8 മനുഷ്യരെ കൊന്നുതള്ളാൻ അധികാരികൾക്ക് ഭരണഘടന തടസ്സമായില്ല

“ജനവിരുദ്ധമെന്നു അവർ കരുതുന്ന ഒരു വ്യവസ്ഥക്കെതിരെ ആയുധമെടുത്തവരെ മറ്റൊന്നും നോക്കാതെ കൊന്നുകളയാമെന്ന അധികാരബോധത്തിന് 8 മനുഷ്യരെ, അതും തിരിച്ചു ഒരു പരിക്ക് പോലും ഏൽപ്പിക്കാത്ത 8 മനുഷ്യരെ കൊന്നുതള്ളാൻ ഒരു ഭരണഘടനയും തടസ്സമായില്ല…”
_ അഡ്വ. തുഷാർ നിർമ്മൽ

മഞ്ചക്കണ്ടിയിൽ കേരളപൊലീസ് 4 മാവോയിസ്റ്റുകളെ അരുംകൊല ചെയ്ത് 3 കൊല്ലം തികയുന്നു. ഭരണഘടനയും നിയമവാഴ്ചയും ഒക്കെ ഇവിടെ അധികാരികൾക്ക് മൈതാന പ്രസംഗത്തിലെ വെറുംവാക്കുകളാണെന്നു തെളിയിക്കുന്നതാണ് ഓരോ വ്യാജ ഏറ്റുമുട്ടൽ കൊലയും. ജനവിരുദ്ധമെന്നു അവർ കരുതുന്ന ഒരു വ്യവസ്ഥക്കെതിരെ ആയുധമെടുത്തവരെ മറ്റൊന്നും നോക്കാതെ കൊന്നുകളയാമെന്ന അധികാരബോധത്തിന് 8 മനുഷ്യരെ, അതും തിരിച്ചു ഒരു പരിക്ക് പോലും ഏൽപ്പിക്കാത്ത 8 മനുഷ്യരെ കൊന്നുതള്ളാൻ ഒരു ഭരണഘടനയും തടസ്സമായില്ല.

ആത്മരക്ഷയ്ക്ക് വേണ്ടി വെടിവച്ചു കൊന്നു എന്നതാണ് എന്നും ഭരണകൂട ഭാഷ്യം. അതു ശരിയാണെന്നതിന് പക്ഷെ ഒരു പരിശോധന വേണ്ടേ. ആത്മരക്ഷാ വാദം ഉയർത്തി ആരെങ്കിലും ഒരു കൊലപാതകം ചെയ്തു എന്ന് കരുതുക. പോലീസ് കേസ്സെടുക്കില്ലേ. ഇനി കേസ്സെടുത്ത് അന്വേഷണം നടത്തി അതു ആത്മരക്ഷാർത്ഥം നടത്തിയ ഒരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യം വന്നാൽ അതു മതിയോ. മറ്റു നടപടികളൊന്നും കൂടാതെ കൊല ചെയ്ത ആളെ പോലീസ് വിട്ടയക്കുമോ. നമ്മുടെ നാട്ടിലെ നിയമം പക്ഷെ പറയുന്നത് മറ്റൊന്നാണ്. അന്വേഷണഘട്ടത്തിൽ കൊലപാതകിക്ക് ആത്മരക്ഷാ വാദം ഉയർത്താൻ കഴിയില്ല. ആത്മരക്ഷാവാദം വിചാരണഘട്ടത്തിൽ മാത്രമേ ഉന്നയിക്കാൻ കഴിയൂ.അതായത് ഒരാൾ ആത്മരക്ഷാർത്ഥമാണോ കൊല ചെയ്തത് എന്നു പരിശോധിക്കേണ്ടത് കോടതിയാണ്. പക്ഷെ പോലീസ് ആണ് ആളെ കൊല്ലുന്നതെങ്കിൽ പിന്നെ യാതൊരു പരിശോധനയും നടപടിയും ആവശ്യമില്ല എന്നു തീരുമാനിക്കപ്പെടുകയാണ്.

സ്വയം നിയമം പാലിക്കാത്തവർ മറ്റുള്ളവർ നിയമം പാലിക്കണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഭരണഘടനയുടെ പരിപാവനത്വത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ, പക്ഷെ പ്രവർത്തിയിൽ ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും നിഷേധിക്കൽ. ഈ വൈരുധ്യത്തെ ഓരോ വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ വാർഷികങ്ങളും കൂടുതൽ തെളിമയോടെ വെളിപ്പെടുത്തി കൊണ്ടേയിരിക്കും.
2022 October 28, Fb
Photo_ വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേൽമുരുകന്റെ മാതാവ്
Courtesy_ Shafeeq Thamarassery

Follow us on | Facebook | Instagram Telegram | Twitter