സൂരജ്കുണ്ഡ് നമ്മോട് പറയുന്നത്

മോദിയുടെ രണ്ടാം വരവോടെ കടുത്ത ആത്മവിശ്വാസത്തിലായിരുന്ന ഫാസിസ്റ്റ് ശക്തികളുടെ നില എന്തെന്നില്ലാത്ത സന്നിഗ്ദ്ധഘട്ടത്തിലാണ് ഇന്ന്..
_ അജയൻ മണ്ണൂർ

2025ൽ RSSന്റെ 100ാം വർഷികാഘോഷം ഇന്ത്യയെന്ന ഹിന്ദു രാഷ്ട്രത്തിലാകുമെന്ന് 2018ൽ തന്നെ മോദി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യൻ പാർലമെന്റിനെ കാഴ്ചക്കാരാക്കി തങ്ങളുടെ ആധിപത്യത്തിലൂടെ UAPA ഭീകര നിയമ ഭേദഗതിയും, കശ്മീർ വിഭജനവുമടക്കം ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന 20ഓളം നിയമനിർമ്മാണങ്ങൾ ചുട്ടെടുത്തു. അവസാനമായി ഏകസിവിൽ കോഡ് എന്നതിലേക്ക് എത്തി നിൽക്കുന്നു. പൗരത്വ വിഷയവും വിവാഹ വ്യക്തിനിയമങ്ങളും സജീവമായി നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഒരു രാഷ്ട്രം, ഒരു നിയമം, ഒരു പോലീസ്, ഒരു യൂണിഫോം, എല്ലായിടത്തും NIA എന്ന സർക്കാർ ഭീകര സംഘടനയുടെ ഓഫീസ് എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. പ്രമുഖ വ്യാജ ഏറ്റുമുട്ടൽ വിദഗ്ദ്ധനായ പിണറായി വിജയൻ സമ്മേളനത്തിൽ പങ്കെടുത്തതിൽ അമിത് ഷാ പ്രത്യേക സന്തോഷം രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ തന്നെ ശക്തമായിരിക്കുന്ന സൈനികരാജ്, കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമം. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നടക്കുന്ന ചെറുത്തുനിൽപ്പുകളെ അതിക്രൂരമായി നേരിടുന്ന ഇന്ത്യൻ ഫാസിസ്റ്റുകൾ ദേശസ്നേഹത്തിന്റെ പേരിൽ നമ്മെ ദേശീയ അടിമത്വത്തിലേക്ക് നയിക്കുന്നു എന്ന് തിരിച്ചറിയുന്ന കമ്മ്യുണിസ്റ്റ് വിപ്ലവകാരികളെ മോദിയും സംഘ്പരിവാറും എത്ര ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ മോദി നടത്തിയ പ്രസ്താവന.

അയാൾ പറഞ്ഞു; “വരുന്ന 5 വർഷം മുതൽ 25 വർഷമോ, ഒരുപക്ഷേ 100 വർഷങ്ങൾക്കുശേഷമോ നടപ്പിലാവുന്ന ഒരു സ്വപ്നം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്. ഇന്ത്യക്ക് ഒറ്റ യൂണിഫോമിലുള്ള പോലീസ് വേണം. ഭീകരതയെ നേരിടാൻ പഴഞ്ചൻ നിയമങ്ങളും, രീതികളും ഒന്നും പോര. മാവോയിസ്റ്റുകൾ ഇന്ത്യൻ ജനതയെ, യുവാക്കളെ വഴി തെറ്റിക്കുകയാണ്. തോക്കു മാത്രമല്ല, പേനയും അവരുടെ ആയുധമാണ്. അതുകൊണ്ട് അവരെ നേരിടാൻ അതിശക്തമായ നടപടികൾ എടുക്കാനും, നമ്മുടെ ഫെഡറൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നിങ്ങൾ സദാ ജാഗ്രത പാലിക്കണം”

ദേശീയ സങ്കുചിത്വത്തിന്റേയും [അടിമത്വം] വംശീയതയുടേയും, സാമ്രാജ്യത്വ – കുത്തക സേവ അടിസ്ഥാനസ്വഭാവമായുള്ള RSS വംശീയതയും, അന്യമത വിദ്വേഷവും, കമ്മ്യുണിസ്റ്റ് വിരോധവും, ജനാധിപത്യ കശാപ്പും, കൂട്ടകൊലകളും നടത്തി ഫാസിസത്തിന്റെ പ്രായോഗിക പദ്ധതികൾ യഥേഷ്ടം നടത്തിവരുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതയെ വിലയിരുത്തി ബ്രാഹ്മണിക്കൽ – ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ വിപ്ലവ ശക്തികളും, ജനാധിപത്യവാദികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത തിരി ച്ചറിഞ്ഞ വിപ്ലവകാരികൾ വിലയിരുത്തിയതു പോലെ, “രാജ്യത്തിന്റേ ചരിത്രപരവും, സാമൂഹികവും, സാമ്പത്തികവുമായ പരിതസ്ഥിതികൾക്കും, ദേശീയ പ്രത്യേകതകൾക്കും, സാർവ്വദേശീയ മാറ്റങ്ങൾക്കും അനുസ്തൃതമായി ഫാസിസത്തിന്റെ വളർച്ചയും, ഫാസിസ്റ്റ് സ്വേച്ഛാധിപത്യം തന്നെയും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തനതായ പ്രത്യേക രൂപം കൈകൊള്ളുന്നു. ”

ഫാസിസത്തിന് വിപുലമായ ബഹുജന അടിത്തറ ഇല്ലാത്തതും, ഫാസിസ്റ്റ് ബൂർഷ്വാ ഐക്യത്തിൽ തന്നെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഏറെകുറെ ശക്തമായ സമരം നടത്തുന്നതിന്റെ പ്രതിഫലനവും നമുക്ക് ദർശിക്കാവുന്നതാണ്. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഫാസിസം പാർലമെന്റിനെ പൊടുന്നനെ പുറംതള്ളാതെ മറ്റ് ബൂർഷ്വാ പാർട്ടികൾക്കും , സോഷ്യൽ ഡമോക്രാറ്റിക് പാർട്ടികൾക്കും ഒരളവു വരെ നിയമ വിധേയത്വം നിലനിർത്തുന്നു. വിപ്ലവം ആസന്നമാണന്ന് ഭരിക്കുന്ന ബൂർഷ്വാസി ഭയപ്പെടുമ്പോഴാണ് ഫാസിസം ഉടൻ തന്നെ സ്ഥാപിക്കപ്പെടുന്നത്. അല്ലെങ്കിൽ പരസ്പരം മൽസരിക്കുന്ന പാർട്ടികൾക്കും, ഗ്രൂപ്പുകൾക്കും എതിരായി മർദ്ദനങ്ങൾ രൂക്ഷമാക്കികൊണ്ട് ക്രമേണയുമാകാം.

മോദിയുടെ രണ്ടാം വരവോടെ കടുത്ത ആത്മവിശ്വാസത്തിലായിരുന്ന ഫാസിസ്റ്റ് ശക്തികളുടെ നില എന്തെന്നില്ലാത്ത സന്നിഗ്ദ്ധഘട്ടത്തിലാലാണ് ഇന്ന്. ഇന്ത്യൻ ജനതയുടെ കീഴടങ്ങാൻ തയ്യാറാവാത്ത പോരട്ടവീര്യത്തിന് മുന്നിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ സ്വന്തം വർഗ്ഗസ്വഭാവം മാറ്റാതെ തങ്ങളുടെ ബഹുജന അടിസ്ഥാനം വിപുലമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമസഭകളെ വിലക്കെടുത്തും, കൂറുമാറ്റിയും എല്ലാ സംസ്ഥാനങ്ങളിലും പിടിമുറുക്കാൻ കോടികളുടെ ജനാധിപത്യമൊഴുക്കുന്നു. ഇതുവഴി ബഹുജന അടിസ്ഥാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിലേക്ക് എത്താൻ നഗ്നമായ ഭീകര സ്വേച്ഛാധിപത്യവും പാർലമെന്ററി സമ്പ്രദായത്തിന്റെ ഒരു പ്രാകൃതരൂപവും കൂട്ടിയിണക്കി കൊണ്ട് മുന്നേറാം എന്ന മോദിയുടെ സ്വപ്നമാണ് സൂരജ് കുണ്ഡിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിലൂടെ പറയുന്നത്.

Follow us on | Facebook | Instagram Telegram | Twitter