അവരുടെ അബ്ബ റമദാന് വരുമെന്നായിരുന്നു ഞാൻ മക്കളോട് പറഞ്ഞിരുന്നത്

പൗരത്വ വിരുദ്ധ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ രാജ്യദ്രോഹവും യുഎപിഎയും ചുമത്തി ജയിലിലടക്കപ്പെട്ട
ഖാലിദ് സൈഫിയുടെ ഭാര്യ നർഗീസ് സെയ്ഫി “ദലിത് ക്യാമറ”യോട് സംസാരിക്കുന്നു…

“അവരുടെ അബ്ബ റമദാന് വരുമെന്നായിരുന്നു മക്കളോട് ഞാന്‍ ആദ്യമൊക്കെ പറഞ്ഞിരുന്നത്. പിന്നെ പെരുന്നാളിന് എത്തുമെന്ന് പറഞ്ഞു. പിന്നെയത് ബലിപെരുന്നാള്‍ ആയി. മൂത്തമകന്റെ ജന്മദിനത്തിലെത്തുമെന്ന്, ഇളയ മോന്‍റെ ജന്മദിനത്തിനെത്തുമെന്ന്, അങ്ങനെ ഈദുകളും ജന്മദിനങ്ങളും കടന്നുപോയി…”

“ഞങ്ങളെപ്പോലെ ഈ തീവ്രവേദനയനുഭവിക്കുന്ന വേറെയുമാളുകള്‍ ഇവിടെയുണ്ട്.
ആസിഫ്, മീരാന്‍, ഉമര്‍… അവരുടെ കുടുംബങ്ങളും തീ തിന്നുകയാണ്. അവര്‍ക്ക് വേണ്ടിയും ശബ്ദമുയരണം.”

പൗരത്വപ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ നിറഞ്ഞു നിന്ന നിരവധി വിദ്യാര്‍ഥി നേതാക്കളും ആക്ടിവിസ്റ്റ് സുഹൃത്തുക്കളും ഇപ്പോഴും വിവിധ കള്ളക്കേസുകളില്‍ ജയിലഴികള്‍ക്കകത്താണ്.
അവരില്‍പ്പെട്ട ഖാലിദ്‌ സൈഫിയുടെ പ്രിയതമ നര്‍ഗീസ് ദലിത്‌ ക്യാമറയോട് ഗദ്ഗദകണ്ഠയായി നടത്തിയ ഈ വര്‍ത്തമാനം നീതിബോധമുള്ള ആരെയും പിടിച്ചുലക്കുന്നതാണ്.

നർഗീസ് തുടരുന്നു,
“അവര്‍ക്കൊക്കെ ഈ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സത്യം പറയുന്നത് കൊണ്ട് മാത്രമാണ്. ഗവണ്മെന്റിന്റെ നുണകള്‍ ഏറ്റുപറയാത്തത് കൊണ്ടാണ്. JNUവിലായാലും ജാമിഅയിൽ ആയാലും അവര്‍ നീതിക്കുവേണ്ടി ശബ്ദിച്ചവര്‍ക്കൊപ്പം തെരുവിലിറങ്ങിയത് കൊണ്ടാണ് പീഡനങ്ങള്‍ക്കിരയായത്.

“ഡല്‍ഹി വംശഹത്യയുടെ പ്രതികളെ ഏവര്‍ക്കുമറിയാം. കൊല്ലപെട്ടവര്‍ ആരെന്നും, വീടുകള്‍ കത്തിക്കപ്പെട്ടത്‌ ആരുടേത് എന്നും എല്ലാവര്‍ക്കുമറിയാം. അക്രമത്തിന് ആഹ്വാനം ചെയ്തവരെയും നേതൃത്വം കൊടുത്തവരെയും അറിയാം. എന്നിട്ടും നിരപരാധികള്‍ മാത്രം വേട്ടയാടപ്പെട്ടു. ”

“സൈഫിക്ക് ഇതുവരെ രണ്ടു കേസുകളിലാണ് ജാമ്യം ലഭിച്ചത്. ഇനിയും ചില കേസുകളില്‍ ജാമ്യം കിട്ടാനുണ്ട്. വൈകാതെ അതും അനുവദിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷ. നീതിയുടെ വിജയത്തിലെനിക്ക് വിശ്വാസമുണ്ട്. ദീര്‍ഘനാളുകള്‍ക്ക് ശേഷം ലോക്ക് ഡൗണ്‍ കാലത്ത് ഒറ്റ തവണയാണ് അദ്ദേഹത്തെ കാണാന്‍ അനുവദിച്ചത്, അതും വീഡിയോ കോണ്‍ഫറന്‍സില്‍. അറസ്റ്റ് നാളുകളില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നാടകത്തിന് കൊണ്ടുവന്നപ്പോഴാണ് നേരിട്ടു കണ്ടത്.”

ഇന്ത്യയിലുടനീളം നീതി കവർന്നെടുക്കപെട്ട നൂറുകണക്കിന് നിരപരാധികളുടെ ഉമ്മ പെങ്ങന്മാരുടെ തേങ്ങുന്ന ശബ്ദമാണ് നര്‍ഗീസിന്‍റെത്. അനീതിയുടെ ക്രൂരമായ ഈ തേര്‍വാഴ്ചയെ ചെറുത്ത് തോല്‍പിക്കാന്‍ മര്‍ദ്ദിതരോഷം ഐക്യപ്പെടാത്ത കാലത്തോളം ഈ തീക്കണ്ണീര്‍ത്തുള്ളികള്‍ക്ക് മറുപടി നൽകാൻ സാധ്യമല്ല.

video പൂർണ്ണമായും കാണാൻ
Nargis Saifi

കടപ്പാട് _ ദലിത് ക്യാമറ
മൊഴിമാറ്റം _ എ എം നദ്‌വി

Like This Page Click Here

Telegram
Twitter