കശ്മീര്‍, ശ്വാസം മുട്ടുന്നു ! നീതിയുമില്ല സമാധാനവുമില്ല സ്വാതന്ത്ര്യവുമില്ല !

പൊലീസും സൈന്യവും കൊലപ്പെടുത്തുന്ന കശ്മീരികളുടെ മരണം അവര്‍ അര്‍ഹിക്കുന്നതാണെന്നു വിശ്വസിക്കുന്നവര്‍, ജോർജ് ഫ്ലോയിഡിന് അനുശോചനം രേഖപ്പെടുത്തുന്നതിലൊരു രാഷ്ട്രീയ കാപട്യമുണ്ട്…


_ ഹാറൂൻ കാവനൂർ

അമേരിക്കയില്‍ കറുത്ത വംശജന്‍ ജോര്‍ജ്ജ് ഫ്ലോയിഡിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വെളുത്ത വംശീയതക്കെതിരെ പോരാടുന്നവരുടെ മുദ്രാവാക്യമാണ് No Justice No Peace. ഇതിനെ പിന്തുണക്കുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനവും കശ്മീരികളുടെ നീതിക്കും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങളില്‍ ചെവിക്കൊട്ടിയടക്കുന്നവരാണ്. No Justice No Peace എന്നു കശ്മീരിയോട് തിരിച്ചു പറയാൻ കഴിയുന്നില്ലെങ്കില്‍, അത് ഹിന്ദുത്വ ദേശീയത സ്വാംശീകരിച്ചവരുടെ വംശീയത കൊണ്ടാണ്.

കശ്മീരില്‍ കാലങ്ങളായി ‘സമാധാനവുമില്ല നീതിയുമില്ല’ സ്വാതന്ത്ര്യവുമില്ല. അവര്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ കുറവാണ്. അവിടെ കൊല്ലപ്പെട്ടവരുടെ മയ്യിത്ത് ചൂണ്ടി കാണിക്കാനാളില്ല. കൊലയാളികളായ പൊലീസ്-സൈന്യത്തെ കുറിച്ച് പറയുന്നവരില്ല. കശ്മീരിയുടെ സ്വാതന്ത്ര്യമോഹത്തെ പറ്റിയോ അവരോടുള്ള വംശീയതയെ കുറിച്ചോ മുദ്രാവാക്യങ്ങളുയരുന്നില്ല.

103 കശ്മീരികളെയാണ് അധിനിവേശ സേന 2020 ജനുവരി മുതൽ മെയ് വരെ- 5 മാസത്തിനുള്ളിൽ കൊലപ്പെടുത്തിയത്. സെലകടീവ് പ്രതിഷേധക്കാര്‍ കണ്ണടച്ചു. കശ്മീരി റിബലുകളെ പിടിക്കാനെന്ന പേരിൽ സൈന്യം വീടുകൾ ബോംബ് വെച്ച് തകർക്കുന്നു. കഴിഞ്ഞ ആറു ദിവസത്തിനുള്ളിൽ മാത്രം 17ലധികം വീടുകളാണ് പൂർണമായും തകർക്കപ്പെട്ടത്. അതെകുറിച്ച് വാർത്ത നല്‍കിയതിന് പൊലീസ് നടപടികള്‍ നേരിടേണ്ടിവന്ന മാധ്യമ പ്രവർത്തകന്‍ ഫഹദ് ഷായുടെ നീതിക്കായി ആരും ശബ്ദിച്ചില്ല. ഏറ്റവും ഭീകരം, കശ്മീരിലെ ഈ നിഷ്ഠൂരമായ അവസ്ഥയിൽ മനുഷ്യാവകാശ പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും സെലക്ടീവ് ‘തിമിരമാണ്’.

കശ്മീര്‍ മീഡിയ സര്‍വീസിന്‍റെ പഠനത്തില്‍ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നര ലക്ഷത്തോളം വീടുകള്‍ സൈന്യം തകര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. സൈന്യം തകർത്ത വീടുകൾ സർക്കാർ പുനർനിർമിക്കില്ലെന്ന് പലസ്തീനിൽ നിന്നും കശ്മീരികൾക്ക്‌ ‘അനുഭവമുണ്ട്’. ഡൽഹി വംശഹത്യയിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ മുസ്‌ലിങ്ങളുടെ വീടുകള്‍ തകർത്തതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല തകർക്കലുകളുടെ ഈ പൊതുസ്വഭാവം. പൊലീസ് നോക്കി നിൽക്കേ സർവ്വ സ്വത്തുക്കളും അഗ്നിക്കിരയാക്കി സംഘ് പരിവാരം ഇറങ്ങി പോവുമ്പോൾ വംശഹത്യാ ഇരകൾക്ക് സര്‍ക്കാര്‍ പുനർനിർമ്മാണ പദ്ധതി ആവിഷ്കരിക്കാനൊന്നും പോവുന്നില്ലന്നും ഇരകള്‍ക്കും അറിയാം.

പൊലീസും സൈന്യവും കൊലപ്പെടുത്തുന്ന കശ്മീരികളുടെ മരണം അവര്‍ അര്‍ഹിക്കുന്നതാണെന്നു വിശ്വസിക്കുന്നവര്‍, ജോർജ് ഫ്ലോയിഡിന് അനുശോചനം രേഖപ്പെടുത്തുന്നതിലൊരു രാഷ്ട്രീയ കാപട്യമുണ്ട്. ആക്രമിക്കാന്‍ വരുന്നവരെ കല്ലെറിയുന്ന കശ്മീരികളെ അക്രമത്തിന്‍റെ പാത തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധര്‍ എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജിന്‍റെ മരണത്തിന് പ്രതികാരമായി പ്രക്ഷോഭകാരികള്‍ അമേരിക്കയുടെ തെരുവുകള്‍ക്ക് തീകൊടുക്കുന്ന ചിത്രങ്ങള്‍ ബ്രഹ്തിന്‍റെ നഗരം ചുട്ടെരിക്കല്‍ കാവ്യശകലവും ചേര്‍ത്തു ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടു ആവേശം കൊള്ളുകയും ചെയ്യുന്നു.

കശ്മീരിലെയും ഇന്ത്യയിലെയും മർദ്ദിതരുടെ പോരാട്ടങ്ങളോട് ഐക്യം പ്രകടിപ്പിക്കില്ലെന്നു മാത്രമല്ല, അവര്‍ക്ക് നേരയുള്ള അക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍, ആദിവാസി, ദലിത്, മുസ്‌ലിം മറ്റു ഫാസിസ്റ്റ് വിരുദ്ധ വിപ്ലവസംഘങ്ങളുടെ ചെറുത്തുനിൽപ്പുകളെ സര്‍ക്കരിനൊപ്പം രാജ്യദ്രോഹ മുദ്ര ചാര്‍ത്തുന്നു. ഇങ്ങനെ മെജോറിറ്റേറിയൻ അക്രമണോൽസുക ഹിന്ദുത്വ ദേശീയതയ്ക്ക് സുരക്ഷാ നിരീക്ഷകരായി മാറിയിട്ടുള്ളവരാണ് ഈ സെലക്ടീവ് പ്രതിഷേധക്കാര്‍.

മർദ്ദിതരുടെ ബലപ്രയോഗം ന്യായമാണെന്ന് പറയുന്നത് വരെ റിവിഷനിസ്റ്റ് ഹിപ്പോക്രാറ്റുകൾ ചുറ്റിലും ബ്രഹ്തിനെ ഉദ്ദരിച്ചു കൊണ്ടേയിരിക്കും. ഭരണകൂട ഭീകരത നിറഞ്ഞ ഹിന്ദുത്വ കൊളോണിയൽ പാർലമെന്‍ററി സിസ്റ്റം മഹത്തായതാണെന്നും അവകാശപ്പെടും. പാര്‍ലമെന്‍ററി കുത്തൊഴുക്കിൽ സ്റ്റേറ്റിസ്റ്റുകളാവുന്നതിൽ ഇന്ത്യൻ പുരോഗമനകാരികൾ വിമോചിതരായിട്ടില്ല.

പ്രബുദ്ധ മലയാളിയോ ? അമേരിക്കന്‍ പൊലീസിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന മലയാളി മറന്നോ, 2016-19 കാലയളവില്‍ മാത്രം കേരളത്തിൽ നടന്ന പൊലീസ്- ഭരണകൂട- കസ്റ്റഡി കൊലപാതകങ്ങളുടെ എണ്ണം 36 ആണെന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏഴു വ്യാജ ഏറ്റുമുട്ടലുകളും ! നമ്പർവൺ കേരളത്തിലെ സ്റ്റേറ്റിസ്റ്റുകളും ഭരണകൂട കൊലപാതകങ്ങൾക്ക് ന്യായീകരണങ്ങൾ നിരത്തുകയായിരുന്നു. അമേരിക്കയിലെ പ്രക്ഷോഭകാരികള്‍ക്ക് സമാനമായി നീതിയെ കുറിച്ച് പറയുകയോ അതിനായി തെരുവുകളില്‍ പ്രക്ഷോഭം നയിക്കുകയോ ചെയ്തിട്ടുണ്ടോ ?

കോവിഡ് പടര്‍ന്നുപിടിക്കും മുന്‍പെ തന്നെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വംശീയതയും വിവേചനവും ഭരണകൂട ഭീകരതയും കൊടുമ്പിരികൊള്ളുന്ന ഒരു രാജ്യത്ത്, ഭരണകൂടം നടത്തുന്ന അടിയന്തരാവസ്ഥയുടെ ട്രയലും അടിച്ചമര്‍ത്തപ്പെട്ട ജനതക്കു നേരയുള്ള അപ്രഖ്യാപിത യുദ്ധവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോവുന്നതിൽ ഈ സമൂഹത്തിന് പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെങ്കിൽ ഗുരുതരമായ പ്രശ്നമുണ്ട്.

Click Here