എന്‍റെ അമ്മയുടേത് പോലെ നജ്മൽ ബാബുവിന്‍റെ ആഗ്രഹവും ആദരിക്കപ്പെടണമായിരുന്നു
അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നജ്മല്‍ എന്‍ ബാബുവിന്‍റെ മതവും രാഷ്ട്രീയവും പേരും റദ്ദ് ചെയ്യാനുള്ള ശ്രമമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. തന്‍റെ മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് ആഗ്രഹിച്ച നജ്മല്‍ ബാബുവിനോട് അനീതി കാണിക്കുന്ന രാഷ്ട്രീയ സാഹചര്യം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ ഇടപെടലിന്‍റെ ഭാഗമായാണ് ‘നജ്മൽ ബാബു സൗഹൃദ കൂട്ടായ്മ’ 2018 ഒക്ടോബർ 20ന് കൊടുങ്ങല്ലൂരില്‍ ‘നജ്മൽ ബാബുവിന്‍റെ മരണാനന്തര രാഷ്ട്രീയം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലെ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ മകന്‍ എം ഡി നാലപ്പാട്ട്. തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേദിയില്‍ അവതരിപ്പിക്കുന്നതിനായി എം ഡി നാലപ്പാട്ട് സംഘാടകര്‍ക്ക് അയച്ച കത്ത് Asian Speaks പ്രസിദ്ധീകരിക്കുന്നു.
“നജ്മൽ ബാബുവിനെ പറ്റി സംസാരിക്കാൻ എന്നെ ക്ഷണിച്ച നിങ്ങൾക്ക് നന്ദി. ഈ മാസം ഇരുപത്തിമൂന്നിന് ടോക്യോവിൽ നടക്കുന്ന ഇന്ത്യ – ജപ്പാൻ – യു എസ് കോൺഫറൻസിലേക്ക് പോകാൻ ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലായതിനാൽ എനിക്ക് വരാൻ സാധിക്കില്ല. എന്നോട് ക്ഷമിക്കുമല്ലോ.
എന്‍റെ അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ച പോലെ നജ്മൽ ബാബുവിന്‍റെ ആഗ്രഹവും ആദരിക്കപ്പെടേണ്ടതായിരുന്നു. മരണാനന്തരം എന്തു സംഭവിച്ചുവെന്നതിനപ്പുറം ‘വിധി നിർണയ നാളിൽ’ ഒരു വിശ്വാസിയുടെ ഹൃദയയാന്തരത്തിലുള്ളതാണ് കണക്കാക്കപ്പെടുക. മരണാനന്തര ചടങ്ങുകൾ എന്തായാലും ആ വിശ്വാസ ദാർഢ്യത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. നാം എല്ലാം സർവശക്തന്‍റെ മക്കളാണ്. നാം പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം. ഖുർആനിൽ ആയിരക്കണക്കിന് പ്രവാചകൻമാരെപ്പറ്റി സൂചിപ്പിക്കുന്നതു കണക്കിലെടുത്താൽ ഇന്ത്യയിൽ നിന്ന് അത്തരമൊരു സാധ്യത തള്ളിക്കളയാൻ കഴിയില്ല. ആചാരങ്ങൾ വ്യത്യാസമാണെങ്കിലും ഏകോദര സഹോദരങ്ങളെപോലെ ഹിന്ദുവായാലും മുസ്‌ലിമായാലും ക്രൈസ്തവരായാലും സർവ്വശക്തനായ ദൈവത്തെയാണ് നാം തേടേണ്ടത്.
പാളയം പള്ളിയിൽ എന്‍റെ അമ്മയുടെ ഖബറടക്കം നടന്നപ്പോൾ എല്ലാ വിഭാഗീയതകളും അവിടെ ഇല്ലാതായി. ഞങ്ങളുടെ വളർത്തു സഹോദരൻമാരായ ഇംതിയാസും ഇർഷാദും അടക്കമുള്ള സഹോദരങ്ങളും ഇതിന്‍റെയൊക്കെ ഭാഗമായിരുന്നു. ഞങ്ങൾ എല്ലാവരും പള്ളിയിലെ ഇമാമിന്‍റെ പുറകിൽ ഒന്നിച്ച് നിന്ന് അമ്മക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അമ്മയുടെ ഭൗതിക ശരീരം ആ മണ്ണേറ്റുവാങ്ങിയപ്പോൾ പ്രസ്തുത അന്തരീക്ഷം ശരിക്കും ഞങ്ങളെ ഒരു കുടുംബമാക്കി. നിങ്ങളുടെ ഈ സംഗമവും അങ്ങിനെയൊരു അനുഭവത്തെ സാധ്യമാക്കട്ടെ.
വേർപിരിഞ്ഞ ആത്മാവ് സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് നിശ്ചയിക്കുന്നത് സർവശക്തനായ ദൈവമാണ്. ഒരാളുടെ ജീവിതത്തിന്‍റെ ഒരു നിമിഷം പോലും നീതിയുടെ തുലാസിൽ മാറ്റം വരുത്താനും നരകത്തിനും സ്വർഗത്തിനും ഇടയ്ക്കുള്ള തീരുമാനങ്ങളെ മാറ്റാനും കഴിവുണ്ട്. ഇത് സ്വന്തം ജീവിതവഴി മാത്രം ശരിയാണെന്ന് ശാഠ്യം പിടിക്കുന്നവർക്ക് മനസിലാകണമെന്നില്ല. നാം ബഹുസ്വരതയെ അംഗീകരിക്കണം. നാം എല്ലാവരും ഒരേ ദിവ്യശക്തിയുടെ സന്താനങ്ങളാണ്. നജ്മൽ ബാബുവിന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റപ്പെട്ടിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. ബാബുവിന്‍റെ ആഗ്രഹത്തെ നിരാകരിച്ചവരോട് പക്ഷെ നമുക്ക് ദേഷ്യവും വെറുപ്പും തോന്നേണ്ടതില്ല. അവർക്ക് നാം പൊറുത്ത് കൊടുക്കണം. അവരോട് നാം ഗുണകാംക്ഷയും കാരുണ്യവും പ്രകടിപ്പിക്കണം. ഈ കാരുണ്യമായിരുന്നു നജ്മൽ ബാബു ആഗ്രഹിച്ചത്. സ്വന്തം ആരോഗ്യവും ആഹ്ലാദവും വിശ്വസിക്കുന്ന ആദർശത്തിനായി ത്യജിച്ച ആദർശശാലിയായിരുന്നു നജ്മൽ ബാബു. അദ്ദേഹത്തോട് വിയോജിക്കുന്നവർ പോലും ആ സമർപ്പണവും ആത്മാർഥതയെയും ബഹുമാനിക്കാതെ തരമില്ല. ഇങ്ങിനെയൊരാൾ നമുക്കിടയിൽ സുഹൃത്തായും അടുപ്പക്കാരനായും ജീവിച്ചിരുന്നതിൽ നാം അഭിമാനിക്കണം.
നജ്മൽ ബാബുവിന് ആത്മശാന്തി നേരുന്നു. ഈ രാജ്യത്തെ നൂറ്റി ഇരുപ്പത്തിയേഴു കോടി ജനങ്ങൾ വെറുപ്പിൽ നിന്ന് മോചിതാരകട്ടെയെന്നും കരുണയും സ്നേഹവും അവരിൽ നിറയട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു. ഇതാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.”
_ എം ഡി നാലപ്പാട്ട്
പരിഭാഷ_ കെ അഷ്‌റഫ്