ഇളയിടം ഇന്നേവരെ നിഖാബണിഞ്ഞ ഒരു സ്ത്രീയോടു സംസാരിച്ചിട്ടുണ്ടോ ?

നിഖാബ് തിരഞ്ഞെടുക്കുന്ന മുസ്‌ലിം സ്ത്രീകൾ ഒക്കെ മത തീവ്രവാദികളുടെ കയ്യിലെ പാവകൾ മാത്രമാണോ ? ഇളയിടം ഇന്നേ വരെ നിഖാബണിഞ്ഞ ഒരു സ്ത്രീയോടു സംസാരിച്ചിട്ടുണ്ടോ ? അവരുടെ തിരഞ്ഞെടുപ്പ്, ജീവിതാവബോധം ഇവയുടെ വ്യത്യാസത്തെ മാനിക്കാൻ തയ്യാറാകാത്ത താങ്കൾ ഒരു ടോറ്റലിറ്റേറിയൻ പുരുഷൻ മാത്രമല്ലേ  ?


ഉമ്മുല്‍ ഫായിസ

യാതൊരു ഏജൻസിയും ഇല്ലാത്ത അടിച്ചമർത്തപ്പെട്ട നിഖാബണിഞ്ഞ മുസ്‌ലിം സ്ത്രീ, നിത്യേനെ മുസ്‌ലിം സ്ത്രീകളെ അടിച്ചമർത്തുന്ന മുസ്‌ലിം പുരുഷൻ, നിത്യഹരിതമായ മത തീവ്രവാദം തുടങ്ങിയ എസൻഷ്യലിസ്റ്റ് സങ്കൽപങ്ങൾ ഇല്ലെങ്കിൽ തീരാവുന്നതാണ് സുനിൽ പി ഇളയിടത്തിന്റെ നിഖാബ് വിമർശനം.

നിഖാബണിയുന്ന മുസ്‌ലിം സ്ത്രീക്ക് വ്യക്തി സ്വാതന്ത്ര്യം അനുവദിക്കാൻ കഴിയില്ലായെന്ന ഇളയിടത്തിന്റെ ഈ നിലപാട് പുരുഷാധിപത്യത്തിന്റെ ഭാഗമല്ലേ ?

പുരുഷാധിപത്യത്തിനൊരു മതേതര മുഖമില്ലേ ? ജൊവാൻ സ്കോറ്റ് എഴുതിയ Sex And Secularism എന്ന പഠനം പറയുന്നത് സെക്കുലരിസം പുരുഷാധിപത്യപരമാണെന്നാണ്. മത വിമർശനം പോലെ തന്നെ ഫെമിനിസ്റ്റ് ചിന്തക്ക് പ്രധാനമാണ് മതേതര വിമർശനവും. ഇസ്‌ലാമിക ഫെമിനിസത്തിന്റെ പല ധാരകളും സെക്കുലർ ആൺകോയ്മയെ വിമർശിക്കുന്നുണ്ട്.

ഉദാ: തിരുവനന്തപുരം യു: സിറ്റി കോളേജിൽ അടക്കം എസ്.എഫ്.ഐ പ്രയോഗിക്കുന്ന പുരുഷാധിപത്യം മതേതരമല്ലേ? വസ്ത്ര നിയന്ത്രണം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ സി.ബി.എസ്.ഇ നടത്തുന്നത് സെക്കുലർ പുരുഷാധിപത്യമല്ലേ ?

സെക്കുലരിസം എന്നത് അധികാരത്തിനു പുറത്തുള്ള ശുദ്ധ ഫെമിനിസ്റ്റ് വ്യവഹാരമാണോ? സെക്കുലർ പുരുഷൻമാർ ആൺകോയ്മയ്ക്കു പുറത്തുള്ള മഹാഫെമിനിസ്റ്റു ജീവിതമാണോ നയിക്കുന്നത്?

തീവ്രവാദം, ഹിംസ, ലിംഗ-ശരീര നിയന്ത്രണം എന്നതൊക്കെ മതത്തിന്റെ മാത്രം കുത്തകയാണോ ? സി.പി.എം സർക്കാർ ഭരിക്കുമ്പോൾ പോലീസ് വെടിവെച്ചുകൊന്ന ബീമാ പള്ളിക്കാർ അനുഭവിച്ച മതേതര ഹിംസ എന്താണ് ? മതേതര ദേശ രാഷ്ട്രങ്ങൾ- ഉദാ.. നിഖാബ് നിരോധിച്ച ഫ്രാൻസ് അടക്കം – നടത്തുന്ന അധിനിവേശ ഹിംസകൾ മതേതര ഹിംസയല്ലേ ? സഖാവ് ടി പി യെ വെട്ടിക്കൊന്ന സി.പി.എമ്മിന്റെ ഹിംസ മതേതരമല്ലേ ?

നിഖാബിനെ വിമർശിക്കാൻ “വേരുകളുള്ള ” വസ്ത്രത്തെക്കുറിച്ച് പറയുന്നത് കേട്ടാൽ തോന്നും വസ്ത്രങ്ങൾക്കങ്ങനെ ദേശരാഷ്ട്രവും ദേശീയതയും ഉണ്ടെന്ന്. എന്നു മുതലാണ് കമ്യൂണിസ്റ്റുകൾ സാർവദേശീയമല്ലാതായത്? മുസ്‌ലിം സ്ത്രീ “ഇന്ത്യനല്ലാത്ത ” ഇറക്കുമതി വസ്ത്രം ധരിച്ചാൽ എന്താ കുഴപ്പം ?

“യഥാർഥ വേരുകൾ ” എന്നൊക്കെ പറയണമെങ്കിൽ ഒന്നാന്തരം നാറ്റിവിസ്റ്റായിരിക്കണമല്ലോ. കേരളം എന്നതൊക്കെ ആധുനികവും അധികം വേരുകളില്ലാത്തതുമല്ലേ ? പഴക്കമാണോ പ്രശ്നം ? പ്രവാസം കേരളത്തേക്കാൾ പഴക്കമുള്ളതല്ലേ ?

മാപ്പിള ആണുങ്ങളുടെ പഴയ കള്ളിമുണ്ടും പച്ച ബെൽറ്റും വരെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ റിമ്മുകളിൽ നിന്നുള്ള ഇറക്കുമതിയല്ലേ ? നിഖാബിനെ മാത്രം അങ്ങിനെ പുറത്തു നിന്നു വന്നതായി ചിത്രീകരിക്കാൻ കഴിയുമോ ?

നിഖാബ് തിരഞ്ഞെടുക്കുന്ന മുസ്‌ലിം സ്ത്രീകൾ ഒക്കെ മത തീവ്രവാദികളുടെ കയ്യിലെ പാവകൾ മാത്രമാണോ ? ഇളയിടം ഇന്നേ വരെ നിഖാബണിഞ്ഞ ഒരു സ്ത്രീയോടു സംസാരിച്ചിട്ടുണ്ടോ ? അവരുടെ തിരഞ്ഞെടുപ്പ്, ജീവിതാവബോധം ഇവയുടെ വ്യത്യാസത്തെ മാനിക്കാൻ തയ്യാറാകാത്ത താങ്കൾ ഒരു ടോറ്റലിറ്റേറിയൻ പുരുഷൻ മാത്രമല്ലേ ?

സാമിർ അമീൻ അമ്പത് വർഷങ്ങൾക്കു മുമ്പ് ഇറക്കിയ സിദ്ധാന്തം ആണ് ഇസ്‌ലാമിക മതമൗലികവാദികൾ സ്ത്രീ ശരീരത്തെ നിയന്ത്രിക്കുന്നുവെന്നത്. സംഘടനാ പ്രവർത്തനം നടത്തുന്നതിനാൽ ഇരയാക്കി ചില മുസ്‌ലിം സ്ത്രീകളെ സങ്കൽപിക്കുന്ന ഇടതുപക്ഷ മനോനില എങ്ങനെയാണ് ഇപ്പോഴും നിലനിറുത്തുന്നത് ? കാലം മാറിയില്ലേ ? നിഖാബ് അണിയുന്നവരൊക്കെ മതമൗലികവാദ സംഘടനകളുടെ ഇരയാവുമോ ? അവർക്ക് ചിന്തിക്കാൻ കഴിയില്ലേ ?

ഒന്നു പറയട്ടെ, മുസ്‌ലിം സ്ത്രീ പഠനങ്ങൾ എത്രയോ മുമ്പോട്ടു പോയി. ഘടനയും നിർവാഹകത്വവും തമ്മിലെ ബന്ധത്തെപ്പറ്റി ഫെമിനിസ്റ്റുകൾ തന്നെ അമീനെ തിരുത്തിയിട്ടുണ്ട്. Governmentalityയുടെ ഭാഗമാണ് വസ്ത്ര നിയന്ത്രണം. മത-മതേതര ബൈനറിക്ക് നിയന്ത്രണത്തെപ്പറ്റി സംസാരിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഫ്രഞ്ച് സ്റ്റേറ്റിന്റെ വിമർശകർ നിഖാബ് നിരോധനം ഒരു മതേതര നടപടിയായി കാണുന്നത്.

ജീൻസും ലഗിൻസും ധരിക്കുന്നവരുടെ പ്രതിരോധ മൂല്യം പുറത്തുനിന്നാണോ അതിടുന്നവരുടെ വീക്ഷണത്തിൽ നിന്നാണോ എടുക്കേണ്ടത് ? നിഖാബണിയുന്നവർക്ക് തങ്ങളുടെ വസ്ത്രം സ്വയം എന്താണെന്നു തീരുമാനിച്ചൂടെ ? പ്രതിരോധം എന്ന സാർവലൗകിക മൂല്യം ഇല്ലെങ്കിൽ വസ്ത്രധാരണത്തിനു അർഥനിർമാണം സാധ്യമല്ലേ ? എല്ലാ മനുഷ്യരും പ്രതിരോധത്തിനാണോ വസ്ത്രം ധരിക്കുക ? ഭക്തി , വിശ്വാസം ഇവയൊക്കെ മൂല്യങ്ങളാവുന്നവർക്ക് മനുഷ്യ പദവി നിഷേധിക്കുന്നത് എങ്ങിനെയാണ് സമഗ്രാധിപത്യപരമല്ലാതാവുന്നത് ?

Leave a Reply