മോദി എന്ന ഇക്കണോമിക് ഹിറ്റ്മാനും ആഗോള ഭീമന്‍ ബ്ലാക്‌റോക്കും


കെ സഹദേവൻ

ഒരു രാജ്യത്ത് ബൃഹത്തായ സാമ്പത്തിക പദ്ധതികളുമായി വന്‍കിട കോര്‍പ്പറേറ്റുകള്‍ കടന്നുവരുമ്പോള്‍ അവിടെ ചില അസ്ഥിരതകള്‍ സൃഷ്ടിക്കുക എന്നത് ഇക്കണോമിക് ഹിറ്റ്മാന്‍മാരുടെ ജോലിയാണ്. ആഭ്യന്തരവും ബാഹ്യവുമായ ഹിറ്റ്മാന്‍മാരെ ഇതിനായി ഇത്തരം കമ്പനികള്‍ ഉപയോഗിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഗ്ഗീയ-വംശീയ കലാപങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, സാമൂഹിക അസ്വസ്ഥകള്‍ സൃഷ്ടിക്കുകയും കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി സാമ്പത്തിക നയതീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ഇക്കണോമിക് ഹിറ്റ്മാനായി പ്രവര്‍ത്തിക്കുകയാണ് നരേന്ദ്ര മോദി.

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍, മാധ്യമ-ജന ശ്രദ്ധ അവിടങ്ങളിലേക്ക് തിരിയുമ്പോള്‍ വളരെ നിര്‍ണ്ണായകവും ഗുരുതരവുമായ നയതീരുമാനങ്ങളും വ്യവസായ-വാണിജ്യ കൂട്ടുകെട്ടുകളും ആരാലും ശ്രദ്ധിക്കപ്പെടാതെ വളരെ അനായാസകരമായി രാജ്യത്ത് നടപ്പാക്കപ്പെടും എന്ന് മുന്നേ സൂചിപ്പിച്ചതാണ്. ആ സൂചനകള്‍ അസ്ഥാനത്തായില്ലെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ ഒന്നായ മുകേഷ് അംബാനിയുടെ ജിയോ എന്ന സ്ഥാപനം ജിയോഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്ന പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 20ന് ലിസ്റ്റഡ് കമ്പനിയായി റജിസ്റ്റര്‍ ചെയ്യുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കേതര ഫിനാഷ്യല്‍ സ്ഥാപനവും അമേരിക്കന്‍ കമ്പനിയുമായി ബ്ലാക്‌റോക്ക് എന്ന കമ്പനിയുമായി കൂട്ടുചേര്‍ന്ന്‌കൊണ്ട് ജിയോ ബ്ലാക്‌റോക് എന്ന പേരില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ജൂലൈ 28നാണ് 50:50 പങ്കാളിത്തവുമായി ഒരു സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, അസറ്റ് മാനേജ്‌മെന്റ് രംഗത്ത് മറ്റെല്ലാ സ്ഥാപനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ളതായിരിക്കും ഇരു കമ്പനികളുടെയും ഇടപെടല്‍. എല്‍.ഐ.സി പോലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളെയും, ഐ.എല്‍.എഫ്.എസ് പോലുള്ള ബാങ്കേതര സാമ്പത്തിക സ്ഥാപനങ്ങളെയും ആസൂത്രിതമായി തകര്‍ത്തുകൊണ്ട്, ആ മേഖലയിലേക്ക് ആഗോള ഭീമന്മാരെ കുടിയിരുത്താനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഒരു ദശകക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്.

10 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബ്ലാക്‌റോക് കമ്പനി (ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആകെ വലുപ്പം 3.5ട്രില്യണ്‍ ഡോളര്‍ ആണെന്നറിയുക) പ്രവര്‍ത്തന വഴികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ നാം ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കുന്നതാരെയാണെന്നതിന്റെ ഗൗരവം പിടികിട്ടുകയുള്ളൂ.

അമേരിക്കയിലടക്കം, പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിഴല്‍ ഗവണ്‍മെന്റ് (Shadow Government) രൂപീകരിച്ച് നയ രൂപീകരണങ്ങളില്‍ ഇടപെടുന്ന, ലാറി ഫിന്‍കിന്റെ ഉടമസ്ഥതയിലുള്ള, ബ്ലാക്‌റോക്, മെക്‌സിക്കന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ മുഴുവന്‍ കയ്യടക്കിവെച്ചതിന്റെ ചരിത്രമുള്ള സ്ഥാപനമാണ്.

യുദ്ധം തകര്‍ത്തുകൊണ്ടിരിക്കുന്ന ഉക്രൈനില്‍, യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാറില്‍ ഒപ്പുവെച്ച ബ്ലാക്‌റോക്കിന്റെ ഇടപെടല്‍ പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണക്കാരന്റെ പെന്‍ഷന്‍ ഫണ്ടുകള്‍ അടക്കമുള്ള 48 ട്രില്യണ്‍ ഡോളറിന്റെ ബിസിനസ്സ് സ്വപ്നവുമായി ബ്ലാക്‌റോക് ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോ, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ പോലുമോ ഇതേക്കുറിച്ച് മൗനികളായിരിക്കുകയാണ്.
തുടരും…
_ കെ സഹദേവൻ

Follow us on | Facebook | Instagram Telegram | Twitter | Threads