കാൻസർ രോഗിയായ അച്ഛനെ കാണാൻ രൂപേഷ് എത്തിയത് നിയമത്തിന്റെ നൂലാമാലകൾ കടന്ന്

ഹൈക്കോടതിയും കീഴ്കോടതികളും കുറ്റവിമുക്തനാക്കിയ കേസുകളിൽ പോലും അഞ്ചു വർഷത്തിനു ശേഷം പുതിയ അന്വേഷണ ഏജൻസി (ATS) രൂപീകരിച്ച് പുനരന്വേഷണവും തുടരന്വേഷണവുമായി ഭരണകൂടത്താൽ നിരന്തരം വേട്ടയാടപ്പെടുന്ന രൂപേഷ് മാരക രോഗം വേട്ടയാടുന്ന അച്ഛനെ സന്ദർശിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ പോലും കനത്ത എതിർപ്പാണ് പ്രൊസിക്യൂഷൻ ഉയർത്തിയത്. പക്ഷേ മാനുഷികതയുടെ പേരിൽ കോടതി 6 മണിക്കൂർ സന്ദർശനാനുമതി നൽകയായിരുന്നു.

രൂപേഷ് പ്രതിയായ എല്ലാ കേസുകളും കോടതികൾ ഒഴിവാക്കിയവയുൾപ്പടെ ATS ന് കൈമാറിയാണ് ഭരണകൂടം രൂപേഷിനെതിരെയുള്ള പുതിയ നീക്കം നടത്തിയിരിക്കുന്നത്. പരാതിക്കാരി തിരിച്ചറിയാത്തതിന്റെ പേരിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച രണ്ടു കേസുകളിൽ കൂടി പുതുതായി ATS അന്വേഷണം പ്രഖ്യാപിച്ചതിലൂടെ പിണറായി സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
കഠിനമായ രോഗപീഡയിൽ (കാൻസർ നാലാം സ്റ്റേജിൽ) നാളുകൾ എണ്ണിക്കഴിയുന്ന അച്ഛനെ അവസാന നാളുകളിൽ പരിചരിക്കാൻ പോലും രൂപേഷിന് കഴിയുന്നില്ല.

അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ചു വർഷമാകുമ്പോഴും പല കേസുകളിലും ഇനിയും കുറ്റപത്രം പോലും സമർപ്പിക്കപ്പെട്ടിട്ടില്ല. വിടുതൽ ഹർജി നൽകി രണ്ടു വർഷത്തോളം കഴിഞ്ഞ കേസുകളും വിചാരണക്ക് തയ്യാറായ കേസുകളും ATS -ന്റെ ഈ പുതിയ പുനർ / തുടർ അന്വേഷണം മൂലം അനന്തമായി നീണ്ടു പോകാൻ സാധ്യതയുണ്ട്. കോടതികൾ വെറുതെ വിട്ടാലും ഭരണകൂടം രൂപേഷിനെ മോചിപ്പിക്കാൻ തയ്യാറില്ല എന്നതാണ് ഈ ATS അന്വേഷണത്തിന്റെ കാതൽ.

എൻ.ഐ.എ ഏറ്റെടുത്ത രൂപേഷിന്റേയും മറ്റും കേസിൽ അഞ്ചു വർഷത്തിനു ശേഷവും ഒരാൾക്കുപോലും ജാമ്യം നൽകിയിട്ടില്ല. ഈ കേസിൽ ഉൾപ്പെട്ടു കഴിയുന്ന ഇബ്രാഹിം എന്ന സഖാവ് കടുത്ത പ്രമേഹവും ഹൃദ്രോഗവും മൂലം അവശനുമാണ്. ഇവർക്കാർക്കുമെതിരേ കൊലപാതകമോ ബോംബു സ്ഫോടനമോ പോലുള്ള കടുത്ത കുറ്റകൃത്യങ്ങൾ എന്തെങ്കിലും ചെയ്തതായി ആരോപണമില്ല. ഒരു ആയുധവും ഇവരിൽ ആരിൽ നിന്നും പിടിച്ചെടുത്തിട്ടുമില്ല.

പ്രകടമായ യാതൊരു തീവ്രവാദ പ്രവർത്തനങ്ങളും ഇല്ലാത്ത കേരളത്തിൽ പൊടുന്നനെയുള്ള ഈ തീവ്രവാദ സ്ക്വാഡിന്റെ (ATS) രൂപീകരണവും കേസുകൾ കൈമാറുന്നതും ആരുടെ താത്പര്യമാണെന്നത് വ്യക്തം. മാവോയിസ്റ്റ് – ഇസ്‌ലാമിസ്റ്റ് (ജിഹാദിസ്റ്റ് ) നെക്സസ് എന്നൊക്കെയുള്ള ആരോപണങ്ങൾ ആരെയാണ് പ്രീതിപ്പെടുത്തുന്നതെന്നും നമ്മൾ കാണുന്നുണ്ട്. കേരളത്തിൽ എൻ.ഐ.എ ഏറ്റെടുത്ത കേസുകളിൽ അപൂർവും കേസുകളിൽ ഒഴികെ എല്ലാ ത്തിലും തെളിവിന്റെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. സാമാന്യ ബുദ്ധിയുള്ള ആർക്കും ഇവയെല്ലാം മന:പൂർവ്വം കെട്ടിച്ചമച്ചതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
_ ഷൈന പി എ

Leave a Reply