നമ്മുടെ ആരുടേലും പിന്തുണയുണ്ടോന്ന് നോക്കിയിട്ടല്ല അവര്‍ മാവോയിസ്റ്റായത്
ഭരണകൂടം (അത് ഇടതോ വലതോ ആവട്ടെ), ജനകീയമായ ചെറുത്തുനില്‍പുകളെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തുന്നത് അവരില്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാണ്…
എസ് എ അജിംസ്
” ഞാന്‍ മാവോയിസത്തെ പിന്തുണക്കുന്നില്ല.. പക്ഷേ…”
ഒരു പക്ഷേയുമില്ല. നമ്മുടെ ആരുടേലും പിന്തുണയുണ്ടോന്ന് നോക്കിയിട്ടല്ല അവര്‍ മാവോയിസ്റ്റായത്. ഒരു മുന്‍കൂര്‍ ജാമ്യവും ആവശ്യമില്ലാതെ പറയുന്നു.ഭരണകൂടം ഒരു മനുഷ്യനെ നിയമബാഹ്യമായി കൊന്നിരിക്കുന്നു. Extra Judicial Killing.
ഭരണകൂടം (അത് ഇടതോ വലതോ ആവട്ടെ), ജനകീയമായ ചെറുത്തുനില്‍പുകളെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തുന്നത് അവരില്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാണ്. ഈ കൊലകൊണ്ട് ഭരണകൂടത്തിന് നിരവധി നേട്ടങ്ങളുണ്ട്.
കേരളം മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാം. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കാര്യമായി ഓഡിറ്റിങ്ങില്ലാത്ത ധാരാളം ഫണ്ട് ലഭിക്കും. ആവശ്യത്തിലേറെ തണ്ടര്‍ബോള്‍ട്ട് സേന സംസ്ഥാനത്തിപ്പോഴുണ്ട്. തൃശൂരില്‍ ആയിരത്തോളം പേരെ റിസര്‍വ് ചെയ്തിരുത്തിയിരിക്കുന്നു. എന്തിന് വേണ്ടി?
മാവോയിസ്റ്റ് ബാധിത സംസ്ഥാനമെന്ന പ്രിവിലേജില്‍ മുഖ്യമന്ത്രിക്ക് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താന്‍ വേണ്ടി മാത്രമോ? ഈ കൊലപാതകം കൃത്യമായി എഫ്ഐആറിട്ട് അന്വേഷിക്കണം. മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം.