ചേരമാന്‍പള്ളി കാണിച്ച ജനാധിപത്യബോധം എന്നാണ് വ്യവസ്ഥാപിത ഇടതുപക്ഷം പഠിക്കുക?
ജീവിതത്തിലാദ്യമായാണ് ഒരു വ്യക്തിയുടെ മയ്യത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്നത്. അതും ഇന്ത്യയിൽ ആദ്യത്തെ മുസ്‌ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ. അവിടത്തെ മഹല്ലു കമ്മിറ്റിയിലെയും മുസ്‌ലിം ജനങ്ങളുടെയും നീതിബോധത്തെ ജനാധിപത്യ മര്യാദയെ മനസ്സിലാക്കി തന്നത് സഖാവ് നജ്മൽ ബാബു ആണ്. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ മുഖ്യശത്രു മുസ്‌ലിങ്ങളാണെന്ന ബോധ്യത്തിൽ 2015ൽ ടി എൻ ജോയ് ഇസ്‌ലാം മതം സ്വീകരിച്ചു നജ്മൽ ബാബു ആയിട്ടില്ലെങ്കിൽ ഇതൊന്നും മനസ്സിലാക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമായിരുന്നു എന്നതിൽ തർക്കമില്ല.
തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിൽ എത്തിച്ചേരുവാനുള്ള കാശൊന്നും കയ്യിലില്ലെങ്കിലും നജ്മൽ ബാബുവിനെ അവസാനമായി ഒരു നോക്കു കാണുവാനും അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷങ്ങൾക്ക് ഒപ്പം നിൽക്കുവാനും വേണ്ടി ആയിരുന്നു കൊടുങ്ങല്ലൂരെത്തിയത്. സൈമൺ മാസ്റ്റർക്ക് ഉണ്ടായ അവസ്ഥ നജ്മൽ ബാബുവിനു ഉണ്ടാകില്ലെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. കാരണം ഞാൻ കണ്ട നജ്മൽ ബാബുവിന്‍റെ സൗഹൃദവലയം എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നീതിബോധത്തിന് ഒപ്പമായിരുന്നു. പക്ഷേ ഒരു വ്യക്തി ജീവിതത്തിൽ ആർജ്ജിച്ചെടുത്ത അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ റദ്ദുചെയ്യുന്ന സമീപനമാണ് അവിടെ നടന്നത്. മനുസ്‌മൃതി മനസ്സിൽ പേറുന്നവരുടെ യുക്തിവാദമാണ് ഇതിന് പിറകിലെന്ന് പറയാതിരിക്കുന്നത് ഈ സമൂഹത്തിനോട് ഈ കാലത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ്.
സൈമൺ മാസ്റ്റർക്ക് ശേഷം കൊടുങ്ങല്ലൂര്‍ നജ്മൽബാബുവിന്‍റെയും കബറടക്കം തടഞ്ഞത് ഇവിടത്തെ വ്യവസ്ഥാപിത ഇടതുപക്ഷമാണ് എന്നതിൽ ആർക്കും ഒരു സംശയം വേണ്ട. കെ വേണു മുതൽ പി എൻ ഗോപീകൃഷ്ണൻ വരെയുള്ള ധൈഷണികർ എന്നവകാശപ്പെടുന്നവർ പുലർത്തിയ മൗനത്തിന് കാലം മാപ്പു തരില്ല. ടി എൻ ജോയിയെ അവസാനം ഒരു നോക്ക് കാണുവാനും അന്ത്യാഭിവാദ്യം അർപ്പിക്കുവാനും എത്തിച്ചേർന്നവരിൽ ഏറെയും അദ്ദേഹം ഉയർത്തിപ്പിടിച്ച നീതിബോധത്തെ മൗനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും തിരസ്കരിക്കുകയായിരുന്നു. സിപിഐയുടെ എംഎൽഎ വി ആർ സുനിൽ കുമാർ അടക്കം വ്യവസ്ഥാപിത ഇടത് രാഷ്ട്രീയ പ്രവർത്തകർ ഹിന്ദുത്വ പൊതുബോധവും തീർത്തും വംശീയതയും മുസ്‌ലിംവിരുദ്ധതയും ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ് എന്ന് സമൂഹത്തിന് മുന്നിൽ പ്രത്യക്ഷത്തിൽ കാണിച്ചു തരികയായിരുന്നു. ടി എൻ ജോയ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനോട് ഒരർത്ഥത്തിൽ പക പോക്കുകയായിരുന്നു അവിടെ മൗനം നടിച്ചവർ ചെയ്തത്. അവരുടെ മൗനത്തിന് അവർ തന്നെ ന്യായീകരണവുമായി വന്നത് തെല്ലും അത്ഭുതപ്പെടുത്തിയില്ല എന്നത് സത്യമാണ്.
മയ്യത്ത് നിസ്കാരത്തിനു മുൻപ് ചേരമാൻ പള്ളിയിലെ ഇമാം പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. “അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിലകൊണ്ട മാനവിക നീതിബോധം ഉയർത്തിപ്പിടിച്ച പോരാളിയായിരുന്നു അദ്ദേഹം. ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുൻപും മരണം വരെയും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു…” ഒരു സാമുദായിക സംഘർഷത്തിന് ഇടവരാതിരിക്കാനാണ് അദ്ദേഹത്തിന്‍റെ രേഖാമൂലമുള്ള അന്ത്യാഭിലാഷം നിറവേറ്റാൻ മുന്നോട്ടു വരാതിരുന്നത്. കുടുംബത്തിന്‍റെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നു എന്ന മഹല്ല് കമ്മിറ്റി കാണിച്ച് ജനാധിപത്യബോധവും എന്നാണ് ഇവിടുത്തെ വ്യവസ്ഥാപിത ഇടതുപക്ഷം പഠിക്കുക ? അനുസ്മരണ പൊതുയോഗത്തിൽ വന്നു ഘോരഘോരം പ്രസംഗിച്ച എക്‌സലൈറ്റുകൾ, അവരുടെ രാഷ്ട്രീയ ബോധ്യങ്ങൾ ശരിയാണെന്ന് വരുത്തിത്തീർക്കുവാൻ ഒരു വേദികൂടി ഉപയോഗിച്ചു. അതിനും എത്രയോ മേലെയാണ് പള്ളി ഇമാമിന്‍റെ വാക്കുകൾ.
_ അഭിലാഷ് പടച്ചേരി