ഭരണ തുടർച്ച ഫാഷിസത്തിലേക്കുള്ള ചവിട്ടുപ്പടിയാണോ?


അജിതൻ സി എ

ഈ വരുന്ന തെരഞ്ഞെടുപ്പ് എല്ലാതരത്തിലുള്ള ചേരുവകളും ചേർന്നൊഴുകുന്ന മലിനമാക്കപ്പെട്ട ഒരു വ്യവസ്ഥിതിയുടെ തുടർച്ചയാണ്. ഈ തുടച്ചയിൽ “ഭരണതുടർച്ച” വേണ്ടെന്ന് പറയുന്നവരുടെ ഒരു നിരയുണ്ട്. രാഷ്ട്രീയ വ്യവഹാരങ്ങൾക്കപ്പുറം പക തീർക്കാൻ മാത്രമായി അങ്കം കുറിച്ചവരും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. “ബദലുകൾ”ക്കായും ചില മുന്നണികളും തങ്ങളാൽ കഴിയുംവിധം കച്ചവരിഞ്ഞു മുറുക്കിയിട്ടുണ്ട്. ദളിത്/സ്ത്രീപക്ഷ/പരിസ്ഥിതി/പൗരാവകാശ/മനുഷ്യാവകാശ/സമരപക്ഷ മുന്നണികളും തങ്ങളാൽ ആവുന്നിടത്തോളം ഈ മലിനമാക്കപ്പെട്ട വ്യവസ്ഥിതിയിലെ ചേരുവകളിൽ കാലുറപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്.

“തുടര്‍ച്ചയല്ല, മാറ്റമാണ് ജനാധിപത്യം, Stabiltiyയല്ല, Unstabilityയാണ് ജനാധിപത്യത്തിന് അഭികാമ്യം. അതില്‍ നിന്നേ പുതിയവ ജനിക്കൂ. നയങ്ങളില്‍ കേരളത്തില്‍ ഏതുകാലത്തും നിലനില്‍ക്കുന്നത് ഭരണത്തുടര്‍ച്ചയാണ്. അതു മാറണം. ഭരണാധികാരികളുടെ തുടര്‍ച്ചയും ജനാധിപത്യത്തിന് അനുഗുണമല്ല. ശക്തനായ ഭരണാധികാരി എല്ലാം ചെയ്തുതരുന്നതല്ല ജനാധിപത്യം…” – ഇങ്ങനെ പോകുന്നു സണ്ണി എം കപികാടിന്റെ വർത്തമാനങ്ങൾ. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇമ്മാതിരിയുള്ള വർത്തമാനങ്ങൾ ആരെ തെരഞ്ഞെടുക്കണമെന്നുകൂടി വിശദീകരിക്കാനുള്ള ബാധ്യത പറയുന്ന ആളുകൾക്ക് ഉണ്ടാകണം. “പ്രായം കൂടിയവർ നാട്ടുകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഇനി മുതൽ ഇടപെടേണ്ടതില്ല പുതിയ തലമുറയ്ക്ക് വഴി മാറികൊടുക്കണം” എന്നൊക്കെയുള്ള വാദവും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തുടർച്ച ഒരു ചീത്തകാര്യമല്ല അത് എന്തിന് വേണ്ടി എന്നുള്ളതാണ് പ്രധാന കാര്യം.

“ഭരണതുടർച്ച” ഫാഷിസത്തിലേയ്ക്കുള്ള ഒരു ചവിട്ടു പടിയാണോ? അങ്ങനെയാണെങ്കിൽ ഇന്ത്യയിലെ ഫാഷിസത്തിന്റെ പ്രായമെത്രയാണ്. മോദിയിലൂടെയാണൊ ഇന്ത്യൻ ഫാഷിസം രൂപപ്പെട്ടത്? ഇന്ത്യയിൽ ഇമ്മാതിരിയുള്ള സവർണ്ണ ഹിന്ദുത്വ ഫാഷിസത്തിന്റെ വേരുകൾ പടർന്നു പന്തലിക്കാൻ ഇടവരുത്തിയ ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ സാമൂഹ്യ അടിത്തറ നമുക്ക് മായ്ച്ചുകളയാൻ കഴിയുമോ? ഈ തുടർച്ചയായ പാർലമെന്ററി തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെയാണ് ഇതെല്ലാം ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ സാധ്യമാക്കിയെടുത്തിട്ടുള്ളത്.
ചൂണ്ടുവിരലിൽ മഷി പുരണ്ടതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും സാധ്യമാവുകയില്ല. അങ്ങനെ ഒരാഗ്രഹം വെച്ച് പുലർത്തുന്നവർ ഫലത്തിൽ ആ അഴുകിയ മലിനജലത്തിലെ അവസാനമെത്തിച്ചേരുന്ന ജലകണികയായി ഒഴുകി ചേരുകയേയുള്ളു.

കമ്മ്യുണിസ്റ്റുകൾ തുടർച്ചയിലൂടെ തന്നെയാണ് സാമൂഹ്യപരിവർത്തനത്തെ ലക്ഷ്യംവെക്കുന്നത്.
ഭരണം പിടിച്ചെടുക്കാനും അത് നിലനിർത്താനും തുടച്ചയായ വർഗ്ഗസമരങ്ങളിലൂടെ ഭരണസിരാകേന്ദ്രങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനായുള്ള ഒരു ലോകവീക്ഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സുശക്തമായ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ഭരണതുടർച്ച കമ്മ്യുണിസ്റ്റുകളുടെ അടിസ്ഥാന ആവശ്യമാണ്. കമ്മ്യുണിസ്റ്റുകൾ എന്നുവച്ചാൽ യഥാർത്ഥ കമ്മ്യുണിസ്റ്റുകളായിരിക്കണം ഭരണത്തിൽ വരേണ്ടത്. അതിന് അല്പം വഴിവിട്ട ചിന്തയും പ്രയോഗവും വേണ്ടിവരും. “പന്നികൂടായി” മാറിയിട്ടുള്ള പാർലമെന്ററി തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ അത് സാധ്യമാവുകയുമില്ല. രണോത്സുകമായ വർഗ്ഗസമരങ്ങളിലൂടെ മാത്രമേ കേരളത്തെ – ഇന്ത്യയെ അതുവഴി ലോകത്തെ പുതിക്കിപ്പണിയാൻ കഴിയൂ.

ആത്യന്തികമായി ഭരണകൂടവും പാർട്ടിയും ഇല്ലാതാകുന്ന ഒരു ലോകക്രമം സാധ്യമാകണമെങ്കിൽ ഭരണ തുടർച്ചയിലൂടെ മാത്രമേ സാധ്യമാകൂ. ഇവിടെയാണ് പരിഷ്കരണവാദത്തിന്റെ പോരായ്മകൾ. അവർക്ക് ഭരണകൂടത്തെ കാണുമ്പോൾ ഭരണാധികാരികളെ കാണില്ല ഭരണാധികാരികളെ കാണുമ്പോൾ ഭരണകൂടത്തേയും കാണാൻ കഴിയില്ല. ഇത്തിരിപോലും മാറ്റമില്ലാതെ ഓരോ അഞ്ചുവർഷത്തിലും തുടർന്നുകൊണ്ടേയിരിക്കുന്ന ഏറ്റവും കാപട്യം നിറഞ്ഞ ഒരു സമ്പ്രദായമാണ് പാർലമെന്ററി തെരഞ്ഞെടുപ്പ് സമ്പ്രദായം. ഈ വക കാര്യങ്ങളിലൂടെ എങ്ങിനെയാണ് ഒരു മാറ്റം സാധ്യമാവുക. അഥവാ മാറിയാൽ തന്നെ എവിടെവരെയെത്തും. പരിഷ്കരണവാദം തീവ്ര വലതുപക്ഷത്തേയ്ക്കുള്ള ആറുവരിപാതയാണ്.

Like This Page Click Here

Telegram
Twitter