ജനിതക മാറ്റം

കവിതകള്‍
ഫലാലു റഹ്മാൻ

1. പുതിയ ജൈവായുധം ഇന്‍ക്യുബേഷനിലായിരുന്നു

രാഷ്ട്രങ്ങളുടെ കമ്പോളങ്ങളിൽ
ഏറെ വിറ്റുവരവ് നേടിയത്
ഫെൻസിംഗ് കമ്പികൾക്കായിരിക്കും

ദേശരാഷ്ട്രങ്ങളിലാവട്ടെ
ആയുധങ്ങളും സാങ്കേതികവിദ്യകളും

അധോരാഷ്ട്രങ്ങളിലെ
മൂലധന മാർക്കറ്റിൽ
കുബുദ്ധിയും
വൈറസും
മറുമരുന്നും വിറ്റഴിച്ചു

വൈറസിനെ താമസിപ്പിച്ച
ബങ്കറുകൾ തകർത്തത്
അറബി പേരുള്ള ഏതെങ്കിലും
സംഘമായിരിക്കും ( അതാണ് മനസുഖം)
അഫ്ഗാൻ വിട്ടതിൽ പിന്നെ
യാങ്കി വിശ്രമത്തിലാണല്ലോ

വൈറസുകൾ
ഫെൻസിംഗ് കമ്പികൾ
ആയുധപുരകൾ
ടെക്നോളജികൾ
എല്ലാം കടന്ന്
ചുറ്റി തിരിഞ്ഞു

ഒടുക്കം
രോഗികളുടെ
ഡയസ്പ്പോറയിലെത്തി
അഭയാർത്ഥികളുടെ
ദരിദ്രരുടെ
മനുഷ്യരുടെ
പട്ടിണിയുടെ സമവാക്യങ്ങളാൽ
സുവിശേഷം ചെല്ലുന്നവർ

ഉച്ചകോടികളിൽ
പതിവ്
ബദ്ധശത്രുക്കൾ
ധ്രുവശക്തികൾ
ചുണ്ടിലൊട്ടിച്ച പ്ലാസ്റ്റിക്ക്
പുഞ്ചിരിയുമായ്
വാരി പുണർന്നു
ഷാംപെയ്ൻ
ചീറ്റി ആഘോഷിച്ചു

അപ്പോഴും
ലബോറട്ടറികളിൽ
പുതിയ ജൈവായുധം
ഇന്‍ക്യുബേഷനിലായിരുന്നു
പേരിടൽ കർമ്മവും കാത്ത്

2. ജനിതകമാറ്റം

പടർന്നു പന്തലിക്കാനാണിഷ്ടം
പകർന്നതു പാനം ചെയ്യാനാണിഷ്ടം

വിഭജനങ്ങളായിരുന്നെങ്ങും
മതിൽ കെട്ടുകൾ പോലെ

ഉയർച്ചയും
താഴ്ച്ചയുമായിരുന്നു
സിസോ കണക്കേ

പുറന്തള്ളലുകൾ
അകത്താക്കലുകൾ
എല്ലാം
നിരപരാധികൾക്കായിരുന്നു

ശത്രുവായിരുന്നു
ഇന്നലെ വരെ
വിശുദ്ധ രക്ഷകനാണെത്ര
ഇന്നവർ

ഫാഷിസത്തെ
വിമർശിച്ചിരുന്നെത്ര
ഇന്നവൻ പ്രശംസിക്കുന്നു
തെരുവിലെ നരനായാട്ട് അല്ലാതെന്തു പറയാൻ

ഇടക്കെപ്പോഴോ
യുക്തി മൂത്തിരുന്നെത്ര

ഒരു യുക്തിയുമില്ലാത്ത
ചില ഭക്തികളിൽ തൃപ്തനാവുന്നിപ്പോൾ

മഹാമാരി കാലത്തെ
മനുഷ്യനിങ്ങനെയാണ്

അവനുള്ളിലെ മനുഷ്യനോ
വൈറസ് ജനിതകമാറ്റം വരുത്തിയ മറ്റൊരു വൈറസ്