മണിപ്പൂരിൽ മറഞ്ഞു നിൽക്കുന്ന ശത്രു
“വടക്ക്-കിഴക്കന്‍ മേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും സൈന്യം അടക്കം വലിയതോതില്‍ ഇടപെടാതെ മാറി നില്‍ക്കുകയും ചെയ്യുന്നതിലൂടെ വലിയ തോതില്‍ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഗ്രാമങ്ങളെ കാത്തിരിക്കുന്നതെന്താണെ് വൈകാതെ നമുക്ക് കാണാന്‍ കഴിയും…”
മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍
നോര്‍ത്ത്-ഈസ്റ്റില്‍ ഉടക്കിയ കോർപ്പറേറ്റ് കണ്ണുകള്‍
കെ സഹദേവൻ
പാർട്ട് 3
മറഞ്ഞു നില്‍ക്കുന്ന ശത്രു
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച്, സാമൂഹികാന്തരീക്ഷം അസ്വസ്ഥത നിറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നവര്‍ മറഞ്ഞുനില്‍ക്കുന്ന ശത്രുവിനെ കാണാന്‍ താല്‍പ്പര്യമില്ലാത്ത ഭരണവര്‍ഗ്ഗങ്ങളാണ്. മണിപ്പൂരിലെ വന വിഭവങ്ങള്‍, ധാതുക്കള്‍, ഭൂമി എന്നിവ തങ്ങളുടെ ലാഭ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഒരിക്കലും മുഖ്യധാരയിലെ സംവാദ വിഷയമാകാതിരിക്കാന്‍ അവര്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. അസമാനമായ വിഭവ വിതരണത്തിലൂടെ ഉടലെടുത്ത വര്‍ത്തമാന പ്രതിസന്ധികള്‍ ത്വരിതപ്പെടുത്തുന്നതില്‍ കോര്‍പ്പറേറ്റുകളുടെ പങ്ക് ഇവിടെ പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ്. മണിപ്പൂരിലെ വനമേഖലയില്‍ നിന്നുള്ള തടി വ്യാപാരത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഗോത്രവര്‍ഗക്കാരല്ലാത്തവരാണ്. വനംവകുപ്പ് കരാറുകള്‍ ലഭ്യമായവരില്‍ വലിയൊരു ഭാഗവും മെയ്‌തേയ് സമുദായത്തില്‍ നിന്നുള്ള ഉന്നതന്മാരാണ്. വ്യവസായികള്‍ മാത്രമല്ല, വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സുരക്ഷാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിക്കുന്ന നിയമവിരുദ്ധമായ കച്ചവടവും ഈമേഖലയില്‍ ഗണ്യമായ തോതില്‍ നടക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളും ഇപ്പോള്‍ ഈ വ്യാപാരത്തിലേക്ക് കടക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. മലനിരകളിലെ സമൃദ്ധമായ വനങ്ങളിലേക്ക് നിയമപരമായ പ്രവേശനം നേടുന്നതിനുള്ള ശ്രമത്തിലാണവര്‍. സംസ്ഥാന സര്‍ക്കാരിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനനുസൃതമായ നിയമനിര്‍മ്മാണം നടത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഇവ കൂടാതെ സംസ്ഥാനത്തിന്റെ മലമേഖലകളില്‍ സ്ഥിതി ചെയ്യുന്ന വിവിധങ്ങളായ ധാതുക്കളിന്മേലും കോര്‍പ്പറേറ്റ് കമ്പനികളുടെ കണ്ണുകള്‍ ഉടക്കിക്കിടക്കുകയാണ്. ചുണ്ണാമ്പുകല്ല്, ക്രോമൈറ്റ്, മിനറല്‍ വാട്ടര്‍, ഫെറസ് അലോയ് ലോഹങ്ങള്‍, ആസ്ബറ്റോസ്, മറ്റ് അമൂല്യ ലോഹങ്ങള്‍, കളിമണ്ണ്, ഫോസില്‍ ഇന്ധനങ്ങള്‍ എിവയുടെ നിക്ഷേപം കുന്നുകളില്‍ ഗണ്യമായ അളവില്‍ ഉണ്ടെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്.
ഏകദേശം 5000 ബില്യൺ ക്യുബിക് അടി എണ്ണ നിക്ഷേപം സംസ്ഥാനത്ത് മാത്രമായി പര്യവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിലെ ജിരിബാമില്‍ സ്ഥിതി ചെയ്യുന്ന രണ്ട് എണ്ണ ബ്ലോക്കുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കുഴിക്കുന്നതിനുമായി നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള എണ്ണ പര്യവേക്ഷണ കമ്പനിയായ ജൂബിലിയന്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (JOGPL) പോലുള്ള കമ്പനികള്‍ക്ക് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വഴി ഇന്ത്യാ ഗവൺമെന്റ് ലൈസന്‍സ് നല്‍കിയിരുന്നു. തമെംഗ്ലോങ്, ചുരാചന്ദ്പൂര്‍ ജില്ലകളിലെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടർന്നു ഈ ലൈസന്‍സ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ന്യൂ എക്‌സ്‌പ്ലോറേഷന്‍ ലൈസന്‍സിംഗ് പോളിസി(NELP) പ്രകാരമാണ് ഈ കരാറുകള്‍ നല്‍കപ്പെട്ടത്.
ഇന്ത്യയില്‍, എണ്ണപ്പാടങ്ങളുടെയും ധാതു എണ്ണ സ്രോതസ്സുകളുടെയും വികസനം ഉള്‍പ്പെടെ എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിയമനിര്‍മ്മാണത്തിനുള്ള പ്രത്യേക അവകാശം കേന്ദ്രസര്‍ക്കാരിന് ഉണ്ട്. വിവിധ മേഖലകളിലെ എണ്ണ പര്യവേക്ഷണത്തെയും ഖനനത്തെയും എതിര്‍ക്കുന്ന പ്രാദേശിക ജനതയുടെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇത് ദുരുപയോഗം ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ ഓപ്പ ഏക്കര്‍ ലൈസന്‍സിംഗ് പോളിസി(OALP, 2017)യിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായ വിഭവ ചൂഷണത്തിനുള്ള അവസരമൊരുക്കുകയാണ് ഇപ്പോള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണിപ്പൂരിലും നിക്ഷേപം നടത്തുന്ന വിവിധ ആഗോള, ഏഷ്യന്‍ സ്ഥാപനങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി), ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജെബിഐസി) എന്നിവ ഉള്‍പ്പെടുന്നു.
എണ്ണപ്പനക്കൃഷി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാവി നിശ്ചയിക്കുന്നു
2021 ഓഗസ്റ്റ് 18-ന്, നരേന്ദ്ര മോദി ഗവൺമെന്റ് ഭക്ഷ്യ എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഒരു പുതിയ പദ്ധതി, ഭക്ഷ്യ എണ്ണകളുടെ ദേശീയ മിഷന്‍ – ഓയില്‍ പാം (NMEO-OP) പ്രഖ്യാപിക്കുകയുണ്ടായി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പ് അനുസരിച്ച്, ഈ പദ്ധതിക്കായി 110.40 ബില്യൺ രൂപ നീക്കിവച്ചിട്ടുണ്ട്, അതില്‍ 88.44 ബില്യൺ രൂപ കേന്ദ്ര സര്‍ക്കാരും 21.96 ബില്യൺ രൂപ സംസ്ഥാനങ്ങളും വഹിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍. 2025-26 കാലയളവിനുള്ളില്‍ 6,50,000 ഹെക്ടര്‍ ഭൂമി എണ്ണപ്പനയ്ക്കായ് നികത്താനും അതുവഴി ഇന്ത്യയിലെ എണ്ണപ്പനക്കൃഷി ഒരു ദശലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2025-26 ഓടെ അസംസ്‌കൃത പാം ഓയില്‍ ഉല്‍പ്പാദനം 1.12 മില്യ ടണ്ണായും അതിനുശേഷം 2029-30 ഓടെ 2.8 മില്യ ടണ്ണായി ഉയര്‍ത്താനും പദ്ധതിയിടുന്നതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. മോദിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘ആത്മനിര്‍ഭര്‍’ പദ്ധതിയുടെ ഭാഗമായാണ് പുതിയ എണ്ണപ്പനക്കൃഷി വ്യാപനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
മണിപ്പൂര്‍ ഉള്‍പ്പെടെ മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയില്‍ പാം ഓയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ മിഷന്‍ ഓൺ എഡിബിള്‍ ഓയില്‍സ്-ഓയില്‍ പാം, മൊത്തം 6.5 ലക്ഷം ഹെക്ടര്‍ ഭൂമി ഈന്തപ്പന കൃഷിക്ക് കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു. ഇതില്‍ 3.28 ലക്ഷം ഹെക്ടര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായാണ് പദ്ധതിയിട്ടിരിക്കുന്നത്. പതഞ്ജലി, ഗോദ്റെജ് അഗ്രോവെറ്റ് തുടങ്ങിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി ഇതിനകം തന്നെ നിരവധി വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, നവംബർ 30, 2021ല്‍, ലോകസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നത് മണിപ്പൂരിലെ ആറ് ജില്ലകളില്‍ നിന്നായി 66,652 ഹെക്ടര്‍ ഭൂമി എണ്ണപ്പന കൃഷിക്കായി കണ്ടെത്തിയിട്ടുണ്ടെന്നാണ്. ഇംഫാല്‍ വെസ്റ്റ് (14,516ഹെക്ടര്‍), തൗബല്‍ (18,475), ബിഷ്ണുപൂര്‍ (10,389), ചൂരാചാന്ദ്പൂര്‍ (11,662), ചന്ദേല്‍ (6,803), ഉഖ്രൂള്‍ (4,808) എന്നിങ്ങനെ വളരെ കൃത്യമായിതന്നെ സ്ഥലനിര്‍ണ്ണയം നടത്തിയതായി കാണാം. മേല്‍സൂചിപ്പിച്ച സ്ഥലങ്ങളെല്ലാം തന്നെ മലയോര പ്രദേശങ്ങളും ആദിവാസി-ഗോത്ര ജനതയ്ക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളുമാണ്. മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിനെതിരെ ആദിവാസി-ഗോത്ര സംഘടനകളുടെ മുന്‍കൈയ്യില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. വന്‍തോതിലുള്ള എണ്ണപ്പന കൃഷി ഈ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യങ്ങളുടെ നാശത്തിനും സാധാരണ ജനങ്ങളുടെ ജീവനോപാധികള്‍ ഇല്ലാതാക്കുന്നതിനും ഇടവരുത്തുമെന്ന മുന്നറിയിപ്പുകളും സര്‍ക്കാര്‍ അവഗണിക്കുകയാണ്.
ആരാണ് യഥാര്‍ത്ഥ ഗുണഭോക്താവ്?
കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സാമ്പത്തിക-വ്യവസായ നയങ്ങളും അദാനിയെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവിലെ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ഇക്കാര്യം തെളിയിക്കുന്നുണ്ട്. കാര്‍ഷിക മേഖല, പ്രതിരോധം, എണ്ണ, ഖനനം, ഊര്‍ജ്ജം, ഗതാഗതം, തുറമുഖം തുടങ്ങി സമസ്ത മേഖലകളിലും അദാനിയുടെ കടന്നുകയറ്റത്തിന് ഉതകുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി വരുത്തിക്കൊണ്ട്, അദാനി ആഗ്രോ ഇന്‍ഡസ്ട്രീസിന്, ഭക്ഷ്യ മേഖലയില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുത്തത് കര്‍ഷക സംഘടനകള്‍ ഒരുമിച്ച് നിന്ന് പൊരുതി തോല്‍പ്പിച്ചത് നാം കണ്ടു. കാര്‍ഷിക നിയമ ഭേദഗതി മുന്നില്‍ക്കണ്ടുകൊണ്ട് പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം അദാനി ഭക്ഷ്യ സംഭരണ മേഖലയില്‍ നടത്തിയതും നാം കണ്ടു. ദേശീയ ഭക്ഷ്യ എണ്ണ നയത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ഗൗതം അദാനിക്ക് വേണ്ടിയാണ് എതില്‍ തര്‍ക്കമൊന്നുമില്ല.
ഭക്ഷ്യ എണ്ണ മേഖലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ഗൗതം അദാനിയുടേത്. 1999-ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പാം ഓയില്‍ കമ്പനിയായ വില്‍മറുമായി സഹകരിക്കുന്നതോടെയാണ് അദാനി-വില്‍മര്‍ കൂട്ടുകെട്ടിന്റെ ആരംഭം കുറിക്കുന്നത്. 1999-ല്‍ അദാനിയുടെ മുന്ദ്ര തുറമുഖത്ത് ഒരൊറ്റ റിഫൈനറിയില്‍ ആരംഭിച്ച അദാനി – വില്‍മറിന് നിലവില്‍ 17 ഓളം റിഫൈനറികളാണുള്ളത്. കൂടാതെ ഇന്ത്യയുടെ പാം ഓയില്‍ വിപണിയില്‍ സിംഹഭാഗവും അദാനി-വില്‍മറിന്റേതാണൊണ് കണക്കുകള്‍ തെളിയിക്കുന്നത്.
അദാനി-വില്‍മര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുതനുസരിച്ച്, ദേശീയ സാമ്പത്തിക പ്രാധാന്യമുള്ള ആസ്തികള്‍ വികസിപ്പിച്ച്, ‘രാഷ്ട്ര നിര്‍മ്മാണം’ സാധ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് അദാനി – വില്‍മര്‍ സൃഷ്ടിക്കപ്പെട്ടത്. എണ്ണപ്പന കൃഷി, എണ്ണക്കുരു പൊടിക്കല്‍, ഭക്ഷ്യ എണ്ണ ശുദ്ധീകരണം, സ്‌പെഷ്യാലിറ്റി ഫാറ്റ്, ബയോഡീസല്‍, വളം നിര്‍മ്മാണം, ധാന്യ സംസ്‌കരണം എന്നിവ വില്‍മറിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് 850-ലധികം നിര്‍മ്മാണ പ്ലാന്റുകളും ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവയും മറ്റ് 30 രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ വിതരണ ശൃംഖലയും ഉണ്ട്. വളരെയധികം വില്‍ക്കപ്പെടുന്ന ‘ഫോര്‍ച്യൂ’ ബ്രാന്‍ഡ് അദാനി – വില്‍മറിന്റേതാണ്.
അദാനി – വില്‍മറിന്റെ വിപുലീകരണത്തിനായി ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ഹെക്ടര്‍ മഴക്കാടുകള്‍ – കൂടുതലും സുമാത്ര, ബോര്‍ണിയോ, ന്യൂ ഗിനിയ ദ്വീപുകളില്‍ – വിശാലമായ എണ്ണപ്പന തോട്ടങ്ങള്‍ക്കായി വെട്ടിമാറ്റപ്പെട്ടു. വിശാലമായ ചതുപ്പുകള്‍ വറ്റിച്ചും, ആവാസ വ്യവസ്ഥകള്‍ നശിപ്പിച്ചും, തദ്ദേശീയ ജനവിഭാഗങ്ങളെ ആട്ടിയോടിച്ചും ആണ് അദാനി – വില്‍മറിന്റെ ഭക്ഷ്യ എണ്ണ വ്യവസായം കൊഴുപ്പിച്ചത്. ബാലവേല ഉള്‍പ്പെടെയുള്ള ചൂഷണപരമായ തൊഴില്‍ സമ്പ്രദായങ്ങളുടെ പേരിലും കുപ്രസിദ്ധമാണ് ഗൗതം അദാനിയുടെ ഈ കൂട്ടുകെട്ട്. അന്താരാഷ്ട്ര തലത്തില്‍ പാമോയിലിന്റെയും മറ്റ് ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുകയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5.8 ബില്യ ഡോളര്‍ മൂല്യമുള്ള ശുദ്ധീകരിച്ചതും അല്ലാത്തതുമായ പാം ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത പെട്രോളിയം, സ്വര്‍ണ്ണം എന്നിവയ്ക്ക് ശേഷം ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ഭക്ഷ്യ എണ്ണ. ഇന്ത്യയുടെ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കി ഇറക്കുമതി ചെലവ് കുറയ്ക്കുകയാണെ് മോദി അവകാശപ്പെടുമെങ്കിലും വാസ്തവത്തില്‍, പുതിയ നടപടികള്‍ അദാനി – വില്‍മറിനേയും മോദിയുടെ മറ്റൊരു സഖ്യകക്ഷിയായ ബാബാ രാംദേവിനേയും സഹായിക്കുന്നതിനാണെന്നതില്‍ സന്ദേഹത്തിന് സ്ഥാനമില്ല. ബാബാ രാംദേവിന്റെ രുചി സോയ കമ്പനി മുൻപെ തന്നെ വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പതഞ്ജലി ഏറ്റെടുത്ത പാപ്പരായ സ്ഥാപനമായ രുചി സോയ, അസം, ത്രിപുര, മറ്റ് വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഓയില്‍-പാം തോട്ടങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു 2021 ഓഗസ്റ്റ് 2-ന് വെളിപ്പെടുത്തുകയുണ്ടായി. ഈ സംസ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് കരാര്‍ കൃഷി നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് രുചി സോയ. ഇന്ത്യന്‍ വനമേഖലയുടെ 25% വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. എണ്ണപ്പന കൃഷിയുടെ ആഘാതം പ്രദേശത്തിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും അതിന്റെ ജൈവവൈവിധ്യം നശിപ്പിക്കുകയും ചെയ്യും എന്നതടക്കമുള്ള മുറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് പുതിയ പദ്ധതിയുമായി സര്‍ക്കാരുകള്‍ മുന്നോട്ടു നീങ്ങുന്നത്.
ഭൂമി കയ്യേറ്റത്തിന്റെ പൂര്‍വ്വ മാതൃകകള്‍
ഒരു ജനാധിപത്യ സംവിധാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍, വംശീയ കലാപങ്ങളും സാമൂഹിക അസ്വസ്ഥതകളും വിതച്ചുകൊണ്ട് തദ്ദേശ ജനതയുടെ ഭൂമി പിടിച്ചെടുക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന ചോദ്യം സാധാരണഗതിയില്‍ ഉയർന്നുവരാവുന്നതാണ്. ധാതുവിഭവങ്ങളാല്‍ സമൃദ്ധമായ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂമി ദുര്‍ലഭ വിഭവമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെയും അനുഭവം പക്ഷേ, അധികാരികളുടെ ഒത്താശയോടെ നടക്കുന്ന ഭൂമി കയ്യേറ്റത്തിന്റേതാണെന്ന് ഈ വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം. സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി, ഇത്തരത്തില്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കായി വീതിച്ചു നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കു സംസ്ഥാനങ്ങളിലൊന്നു ഛത്തീസ്ഗഢ് ആണെറിയുക. ഇടത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനെന്ന പേരില്‍ വന്‍തോതിലുള്ള സൈനിക സാന്നിധ്യം ഉറപ്പുവരുത്തി, സല്‍വാ ജുദൂം എന്ന പ്രാദേശിക സേന രൂപീകരിച്ച് ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിട്ടുള്ളത്.
ഛത്തീസ്ഗഡിലെ തെക്കന്‍ ജില്ലകളായ ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ എന്നിവിടങ്ങളില്‍ ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യം സൃഷ്ടിച്ച്, തദ്ദേശവാസികളെ വര്‍ഷങ്ങളോളം ക്യാമ്പുകളില്‍ താമസിപ്പിച്ച് അവരുടെ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒറ്റ ഉദാഹരണം മാത്രം നോക്കുക; ഇരുമ്പയിര് ഖനനത്തിനായി ഏഴിലധികം ഗ്രാമങ്ങള്‍ ഇത്തരത്തില്‍ ടാറ്റ, എസ്സാര്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദിവാസികളുടെ ചെറുത്തുനില്‍പ്പുകള്‍ കാരണം ആദ്യഘട്ടത്തില്‍ പദ്ധതികള്‍ പിന്‍വലിച്ചുവെങ്കിലും സാല്‍വ ജുദൂം പോലുള്ള ‘ജനകീയ’ സേനകള്‍ രൂപീകരിച്ചുകൊണ്ട് ജനങ്ങളെ ആസൂത്രിത രീതിയില്‍ കുടുക്കുകയായിരുന്നു. സല്‍വാ ജുദൂമിന്റെ സാമ്പത്തിക സ്രോതസ്സ് ടാറ്റയും എസ്സാര്‍ സ്റ്റീലും അടങ്ങുന്ന കമ്പനികളായിരുന്നുവെന്നു പില്‍ക്കാലത്ത് വെളിപ്പെടുകയുണ്ടായി. 640ലധികം ഗ്രാമങ്ങള്‍ ഇവിടെ അഗ്നിക്കിരയാക്കി. ഈ ഗ്രാമങ്ങളെല്ലാം ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിക്കിടക്കുകയാണ്. മൂന്നരലക്ഷം ആദിവാസികള്‍ ദാന്തേവാഡയില്‍ നിന്നും പലായനം ചെയ്യപ്പെട്ടു.
ഛത്തീസ്ഗഢിനെ കൂടാതെ, ഝാര്‍ഘണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അദാനി, ടാറ്റ, ആര്‍സല്‍ മിത്തല്‍, പോക്‌സോ, വേദാന്ത തുടങ്ങിയ നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ സര്‍ക്കാരിന്റെ അനുമതിയോടെ തദ്ദേശവാസികളുടെ ഭൂമി കയ്യേറുന്ന പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി ഏര്‍പ്പെട്ടിരിക്കുകയാണെന്നറിയുക. സൂറത്ത്, മുംബൈ പോലുള്ള നഗരങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളുടെ ഫലം കൊയ്യുന്നത് വന്‍കിട ഭൂമാഫിയകളാണെന്നതും പ്രത്യേക പ്രദേശങ്ങളിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന വന്‍കിടകളാണെന്നതും പല ഘട്ടങ്ങളിലായി വെളിപ്പെട്ട കാര്യങ്ങളാണ്.
വികസന വഴികളിലെ ചതിക്കെണികള്‍
മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാതെ, ഇരു സമുദായങ്ങള്‍ തമ്മിലുള്ള വംശീയ വൈരമായി അതിനെ ചിത്രീകരിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ ചതിക്കെണികളില്‍ അറിയാതെ കുടുങ്ങുകയാണ് നമ്മള്‍ ചെയ്യുന്നത്. കലാപത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന മെയ്‌തേയ് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും നിലവിലെ വികസന നയങ്ങളുടെ ഇരകളും കൂടിയാണെന്നതാണ് വസ്തുത.
വടക്ക്-കിഴക്കന്‍ മേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും സൈന്യം അടക്കം വലിയതോതില്‍ ഇടപെടാതെ മാറി നില്‍ക്കുകയും ചെയ്യുന്നതിലൂടെ വലിയ തോതില്‍ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഗ്രാമങ്ങളെ കാത്തിരിക്കുന്നതെന്താണെ് വൈകാതെ നമുക്ക് കാണാന്‍ കഴിയും.
(കടപ്പാട്: ഈ ലേഖനം തയ്യാറാക്കുന്നതില്‍ പ്രധാനമായും ആശ്രയിച്ചത് നോര്‍ത്ത്-ഈസ്റ്റ് ഫോറം ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റിയുടെ പഠനങ്ങളെയാണ്. മണിപ്പൂര്‍ സംസ്ഥാനം നേരിടുന്ന ചരിത്രപരമായ പിന്നോക്കാവസ്ഥകളെ സംബന്ധിച്ച് അവര്‍ നടത്തിയ വിശദമായ പഠനം ഈ ലേഖനത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇംഫാല്‍ റിവ്യൂ, കൂടാതെ പ്രൊഫ. ആദിത്യ നിഗം, മഹ്‌ദേനോ, ഗുലാബ് ദാസ് ഗുപ്ത എന്നിവരുമായുള്ള ആശയവിനിമയങ്ങളും ലേഖനം തയ്യാറാക്കുന്നതില്‍ സഹായകമായിട്ടുണ്ട്.)
_ K Sahadevan, Transtion Studies
അവസാനിച്ചു
ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ
മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍
ബ്രിട്ടീഷ് കാലം മുതൽ തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ
Follow us on | Facebook | Instagram | Telegram | Twitter | Threads