ഇന്ത്യന്‍ ജുഡീഷ്യറിയുടെ ദലിത് വിവേചനങ്ങള്‍
ഫാഷിസ്റ്റ് കാലഘട്ടത്തിൽ സവർണ്ണ സ്വരൂപങ്ങളുടെ വീണ്ടെടുപ്പ് ഒരു പുതിയ കാര്യമല്ല. കാരണം പൂർവ്വകാല മിത്തുകളിൽ അഭിമാനം കൊള്ളുക എന്നത് ഫാഷിസത്തിന്‍റെ മുഖമുദ്രയാണ്. ‘കർണാടക രാഗത്തിലുള്ള ചിദംബരേഷിന്‍റെ ‘വെജിറ്റേറിയൻ പ്രകീർത്തനം, ‘മോഡിയൻ ഭരണകാലത്തെ അളന്നു കുറിച്ചുള്ള പ്രസ്താവന എന്നല്ല പറയേണ്ടത് അവർണ്ണ ജനതയോടുള്ള വെല്ലുവിളി എന്നാണ് പറയേണ്ടത്. പോറ്റിയുടെ കോടതിയിൽ പുലയന് നീതി കിട്ടില്ല എന്നത് ‘സ്വതന്ത്ര’ ഇൻഡ്യയിൽ ചിദംബരേഷുമാർ അരങ്ങ് വാഴുന്ന നാട്ടിൽ സത്യമാണ്…
റെനി ഐലിന്‍
ചിദംബരേഷ് ന്യായാധിപന്‍റെ ബ്രാഹ്മണ സ്തുതി പരിശോധിക്കുമ്പോൾ ഇന്ത്യൻ ജുഡീഷ്യറി നടത്തിയ ദലിത് വിവേചനങ്ങളുടെ ചരിത്രം പരിശോധിക്കാം. കീഴ്വെൺമണി, ബഥാനിഥോല, ലക്ഷ്മൻപൂർ ബാഥേ, സുണ്ടൂർ, കമ്പലപള്ളി, ശങ്കർബിഘ, വില്ലുപുരം, മാഞ്ചോലൈ, രാമനാഥപുരം തുടങ്ങിയ ദലിത് കൂട്ടക്കൊലകളുടെ പ്രതിസ്ഥാനത്ത് ജാതി ഹിന്ദുക്കളാണ്. പക്ഷേ ഇരകളായ ദലിതർക്ക് നീതി കിട്ടിയില്ല.
1993ലെ കണക്കനുസരിച്ച് 21 ഹൈക്കോടതികളിൽ 14 എണ്ണത്തിലും ദലിത് ജഡ്ജിമാരില്ല. സുപ്രീം കോടതി ജഡ്ജിമാരിൽ 4 പേർ മാത്രമാണ് ദലിത് സമുദായത്തിൽ നിന്നുള്ളവർ. 15 വർഷക്കാലത്തിനിടയിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ടവരിൽ 373 പേരുടെ വിവരങ്ങൾ അപഗ്രഥന വിധേയമാക്കിയ ഡൽഹി സർവ്വകലാശാല വിദ്യാർഥികളുടെ ഒരു പഠനത്തിൽ 93.5% പേരും ദലിതരോ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരോ ആണ്. അഫ്സൽ ഗുരുവിന്‍റെ വധശിക്ഷ വിധിയിൽ വേണ്ടത്ര തെളിവുകളില്ലെങ്കിലും അദ്ദേഹത്തെ തൂക്കിക്കൊന്നാൽ മാത്രമേ’ സമൂഹത്തിന്‍റെ പൊതുബോധത്തിന് തൃപ്തി വരു’ എന്ന വാചകം മറക്കരുത്.
ഇന്ത്യൻ ജുഡീഷ്യറിയിലെ സംവരണത്തെപ്പറ്റിയുള്ള പഠന റിപ്പോർട്ട് 2011ൽ ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷൻ പുറത്ത് വിടുമ്പോൾ 850 ജഡ്ജിമാരിൽ SC- ST വിഭാഗത്തിൽ നിന്ന് 24പേർ മാത്രമാണ്. അതേ റിപ്പോർട്ടിൽ സുപ്രീം കോടതിയിൽ 31 ന്യായാധിപന്മാരിൽ ഒരാൾ പോലും പ്രസ്തുത വിഭാഗത്തിൽ നിന്നില്ല. 5 -10 വരെ വർഷം കാലാവധിയുണ്ടായിരുന്ന ഛത്തീസ്ഗഢിലെ SC- ST സമുദായക്കാരായ 17 ജഡ്ജിമാർ ഹൈക്കോടതിയിലേക്ക് ഉയർത്തപ്പെടേണ്ട അവസരത്തിൽ പിരിച്ചുവിടപ്പെട്ടു.
കമ്മീഷൻ ബോംബെ ഡൽഹി ഹൈക്കോടതികളെക്കുറിച്ച് പറയുന്നത് നോക്കു ‘കഴിഞ്ഞ 61 വർഷങ്ങളായി സംവരണ നയം പിന്തുടരുന്നില്ല’ എന്നാണ്. നിയമനങ്ങൾ നടക്കുന്നത് രാജ്യത്തെ ഒരു ശതമാനം പോലും വരാത്ത വരേണ്യ സവിശേഷ കുടുംബങ്ങളിൽ നിന്നാണ്. പരമ്പരാഗത അധികാരക്കൈമാറ്റത്തെ അനുസ്മരിപ്പിക്കുന്ന ഫ്യൂഡൽ വ്യവസ്ഥിതിയെ ഇന്നും നിലനിർത്തുന്ന രീതി തന്നെയാണ് അവലംബിക്കുന്നത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്ന ജഡ്ജിമാരുടെ കുടുംബാംഗങ്ങളും സുഹൃദ്‌വലയങ്ങളിലുള്ളവരുമാണ് ഈ തൊഴിൽ സാധ്യതാ പട്ടികയിലെ സ്ഥിരാംഗങ്ങൾ. (1993ലെ അഡ്വക്കേറ്റ്സ് ഓൻ റെക്കോഡും യൂണിയൻ ഓഫ് ഇൻഡ്യയും തമ്മിലുളള കേസിൽ ജസ്റ്റിസ് രത്നവേൽ പാണ്ഡ്യൻ നടത്തിയിട്ടുള്ള പരാമർശങ്ങൾ ഈ അവസരത്തിൽ സ്മരണീയമാണ്).
ഫാഷിസ്റ്റ് കാലഘട്ടത്തിൽ സവർണ്ണ സ്വരൂപങ്ങളുടെ വീണ്ടെടുപ്പ് ഒരു പുതിയ കാര്യമല്ല. കാരണം പൂർവ്വകാല മിത്തുകളിൽ അഭിമാനം കൊള്ളുക എന്നത് ഫാഷിസത്തിന്‍റെ മുഖമുദ്രയാണ്. ‘കർണാടക രാഗത്തിലുള്ള ചിദംബരേഷിന്‍റെ ‘വെജിറ്റേറിയൻ പ്രകീർത്തനം, ‘മോഡിയൻ ഭരണകാലത്തെ അളന്നു കുറിച്ചുള്ള പ്രസ്താവന എന്നല്ല പറയേണ്ടത് അവർണ്ണ ജനതയോടുള്ള വെല്ലുവിളി എന്നാണ് പറയേണ്ടത്. പോറ്റിയുടെ കോടതിയിൽ പുലയന് നീതി കിട്ടില്ല എന്നത് ‘സ്വതന്ത്ര’ ഇൻഡ്യയിൽ ചിദംബരേഷുമാർ അരങ്ങ് വാഴുന്ന നാട്ടിൽ സത്യമാണ്.
*ലേഖനം തയ്യാറാക്കുന്നതിൽ ചില വിവരങ്ങൾ എടുത്തത് 2015ൽ മുംബൈയിൽ അനുരാധ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തിയ മീന കന്ദസാമിയുടെ പ്രഭാഷണത്തിൽ നിന്നാണ്.
Cover: Art By_ Sabari