മഹാമാരിയെ നേരിടാൻ പൊലീസിനെയും ക്രിമിനൽ നിയമങ്ങളും ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കും

പുറത്തിറങ്ങുന്നവരെ പൊലീസ് തടയുന്നതും ചീത്ത പറയുന്നതും ഒക്കെയായി നിരവധി വീഡിയോകൾ പ്രചരിക്കുന്നു. അനുസരണയില്ലാതെ പുറത്തിറങ്ങിയതിന് നല്ലോണം കിട്ടട്ടെ എന്ന മട്ടിലാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കപെടുന്നതും സ്വീകരിക്കപ്പെടുന്നതും. അത്യധികം അപകടകരമായ ഒരു സ്ഥിതി വിശേഷത്തെയാണ് നമ്മൾ നേരിടുന്നത് എന്നത് ശരിയായിരിക്കുമ്പോൾ തന്നെ ഈ മഹാമാരിയെ നേരിടാൻ പൊലീസിനെയും ക്രിമിനൽ നിയമങ്ങളും ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കാനെ സഹായിക്കു. പൊതുജനാരോഗ്യ നയങ്ങളുടെ നടത്തിപ്പിന് പൊലീസിന്റെയും ക്രിമിനൽ നടപടികളുടെയും സഹായം തേടുന്നത് ഒട്ടും ആശാസ്യമല്ല. ഭീതിയുടെയും ദുരിതങ്ങളുടേയും ഈ ദുരന്തകാലത്ത് ക്രിമിനൽ നടപടികൾക്ക് വിധേയരാക്കപ്പെടുമെന്ന ഭയം കൂടി അടിച്ചേല്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിലെ സർക്കാറിന് ചേർന്ന നടപടിയാണൊ എന്ന് ഗൗരവമായി ആലോചിക്കണം.

നമ്മുടെ നാട്ടിലെ പൊലീസ് സംവിധാനത്തിന്റെ ഉള്ളടക്കത്തിൽ തന്നെയുള്ള മർദ്ധിത ജനതയോടു വിരോധത്തെ കുറിച്ച് നമ്മൾ ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഭാഗമായി പൊലീസിന് വിവേചനാധികാരം നൽകുന്നത് മർദ്ധിത ജനവിഭാഗങ്ങൾക്ക് കൂടുതൽ ദോഷകരമാകാനെ സഹായിക്കു . ഇന്നത്തെ സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ടാകും. രോഗവ്യാപനത്തെ സംബന്ധിച്ച സാമൂഹ്യ ഭീതിയും അതുമൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ധവും പോലും അതിന് കാരണമാകാം. ‘ഉത്തരവ് – അനുസരണ’ എന്ന നിലക്ക് പൊലീസ് സംവിധാനം ഉപയോഗിച്ച് നിയന്ത്രണത്തിന് ശ്രമിക്കുമ്പോൾ സർക്കാർ നടപടികളിലുള്ള വിശ്വാസവും സുതാര്യതയും നഷ്ടപ്പെടാനെ ഉതകുകയുള്ളു.

പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് സ്വീകരിക്കുന്ന നിയമ ബാഹ്യമായ അതിക്രമങ്ങൾ ന്യായീകരിക്കാൻ കഴിയില്ല. പ്രതികാരദാഹത്തിലും വെറുപ്പിലും അടിസ്ഥാനപ്പെടുത്തിയ ഒരു അധികാര സംവിധാനം ഈ ദുരിത കാലത്തും പ്രവർത്തന നിരതമാകുന്നത് നമ്മുടെ സാമൂഹ്യ വ്യവസ്ഥ നേരിടുന്ന ദുരന്തത്തെയാണ് തുറന്നു കാണിക്കുന്നത്.
_ അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി
Photo Courtesy_ Ajay Aggarwal, HT

Click Here