ലവ് ജിഹാദ്; മറന്നു പോകാൻ പാടില്ലാത്ത വാസ്തവങ്ങള്‍

കേരളത്തിൽ ‘ലവ് ജിഹാദ്’ കേസുകളൊന്നും അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കി. ലോക്‌സഭയിൽ കേരള എം പി ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സംഘ് പരിവാറിന്റെ കള്ളപ്രചരണത്തിന്റെ വാസ്തവം പുറത്തുവന്നത്.

കഴിഞ്ഞ രണ്ടു വർഷത്തില്‍ ഏതെങ്കിലും കേന്ദ്രാന്വേഷണ ഏജൻസികൾ ലവ് ജിഹാദ് റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെ ഒരു കേസും റിപ്പോർട്ടുചെയ്തിട്ടില്ലെന്നും എന്നാല്‍, കേരളത്തില്‍ രണ്ട്‌ മിശ്രവിവാഹ കേസുകൾ എൻ.ഐ.എ. അന്വേഷിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

ലവ് ജിഹാദ് എന്ന സംഘ് പരിവാര്‍ അജണ്ട കേരളത്തില്‍ പ്രചരിപ്പിച്ചത് ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്നും മാത്രമായിരുന്നില്ല. ബിജെപിയെ കൂടാതെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളും മിക്ക മാധ്യമങ്ങളും ഈ പ്രചരണം കൊഴുപ്പിച്ചു. അവരെ സോഷ്യല്‍ മീഡിയയില്‍ വിചാരണ ചെയ്യുകയാണ് അഡ്വ. അമീന്‍ ഹസ്സന്‍.

ലവ് ജിഹാദ് ചർച്ചകളിൽ നാം മറന്നു പോകാൻ പാടില്ലാത്ത ചിലതുണ്ട്

നാളെ രാജ്യമാകെ മതപരിവർത്തന നിരോധനം നടപ്പാക്കാൻ ഒരു വ്യാജം പറയാനും അതിനു “ഡാറ്റ” ഉണ്ടാക്കാനും ഒരു മടിയും ഉണ്ടാവാൻ സാധ്യതയില്ലാത്ത കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിലപാടിൽ മാത്രം ഫോക്കസ് ചെയ്യുന്നത് അബദ്ധമാണ്.

ലവ് ജിഹാദ് നുണപ്രചാരണം സംഘപരിവാർ ഓൺലൈൻ വഴി ആരംഭിച്ച ഘട്ടത്തിൽ തന്നെ കേരള ഹൈക്കോടതിയിലെ ജ. കെ ടി ശങ്കരൻ ആ പ്രചാരണത്തിന് ആധികാരികത നൽകി ലവ് ജിഹാദ് അന്വേഷിക്കാൻ കേരളാ പോലീസിന് നിർദേശം നൽകിയിരുന്നു. അതാണ് കേരളത്തിൽ ഈ നുണ പ്രചാരണങ്ങളെ സഹായിച്ച വലിയ ഘടകം.

രാഹുൽ ഈശ്വർ അന്ന് ദേശീയ മാധ്യമങ്ങളിൽ അടക്കം ഈ നുണ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടുള്ള നുണയനാണ്. റിപ്പോർട്ടർ ചാനലിനും അർണബ് ഗോ സാമിയുടെ അന്നത്തെ ചാനലിനും രാഹുൽ പറഞ്ഞ നുണകൾ യൂട്യൂബിൽ ലഭ്യമായിരുന്നു. ഒരു വിഷ വമിപ്പിക്കുന്ന നുണയനെ ഇപ്പോൾ പ്രവാചകനായി ആഘോഷിക്കുന്നവർ അത് മറക്കരുത്. അയാൾ കുതന്ത്രം പയറ്റുകയാണെന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും. മുസ്‌ലിങ്ങൾക്ക് അപാര തന്ത്രങ്ങൾ ആണെന്നും അങ്ങനെ ദ അവാ ജിഹാദ് വരെ നടക്കുന്നുണ്ട് എന്നും ആളുകൾ നുണ പറയുന്ന നാട്ടിൽ മിനിമം സാമാന്യ ബുദ്ധി എങ്കിലും മുസ്‌ലിം സംഘടനകൾക്ക് ഉണ്ടാവണം.

ഈ പ്രശ്നത്തിൽ സുനിൽ വടയാർ എന്നൊരു മാധ്യമ പ്രവർത്തകൻ ഒരുപാട് നുണകൾ അക്കാലത്ത് കേരളാ കൗമുദിയിൽ എഴുതി പിടിപ്പിച്ചിരുന്നു. അയാളെ ആരെങ്കിലും ഒന്ന് സ്പോട്ട് ചെയ്തു ഉത്തരം പറയിപ്പിക്കണം. ഈ അടുത്തും കൗമുദിയും ദീപികയും നുണകൾ പടച്ചു വിട്ടിരുന്നു. ആ നുണകൾ എഴുതിയ മാധ്യമ പ്രവർത്തകരോട് വ്യക്തിപരമായി വിശദീകരണം ചോദിക്കാൻ പത്ര പ്രവർത്തക സംഘടനകൾ തയ്യാറാവണം.

വി എസ് അച്യുതാനന്ദൻ അടക്കമുള്ള രാഷ്ട്രീയക്കാരുടെ മുസ്‌ലിം വിരുദ്ധതയും കാപട്യവും ചർച്ച ചെയ്യപ്പെടണം. കൃസ്ത്യൻ സമൂഹത്തിൽ വിഷലിപ്തമായ നുണകൾ പ്രചരിപ്പിക്കുന്ന സംഘടനകൾക്കും നേതാക്കൾക്കും എതിരെ സർക്കാർ കേസെടുക്കണം. ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല.

അലി അക്ബർ, ജോർജ് കുര്യൻ, പ്രതീഷ് വിശ്വനാഥ് മുതലായവർക്ക് എതിരെ നൽകിയ പരാതികൾക്ക് എന്ത് സംഭവിച്ചു എന്ന് പോലീസിനോട് ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം.

ഘർവാപ്പസി കേന്ദ്രങ്ങളുടെ നടത്തിപ്പുകാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് ചർച്ചയാവാതെ പോകുന്നത് എന്തുകൊണ്ടാണ് ?

ലൗ ജിഹാദ് നുണ പ്രചാരണത്തിന് എതിരെ ആദ്യ ലഘുലേഖ ഇറക്കുകയും ആദ്യ പ്രതിഷേധ പരിപാടി നടത്തുകയും ചെയ്ത എസ് ഐ ഓ, ആദ്യ ലേഖനം എഴുതിയ കെ കെ ബാബുരാജ് എന്നിവരോട് നീതി പുലർത്താൻ നാം തയ്യാറാകണം.

Leave a Reply