പൊലീസുകാരോട്, നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്…

“നീയൊരു ആശുപത്രിയിലും പോകണ്ട… കൂടുതൽ സംസാരിച്ചാൽ അറസ്റ്റ് ചെയ്യും…” അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളജിലേക്ക് പോയ യുവാവിനെ പൊലീസ് തടഞ്ഞ ദുരനുഭവം ഡോക്ടര്‍ മനോജ് വെള്ളനാട് പങ്കുവെക്കുന്നു…

ഇന്നലെ അർദ്ധരാത്രിയിൽ എന്‍റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്തു.

എന്ത് കാരണം കൊണ്ടാണ് ആശുപത്രിയിൽ പോകുന്നത് എന്നുള്ള ഡിക്ലറേഷനും കൈയിലുണ്ട്. പക്ഷേ വഴിയിൽ വച്ച്, കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ പോലീസുകാർ തടഞ്ഞു. കാര്യം പറഞ്ഞു, ഡിക്ലറേഷൻ കാണിച്ചു. ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നത്രേ.

അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു എസ് ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാൻ തയ്യാറായില്ല. ദേഹത്തെ തിണർത്ത പാടുകൾ കാണിച്ചിട്ടും അയാൾ വാശിയിലായിരുന്നു. ‘നിനക്ക് ഒരു കുരുവും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സുഹൃത്ത് വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം കാലു പിടിക്കുന്ന പോലെ പറഞ്ഞു. ‘എന്നാ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്ത്..’ എന്ന രീതിയിലായി സംസാരമൊക്കെ. തർക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് മാത്രം അദ്ദേഹം തിരിച്ചുവന്നു. വീട്ടിലുണ്ടായിരുന്ന ജലദോഷത്തിനുള്ള മരുന്ന് കഴിച്ചും കലാമിൻ ലോഷൻ പുരട്ടിയും ഉറക്കമിളച്ചിരുന്നു.

എനിക്ക് മനസ്സിലാകാത്ത കാര്യം പോലീസുകാര് എന്നുമുതലാണ് രോഗനിർണയവും ചികിത്സയും തുടങ്ങിയതെന്നാണ്? എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിൻ്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാൻ പറ്റും. ഒരു അലർജി തന്നെ മതി ഒരാൾ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാൻ. തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശ്വാസനാളത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത ആൾ മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആൾ മരിച്ചു പോകാൻ അധികം സമയം വേണ്ടാ.

ഇതൊക്കെ പോലീസുകാർക്കെങ്ങനെ അറിയാൻ കഴിയും? ആശുപത്രിയിൽ പോകുന്നൊരാളുടെ രോഗവിവരം ചോദിക്കേണ്ട കാര്യം പോലും പോലീസുകാർക്കില്ല. അത് തന്നെ സ്വകാര്യതയുടെ ലംഘനമാണ്.

ഒരാളുടെ രോഗം ഗുരുതരമാണോ അല്ലയോ എന്ന് ഡോക്ടർമാർ പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ആശുപത്രിയിലേക്ക് പോകുന്ന ഒരാൾ തലവേദന ആണെന്ന് പറയുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടോ മൈഗ്രേൻ ആണോ എന്നൊക്കെ ആർക്കും അറിയാൻ പറ്റില്ല.

ആശുപത്രിയിൽ പോകാൻ വരുന്ന രോഗിയുടെ ഡിക്ലറേഷൻ ഫോം കറക്റ്റ് ആണോന്ന് മാത്രം നോക്കിയാൽ പോരെ? അല്ലാതെ രോഗിയെ തടയുകയും രോഗത്തിന് ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നത് വഴി എന്താണ് നിങ്ങൾ നൽകുന്ന സന്ദേശം?

ഭാഗ്യത്തിന് ആ സുഹൃത്തിന് അപകടമൊന്നും പറ്റിയില്ല. പറ്റിയിരുന്നെങ്കിൽ പോലും ഇതൊന്നും ആരും അറിയുകയുമില്ല. കർണാടകത്തിലേക്ക് പോകാനാകാതെ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ മാത്രം വാർത്ത മാധ്യമങ്ങളിൽ വന്നാൽ പോരാ. ഇവിടെയും അതുപോലെ തടയപ്പെടുന്നുണ്ട്. ചികിത്സാ നിഷേധം തന്നെയാണിത്.

നമ്മുടെ പോലീസുകാർക്ക് അമിതമായ അധികാരം കിട്ടുമ്പോൾ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലർക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലിചെയ്യുന്ന 90 ശതമാനം പോലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുർവിനിയോഗം ചെയ്യുന്ന ആൾക്കാരാണ്.

സർക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയിൽ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന SI യ്ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവർത്തിക്കാൻ പാടില്ലാന്നും അഭ്യർത്ഥനയുണ്ട്.

പോലീസുകാരോട്, നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്…

യുവാവ് മുഖ്യമന്ത്രിക്ക് അയച്ച പരാതി

From
ശരത്ചന്ദ്രൻ ആർ
പേഴുവിള വീട്
ഇരുപത്തിയെട്ടാം മൈൽ നാവായിക്കുളം,
തിരുവനന്തപുരം 695603
Ph: 9633385214

To,
ബഹു. മുഖ്യമന്ത്രി,
സെക്രട്ടറിയെറ്റ്, തിരുവനന്തപുരം

വിഷയം : കടമ്പാട്ടുകോണം ജില്ലാ അതിർത്തിയിൽ വെച്ച് പോലീസ് അധികാരി അകാരണമായി അടിയന്തിര വൈദ്യസഹായം നിഷേധിക്കുകയും അപമാനിക്കുകയും ചെയ്തത് സംബന്ധിച്ച് .

സർ, നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽസ്വദേശിയായ ഞാൻ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇന്നലെ വൈകുന്നേരം മുതൽ എനിക്ക് അതികഠിനമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ശരീരമാകെ ചുവന്ന് തടിച്ച് തിണർക്കുകയുമുണ്ടായി. വീട്ടിൽ നിന്നും കഴിച്ച മത്സ്യം പഴകിയതു കൊണ്ടുണ്ടായ അണുബാധകാരണമാണ് അതുണ്ടായത് എന്ന് കരുതുന്നു. രാത്രി വൈകിയിട്ടും വേദനയും ശാരീരിക അസ്വസ്ഥതയും വർദ്ധിച്ച് അസഹ്യമാകുകയാണ് ചെയ്തത്. നിലവിലെ സാമൂഹികാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ പോകും മുൻപ് പരിചയത്തിലുള്ള ആരോഗ്യ പ്രവർത്തകരോട് അഭിപ്രായം തേടുകയുണ്ടായി. അവരുടെ അഭിപ്രായവും എന്റെ ശാരീരിക സ്ഥിതി കണ്ട് പരിഭ്രമിച്ച കുടുംബാംഗങ്ങളുടെയും നിർദ്ദേശപ്രകാരം വൈദ്യസഹായം തേടാൻതീരുമാനിക്കുകയും ഏറ്റവും അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രമായ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ ഒരുങ്ങുകയും ചെയ്തു.

ശാരീരികസ്ഥിതി അസഹനീയമായിരുന്നതിനാൽ കാറിൽ യാത്രതിരിക്കുകയും ചെയ്ത എനിക്ക് 07/04/2020 00:10 HRS ദേശീയപാത 66 ലെ തിരുവനന്തപുരം – കൊല്ലം ജില്ലാഅതിർത്തിയായ കടമ്പാട്ടുകോണം എത്തിയപ്പോൾഅത്യന്തം ദുഖകരമായ അനുഭവമാണ് നേരിടേണ്ടി വന്നത്.അവിടെ ചെക്കിംഗ് പോയിന്റിൽ ഉണ്ടായിരുന്നആരോഗ്യ പ്രവർത്തകരോടും പോലീസ് അധികാരികളോടും എന്റെ യാത്രോദ്ദേശ്യവും ആരോഗ്യസ്ഥിതിയും അറിയിക്കുകയുണ്ടായി. സർക്കാർ നിർദ്ദേശിച്ച പ്രകാരം കാരണംബോധിപ്പിക്കുന്ന സത്യവാങ്മൂലവും കൈയില്‍ കരുതിയിരുന്നു. അത് നോക്കാന്‍ പോലും ഉദ്യോഗസ്ഥർക്ക്ശ്രമിച്ചില്ല. അതിൽ ഭൂരിഭാഗം പേർക്കും എന്റെ അവസ്ഥബോധ്യമാവുകയും അവർ ഒക്കെയും എന്നെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാനും തയ്യാറായിരുന്നു. എന്നാൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ യുടെ ഭാഗത്ത്നിന്നും അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഉണ്ടായത് .

ഈ ആവശ്യം അകാരണമായി നിഷേധിക്കുകയും എന്റെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതിന് അൽപം പോലും ശ്രദ്ധ നൽകാതെ ” നീ ഒരാശുപത്രിയിലും പോണ്ട, നിനക്കൊരു കുരുവും ഇല്ല” എന്ന് പറഞ്ഞ് എന്നോട് തിരികെ പോകാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. എന്റെ അതികഠിനമായ ശാരീരിക വേദനയും അടിയന്തിര വൈദ്യസഹായം വേണ്ട അവസ്ഥയും അദ്ദേഹത്തോട് കേണു പറഞ്ഞെങ്കിലും പ്രതികാരാത്മക മനോഭാവത്തോടെ “ഒരു കാരണവശാലും നീ ഈ അതിർത്തി കടന്ന് പോവില്ല എന്നുംപറ്റുമെങ്കിൽ നീ തിരുവനന്തപുരം മെഡി.കോളേജിൽ പോ” എന്നും ആക്രോശിക്കുകയുമാണുണ്ടായത്. തുടർന്നും ദയനീയമായി എന്റെഅവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ “എങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്താം ” എന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ജീവനക്കാരുടെ അഭിപ്രായം പരിഗണിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു നിവൃത്തിയുമില്ലാതെ എനിക്ക് തിരികെ പോകേണ്ടി വന്നു. തുടർന്ന് തർക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യ സ്ഥിതി ഇല്ലായിരുന്നത് കൊണ്ട് എനിക്ക് തിരിച്ച് വീട്ടിലേക്ക് പോകുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. സർ, ഞാൻ നമ്മുടെ സമൂഹം നിലവിൽ അനുഭവിക്കുന്ന അത്യന്തം അപകടകരവും മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തതുമായ ആരോഗ്യപ്രതിസന്ധിയെ പറ്റി പൂർണ ബോധ്യമുള്ളയാളാണ്. സർക്കാർ സംവിധാനങ്ങളും ആരോഗ്യവകുപ്പും നിയമപാലന വിഭാഗവും ഈ മഹാവിപത്തിനെ തടയാൻ നാളിതുവരെ നൽകിയിട്ടുള്ള മുഴുവൻ നിർദ്ദേശങ്ങളും അൽപം പോലും തെറ്റിക്കാതെ പാലിച്ചുപോന്ന ഒരാളുമാണ്.

അടിയന്തിര വൈദ്യസഹായം തേടാതെ ഒരു നിവൃത്തിയുമില്ലാത്ത ശാരീരിക സാഹചര്യത്തിലാണ് വൈദ്യസഹായം തേടാൻ തീരുമാനിച്ചതും ആശുപത്രിയിൽ പോകാൻ ശ്രമിച്ചതും. എന്നാൽ ഈ സംഭവംഎന്നെ അത്യധികമായി മാനസികമായി തളർത്തുകയാണുണ്ടായത്. രാവിലെ തന്നെ മറ്റൊരു ആശുപത്രിയിൽനിന്ന് എനിക്ക് വൈദ്യസഹായം തേടേണ്ടി വന്നു. എന്റെ ശാരീരികാവസ്ഥ മരണ കാരണം പോലും ആയേക്കാവുന്ന വിധം ഗുരുതരമായിരുന്നു എന്ന് അപ്പോഴാണ് ബോധ്യമായത്. പ്രകടമായ ശാരീരികലക്ഷണങ്ങൾ ദൃശ്യമായിട്ടു കൂടി എനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നെങ്കിൽ പ്രത്യക്ഷ ലക്ഷണങ്ങൾ കാണിക്കാത്ത ആന്തരികമായ അസുഖങ്ങളായിരുന്നുവെങ്കിൽ എന്താകുമായിരിക്കും നടപടി എന്നും ഞാൻ ആശങ്കപ്പെടുന്നു.

എന്റെ ശാരീരികാവസ്ഥ ബോധ്യമാക്കുന്ന ചിത്രങ്ങളും തുടർന്ന് ഏറെ വൈകി മറ്റൊരാശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതിന്റെ രേഖകളും ഇതോടൊപ്പം സമർപ്പിക്കുന്നു. നിലവിൽ നമ്മുടെ നിയമപാലന സംവിധാനവും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങളെ ഞാനുൾപ്പെടെയുള്ള ജനത അങ്ങേയറ്റം നന്ദിയോടെയും ആദരവോടെയുമാണ് വീക്ഷിക്കുന്നത്. അതൊന്നു കൊണ്ട് മാത്രമാണ് ആ മഹാവിപത്തിനെ താരതമ്യേന നിയന്ത്രണാധീനമാക്കി നിലനിർത്താൻ കഴിയുന്നതെന്ന ഉത്തമബോധ്യവുമുണ്ട്. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ആ സൽപേരിനും പൊതുജനങ്ങളുടെ ആശ്രയമാണ് നിയമപാലക സംവിധാനം എന്ന ചിന്തയ്ക്കും അങ്ങേയറ്റം കോട്ടം വരുത്തുന്നതാണ്. അടിയന്തിരസഹായം വേണ്ട ഒരു രോഗിക്കും ഇനി ഇത്തരം ഒരുദുരനുഭവം ഉണ്ടാകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നത് കൊണ്ടു മാത്രമാണ് ഈ പരാതി നൽകാൻ തുനിയുന്നത്.

നിലവിലെ സാഹചര്യത്തിൽ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പരാതി നൽകാനാവാത്ത അവസ്ഥ ആയതിനാലാണ് ഈ പരാതി ഇ-മെയിൽ വഴി സമർപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണ നടപടികളോടും പൂർണ്ണമായി സഹകരിക്കാം എന്നും ആദരവോടെ അറിയിക്കുന്നു. ആയതിനാൽ ഈ സംഭവം പരിശോധിച്ച് ആ ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു. കോസ്മോ ഹോസ്പിറ്റലില്‍ ചികിത്സിച്ച വിവരവും ശരീരത്തിൽ വന്ന പാടുകളും ഈ ഇമെയില്‍ കൂടെ ചേര്‍ക്കുന്നു.

എന്ന് വിശ്വാസപൂര്‍വ്വം
ശരത്ചന്ദ്രന്‍ ആര്
‍07/04/2020
തിരുവനന്തപുരം
കോപ്പി:1.ബഹു. ജില്ലാ കളക്ടർ തിരുവനന്തപുരം
2.ബഹു. ജില്ലാ കളക്ടർ കൊല്ലം
3.ബഹു. സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം
4.ബഹു. സൂപ്രണ്ട് ഓഫ് പോലീസ്, കൊല്ലം

Click Here