എന്തുകൊണ്ടാണ് സർക്കാർ‍ സെൻസസ് വൈകിപ്പിക്കുന്നത്?

“വൈദ്യുതിയും പാചക വാതകവും ഒരു വീട്ടിലേക്ക് വന്നേക്കാം, എന്നാൽ‍ വൈദ്യുതി വിതരണം ക്രമരഹിതമായിരുന്നിരിക്കാം. ഉയർ‍ന്ന വില കാരണം ഗ്യാസ് സിലിണ്ടറുകൾ‍ നിറയ്ക്കില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് ദാരിദ്ര്യം കാരണം മാത്രമല്ല, പല രോഗങ്ങൾ‍ മൂലവും ഉയർ‍ന്നേക്കാം. ഒരു കുട്ടിക്ക് ഔപചാരികമായി സ്‌കൂളിൽ ‍ പോയേക്കാം, എന്നാൽ‍ അധ്യാപകൻ‍ ഇല്ലെങ്കിലോ അതല്ലെങ്കിൽ‍ പഠിപ്പിക്കുന്നില്ലെങ്കിലോ അത് ഫലപ്രദമായി വരില്ല. വിദ്യാഭ്യാസത്തിന്റെ വാർഷിക റിപ്പോർ‍ട്ട് വലിയൊരു പഠന വിടവിലേക്ക് വിരൽ‍ ചൂണ്ടുന്നു…”

“ഇന്ത്യയില്‍ ബഹുമുഖ ദാരിദ്ര്യം ആശ്ചര്യകരമായ തോതില്‍ കുറഞ്ഞു” എന്താണ് യാഥാര്‍ത്ഥ്യം?
ദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ ഡാറ്റാ സൂത്രം- Part 2
_ പ്രൊഫ. അരുൺ കുമാർ

ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗങ്ങൾ‍ പോലും ഡാറ്റയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉന്നയിച്ചിട്ടുണ്ട്. 2011ലെ സെൻസസ് ഡാറ്റകൾ സ്വീകരിച്ചതിനാൽ മിക്ക സർവ്വേകളിലും ഉപയോഗിച്ച സാമ്പിൾ‍ തെറ്റാണെന്ന് അവർ പറയുന്നു.

2011ലെ സെൻസസിൽ‍ നിന്ന് എടുത്ത സാമ്പിളുകളിൽ‍ സമീപകാലത്തുണ്ടായ വലിയ മാറ്റങ്ങൾ‍ ഉൾക്കൊള്ളുന്നില്ലെന്ന് അംഗങ്ങൾ‍ വാദിക്കുന്നു. എന്നിരുന്നാലും, 2021 ലെ സെൻസസ് കൃത്യസമയത്ത് നടന്നാൽ തന്നെയും 2020-21ലെ NHFS സർവ്വേയ്ക്ക് അത് ഉപയോഗപ്പെടുമായിരുന്നില്ല എന്നതാണ് വസ്തുത. NHFS 2011ലെ സെൻസസിനെ ആശ്രയിക്കേണ്ടി വരും. വളരെ സുപ്രധാനമായ കാര്യം മഹാമാരി ബാധിച്ചില്ലെങ്കിൽ ‍കൂടിയും 2020-21 വർ‍ഷങ്ങളിൽ‍ ശേഖരിച്ച ഡാറ്റയ്ക്ക് പ്രാതിനിധ്യ സ്വഭാവം ഇല്ലെന്നതാണ്.

എന്തുകൊണ്ടാണ് സർക്കാർ‍ അനാവശ്യമായി സെൻസസ് വൈകിപ്പിക്കുന്നത്?

2021-ൽ‍ സെൻസസിനുള്ള തയ്യാറെടുപ്പുകൾ‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും, പകർച്ചവ്യാധി തുടരുന്നതിനാൽ‍ സെൻസസ് നടത്താൻ ‍ബുദ്ധിമുട്ടായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ‍ തെരഞ്ഞെടുപ്പ് നടത്താൻ‍ കഴിയുമെങ്കിൽ‍, പകർ‍ച്ചവ്യാധി കുറയുകയും ചലനാത്മകത പുനഃസ്ഥാപിക്കുകയും ചെയ്ത 2022-ലോ 2023-ലോ സെൻസസ് നടത്താമായിരുന്നു. ശരിയായ ഡാറ്റ ആവശ്യമുള്ള മെച്ചപ്പെട്ട നയരൂപീകരണത്തിനുള്ള ഒരു നിർണ്ണായക ഘടകമാണ് സെൻസസ് എന്നത് മറന്നുകൂടാത്ത കാര്യമാണ്. 2022-ലോ 2023-ലോ ഡാറ്റ ശേഖരണത്തിലൂടെ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളിൽ‍ പകർ‍ച്ചവ്യാധിയുടെ പ്രതികൂല ആഘാതം വെളിപ്പെടുമെന്ന് സർക്കാർ‍ ആശങ്കാകുലരായിരിക്കുമോ?

അസംഘടിത കാർഷികേതര മേഖല (ജിഡിപിയുടെ 30%, തൊഴിൽ‍ ശക്തിയുടെ 48%) സ്വതന്ത്രമായി പരിഗണിച്ച് പ്രത്യേക കണക്കെടുപ്പ് നടത്താത്തതിനാൽ മാക്രോ ഡാറ്റ ഇതിനകം തന്നെ സംശയത്തിലാണ്. വളർ‍ന്നുവരുന്ന സംഘടിത മേഖലയെ ഒരു പ്രോക്‌സി ആയി സർക്കാർ ഉപയോഗിക്കുന്നു; കാരണം അത് ഉത്പ്പാദനത്തിനും വരുമാന ഡാറ്റയ്ക്കും ഉയർ‍ന്ന അനുപാതത്തെ -ഉപഭോഗം, സമ്പാദ്യം, നിക്ഷേപം മുതലായവ – പ്രതിനിധീകരിക്കുന്നു എന്നതുതന്നെ. അത്തരം ഡാറ്റകൾ ദാരിദ്ര്യം കുറയുന്നതായി കാണിക്കും; പക്ഷേ അത് യാഥാർ‍ത്ഥ്യമല്ല. സർക്കാർ‍ ചെയ്യേണ്ടത് ചെയ്യാതിരിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് ഇത് നൽ‍കുന്നത്.

അവസാനമായി, മുകളിൽ‍ വാദിച്ചതുപോലെ, മഹാമാരിയുടെ ആഘാതം കാരണം NHFS-5ലെ വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള ഡാറ്റകളും സംശയത്തിന്റെ നിഴലിലാണ്. ഔദ്യോഗിക ഡാറ്റ പലപ്പോഴും ശരിയായ ചിത്രത്തെ പ്രതിനിധീകരിക്കുന്നില്ല എന്നതുതന്നെ കാരണം.

ഉദാഹരണത്തിന്, വൈദ്യുതിയും പാചക വാതകവും ഒരു വീട്ടിലേക്ക് വന്നേക്കാം, എന്നാൽ‍ വൈദ്യുതി വിതരണം ക്രമരഹിതമായിരുന്നിരിക്കാം. ഉയർ‍ന്ന വില കാരണം ഗ്യാസ് സിലിണ്ടറുകൾ‍ നിറയ്ക്കില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് ദാരിദ്ര്യം കാരണം മാത്രമല്ല, പല രോഗങ്ങൾ‍ മൂലവും ഉയർ‍ന്നേക്കാം. ഒരു കുട്ടിക്ക് ഔപചാരികമായി സ്‌കൂളിൽ ‍ പോയേക്കാം, എന്നാൽ‍ അധ്യാപകൻ‍ ഇല്ലെങ്കിലോ അതല്ലെങ്കിൽ‍ പഠിപ്പിക്കുന്നില്ലെങ്കിലോ അത് ഫലപ്രദമായി വരില്ല. വിദ്യാഭ്യാസത്തിന്റെ വാർഷിക റിപ്പോർ‍ട്ട് വലിയൊരു പഠന വിടവിലേക്ക് വിരൽ‍ ചൂണ്ടുന്നു.

*ദാരിദ്ര്യരേഖ*

2012-ന് ശേഷം ഇന്ത്യയിൽ ഉപഭോഗ സർവ്വേ നടത്തിയിട്ടില്ലാത്തതിനാൽ‍ ദാരിദ്ര്യം കൃത്യമായി അടയാളപ്പെടുത്താൻ കഴിയില്ല. ലോകബാങ്ക് മാനദണ്ഡമനുസരിച്ച്, നിലവിലെ അന്താരാഷ്ട്ര ദാരിദ്ര്യരേഖ ഒരു വ്യക്തിക്ക് പ്രതിദിനം 2.15 യുഎസ് ഡോളറാണ്. വ്യക്തിയുടെ വാങ്ങൽ‍ശേഷിയെ (Power Purchase Parity-PPP) തുല്യതപ്പെടുത്തിയാണ് ഇവ കണക്കാക്കിയിരിക്കുന്നത്. അതായത് ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം 26,500 രൂപ എന്ന് ഇതിനെ മനസ്സിലാക്കാം. വാങ്ങൽശേഷിയെ അടിസ്ഥാനപ്പെടുത്തിയായതുകൊണ്ടുതന്നെ, യഥാർത്ഥത്തിൽ ഇത് ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം 9,000 രൂപയായിരിക്കും. വിവിധ രാജ്യങ്ങളിലെ നിർ‍ദ്ദിഷ്ട സാധനങ്ങളുടെ വിലയുടെ അളവുകോലാണ് പവർ പർച്ചേസ് പാരിറ്റി. രാജ്യങ്ങളുടെ കറൻ‍സികളുടെ സമ്പൂർ‍ണ്ണ വാങ്ങൽശേഷി താരതമ്യം ചെയ്യാന്‍ ഈ അളവുകോൽ ഉപയോഗിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ E-Sram പോർ‍ട്ടലിൽ‍ രജിസ്റ്റർ‍ ചെയ്തിട്ടുള്ള 28 കോടി തൊഴിലാളികളിൽ‍ 94% പേരും 10,000 രൂപയിൽ‍ താഴെയാണ് പ്രതിമാസ വരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് അടുത്താണെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.

വാസ്തവത്തിൽ, പവർ പർച്ചേസ് പാരിറ്റിയെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ‍ അളക്കുന്നത് പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇരട്ടത്താപ്പാണ്. കാരണം, അവരുടെ സേവനങ്ങൾക്ക് വിലകുറഞ്ഞതുകൊണ്ടും രൂപയ്ക്ക് കൂടുതൽ ‍ വാങ്ങൽ‍ ശേഷിയുണ്ട് എന്നതുകൊണ്ടും അതേസമയം, ദരിദ്ര വിഭാഗങ്ങൾ നൽ‍കുന്ന മിക്ക സേവനങ്ങളും ഉപയോഗിക്കപ്പെടാത്തതിനാൽ ഉയർ‍ന്ന വാങ്ങൽ‍ശേഷിയിൽ‍ നിന്നുള്ള പ്രയോജനം അവർ‍ക്ക് ലഭിക്കുന്നില്ല. അതിനാൽ‍, ദരിദ്രരെ സംബന്ധിച്ചിടത്തോളം, പിപിപി നിബന്ധനകൾ‍ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല, അവ അവരുടെ യഥാർത്ഥ ദാരിദ്ര്യം മറയ്ക്കപ്പെടുകയും ചെയ്യുന്നു.

ചുരുക്കത്തിൽ‍, നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോർ‍ട്ട്, 2023-ന്റെ നിഗമനങ്ങൾ‍ക്ക് പുനർ‍വ്യാഖ്യാനം ആവശ്യമാണ്. മേൽ‍പ്പറഞ്ഞ വൈകല്യങ്ങൾ‍ കൂടാതെ, 2020-21 എന്ന മഹാമാരി വർ‍ഷത്തിൽ‍ ഏറ്റവും പ്രതികൂലമായി ബാധിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിൽ‍ ഏറ്റവും കൂടുതൽ‍ സംഭാവന നൽ‍കിയത് ആരോഗ്യ, വിദ്യാഭ്യാസ സൂചകങ്ങളാണ് എന്നതും എടുത്തു പറയേണ്ടതാണ്. NHFS5 ഡാറ്റയിലെ അപാകതകൾ‍ സർവ്വേയെ അടിസ്ഥാനമാക്കിയുള്ള ഡിപ്രിവേഷൻ‍ ഇൻ‍ഡക്‌സിൽ‍ കാര്യമായ പിശകുകളിലേക്ക് നയിച്ചിരിക്കണം, ഇത് നീതി ആയോഗ് റിപ്പോർ‍ട്ടിന്റെ നിഗമനങ്ങളെ സംശയത്തിലേക്ക് നയിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗം
ഇന്ത്യയില്‍ ബഹുമുഖ ദാരിദ്ര്യം ആശ്ചര്യകരമായ തോതില്‍ കുറഞ്ഞു, എന്താണ് യാഥാര്‍ത്ഥ്യം?

തയ്യാറാക്കിയത്: കെ.സഹദേവൻ

അവസാനിച്ചു.

Follow us on | Facebook | Instagram Telegram | Twitter | Threads