പന്തീരങ്കാവ് #UAPA കേസ് കേരളത്തിലെ ഭീമാ കൊറെഗാവ്?

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല,
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു.

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാനൊന്നും മിണ്ടിയില്ല,
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല.

പിന്നീട് അവർ ജൂതരെ തേടി വന്നു,
ഞാനൊന്നും മിണ്ടിയില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു,
അപ്പോൾ, എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…
_ ഫ്രഡറിക് ഗുസ്‌താവ് എമിൽ മാർട്ടിൻ നീമൊളെർ

എന്‍.ഐ.എ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നും അത് എപ്രകാരമാണ് രാഷട്രീയ അന്വേഷണങ്ങളെ പോലും നേരിടുന്നത് എന്നും നമ്മുക്കറിയാം. യക്ഷിക്കഥകളെ പോലും വെല്ലുന്ന തിരക്കഥകള്‍ ചമച്ച് അത് വേട്ടയാടി തകർത്ത ജീവിതങ്ങൾ ഇന്ത്യയിലെമ്പാടും നാമിന്ന് കാണുന്നു. ആന്ധ്രയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 70ലധികം ആളുകളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. തമിഴ് നാട്ടിലും കർണ്ണാടകത്തിലും സ്ഥിതി മറിച്ചല്ല. മധ്യ ഇന്ത്യയിലും കശ്മീരിലും വടക്ക് കിടക്കൻ സംസ്ഥാനങ്ങളിലും നാം ഭരണകൂട വേട്ടയെ അതിൻ്റെ ഏറ്റവും രക്തപങ്കിലമായ രൂപത്തിൽ തന്നെ കണ്ടു കഴിഞ്ഞു. കേരളവും ആ വഴിയിലേക്കാണോ നീങ്ങുന്നത് എന്ന് സംശയിക്കാവുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. വിജിത്ത് വിജയൻ്റെ അറസ്റ്റ് അതാണ് ഉറപ്പിച്ച് പറയുന്നത്.

എൻ.ഐ.എ കല്പറ്റയിൽ വിളിച്ച് വരുത്തി ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന്‍ സ്ഥാപനം നടത്തിക്കൊണ്ടിരുന്ന വിജിത് വിജയനെ 2020 മെയ് 1ന് ആണ് അദ്ദേഹം താമസിക്കുന്ന വാടക വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുക്കുന്നത്. അന്ന് രണ്ട് ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇപ്പോൾ വീണ്ടും മാസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നു. (ഭീമാ കൊറെ ഗാവ് കേസിലെ എല്ലാവരേയും അറസ്റ്റ് ചെയ്തത് ഇതെ രീതിയിലാണ്. റൈഡുകൾ, നിരവധി തവണ ചോദ്യം
ചെയ്യൽ, ഒടുവിൽ മാസങ്ങൾക്ക് ശേഷം അറസ്റ്റ്). അതും താഹയുടെ ജാമ്യം റദ്ദ് ചെയ്തതിന് പിന്നാലെ. അതുകൊണ്ട് തന്നെ താഹയുടെ ജാമ്യം റദ്ദാക്കിയതും ഈ അറസ്റ്റും ഒരുമിച്ച് കാണേണ്ട ഒന്നാണ്.

കൃത്യമായ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായ ഭരണകൂട അടിച്ചമർത്തലാണിപ്പോ നടക്കുന്നത്. വളരെ വലിയ ഗൂഢാലോചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. താഹയുടെ ജാമ്യാപേക്ഷ റദ്ദു ചെയ്തത് വെറുതെ അല്ലെന്ന് ചുരുക്കം. അണിയറയിൽ ഒരുങ്ങി ഉണരുന്ന പുതിയ പാതകങ്ങളുടെ ആക്രോശമാണിപ്പോൾ കേൾക്കുന്നത്. അറസ്റ്റുകൾ ഇനിയും പല ആളുകളിലേക്കും നീളുമെന്ന് ഉറപ്പാണ്.
വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് വ്യക്തം.

മറ്റ് പല സംസ്ഥാനങ്ങളിലും അദ്ധ്യാപകരും വക്കീലന്മാരും പത്രപ്രവർത്തകരും എഴുത്തുകാരും തുറുങ്കിലടക്കപ്പെടുന്ന അവസ്ഥ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. അതെ നാം പലതവണ ചൊല്ലിയ നമ്മുക്ക് അത്ര പരിചിതമല്ലാത്ത “ആദ്യം അവർ ജൂതരെ തേടി വന്നു” എന്ന നീമൊളർ കവിത കേരളത്തിലും യഥാർത്ഥത്തിൽ നമ്മളെ തൊടാൻ തുടങ്ങിയിരിക്കുന്നു.

മാവോവാദ മുദ്രകുത്തി രാജ്യത്തെമ്പാടും നടക്കുന്ന അറസ്റ്റിൻ്റെ തുടർച്ചയാണ് വിജിത്തിന്റെ അറസ്റ്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നാം ഉയർത്തി കൊണ്ട് വരണം. ഇല്ലെങ്കിൽ ജനാധിപത്യ കേരളം കാത്തിരിക്കുന്നത് അങ്ങേയറ്റം ഹിംസാത്മകമായ ഭരണകൂട വേട്ടയുടെ നാളുകളാവും…


സി പി റഷീദ്

Like This Page Click Here

Telegram
Twitter