേഷ്ടാവായി തുടരുന്ന രമൺ ശ്രീവാസ്തവയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കേരള പോലീസിന്റെ മുസ്ലിം വിരുദ്ധ ചരിത്രവും നമുക്ക് കണ്ടെത്താം. ഇതേ പാലക്കാട് നഗരത്തിലെ പുതുപ്പള്ളി തെരുവിൽ സിറാജുന്നിസ എന്ന 11 വയസ്സുകാരി മുസ്ലിം പെൺകുട്ടി പോലീസിന്റെ വെടിയേറ്റു മരിച്ചത് നമ്മളാരും മറന്നിട്ടില്ല. അന്ന് പാലക്കാട് ഐജിയായിരുന്ന രമൺ ശ്രീവാസ്തവ തന്റെ കീഴുദ്യോഗസ്ഥനോട് “I want the deadbodies of the Muslim bastards” എന്ന് ആക്രോശിക്കുകയായിരുന്നു. ബാബറി പള്ളി പൊളിച്ചതിന്റെ സന്തോഷത്തിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ തെരുവിൽ ആനന്ദ നൃത്തമാടുന്നതിന് അവസരം ഉണ്ടാക്കി കൊടുക്കുകയും, മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത രമൺ ശ്രീവാസ്തവയുടെ അതേ പോലീസ് ചോര തന്നെയാണ് SI സുധീഷിന്റെ ശരീരത്തിലും ഒഴുകുന്നത്. അതുകൊണ്ടുതന്നെയാണ് “നീയൊന്നും ഇനി മുസ്ലിം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണ്ട” എന്ന ‘വംശീയ ഉൻമൂലനാത്മക’ ആക്രോശങ്ങൾ ഉണ്ടാകുന്നത്. വലതുപക്ഷ – ഹിന്ദുത്വ സേവ തൊഴിലാക്കിയ മലയാള മാധ്യമങ്ങൾ ഈ എസ്ഐ-യെ അനുകൂലിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പടച്ചുവിടുന്നത്. തങ്ങൾ പ്രതിസന്ധിയിൽ ആകുമ്പോൾ മാത്രമാണ് ഈ മാധ്യമങ്ങളൊക്കെ വർഗ്ഗീയ വലതുപക്ഷ മാധ്യമങ്ങൾ ആണെന്ന ചിന്ത സ്വയംപ്രഖ്യാപിത ഇടതുപക്ഷത്തിനും അതിന്റെ വാഴ്ത്തു പാട്ട് സംഘങ്ങൾക്കും ഓർമ്മവരുന്നത്. അല്ലാത്തപക്ഷം ഈ മാധ്യമങ്ങളുടെ കഥ വിഴുങ്ങുന്നതിന് ഇക്കൂട്ടർക്ക് യാതൊരു മടിയും കാണില്ല.

ആർഎസ്എസ് നയങ്ങൾ അവരെക്കാൾ നന്നായി കേരളത്തിൽ നടപ്പിലാക്കുന്നതിൽ പിണറായി വിജയൻ സർക്കാർ ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. യുഎപിഎ വിഷയത്തിലും വ്യാജ ഏറ്റുമുട്ടൽ കൊലകളിലും ഇത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. പ്രതിസന്ധിയിൽ ആകുമ്പോൾ, ‘ഭരണകൂടം വേറെ സർക്കാർ വേറെ’ എന്ന് വാചാടോപം നടത്തുന്നതും, അല്ലാത്തപ്പോൾ ‘എല്ലാം ഞങ്ങൾ ശരിയാക്കിത്തരാം’ എന്ന് വീമ്പടിക്കുന്നതും കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. തിരുത്തൽവാദത്തിന്റെ ചെളിക്കുണ്ടിൽ കിടന്നു ഉഴലുന്ന ഇക്കൂട്ടർ മാർക്സിസത്തെ അവരുടെ സൗകര്യത്തിനനുസരിച്ച് വെള്ളം ചേർത്തും, രൂപം മാറ്റിയും ഉപയോഗിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം.

ഈ ഇരട്ടത്താപ്പൻ സർക്കാരിന് കീഴിൽ 8 വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഉൾപെടെ 46 പോലീസ് കസ്റ്റഡി കൊലപാതകങ്ങൾ, ഉണ്ടായിട്ടുണ്ട്. ജനകീയസമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു. പോസ്റ്റർ ഒട്ടിച്ചതിനും പുസ്തകം വായിച്ചതിനും യുഎപിഎ ചുമത്തുന്നു. ഒട്ടു മൊത്തത്തിൽ കേരളം ഒരു പോലീസ് രാജ് ആയി മാറിയിരിക്കുന്നു. പോലീസിനെ നയിക്കുന്നത് ബ്രാഹ്മണ്യ ഹിന്ദുത്വ ആശയങ്ങളും.

ഇതു തിരിച്ചറിഞ്ഞ് കേരളത്തിലെ വിദ്യാർത്ഥികളും യുവാക്കളും, മുഴുവൻ പുരോഗമന ശക്തികളും മാറ്റത്തിനുവേണ്ടിയുള്ള പാതയിൽ അണിനിരക്കണമെന്നും പുതിയൊരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാനായി പോരടണമെന്നും ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail