ഞാൻ സ്വീകരിക്കുന്നത് നിങ്ങളുടെ ഭിക്ഷയല്ല, ഭരണഘടനാപരമായ എന്റെ അവകാശമാണ്

കടമറ്റം,
05/04/2023.

സ്വീകർത്താവ്;
ശ്രീ.പിണറായി വിജയൻ,
കേരള മുഖമന്ത്രി,
സെക്രട്ടറിയേറ്റ്,
തിരുവനന്തപുരം.

പ്രേഷിതൻ;

അജിത് എം. പച്ചനാടൻ,
‘മഞ്ഞപ്പള്ളിത്തറ ‘,
സചിവോത്തമപുരം തപാൽ,
കുറിച്ചി, കോട്ടയം
686532,
ഫോൺ:75107 95928.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്

സർ,
ഞാൻ ചങ്ങനാശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുറിച്ചി പഞ്ചായത്തിൽ 3 ആം വാർഡിലെ വോട്ടറാണ്. വ്യക്തിപരമായ കാരണങ്ങളാൽ കുറേ നാളുകളായി തൃപ്പൂണിത്തുറ കണ്ടനാട്ടാണു താമസം.

സർ, കോട്ടയം ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡിൻ്റെ നിരീക്ഷണത്താലും പരിശോധനയാലും അവർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരവും പ്രത്യക്ഷത്തിലും ഞാൻ 50% അസ്ഥി സംബന്ധമായ ശാരീരികപരിമിതിയുള്ള പൗരനാണ്.

അതിൻ പ്രകാരം, സർക്കാർ അത്തരം പൗരന്മാരെ സവിശേഷമായി പരിഗണിക്കേണ്ടുന്നതായ മാനവികത പുലർത്തുന്ന നിയമങ്ങൾ നിലവിലുള്ളതിനാൽ ഞാനും അതിനുള്ളിൽ പെടുന്ന വ്യക്തിയുമാണ്, അത് എൻ്റെ ഭരണഘടനാപരമായ അവകാശവുമാണ്. ആയതിൻ പ്രകാരം വികലാംഗർക്കു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ക്ഷേമപെൻഷന് അർഹനായതിനാൽ ( എല്ലാ മാനദണ്ഡങ്ങൾ പ്രകാരവും ) അത് കൈപ്പറ്റി വരികയുമാണ്.

സർ, സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വം അഭിമാനത്തോടെ വാങ്ങാൻ കുറേ നാളുകളായി അങ്ങയുടെ സർക്കാരും പബ്ളിക് റിലേഷൻ വകുപ്പും താങ്കളുടെ പാർട്ടിയുടെ വില കുറഞ്ഞ അവകാശവാദവും പ്രചരണതന്ത്രവും അനുവദിക്കുന്നില്ല എന്നു താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടേ.

സർ,
തീർത്തും അഗതികളായ കുടിൽ പശ്ചാത്തലത്തിൽ കാണപ്പെടുന്ന മനുഷ്യ രൂപങ്ങൾ ഏതാനും ₹500 നോട്ടുകൾ ആർത്തിയോടെ പിടിച്ചു നിൽക്കുന്നതായിട്ടാണു പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സർക്കാർ പരസ്യങ്ങളിലെ ചിത്രങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങയുടെ കഴിവുകേടിൻ്റെ പ്രചരണ ചിത്രമാണതെന്ന് ഓർമിപ്പിക്കുന്നു. കമ്യുണിസ്റ്റ് മന്ത്രിസഭകൾ കേരളം ഭരിച്ചിട്ടും കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ലെന്നാണ് ആ ചിത്രങ്ങൾ സംസാരിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യ വികസനച്ചിത്രങ്ങളാകട്ടെ അതിഗംഭീരമാണു താനും. അങ്ങേയ്ക്കു തന്നെ കെണിയാകുന്ന പബ്ളിക് റിലേഷൻ വകുപ്പിനെ ന്യൂജെൻ ആക്കാൻ സത്വര നടപടി സ്വീകരിക്കണം.

സർ,
ഭരണഘടനാപരമായ അവകാശം എന്തിനാണ് താങ്കൾ പരസ്യം നല്കി വിതരണം ചെയ്യുന്നത്? ശ്രീ .പിണറായി വിജയൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയാണ്. ലയൺസ് ക്ലബ്ബിൻ്റെയോ റോട്ടറി ക്ലബ്ബിൻ്റെയോ പ്രസിഡൻ്റല്ല എന്നു ഓർക്കുമല്ലോ.

സർ,
ഞാൻ സ്വീകരിക്കുന്നത് ഭിക്ഷയല്ല. ഭരണഘടനാപരമായ അവകാശമാണ്. അത് അഭിമാനത്തോടെ വാങ്ങാനുള്ള സാമൂഹിക-മാനസിക പശ്ചാത്തലം ഉറപ്പാക്കാൻ അങ്ങ് ഇടപെടേണ്ടതുണ്ട്. പെൻഷൻ മുട്ടയിട്ടിട്ട് താങ്കൾ പുരപ്പുറത്തു നിന്ന് കൂവിയാർക്കുന്ന പിടക്കോഴിയാകുന്നത് ഒരു പൗരനെന്ന നിലയിലും പെൻഷൻ ഗുണഭോക്താവ് എന്ന നിലയിലും എൻ്റെ ആത്മാഭിമാനത്തെ ആഴത്തിൽ വ്രണപ്പെടുത്തുന്നു. ഞാൻ അംഗപരിമിതനായത് എനിക്കോ മാതാപിക്കൾക്കോ ലഭിച്ച ശിക്ഷയല്ലല്ലോ സർ. പിന്നെന്തിനാണ് ഭരണഘടനാപരമായ അവകാശത്തിന്മേൽ താങ്കൾ ചിരിച്ചു നിൽക്കുന്ന സന്മനസ്സുള്ള കാരണവർ ആകുന്നത്?

സർ,
വിഷുക്കൈനീട്ടം തരാൻ താങ്കൾ നിയമസഭാത്തറവാടിൻ്റെ കോലായയിലിരിക്കുന്ന കാരണവരായി തരം താഴുമ്പോൾ എനിക്കു ഭിക്ഷവാങ്ങുമ്പോലെ അപമാനമാണ് തോന്നുന്നത്. എൻ്റെ ആത്മാഭിമാനത്തിനുമേൽ പരസ്യം ചെയ്യാൻ താങ്കൾക്കു അവകാശമില്ല.

ഇത് തികച്ചും വേദനാജനകമാണ് സർ. ഇതാണോ താങ്കളുടെ സർക്കാരിൻ്റെ ഭരണനേട്ടം!

പെൻഷൻ ഗുണഭോക്താക്കൾക്കു തികച്ചും അപമാനകരമായ ഇത്തരം പരസ്യങ്ങൾ എല്ലാ പൊതു ഇടങ്ങളിൽ നിന്നും നീക്കം ചെയ്യണം.

താങ്കൾ ജനാധിപത്യപരമായി നേടിയ സ്ഥാനത്തിരുന്ന് കൈനീട്ടം വിതരണം ചെയ്യുന്ന മാടമ്പിക്കാരണവരാകുന്ന വേഷംകെട്ടൽ മതിയാക്കണം. പാർട്ടിയിലോ പാർട്ടിയണികൾക്കിടയിലോ അതാകാം. പൗരന്മാർക്കു മുന്നിൽ വേണ്ട.

ഇങ്ങനെ അപമാനിച്ചു വേദനിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്ത് മേലിൽ ഇങ്ങനെ സംഭവിക്കാതെ നോക്കണം. അല്ലാത്തപക്ഷം അഭിമാനം തിരിച്ചുപിടിക്കാൻ കേരള നിയമസഭയ്ക്കു മുന്നിൽ മരണം വരെ നിരാഹാരമിരിക്കാൻ ഞാൻ നിർബ്ബന്ധിതനാകും.

ഒരു കാരണവരുടെ കൈനീട്ടം സ്വീകരിക്കുന്നതിനേക്കാൾ സമരം ചെയ്ത് മരിക്കുന്ന പൗരനാകുന്നതാണ് അഭികാമ്യം എന്നു സമരപാരമ്പര്യമുള്ള താങ്കൾക്കും അറിവുള്ളതാണല്ലോ.
എന്ന്,
(ഒപ്പ്)
അജിത് എം. പച്ചനാടൻ
കോപ്പി റ്റു
കെ.എൻ. ബാലഗോപാൽ
(ബഹുമാനപ്പെട്ട ധനമന്ത്രി)

Follow us on | Facebook | Instagram Telegram | Twitter