ദുർബല ജനതയുടെ സാമൂഹ്യ ഉന്നമന പദ്ധതികളെ തകർക്കുന്ന ഭരണകൂട നീക്കം ആപത്ത്

രിഹാബ് ഇന്ത്യ ഫൗണ്ടേഷൻ പോലുള്ള സാമൂഹികപ്രവർത്തനങ്ങൾക്കുള്ള ധനസമാഹാരണത്തിനുള്ള അവസരം പോലും സംഘ്‌ പരിവാറിന്റെ ഔദാര്യത്തിൽ മാത്രം സാധ്യമാവുന്ന അപകടകരമായ സാഹചര്യത്തെ ധീരമായി തുറന്നെതിർക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു…
_ മത സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സംയുക്ത പ്രസ്താവന

മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘടനകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്ക് നിയമസാധുത നൽകാൻ ഗവർൺമന്റ്‌ ഏജൻസികളെ ഉപയോഗിച്ച് നടത്തിവരുന്ന ദുരൂഹവും അന്യായവുമായ സാമ്പത്തിക ദുരാരോപണങ്ങളും ഇഡി, ഐടി വേട്ടകളും പ്രതിഷേധാർഹവും അപലപനീയവുമാണ്.

മുസ്‌ലിം സമുദായത്തിന്റെ സ്വയം ശാക്തീകരണശ്രമങ്ങളെ പോലും അപകീർത്തിപ്പെടുത്തി തകർക്കാനുള്ള സംഘ്‌ പരിവാർ നയത്തിന്റെ ഭാഗമാണ് ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന രിഹാബ്‌ ഇന്ത്യാ ഫൗണ്ടേഷന് നേരെയുള്ള ഇഡി വേട്ട. ഉത്തരേന്ത്യയിലുടനീളം പിന്നാക്ക മുസ്‌ലിം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നു വരുന്ന വിവിധ മുസ്‌ലിം സാമൂഹിക ശാക്തീകരണപദ്ധതികൾക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ല.

സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിൽ വിവിധ സർക്കാരുകൾ നടത്തിയ ക്രൂരമായ വിവേചനങ്ങളെ മറികടക്കാനുള്ള ശ്രമമെന്ന നിലയിൽ മുസ്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രൂപപ്പെട്ട് വന്ന സ്വയം ശാക്തീകരണ ഉദ്യമങ്ങളെ ഉന്നം വെക്കുന്ന നികൃഷ്ടമായ സംഘ അജണ്ട ന്യൂനപക്ഷകളുടെ അന്തസ്സോടെ ജീവിക്കാൻ ഉള്ള അവകാശങ്ങളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണ് രിഹാബ് ഫൗണ്ടേഷനെതിരെയും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. രിഹാബ് ഇന്ത്യ ഫൗണ്ടേഷൻ പോലുള്ള സാമൂഹികപ്രവർത്തനങ്ങൾക്കുള്ള ധനസമാഹാരണത്തിനുള്ള അവസരം പോലും സംഘ്‌ പരിവാറിന്റെ ഔദാര്യത്തിൽ മാത്രം സാധ്യമാവുന്ന അപകടകരമായ സാഹചര്യത്തെ ധീരമായി തുറന്നെതിർക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

അബ്ദുശ്ശക്കൂർ ഖാസിമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അലിയാർ ഖാസിമി, ജെന്നി റൊവേന,
സി.കെ.അബ്ദുൽ അസീസ്, സി.പി.മുഹമ്മദ് ബഷീർ, ബിജു ഗോവിന്ദ്, ഡോ: വർഷ ബഷീർ, അംബിക. പി, അഡ്വ.തുഷാർ നിർമൽ, സജീദ് ഖാലിദ്, ഷംസുദ്ദീൻ മന്നാനി, അംജദ് അലി ഇ.എം, എ.എസ് അജിത് കുമാർ, രൂപേഷ് കുമാർ, ഡോ.പി.എം ഇസ്ഹാഖ്, അഹ്‌മദ് ശരീഫ്. പി, ബി.എസ് ബാബുരാജ്, ജവാദ് മുസ്തഫവി, അഡ്വ.എം.കെ.ഹരികുമാർ, സുദേഷ് എം രഘു, വസീം ആർ.എസ്, ഷമീമ സക്കീർ, വിളയോടി ശിവൻകുട്ടി, പ്രശാന്ത് കോളിയൂർ, അഡ്വ.എസ്.ഷാനവാസ്, റാസിഖ് റഹീം, റഈസ് ഹിദായ, സമീർ ബിൻസി, നാസർ മാലിക്ക്, പ്രശാന്ത് സുബ്രമണ്യൻ, റഷീദ് മക്കട, എ.എം.നദ്‌വി, മാലിക്ക് വീട്ടിക്കുന്ന്.

Follow | Facebook | Instagram Telegram | Twitter