“രാജ്യസ്നേഹ” ഫാക്റ്ററിയിൽ പണിയെടുത്ത രാജീവ് ശർമ്മ


റെനി ഐലിന്‍

ചൈന അതിർത്തി കടന്നു വന്ന അന്നു മുതൽ ഇടതുപക്ഷക്കാർക്കു കിടക്കപ്പൊറുതിയില്ലായിരുന്നു. ഭാഗ്യത്തിന് പാകിസ്ഥാനുമായി പ്രശ്നം ഉണ്ടായില്ല; അല്ലെങ്കിൽ മുസ്‌ലിങ്ങൾ ഇന്ത്യക്കാരെന്നു തെളിയിക്കാൻ പാടുപെടുന്ന കാഴ്ച കാണേണ്ടി വരുമായിരുന്നു. സംഭവം ചാരവൃത്തിയാണ്. ഇപ്പോൾ ചൈനയ്ക്കു വേണ്ടി പണിയെടുത്ത് അറസ്റ്റിലായ സനാതന ധർമി രാജീവ് ശർമ്മ വിവേകാനന്ദ ഫൗണ്ടേഷന്‍റെ സഹകാരിയാണെന്ന് പറയുമ്പോൾ; ഇന്ന് സകലമാന തരികടകളുടെയും ഉപജ്ഞാതാവായ അജിത് ഡോവൽ ആണ് ഇതിന്‍റെ സ്ഥാപക ഡയറക്റ്റർ എന്നത് മറക്കരുത്.

കള്ളത്തരം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററി ആണ് ഈ ഫൗണ്ടേഷൻ. ഇതിനോട് ബന്ധപ്പെട്ട ഒരു സംഭവം പറയാം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് സ്വാമി അഗ്നിവേശും വത്സൻ തമ്പുവും എഴുതിയ ‘ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ് ഗുജറാത്ത് അണ്ടർ സീജ്’ എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ തന്നെ ചർച്ചയായതാണ്. അതിന്‍റെ തലക്കെട്ട് പകർത്തി ‘ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ് കണ്ടമാൽ ഇൻ ക്രോസ് ഫയർ’ എന്ന പേരിൽ മൈക്കിൾ പാർക്കർ എന്ന അമേരിക്കൻ നരവംശശാസ്ത്രജ്ഞന്‍റെ എന്ന പേരിൽ RSS അനുകൂല പുസ്തകo പ്രസിദ്ധീകരിച്ചു.

എന്നാൽ അങ്ങനൊരു പാർക്കർ ഇല്ല എന്ന് മാത്രമല്ല പുസ്തകത്തിലെ അഡ്രസ് അന്വേഷിച്ച് ചെന്നെത്തിയത് മോഡിയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ മകന്‍റെ ഫ്ലാറ്റിലാണ്. BJP നേതാവ് നിർമ്മല സീതാരാമനാണ് പ്രസാധകക്കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ഇൻഡ്യാ ഫൗണ്ടേഷൻ’ എന്ന RSS നുണ ഫാക്ടറി പ്രവർത്തിക്കുന്നത് ഈ ഫ്ലാറ്റിലാണ്. ഈ വ്യാജപുസ്തകം RSS ഇൻഡ്യയിലെ എല്ലാ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്കും കൃത്യമായ ആസൂത്രണ മികവോടുകൂടി കൈകളിലെത്തിച്ചിരുന്നു. ‘(ഹു കിൽഡ് സ്വാമി ലക്ഷ്മാണാനന്ദ’ എന്ന പുസ്തകത്തിൽ ആന്‍റോ അക്കര ഈ സംഗതി വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്). ഇതുപോലൊരു ‘രാജ്യസ്നേഹ ഫാക്റ്ററി’യിൽ പണിയെടുത്ത രാജീവ് ശർമ്മയാണ് ഇന്ത്യയുടെ രാജ്യരഹസ്യങ്ങൾ യുദ്ധത്തിന്‍റെ കാർമേഘം മൂടിയ ഈ വേളയിൽ ചൈനക്ക് കൈമാറിയത്.

വാൽക്കഷ്ണം:- എന്തായാലും രാജീവ് ശർമ്മ എന്ന പത്തരമാറ്റ് തനിത്തങ്ക൦ ആകെ മുക്ക് പണ്ടമാണെന്നു തെളിഞ്ഞ സ്ഥിതിക്ക് ഇതിൽ നിന്ന് കരകയറണമെങ്കിൽ ആലുവ കുന്നിലെ ഗുഹയിൽ നിന്ന് പിടികൂടിയ അൽ ഖായിദ കനിയണം.
#SocialMedia

Like This Page Click Here

Telegram
Twitter