ജനങ്ങളെ വെടിവെച്ചു കൊല്ലുന്ന പൊലീസിനെ ഗ്ലോറിഫൈ ചെയ്യുന്ന ഉണ്ട !

ഹർഷാദ് പി കെയുടെ തിരക്കഥയില്‍ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമ ചര്‍ച്ചാ വിഷയമാവുകയാണ്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ കേരളത്തിൽ നിന്നും ഇലക്ഷന്‍ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ടയുടെ പ്രമേയം. സിനിമയെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം, ‘ഉണ്ട’ Strike ചെയ്തതും വിയോജിപ്പുകളും…


പ്രശാന്ത് പ്രഭാ ശാര്‍ങ്ധരന്‍

Strike ചെയ്തവ
‘കുനാൽചന്ദിന്റെ മകൻ തോക്ക് ചൂണ്ടുന്നത് അവന്റെ അസ്തിത്വം തുരന്നെടുക്കുന്ന സ്റ്റേറ്റിന്റെ കൂലി പട്ടാളത്തിന് എതിരെയാണ്. പിന്നീട് വേറൊരു സീനിൽ അവൻ തോക്കിൽ തലോടുന്നുമുണ്ട്. തന്റെ മണ്ണിൽ നിന്ന് പടിയിറക്കുന്നവർക്കെതിരെ തോക്ക് തന്നെയാണ് പ്രതിവിധി എന്ന് ആ സീനുകൾ പറയാതെ പറയുന്നുണ്ട്.’

ഏറ്റുമുട്ടൽ കൊല, കൊച്ചുകുഞ്ഞുങ്ങളെ വരെ മാവോയിസ്റ്റ് ആക്കുന്ന പൊലീസുകാരുടെ മുൻവിധിയെ പറ്റി, ഫോഴ്‌സിനുള്ളിലെ ജാതിവെറിയെപറ്റി, ‘മഹത്തായ ജനാധിപത്യ ഇന്ത്യ’യിൽ ‘ജയ് ശ്രീ റാം’ പതിപ്പിച്ച വണ്ടിയിൽ വന്നവർ വളരെ ‘ജനാധിപത്യപരമായി’ നടത്തുന്ന കള്ളവോട്ട്, അതിക്രമങ്ങൾ Etc.

വിയോജിപ്പുകൾ
ഇതൊക്കെ പറയുന്നുണ്ടെങ്കിലും മാവോയിസ്റ്റുകൾക്കും സ്റേറ്റിനും ഇടയിൽ പെട്ട് പോകുന്ന ആദിവാസികൾ എന്ന ക്ലിഷേ സാന്റ് വിച്ച് രാഷ്ട്രീയം തന്നെയാണ് ഉണ്ടയ്ക്കും പറയാനുള്ളത് എന്നത് ഒരു കല്ലുകടിയായി.

മാവോയിസ്റ്റുകളെ പറ്റി സ്റ്റേറ്റ് എങ്ങിനെയാണ് പൊതുജനങ്ങളുടെ മേൽ ഭയം ജനിപ്പിക്കുന്നത് അതേ ടൂൾ തന്നെയാണ് ഉണ്ടയിലും പ്രയോഗിക്കുന്നത്.

നിരായുധരായ ജനങ്ങളെ വെടിവെച്ചു കൊല്ലുന്ന, ലോക്കപ്പിലിട്ട് തല്ലി കൊല്ലുന്ന, ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന സ്റ്റേറ്റിന്റെ മർദ്ദനോപകരങ്ങളായ പോലീസ് ഫോഴ്‌സിനെതിരെയുള്ള ശക്തമായ ജനവികാരത്തെ ഒരു പരിധിവരെ തണുപ്പിക്കാൻ സാധിക്കും വിധമാണ് ഉണ്ടയിലെ പോലീസ് കഥാപാത്ര നിർമ്മിതി.

പോലീസുകാരുടെ കഷ്ടപ്പാടുകളെ ഗ്ലോറിഫൈ ചെയ്തും അവരുടെ കദനകഥ കാണിച്ചും എങ്ങിനെയൊക്കെ അവരോട് നമ്മൾക്ക് അനുകമ്പ ചൊരിയാം എന്ന് കാട്ടി തരുന്നു ഉണ്ട.

സ്പൂൺ ഫീഡിങ്ങോ മുദ്രാവാക്യം വിളിയോ ഇല്ലാതെ വളരെ സൂഷ്മതയോടെ രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും മുഴച്ചു നിൽക്കുന്നത് പോലീസ് ഫോഴ്‌സിന് അത്യാധുനിക സൗകര്യങ്ങളും വെടിയുണ്ടകളും ഒക്കെ നൽകിയാൽ അവർ നമ്മെ ‘പൊന്നു പോലെ നോക്കും’ എന്ന് തന്നെയല്ലേ.

അതുകൊണ്ട് തന്നെ മേജർ രവി പട്ടാളത്തിന് ട്രിബ്യൂട്ട് നൽകി കൊണ്ടുവരുന്ന അളിഞ്ഞ രാജ്യസ്നേഹ സിനിമ പോലെ ഒരു പോലീസ് ട്രിബ്യൂട്ട് സിനിമയായി ആണ് എനിക്ക് തോന്നിയത്. തിയേറ്ററിലെ കയ്യടികൾ അത് ശരി വെക്കുന്നുമുണ്ട്.

ഒരുവേള, ഭാരത് മാതാ കി ജയ് വിളിക്കുന്ന രാജ്യസ്നേഹ സിനിമ പോലെ ‘കേരള പോലീസ് കി ജയ് ‘ വിളിക്കുമോ എന്ന് തോന്നി പോയി തിയേറ്ററിൽ അടുത്തിരുന്നവരുടെ ആവേശം കണ്ടപ്പോൾ. വളരെ പ്രതീക്ഷയോടു കൂടിയാണ് തന്നെയാണ് ഉണ്ട കാണാൻ പോയത്, അതുകൊണ്ട് തന്നെ കുറച്ച്‌ നിരാശയുമുണ്ട്.

Leave a Reply