അത് വസന്തമല്ല; ഇടിമുഴക്കം !
“ഇടതുവിരുദ്ധമായ മനോഭാവത്തില്‍ നിന്ന് നക്സല്‍ബാരി കലാപത്തെയും നക്സലൈറ്റ് മുന്നേറ്റങ്ങളെയും അവമതിക്കുക എന്ന ലക്ഷ്യത്തോടെ, ‘വസന്തം’ എന്ന സംജ്ഞയുമായി പുതിയ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുന്നത്. ‘വസന്തം’ എന്ന പദം ‘ലെഫ്റ്റ് റാഡിക്കലിസത്തിന്‍െറയോ ലിബറല്‍ ഉദാരവാദത്തിന്‍െറയോ സ്വാധീനമുള്ള സമരങ്ങളെ പ്രതിപാദിക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് വാദമുഖങ്ങള്‍ നിരത്തുന്നത്… ” ദലിത്, ആദിവാസി സമരങ്ങളെയും ഇടത് സമരങ്ങളെയും പരസ്പരം എതിര്‍പക്ഷത്ത് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പുതിയ ‘വസന്ത’വാദങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.കെ ബിജുരാജ് എഴുതുന്നു…
സ്വയം തനിക്കും കേട്ടാല്‍ മറ്റുള്ളവര്‍ക്കും ശരിയെന്ന് എന്ന് തോന്നുന്ന ചില ‘ബൈനറി’കളും സംജ്ഞകളും എടുത്ത് സിദ്ധാന്തം രൂപപ്പെടുത്തുന്നത് ഉത്തരാധുനിക ബുദ്ധിജീവിവൃത്തത്തിലെ പതിവ് രീതിയാണ്. അതില്‍ ചരിത്രവസ്തുതകളോ, യുക്തിയോ, ശരിയോ ഉണ്ടാവണമെന്നില്ല. തോന്നിപ്പിക്കലാണ് പ്രധാനം. അത്തരമൊന്ന് ‘വസന്തം’ പശ്ചാത്തലമാക്കിയും രൂപപ്പെട്ടിരിക്കുന്നു.
ഇടതുവിരുദ്ധമായ മനോഭാവത്തില്‍ നിന്ന് നക്സല്‍ബാരി കലാപത്തെയും നക്സലൈറ്റ് മുന്നേറ്റങ്ങളെയും അവമതിക്കുക എന്ന ലക്ഷ്യത്തോടെ, ‘വസന്തം’ എന്ന സംജ്ഞയുമായി പുതിയ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുന്നത്. ‘വസന്തം’ എന്ന പദം ‘ലെഫ്റ്റ് റാഡിക്കലിസത്തിന്‍െറയോ ലിബറല്‍ ഉദാരവാദത്തിന്‍െറയോ സ്വാധീനമുള്ള സമരങ്ങളെ പ്രതിപാദിക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് വാദമുഖങ്ങള്‍ നിരത്തുന്നത്. വസന്തം (സ്പ്രിങ്) എന്നത് ഒരു ഋതു/കാലം ആണെന്നതുപോലും മറന്നാണ് വിമര്‍ശനം.
1. ‘‘1848ല്‍ യൂറോപ്പില്‍ നടന്ന ചില ചെറു കലാപങ്ങളില്‍ നിന്നാണ് ഈ പദം ഉദ്ഭവിച്ചത്’’
1848ലെ വസന്തകലാപങ്ങള്‍ ചെറുതായിരുന്നില്ല. ബൂര്‍ഷ്വാജനാധിപത്യവിപ്ളവങ്ങളുടെ സ്വഭാവം ഉള്‍ക്കൊണ്ടിരുന്ന പ്രക്ഷോഭങ്ങള്‍ ഫ്രാന്‍സില്‍ മാത്രമല്ല, ലോകവ്യാപകമായി തന്നെ നിരവധി ദേശങ്ങളിലേക്ക് പടര്‍ന്നിരുന്നു.
2. ‘‘1960 കളില്‍ പാരീസില്‍ നടന്ന വിദ്യാര്‍ഥി സമരങ്ങളെയും വസന്തമെന്നാണ് വിളിക്കുന്നത്’
വസന്തം എന്നത് ഒരു കാലമാണ്. ഫ്രാന്‍സില്‍ മാര്‍ച്ച്-മെയ് മാസങ്ങളാണ് വസന്തം (സ്പ്രിങ്) എന്നറിയപ്പെടുന്നത്. ഈ കാലത്ത് നടന്നുവെന്നത് കൊണ്ടാണ് പാരീസ് വിദ്യാര്‍ഥി കലാപത്തെ പാരീസ് വസന്തം എന്ന് വിളിക്കുന്നത്. 1848 ലെയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ലെ അറബ് രാജ്യങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ പോലെയും 1968 ലെ കലാപത്തിനും വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന സ്വഭാവം ഉണ്ടായിരുന്നു. പാരീസില്‍ മാത്രമല്ല, മെക്സിക്കോയില്‍, ആഫ്രിക്കയില്‍ ഒക്കെ വിദ്യാര്‍ഥി പ്രക്ഷോഭം പടര്‍ന്നിരുന്നു. ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പടര്‍ന്നുപിടിച്ച സമരങ്ങളെയാണ് വസന്തം എന്നത്കൊണ്ട് ഉദ്ദേശിച്ചത്.
3. ‘‘ചെക്ക് കലാപത്തെയും വസന്തമെന്നാണ് വിളിക്കുന്നത്’’
1968ല്‍ ചെക്കോസ്ളാവാക്യയില്‍ നടന്ന ‘പ്രാഗ് വസന്ത’ത്തെയാണ് പരാമര്‍ശിക്കുന്നത് എന്നു തോന്നുന്നു. പ്രാഗ്വസന്തം നക്സല്‍ബാരിപോലെയോ 1848 ലെ ‘ചെറു കലാപങ്ങള്‍’ പോലെയോ, പാരീസ് വിദ്യാര്‍ഥി കലാപം പോലെയോ നടന്ന ഒരു കലാപമല്ല. അത് അധികാരത്തില്‍ ഇരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടി നടത്തിയ ഭരണപരിഷ്കാരങ്ങളാണ്. അതിനെ വാഴ്സാ സന്ധിയുടെ പേരില്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ച് തകര്‍ക്കുകയും ചെയ്തു. പ്രാഗ് വസന്തം കലാപമായിരുന്നുവെന്ന് പറയുന്നത് ചരിത്രത്തെപ്പറ്റി ധാരണക്കുറവുകൊണ്ടാണ്.
4.‘‘ 2010ല്‍ നടന്ന ആഫ്രോ-അറബ് നാടുകളില്‍ നടന്ന സമരങ്ങളെയും അറബ് വസന്തമായിട്ടാണ് ലോകമാധ്യമങ്ങള്‍ വര്‍ണിച്ചത്’’
വിവിധരാജ്യങ്ങളില്‍ പടര്‍ന്ന വിപ്ളവമുന്നേറ്റങ്ങളെ (സമരമല്ല) ‘സ്പ്രിങ്’ എന്ന പാശ്ചാത്യ മാധ്യമങ്ങള്‍ വിളിക്കുക സ്വാഭാവികം. ‘റബീഉല്‍ അറബ്’ (അറബ് വസന്തം) എന്ന് വിളിക്കുന്നതില്‍ റബീഉല്‍ ന് അറബ് ലോകത്തും മുസ്ലിം ലോകത്തും ഉള്ള പ്രാധാന്യം കൂടി പരിഗണിക്കേണ്ടേ? പ്രവാചകന്‍ ജനിച്ച മാസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രാധാന്യം? അങ്ങനെ വരുമ്പോള്‍ യൂറോ കേന്ദ്രീകൃതമായ വായന എന്ന വാദം നിലനില്‍ക്കുമോ?
5. ‘ലെഫ്റ്റ് റാഡിക്കലിസത്തിന്‍െറയോ ലിബറല്‍ ഉദാരവാദത്തിന്‍െറയോ സ്വാധീനമുള്ള സമരങ്ങളെ പ്രതിപാദിക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ് വസന്തം എന്ന പദം ’’
-അല്ല. 1968 ലെ വിദ്യാര്‍ഥി കലാപത്തിലൊഴിച്ച് ലോകവ്യാപകമായി ഒരിടത്തും ‘വസന്തം’ എന്ന പദം ലെഫ്റ്റ് റാഡിക്കലിസത്തിന്‍െറ സ്വാധീനമുള്ള സമരങ്ങളെ പ്രതിപാദിക്കാന്‍ ഉപയോഗിച്ചായി അറിവില്ല. 1871 ല്‍ നടന്ന പാരീസ് കമ്യൂണിനെയോ(വസന്തകാലത്ത് നടന്നിട്ടും) 1905 ലെ ഒന്നാം റഷ്യന്‍ വിപ്ളവ പോരാട്ടത്തെയോ, റഷ്യന്‍ വിപ്ളവത്തെയോ, ചൈനീസ് വിപ്ളവത്തെയോ അല്ളെങ്കില്‍ മറ്റേതെങ്കിലും സമരത്തെയോ ‘വസന്തം’ എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിട്ടില്ല. നക്സല്‍ബാരി കലാപത്തെ ആരും വസന്തമെന്ന് വിളിക്കാറില്ല. വസന്തത്തിന്‍െറ ഇടിമുഴക്കം എന്നാണ് മാവോയുടെ ചൈന വിശേഷിപ്പിച്ചത്. കാവ്യാത്മകമായ പല പ്രയോഗങ്ങളും നടത്തിയ മാവോയുടെ വിശേഷണങ്ങളില്‍ നടക്കാന്‍ പോകുന്ന ഒരു വിപ്ളവത്തിന്‍െറ മുന്നറിയിപ്പ് എന്ന് മാത്രമാണ് ആ വിശേഷണത്തിലൂടെ അര്‍ത്ഥമാക്കിയത്.
6. ‘ഇന്ത്യയിലെ നക്സല്‍ബാരി കലാപങ്ങളുടെ സമയത്തു തന്നെ ദലിത് മുന്നേറ്റങ്ങളും ഉണ്ടായിരുന്നു’’
1967ല്‍ നക്സല്‍ബാരി നടന്ന സമയത്തെ ദലിത് മുന്നേറ്റങ്ങള്‍ എന്തായിരുന്നു? അതവിടെ നില്‍ക്കട്ടെ. എന്തായിരുന്നു നക്സല്‍ബാരിയുടെ വര്‍ഗ, ജാതി അടിത്തറ? എന്താണ് അപ്പോഴും അതിനുശേഷവും നടന്ന ദലിത് മുന്നേറ്റങ്ങളോട് നക്സല്‍ബാരി പ്രസ്ഥാനം എടുത്ത സമീപനം? ദലിത് പാന്തര്‍ അടക്കമുള്ള മൂവ്മെന്‍റുകളോട്, ആദിവാസി മുന്നേറ്റങ്ങളോട് ഒക്കെ എടുത്ത നിലപാട്? യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരി കലാപത്തിന് ശേഷം ഇന്നോളം നക്സല്‍ബാരി പ്രസ്ഥാനം വ്യവസ്ഥിതിക്ക് പുറത്ത് നടന്ന ഏറ്റവും വലിയ ആദിവാസി, ദലിത് മുന്നേറ്റമാണ്. ആ മുന്നേറ്റത്തിന്‍െറ പാത, രീതികള്‍ എന്നിവയോട് വിയോജിക്കുകയും എതിര്‍ക്കുകയും ചെയ്യാം. പക്ഷേ, നക്സല്‍ബാരി മുന്നേറ്റം ഇന്ത്യക്കുള്ളില്‍ വ്യവസ്ഥിതിക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ആദിവാസി, ദലിത് മുന്നേറ്റമാണ് എന്നത് നിഷേധിക്കാന്‍ പറ്റില്ല. അത് നിഷേധിക്കാനായി ദലിത്, ആദിവാസി സമരങ്ങളെയും ‘ഇടത്’ സമരങ്ങളെയും പരസ്പരം എതിര്‍പക്ഷത്ത് നിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഒന്നാണ് പുതിയ ‘വസന്ത’ വാദങ്ങളും. അതൊരു പരിഹാസ്യമായ ശ്രമവുമാണ് എന്ന് ചരിത്രവും വര്‍ത്തമാനവും സൂക്ഷ്മമായി നോക്കുന്ന ഏതൊരാള്‍ക്കും പിടികിട്ടേണ്ടതാണ്.