ഭൂത്താളി; ആദിവാസിയുടെ കഥ


ബിനു എം

അട്ടപ്പാടിയെ കുറിച്ചായതുകൊണ്ട് വായിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു പുസ്തകമാണ് രാമചന്ദ്രൻ അത്തിപ്പറ്റയുടെ ‘ഭൂത്താളി’. 1955 കാലഘട്ടത്തിൽ അട്ടപ്പാടിയിലെ കാട്ടുചോലകളും പുഴകളും പക്ഷിമൃഗാദികളും കാടിന്‍റെ മക്കളായ ആദിവാസി ജനതയും ആ പ്രദേശത്തിന്‍റെ നിരന്തരമായി മാറിമാറി വരുന്ന ഒരു വർണ്ണാഭമായ കാഴ്ചയാണ് ‘ഭൂത്താളി’യിൽ നിന്നും എനിക്ക് അനുഭവമായത്.

എത്രത്തോളം ക്ലേശകരമായ ജീവിത രീതിയാണ് എന്‍റെ പൂർവികരായ അവർ നയിച്ചിരുന്നതെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പക്ഷെ അവർ ആ ജീവിതരീതിയിൽ സന്തുഷ്ടരായിരുന്നു. ഞാൻ ജനിച്ചു വളർന്ന തുടുക്കി ഊരിനെ കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഒരുപാട് അഭിമാനം തോന്നിയ നിമിഷം. കാരണം മനുഷ്യത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകങ്ങളായ മുദ്ദ മൂപ്പന്‍റെയും ഭോജ മൂപ്പന്‍റെയും പൂർവ്വികരാണ് ഞങ്ങളെന്ന് ഓര്‍ക്കുമ്പോൾ.

അട്ടപ്പാടിയിലേക്ക് സ്വമേധയാ പോസ്റ്റ്‌ വാങ്ങിയ ഒരു ക്ലർക്കിന്‍റെയും അയാളുടെ സഹപ്രവർത്തകനായ സുഹൃത്തിന്‍റെയും സന്തോഷകരമായതും ദുരിതം നിറഞ്ഞതുമായ അനുഭവങ്ങളുമാണ് ഈ നോവലിൽ മുഴുവനും. നാളയുടെ ജീവിതം മനസ്സിൽ കണ്ട് അന്തിയുറങ്ങിയ ഒരു ഊരിലുള്ളവരെല്ലാം ഉരുൾ പൊട്ടൽമൂലം ജീവനോടെ മണ്ണിൽ മൂടപ്പെട്ട ദുരിതകരമായ കഥ ഭൂത്താളിയിലൂടെ പറയുന്നുണ്ട്. ഇഷ്ടമുള്ളയിടത്ത് മാറിമാറി കൃഷി ചെയ്‌തും ആചാര അനുഷ്ഠാനങ്ങൾ പാലിച്ചും സ്വാതന്ത്ര്യത്തോടെയും ഒരിക്കൽ കാടിന്‍റെ മക്കൾ ജീവിച്ചിരുന്നു. കാട്ടിലൂടെ സഞ്ചാരിച്ചും വേട്ടയാടിയും ജീവിച്ചിരുന്ന കാലം. സന്തുഷ്ടരായിരുന്നു ആദിവാസികൾ. നാളെയെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല അന്നന്നുള്ള സൗഭാഗ്യത്തിൽ ജീവിച്ചു. അവരുടെ സ്വർഗ്ഗതുല്യമായ ജീവിതത്തിലേക്ക് കടന്നുകയറിയവരാണ് അവരുടെ ലോകത്തെ നരകമാക്കി മാറ്റിയതെന്ന് ‘ഭൂത്താളി’ പറയുന്നു.

ഇന്ന് അട്ടപ്പാടി ഒരുപാട് മാറി. ഒരുപാട് വികസനങ്ങൾ വന്നു. കാടിന്‍റെ മക്കളായ ആദിവാസികളുടെ ജീവിത രീതിയിൽ വലിയ മാറ്റങ്ങൾ വന്നു. പണ്ടത്തെ പോലെ കൃഷിയില്ല, ആരോഗ്യകരമായ ഭക്ഷണം ഇല്ല, ശിശുമരണം, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. ഒന്നിനും ഒരു മാറ്റമില്ല. കാടിന്‍റെ മക്കളെ കടിറക്കാൻ നിരന്തരം ശ്രമിക്കുന്നവർ, ആദിവാസികളെ ചൂഷണം ചെയ്യുന്നവർ, കൂട്ടത്തോടെ തല്ലി കൊല്ലുന്നവർ, കാടിന്‍റെ മക്കൾക്ക് കാടുകളിൽ ജീവിക്കാൻ അവകാശമില്ലേ? അന്നും ഇന്നും കാടിന്‍റെ മക്കളുടെ ദുരിതകരമായ ജീവിതത്തിന് സാക്ഷിയായി മല്ലീശ്വരൻമുടി മാത്രം…

Like This Page Click Here

Telegram
Twitter